Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനീകാന്ത്; ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യം; സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കും; അധികാരക്കൊതിയില്ല, സിനിമയിലെ കർത്തവ്യം പൂർത്തിയായെന്നും താരം; തമിഴ് വെള്ളിത്തിരയെ ഇളക്കിമറിച്ച സ്റ്റൈൽ മന്നൻ തമിഴക രാഷ്ട്രീയത്തിന്റെ തലൈവരാകാൻ കച്ചമുറുക്കി രംഗത്ത്

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനീകാന്ത്; ഇത് ഈ കാലഘട്ടത്തിന്റെ ആവശ്യം; സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കും; അധികാരക്കൊതിയില്ല, സിനിമയിലെ കർത്തവ്യം പൂർത്തിയായെന്നും താരം;  തമിഴ് വെള്ളിത്തിരയെ ഇളക്കിമറിച്ച സ്റ്റൈൽ മന്നൻ തമിഴക രാഷ്ട്രീയത്തിന്റെ തലൈവരാകാൻ കച്ചമുറുക്കി രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രാഷ്ട്രീയത്തിലേക്കെന്ന് പ്രഖ്യാപിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്. സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങാനാണ് രജനീകാന്ത് തീരുമാനിച്ചിരിച്ചിരിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം ചെന്നൈയിൽ ആരാധകർക്ക് മുമ്പിൽ വ്യക്തമാക്കി. തന്റെ രാഷ്ട്രീയ പ്രവേശം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എങ്കിലും അധികാരക്കൊതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നൈ കോടമ്പാക്കം രാഗവേന്ദ്ര കല്ല്യാണമണ്ഡപത്തിൽ നടക്കുന്ന ആരാധക സംഗമത്തിലാണു നിലപാടു വ്യക്തമാക്കുക. കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങിയ ആരാധക സംഗമം ഇന്നു സമാപിക്കാനിരിക്കേയാണ് അദ്ദേഹം രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്.

പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം മോശമാണെന്നും ഇന്നത്തെ രാഷ്ട്രീയ രീതികളിൽ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രജനിയുടെ രാഷ്ട്രീയപ്രവേശനം വർഷങ്ങളായി തമിഴകത്തിലെ പ്രധാന ചർച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെത്തുടർന്നാണ് അഭ്യൂഹങ്ങൾ ശക്തമായത്. സമയമാകുമ്പോൾ താൻ പോരാട്ടം തുടങ്ങുമെന്നായിരുന്നു ഇതേക്കുറിച്ചുള്ള രജനിയുടെ ഇതുവരെയുള്ള പ്രതികരണം. എന്നാൽ അഭ്യൂഹങ്ങൾ മാറ്റി തന്റെ രാഷ്ട്രീയ പ്രവേശനം ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് രജനി.

തമിഴക രാഷ്ട്രീയത്തിൽ അരങ്ങേറിയത് നാണംകെട്ട കാര്യങ്ങളാണെന്ന് വിമർശിക്കാനും അദ്ദേഹം തയ്യാറായി. ആരാധകരുടെയും എല്ലാ തലത്തിലുമുള്ള തമിഴ്‌നാട്ടുകാരുടെയും പിന്തുണയും അനുഗ്രഹവും തനിക്ക് വേണമെന്നും രജനീകാന്ത് പറഞ്ഞു. ഫാൻക്ലബ്ബുകളെ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അധികാരം കിട്ടുന്ന രാഷ്ട്രീയ പാർട്ടികളെല്ലാം രാജ്യത്തെ നശിപ്പിക്കുന്ന പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഇഷ്ടത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. താൻ എങ്ങനെയാണ് പെരുമാറുന്നതെന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ താൻ രാഷ്ട്രീയത്തിൽ വന്നില്ലെങ്കിൽ അതിൽ എനിക്ക് കുറ്റബോധം ഉണ്ടാകും. എനിക്ക് തമിഴക രാഷ്ട്രീയത്തിലെ നിലവിലെ ചട്ടക്കൂടുകൾ മാറണമെന്നാണ് ആഗ്രഹം. മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കുന്ന രാഷ്ട്രീയമല്ല വേണ്ടത്. നമുക്ക് വേണ്ടത് സംശുദ്ധമായ രാഷ്ട്രീയമാണെന്നും രജനികാന്ത് ആരാധകരോടായി പറഞ്ഞു. രാഷ്ട്രീയത്തിൽ ഇറങ്ങുക എന്നത് ചെറിയ കാര്യമല്ലെന്ന് അറിയാം. എങ്കിലും എനിക്ക് വേണ്ടത് പണവും പ്രശസ്തിയും അധികാരവുമല്ല. അതെല്ലാം ഇതിനോടകം എനിക്കു ലഭിച്ചു കഴിഞ്ഞതായും രജനീകാന്ത് പറഞ്ഞു.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. 68കാരനായ രജനിയൂടെ രാഷ്ട്രീയ പ്രവേശന തീരുമാനം തമിഴകത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ മാറ്റിമറിക്കുമെന്നത് ഉറപ്പാണ്. ജയലളിതയുടെ മരണത്തോടെയും കരുണാനിധിയുടെ അനാരോഗ്യത്തോടെയും കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയത്തെ ഉടച്ചു വാർക്കാൻ രജനിക്ക് സാധിക്കുമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

രാഷ്ട്രീയം തനിക്കറിയാത്ത കാര്യമല്ലെന്നായിരുന്നു ഡിസംബർ 26-ന് ആരാധകരുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചപ്പോൾ പറഞ്ഞത്. ആരാധകർ ആവേശത്തിലാണെങ്കിലും രജനിയുടെ രാഷ്ട്രീയപ്രവേശനത്തിനെതിരേ പല തമിഴ് അനുകൂല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. സംവിധായകൻ ഭാരതിരാജ അടക്കം സിനിമ രംഗത്തുനിന്നും എതിർപ്പുണ്ട്. തമിഴനല്ലാത്ത ഒരാൾ തമിഴ്‌നാടിനെ ഭരിക്കേണ്ട എന്നാണ് ഇവരുടെ നിലപാട്.

1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയലളിതയ്‌ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ. വൻ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും തുടങ്ങിയത്. ജയലളിത ഒരിക്കൽ കൂടി മുഖ്യമന്ത്രിയായാൽ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാൻ കഴിയില്ലെന്നായിരുന്നു രജനിയുടെ പ്രസ്താവന. പിന്നീട് 2004ൽ പാട്ടാളി മക്കൾ കക്ഷിക്കെതിരെ വോട്ട് ചെയ്യാൻ ആരാധകരോട് രജനീകാന്ത് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തിൽ രജനികാന്ത് കാര്യമായ ഇടപെടലുകൾ നടത്തിയിട്ടില്ല.

അതേസമയം രജനിക്ക് രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാനാവില്ല എന്നാണ് അണ്ണാഡിഎംകെ നേതാക്കൾ പറയുന്നത്. കാത്തിരുന്നു കാണാമെന്ന നിലപാടിലാണ് ഡിഎംകെ. ബിജെപി പിന്തുണയോടെ രാഷ്ട്രീയത്തിൽ ഇറങ്ങാനാണ് രജയിനുയം നീക്കമെന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP