Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാർട്ടിക്കുള്ളിലെ വാർത്തകൾ പരസ്യമാക്കുന്നു; നിലപാടുകളും പാർട്ടിക്കെതിരായി; തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ പൊട്ടിത്തെറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

പാർട്ടിക്കുള്ളിലെ വാർത്തകൾ പരസ്യമാക്കുന്നു; നിലപാടുകളും പാർട്ടിക്കെതിരായി; തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ പൊട്ടിത്തെറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

ന്യൂഡൽഹി: തിരുവനന്തപുരം എംപി ശശി തരൂരിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ശാസന. പാർട്ടിക്കുള്ളിലെ ചർച്ചകളും അഭിപ്രായങ്ങളും പുറംലോകത്ത് എത്തിക്കുന്നുവെന്നു കാട്ടിയാണു തരൂരിനെതിരെ സോണിയ പൊട്ടിത്തെറിച്ചത്.

സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിഷേധം ഉയർത്തുന്ന കാര്യവുമായി ബന്ധപ്പെട്ടാണ് തരൂരിനെ സോണിയ ശാസിച്ചത്. സഭ തടസ്സപ്പെടുത്താനുള്ള പാർട്ടി നീക്കത്തിന് എതിരെയാണു ശശി തരൂർ കോൺഗ്രസ് യോഗത്തിൽ പ്രതിഷേധം ഉയർത്തിയത്.

സഭയിൽ തങ്ങളുടെ പ്രാതിനിധ്യം വളരെ കുറവാണെന്നും ഇത് വച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജ് രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല എന്നുമാണ് ശശി തരൂർ പറഞ്ഞത്. കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ ഈ വാദം ഉന്നയിച്ചതിനാണ് രൂക്ഷഭാഷയിൽ സോണിയ ശകാരിച്ചത്.

'നിങ്ങൾ എപ്പോഴും ഇത്തരത്തിലാണ് പെരുമാറുന്നത്. നിങ്ങൾക്ക് ഇതൊരു ശീലമായി മാറിയിരിക്കുകയാണ്'- സോണിയ കുറ്റപ്പെടുത്തി. തരൂരിന്റെ അഭിപ്രായത്തെ മറ്റ് എംപിമാരും എതിർത്തതയാണു റിപ്പോർട്ട്. മോദി സർക്കാരിനെതിരെ ശശി തരൂർ മൃദുസമീപനം കാണിക്കുന്നതായാണു പലരും കുറ്റപ്പെടുത്തിയത്.

മോദി സ്തുതികളുമായി ഒരു കാലത്ത് കളം നിറഞ്ഞ തിരുവനന്തപുരം എംപി ശശി തരൂർ അന്നു കിട്ടിയ നടപടികൾ കൊണ്ടൊന്നും പഠിച്ചില്ല എന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്. അന്നു കിട്ടിയതൊന്നും തരൂരിനു പോരെന്ന വിലയിരുത്തലാണ് വിവിധ കോൺഗ്രസ് നേതാക്കൾ പറയുന്നത്.

എന്തായാലും സോണിയയുടെ രൂക്ഷ വിമർശനത്തെ തുടർന്ന് കലുഷിതമായ രംഗം തണുപ്പിച്ചത് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ടാണെന്നും റിപ്പോർട്ടുകളുണ്ട്. ലളിത് മോദി വിഷയത്തിൽ ആരോപിതരായ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരെയും വ്യാപം കേസിൽ ആരോപണം ഉയർന്ന സാഹചര്യത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെയും സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രതിഷേധമാണ് പാർലമെന്റിന്റെ ഇരു സഭകളിലും കോൺഗ്രസ് എംപിമാർ ഉയർത്തുന്നത്. ലോക്‌സഭയിൽ ശക്തമായി പോരാടാനാണ് 44 എംപിമാരോടും സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരായ നിലപാടാണു തരൂർ സ്വീകരിച്ചത്.

ആകെ 44 എം പിമാരെയും വച്ചുകൊണ്ട് സർക്കാരിനെ വെല്ലുവിളിക്കാനുള്ള ശേഷിയൊക്കെ കോൺഗ്രസിന് ഉണ്ടോ എന്ന് തരൂർ പരിഹസിച്ചതായാണു സൂചന. വർഷകാല സമ്മേളനം തടസപ്പെടുത്തി പാർലമെന്റിന് പുറത്ത് പ്രതിഷേധപ്രകടനം നടത്താനാണു കോൺഗ്രസിന്റെ പരിപാടി. വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ പറഞ്ഞെങ്കിലും അംഗീകരിക്കാതെ കോൺഗ്രസ് പ്രതിഷേധത്തിലേക്കു നീങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP