19 ദിവസത്തെ രാഷ്ട്രീയ ത്രില്ലറിന് തിരശീല വീഴുന്നു; മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി; ഗവർണറുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു; റിപ്പോർട്ട് നൽകിയത് ആർക്കും സർക്കാർ രൂപീകരിക്കാനാവാതെ വന്നതോടെ; രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത് എൻസിപിക്ക് നൽകിയ സമയപരിധി തീരും മുമ്പേ; കുതിരക്കച്ചവടത്തിന് ഇട നൽകില്ലെന്നും സംസ്ഥാനത്ത് ഭരണപ്രതിസന്ധിയെന്നും ഭഗത് സിങ് കോഷ്യാരിയുടെ റിപ്പോർട്ട്; സുപ്രീംകോടതിയിൽ ഹർജിയുമായി ശിവസേന
November 12, 2019 | 05:29 PM IST | Permalink

മറുനാടൻ ഡെസ്ക്
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ ചെയ്തു. ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. ആർക്കും സർക്കാർ രൂപീകരിക്കാനാവാതെ വന്നതോടെയാണ് റിപ്പോർട്ട് നൽകിയത്. സർക്കാർ രൂപീകരണം ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് രാജ്ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ മറ്റ് വഴികളില്ലെന്ന് ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. കുതിരക്കച്ചവടത്തിന് ഇട നൽകാനില്ലെന്ന് ഗവർണർ ഭഗത് സിങ് കോഷ്യാരി പറഞ്ഞു. ശുപാർശക്ക് പിന്നാലെ കേന്ദ്ര മന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്തു. ബ്രസീലിലേക്ക് യാത്ര പോകും മുമ്പാണ് പ്രധാനമന്ത്രി മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തത്.
രാഷ്ട്രപതി ഭരണം ശുപാർശ ചെയ്തതിനെതിരെ ശിവസേന ഹർജി നൽകി. സർക്കാർ രൂപീകരിക്കാൻ കൂടുതൽ സമയം നൽകാത്തതിനെതിരെയാണ് ഹർജി. ബിജെപിക്ക് 48 മണിക്കൂർ നൽകിയപ്പോൾ ശിവസേനയ്ക്ക് കിട്ടിയത് 24 മണിക്കൂർ മാത്രമാണ്. ഗവർണറുടെ നടപടി വിവേചനപരമെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് കപിൽ സിബൽ ശിവസേനയ്ക്കുവേണ്ടി ഹാജരായേക്കും. എന്നാൽ, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ ഈ ഹർജിക്ക് പ്രസക്തിയില്ലാതായി.
കോൺഗ്രസും പുനർവിചിന്തനത്തിന് ഒരുങ്ങിയെങ്കിലും സമയം വൈകിപ്പോയി. പൊതുമിനിമം പരിപാടി ഉണ്ടെങ്കിൽ സർക്കാരുണ്ടാക്കാൻ സഹകരിക്കാമെന്നാണ് കോൺഗ്രസ് അറിയിച്ചത്. ബിജെപിയുടേത് നിയമ വ്യവസ്ഥയെ പരിഹസിക്കുന്ന നീക്കമെന്ന് കോൺഗ്രസ് വിമർശിച്ചു. ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ മുംബൈയിലെത്തിയിരുന്നു. അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖാർഗെ, കെ.സി വേണുഗോപാൽ എന്നിവർ പവാറുമായി നേരിട്ട് ചർച്ച നടത്തി. സോണിയ ഗാന്ധി പാവാറിനെ ഫോണിൽ വിളിച്ചു.
എൻസിപിക്ക് ഇന്ന് രാത്രി 8.30 വരെയാണ് സർക്കാർ രൂപീകരണത്തിന് സമയം നൽകിയിരുന്നത്. എന്നാൽ, തങ്ങൾക്ക് കൂടുതൽ സമയം വേണമെന്ന് എൻസിപി നേതാക്കൾ ആവശ്യപ്പെട്ടതോടെ സാധ്യതകൾ അടഞ്ഞെന്ന് വിലയിരുത്തി ഗവർണർ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകുകയായിരുന്നു. നേരത്തെ, തിങ്കളാഴ്ച ഏഴു മണിവരെ ശിവസേനയ്ക്ക് ഗവർണർ സമയം അനുവദിച്ചിരുന്നു. എന്നാൽ കോൺഗ്രസ് പിന്തുണ പ്രതീക്ഷിച്ച് രാജ്ഭവനിലെത്തിയ ആദിത്യ താക്കറെയ്ക്ക് സന്നദ്ധത അറിയിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. രണ്ടുദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാൻ ഗവർണർ തയാറായില്ല. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾക്ക് ശിവസേനയെ പിന്തുണയ്ക്കണമെന്ന അഭിപ്രായമാണുള്ളതെങ്കിലും ദേശിയ നേതൃത്വം അതിന് തയാറായില്ല.
ഇതിനിടെ ശിവസേന ഉൾപ്പെട്ട സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പുതിയ ഉപാധികൾ മുന്നോട്ട് വച്ചു. ചില കാര്യങ്ങൾ ശിവസേന എഴുതി നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. മതേതരത്വം നിലനിർത്തുന്നത് അടക്കമുള്ള കാര്യങ്ങളാണ് കോൺഗ്രസ് എഴുതി നൽകാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന. ഇന്ന് രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് ഉന്നതതല യോഗം ചേർന്നിരുന്നു.
അതിനിടെ മഹാരാഷ്ട്രയിൽ ഗവർണർ നിശ്ചയിച്ച സമയപരിധിക്കകം സർക്കാറുണ്ടാക്കാൻ ശിവസേനയെ പിന്തുണച്ച് കത്ത് നൽകാത്തതിൽ കോൺഗ്രസ് നേതൃതത്തോട് എൻ.സി.പിക്ക് നീരസം. രാമക്ഷേത്രം, ഏക സിവിൽ കോഡ് വിഷയങ്ങളിൽ ശിവസേന പുലർത്തുന്ന വിരുദ്ധ നിലപാടിനെ ചൊല്ലിയാണ് കോൺഗ്രസ് മടിച്ചു നിന്നത്. തിങ്കളാഴ്ച വൈകീട്ട് ഏഴരക്കകം പിന്തുണ കത്തുകൾ ഹാജരാക്കാനായിരുന്നു ഗവർണർ ഭഗത് സിങ് കോശിയാരി വലിയ രണ്ടാമത്തെ ഒറ്റകക്ഷിയായ ശിവസേനയോട് ആവശ്യപ്പെട്ടത്. സർക്കാറുണ്ടാക്കാൻ സമ്മത്മറിയിച്ച ശിവസേനക്ക് പക്ഷെ കോൺഗ്രസിന്റെയും എൻ.സി.പിയുടെയും പിന്തുണകത്ത് ലഭിച്ചില്ല. എൻ.സി.പിയുടെ പിന്തുണ കത്ത് തയ്യാറായിരുന്നുവെങ്കിലും കോൺഗ്രസുമായി ചേർന്നേ തീരുമാനമെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്തുണ കത്ത് സമർപ്പിക്കാൻ സേന കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും ഗവർണർ മൂന്നാമത്ത വലിയ ഒറ്റകക്ഷിയായ എൻ.സി.പിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുകയാണ് ഗവർണർ ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് എട്ടരക്കുള്ളിൽ എൻ.സി.പി ഗവർണറെ കണ്ട് വിവരം അറിയിക്കണം.
288 പേരുള്ള മഹാരാഷ്ട്ര നിയമസഭയിൽ സർക്കാറുണ്ടാക്കാൻ 145 പേരുടെ പിന്തുണയാണ് വേണ്ടത്. എൻ.സി.പിക്ക് 54 ഉം കോൺഗ്രസിന് 44 ഉം അംഗങ്ങളാണുള്ളത്. ശിവസേനക്ക് 56 എംഎൽഎമാർക്ക് പുറമെ ഒമ്പത് സ്വതന്ത്രരും ഉണ്ട്. കോൺഗ്രസ് പിന്തുണക്കുകയാണെങ്കിൽ സേന, എൻ.സി.പി സർക്കാറിന് സാധ്യതകളുണ്ടായിരുന്നു.
