Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

സുഷമാ സ്വരാജ് മന്ത്രിയായിരുന്നപ്പോൾ ഇന്ത്യയിൽ ജീവിച്ചിരുന്നു എന്നു പറയുന്നതു തന്നെ അഭിമാനമല്ലേ? അനാരോഗ്യം മൂലം ഇനി മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ച് പ്രവാസികളുടെ പ്രിയപ്പെട്ട കേന്ദ്രമന്ത്രി; എന്നും മാതൃക മാത്രം കാട്ടിയ മന്ത്രിക്കു കൈയടിയോടെ സോഷ്യൽ മീഡിയ

സുഷമാ സ്വരാജ് മന്ത്രിയായിരുന്നപ്പോൾ ഇന്ത്യയിൽ ജീവിച്ചിരുന്നു എന്നു പറയുന്നതു തന്നെ അഭിമാനമല്ലേ? അനാരോഗ്യം മൂലം ഇനി മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ച് പ്രവാസികളുടെ പ്രിയപ്പെട്ട കേന്ദ്രമന്ത്രി; എന്നും മാതൃക മാത്രം കാട്ടിയ മന്ത്രിക്കു കൈയടിയോടെ സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനില്ലെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്രവിദേശകാര്യ മന്ത്രിയുമായി സുഷമാ സ്വരാജ്. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് താൻ മത്സരരംഗത്തു നിന്ന് പിന്മാറുന്നതെന്നും എന്നാൽ രാഷ്ട്രീയത്തിൽ നിന്നുള്ള വിടുതലല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സുഷമ വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ഭോപ്പാലിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് സുഷമ താൻ മത്സരരംഗത്തു നിന്നു പിന്മാറുന്ന വിവരം വെളിപ്പെടുത്തിയത്.

ബിജെപിയുടെ നാലു കേന്ദ്രസർക്കാരുകളിലും മന്ത്രിയായിരുന്ന ഏക ബിജെപി നേതാവു കൂടിയാണ് സുഷമ. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് കുറച്ച് അകലം പാലിച്ചിരുന്ന ഇവർ ഇനി പാർട്ടി തീരുമാനിക്കുന്നതു പോലെ പ്രവർത്തിക്കാനാണ് ഇഷ്ടമെന്ന് വ്യക്തമാക്കി. നിലവിൽ മധ്യപ്രദേശിലെ വിദിശ ലോക്‌സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. അറുപത്താറുകാരിയായ സുഷമയ്ക്ക് 2016-ലാണ് വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഇതാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറാൻ കാരണം. വിദേശകാര്യമന്ത്രിയെന്ന നിലയിൽ പ്രവാസികൾക്കായി സുഷമ നടത്തി ഇടപെടലുകൾ ഏറെ ശ്രദ്ധയായിരുന്നു. മോദി സർക്കാരിലെ ഏറ്റവും ജനകീയയായ മന്ത്രിയാണ് സുഷമ. എല്ലാ മതവിഭാഗങ്ങളേയും തന്നിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞ ബിജെപി മുഖം.

ഇരുപത്തഞ്ചാം വയസിൽ ഹരിയാനനിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിവിജയം നേടിയതോടെ ആരംഭിച്ച സുഷമയ്‌ക്കൊപ്പം നിർത്താൻ പറ്റിയ വനിതാ രാഷ്ട്രീയനേതാക്കൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചുരുക്കം. ചടുലമായ പ്രസംഗത്തിലൂടെ തീപ്പൊരി സൃഷ്ടിക്കുന്ന സുഷമ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വന്നതെങ്കിലും പിന്നീട് ബിജെപി കോട്ടയിലേക്കു ചുവടു മാറുകയായിരുന്നു. ഹരിയാന അംബാല കന്റോൺമെന്റിൽ കോൺഗ്രസിലെ ദേവ് രാജ് ആനന്ദിനെ 9,824 വോട്ടുകൾക്ക് തോൽപ്പിച്ചാണ് നിയമസഭയിലേക്ക് എത്തിയത്. അന്ന് തൊഴിൽ മന്ത്രിയുമായി. രണ്ടു വട്ടം ഹരിയാന നിയമസഭയിലും ഒരു വട്ടം ഡൽഹി നിയമസഭയിലും അംഗമായി. അത്തവണ ഡൽഹി മുഖ്യമന്ത്രിയുമായി തലസ്ഥാനം ഭരിച്ചു.

ഡൽഹിയിൽ എടുത്തുപറയാൻ പാർട്ടിക്ക് നേതാക്കളലില്ലാതിരുന്നപ്പോഴാണ് ബിജെപി നേതൃത്വം സുഷമയെ തലസ്ഥാനത്തേക്ക് വിളിക്കുന്നത്. നാലുതവണ ലോക്‌സഭയിലേക്ക് ജയിച്ചു. മൂന്നുതവണ രാജ്യസഭാംഗമാകുകയും ചെയ്തു. 1999-ൽ കർണാടകയിലെ ബള്ളാരിയിൽ സോണിയാ ഗാന്ധിക്കെതിരേ പൊരുതി വീണതാണ് സുഷമയുടെ രാഷ്ട്രീയചരിത്രത്തിലെ നിറംമങ്ങാത്ത ഏട്. അന്ന് കന്നട പഠിച്ച്, കന്നടയിൽ പ്രസംഗിച്ച് സുഷമ ബള്ളാരിയിലെ ജനതയുടെ മനസിൽ ഇടംനേടി. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രി സഭയിലെമന്ത്രിമാർക്കിടയിൽ രാഷ്ട്രീയത്തിന് അതീതമായി എല്ലാ ജനങ്ങളുടേയും മുക്തകണ്ഠ പ്രശംസ നേടിയ മന്ത്രിയാണ് സുഷമാസ്വരാജ്. പ്രവാസികളായ ഇന്ത്യക്കാരുടെ ഏത് ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന മന്ത്രിയാണ് സുഷമയെന്നതാണ് ഇവരെ വ്യത്യസ്തയാക്കുന്നത്. പ്രവാസിക്കോ സ്വദേശിക്കോ ഒരു കാര്യം നടക്കണമെങ്കിൽ ഒരു ട്വീറ്റ് മതി. ഞൊടിയിടയിൽ കാര്യം നടക്കും.

പ്രവാസികളായ സാധാരണക്കാരുടെ ചെറിയ ആവശ്യങ്ങൾ പോലും നടത്തിക്കൊടുക്കാൻ സുഷമ സന്നദ്ധത പ്രകടിപ്പിക്കാറുണ്ട് എന്നത് ഈ പഞ്ചാബ് സ്വദേശിനിയെ മുൻഗാമികളിൽ നിന്നു വ്യത്യസ്തയാക്കുന്നു.വിദേശത്തു കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സ്വദേശത്തേക്ക് എത്തിക്കുന്നതിനും എംബസികളുടെ അനാസ്ഥ മൂലം നാട്ടിലേക്ക് സമയത്ത് എത്തിച്ചേരാൻ സാധിക്കാത്ത പ്രവാസികളുടെ പ്രശ്‌നങ്ങളുമെല്ലാം നേരിട്ട് ഇടപെട്ട് സുഷമ പരിഹരിച്ചു കൊടുത്തിരുന്നു. സമൂഹമാധ്യമങ്ങൾ ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയാണ് സുഷമ വിദേശകാര്യമന്ത്രിയെന്ന നിലയിൽ സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നത്. പ്രവാസികൾ നേരിട്ട് പ്രശ്‌നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാമെന്ന അവസ്ഥ ഒരു കാലത്ത് വിദേശ ഇന്ത്യക്കാർക്കു പോലും സ്വപ്‌നം കാണാൻ കഴിയാത്ത കാര്യമായിരുന്നു. എന്നാൽ ഇതിനു മാറ്റം വരുത്തി ജനകീയ മന്ത്രിയെന്ന പേരു നേടാനും സുഷമയ്ക്കായി.

റിക്രൂട്ട്‌മെന്റ് മാഫിയെ ഇല്ലാതാക്കിയും ഐസിസ് തടവിലാക്കിയ മലയാളികളായ 41 നഴ്‌സുമാർക്കും ജീവൻ തിരിച്ചു നൽകിയതും പാക്കിസ്ഥാനിൽ കുൽഭൂഷൺ യാദവിന്റെ വിഷയത്തിലും സൗദിയിൽ ഇന്ത്യൻ യുവതിയെ ഏജന്റുമാർ വിറ്റ സംഭവത്തിലും നേരിട്ട് ഇടപെട്ടാണ് സുഷമ പ്രശ്‌നപരിഹാരത്തിന് തയാറായത്. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കെത്താൻ വിസ ലഭിക്കാതിരുന്ന യുവാവിനും ഹണിമൂൺ യാത്രക്കൊരുങ്ങവേ ഭാര്യയുടെ പാസ്‌പോർട്ട് കളഞ്ഞുപോയ സംഭവം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത യുവാവിനും അവസാനം തുണയായത് സുഷമാ സ്വരാജ് തന്നെ. ട്വിറ്ററിൽ തന്നെ ഇവർക്ക് നേരിട്ട് മറുപടി നൽകി ഇവരുടെ വിഷമങ്ങൾ തുടച്ചുനീക്കാൻ തക്ക പ്രതിബദ്ധതയാണ് സുഷമ കാട്ടിയത്.

ഇത്തരത്തിൽ സുഷമ നടത്തിയ മാനുഷിക ഇടപെടലുകളുടെ ലിസ്റ്റിന് നീളം ഏറെയാണ്. ഏതായാലും തെരഞ്ഞെടുപ്പ് ഗോദയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും രാജ്യസഭയുടെ വാതിൽ സുഷമയ്ക്കു മുന്നിൽ തുറന്നു തന്നെയാണ്. ജനങ്ങളുടെ മനസിലും നേടിയെടുത്ത സ്ഥാനം പെട്ടെന്നൊന്നും മാഞ്ഞുപോകില്ല. ഇങ്ങനെയൊരാൾ മന്ത്രിയായി കാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്നു എന്നു പറയുന്നതു പോലും അഭിമാനമായി കരുതാം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP