Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കലൈജ്ഞറുടെ പിൻഗാമിയാകാൻ ഒരുങ്ങി മകൻ സ്റ്റാലിൻ; ഡിഎംകെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ അധികം വൈകില്ല; ജ്യേഷ്ഠൻ അഴഗിരിയെ പിണക്കാതെ പാർട്ടി തലപ്പത്തെത്താൻ തന്ത്രം മെനഞ്ഞ് അനുചരന്മാർ; പാർട്ടി നിർവ്വാഹക സമിതി യോഗം ഈ മാസം 14ന് ; കരുണാനിധിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് യോഗമെന്നും വ്യഖ്യാനങ്ങൾ വേണ്ടന്നും എം.കെ സ്റ്റാലിൻ

കലൈജ്ഞറുടെ പിൻഗാമിയാകാൻ ഒരുങ്ങി മകൻ സ്റ്റാലിൻ; ഡിഎംകെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ അധികം വൈകില്ല; ജ്യേഷ്ഠൻ അഴഗിരിയെ പിണക്കാതെ പാർട്ടി തലപ്പത്തെത്താൻ തന്ത്രം മെനഞ്ഞ് അനുചരന്മാർ; പാർട്ടി നിർവ്വാഹക സമിതി യോഗം ഈ മാസം 14ന് ; കരുണാനിധിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് യോഗമെന്നും വ്യഖ്യാനങ്ങൾ വേണ്ടന്നും എം.കെ സ്റ്റാലിൻ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഡിഎംകെ അധ്യക്ഷനായി കരുണാനിധിയുടെ മകൻ എം.കെ സ്റ്റാലിന് സ്ഥാനക്കയറ്റം നൽകാനുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നതായി സൂചന. നീക്കത്തിന്റെ ആദ്യ ഘട്ടമെന്നവണ്ണം പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ഈ മാസം 14ന് ഡിഎംകെ നിർവ്വാഹക സമിതി യോഗം ചേരും.ഡിഎംകെ ജനറൽ സെക്രട്ടറി കെ. അൻപഴകനുമായി വർക്കിങ് പ്രസിഡന്റ് കൂടിയായ എം.കെ സ്റ്റാലിൻ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് യോഗത്തിന്റെ തീയതി നിശ്ചയിച്ചത്. എന്നാൽ കരുണാനിധിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താനാണു നിർവാഹക സമിതി യോഗം ചേരുന്നതെന്നും യോഗത്തിൽ മറ്റു വ്യാഖ്യാനങ്ങൾ വേണ്ടെന്നും എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. 19നു ജനറൽ കൗൺസിൽ യോഗം ചേരാൻ പാർട്ടി നേരത്തേ തീരുമാനിച്ചിരുന്നതാണ്. തീയതിയിൽ മാറ്റം വേണോ എന്നു നിർവാഹക സമിതി തീരുമാനിക്കും. കൗൺസിൽ യോഗത്തിൽ സ്റ്റാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനമുണ്ടാകും. പുതിയ ട്രഷറർ ആരെന്നും തീരുമാനിക്കും.

ഡിഎംകെ ഭരണഘടനപ്രകാരം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള അധികാരം ജനറൽ കൗൺസിലിനാണ്. ജനറൽ കൗൺസിൽ യോഗം 19നു നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നു. എങ്കിലും, സ്റ്റാലിന്റെ സ്ഥാനാരോഹണം സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ നിർവാഹക സമിതി യോഗത്തിൽ നടക്കാനാണു സാധ്യത. നിർവാഹക സമിതി യോഗത്തിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകളൊന്നുമുണ്ടാകില്ലെന്നു ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു. നിർവാഹക സമിതിക്ക് അത്തരം അധികാരങ്ങളില്ല. അദ്ദേഹത്തിനു വർക്കിങ് പ്രസിഡന്റായി തുടരാം. എന്നാൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെ തിരഞ്ഞെടുക്കാനുള്ള അധികാരം ജനറൽ കൗൺസിൽ യോഗത്തിനു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്നു കരുണാനിധി പൂർണവിശ്രമത്തിലേക്കു മാറിയതിനെത്തുടർന്ന് 2017 ജനുവരിയിലാണ് എം.കെ. സ്റ്റാലിൻ വർക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. സ്റ്റാലിനുവേണ്ടി വർക്കിങ് പ്രസിഡന്റ് പദവി പുതുതായി സൃഷ്ടിക്കുകയായിരുന്നു. ട്രഷറർ സ്ഥാനത്തിനു പുറമേയാണു സ്റ്റാലിൻ വർക്കിങ് പ്രസിഡന്റ് പദവിയും വഹിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ സ്റ്റാലിനു മുന്നിൽ തടസ്സങ്ങളൊന്നുമില്ലെന്നാണു സൂചന. നേരത്തേ കലാപക്കൊടിയുയർത്തിയിരുന്ന അഴഗിരി പാർട്ടിക്കു പുറത്താണ്. അതിനുശേഷവും തുടർച്ചയായ ഇടവേളകളിൽ സ്റ്റാലിനെ വിമർശിച്ച് അഴഗിരി രംഗത്തുണ്ടായിരുന്നു.സ്റ്റാലിൻ നേതൃത്വത്തിൽ തുടരുന്നതുവരെ പാർട്ടി ഒരു തിരഞ്ഞെടുപ്പും ജയിക്കില്ലെന്നുവരെ അഴഗിരി വിമർശിച്ചിരുന്നു. എന്നാൽ, കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കുടുംബം ഐക്യത്തിന്റെ സന്ദേശമാണു നൽകുന്നത്. സ്റ്റാലിൻ കുടുംബത്തിന്റെ മുഖമായി മാറിയപ്പോൾ അഴഗിരി അതിനു വഴിയൊരുക്കി അണിയറയിൽ ഒതുങ്ങി. കഴിഞ്ഞ ദിവസം മറീനയിൽ ആദരാഞ്ജലി അർപ്പിക്കാനും എല്ലാവരും ഒരുമിച്ചെത്തി. സ്റ്റാലിന്റെ നേതൃത്വം അംഗീകരിച്ചതിനു തെളിവായി ഇതിനെ ഡിഎംകെ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, അഴഗിരി മനസ്സു തുറന്നിട്ടില്ലാത്തതിനാൽ എന്തു സാധ്യതയും തള്ളിക്കളയാനാവില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP