Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പോരാട്ടം മറന്ന കേരളത്തിലെ സിപിഎം തമിഴ്‌നാട് ഘടകത്തെ കണ്ടുപഠിക്കണം; ദളിതർക്ക് കൊടുത്ത ഭൂമിയിൽ സ്വകാര്യ വ്യക്തി നടത്തിയ കയ്യേറ്റം ഒഴിപ്പിച്ച് തിരിച്ച് പിടിച്ച് സിപിഎം; ജാതി മതിൽ പൊളിച്ചും ജാതിക്കുളങ്ങൾ നികത്തിയും ദളിതർക്കും പാവങ്ങൾക്കും ആത്മവിശ്വാസം പകർന്ന് പാർട്ടി; അൺടച്ചബിളിറ്റി ഇറാഡിക്കേഷൻ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ദുരഭിമാനക്കൊലക്കും അവർണ്ണരുടെ ക്ഷേത്രപ്രവേശനത്തിനും മുൻകൈയെടുക്കുന്നു; തമിഴകത്ത് സിപിഎം ശരിക്കും ഏഴകളുടെ പാർട്ടിയാവുന്നത് ഇങ്ങനെ

പോരാട്ടം മറന്ന കേരളത്തിലെ സിപിഎം തമിഴ്‌നാട് ഘടകത്തെ കണ്ടുപഠിക്കണം; ദളിതർക്ക് കൊടുത്ത ഭൂമിയിൽ സ്വകാര്യ വ്യക്തി നടത്തിയ കയ്യേറ്റം ഒഴിപ്പിച്ച് തിരിച്ച് പിടിച്ച് സിപിഎം; ജാതി മതിൽ പൊളിച്ചും ജാതിക്കുളങ്ങൾ നികത്തിയും ദളിതർക്കും പാവങ്ങൾക്കും ആത്മവിശ്വാസം പകർന്ന് പാർട്ടി; അൺടച്ചബിളിറ്റി ഇറാഡിക്കേഷൻ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ദുരഭിമാനക്കൊലക്കും അവർണ്ണരുടെ ക്ഷേത്രപ്രവേശനത്തിനും മുൻകൈയെടുക്കുന്നു; തമിഴകത്ത് സിപിഎം ശരിക്കും ഏഴകളുടെ പാർട്ടിയാവുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ധർമ്മപുരി: കേരളത്തിലടക്കം ആദിവാസി- ദലിത് പ്രശ്നങ്ങളിൽനിന്നും ഭൂസമരങ്ങളിൽനിന്നും സിപിഎം പുറന്തിരിഞ്ഞ് നിൽക്കുമ്പോൾ തമിഴനാട്ടിൽ ജാതിവെറിക്കെതിരെയും ദുരഭിമാനഹത്യക്കെതിരെയും പ്രതികരിച്ചും ജന്മികളിൽ നിന്ന് കർഷകർക്ക് ഭൂമി തിരിച്ചുപിടിച്ചും യഥാർഥ അടിസ്ഥാന വർഗ പാർട്ടിയാവുകയാണ് സിപിഎം. എറ്റവും ഒടുവിലായി തമിനാട്ടിലെ ധർമ്മപുരിയിൽ ദളിതർക്ക് കൊടുത്ത ഭൂമിയിൽ സ്വകാര്യ വ്യക്തി നടത്തിയ കയ്യേറ്റം ഒഴിപ്പിച്ച് ഭൂമി തിരിച്ച് പിടിച്ച സിപിഎം നടപടി വ്യാപകമായി അഭിനന്ദിക്കപ്പെട്ടിരിക്കയാണ്. തമിഴ്‌നാടിലെ ധർമപുരിയിൽ 78 ദളിത് കുടുംബങ്ങൾക്ക് നൽകിയ 3 ഏക്കർ ഭൂമി സവർണജാതിയിൽ പെട്ട ഒരാൾ കയ്യടക്കി വച്ചിരിക്കുകയായിരുന്നു. 2011 ൽ പട്ടയം നൽകിയ ഭൂമി ഇയാൾ കയ്യടക്കിയതുകാരണം ദളിതർക്ക് ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. ഇന്നലെ സിപിഎം, ടിഎൻയുഇഎഫ് പ്രവർത്തകർ ദളിത് കുടുംബങ്ങളുമായി സ്ഥലത്ത് എത്തി സമരം സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് സർക്കാർ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഒരു മാസത്തിനകം എല്ലാ കുടുംബങ്ങൾക്കും പട്ടയത്തിലേതുപോലെ ഭൂമി അളന്ന് തിട്ടപ്പെടുത്തി നൽകുമെന്ന് ഉറപ്പ് നൽകിയത്. ജാതി വ്യവസ്ഥ കൊടികെട്ടി വാഴുന്ന അവസ്ഥയാണ് തമിഴ്‌നാടിൽ നിലനിൽക്കുന്നത്. ഇതിനെതിരെ സമീപ കാലങ്ങളിൽ സംസ്ഥാനത്ത് സിപിഎം ഉയർത്തിക്കൊണ്ട് വരുന്നത് നിരവധി സമരങ്ങളാണ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുക എന്നത് തന്നെയാണ് പാർട്ടി നയം. ജാതി ഭീകരതയ്ക്കും പിന്നോക്ക വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്കുമെതിരെ വലിയ പ്രക്ഷോഭങ്ങൾ തന്നെ പ്രാദേശിക തലത്തിൽ ഏറ്റെടുക്കാനാണ് സിപിഎം നേതൃത്വം ഇപ്പോൾ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിൽ നടക്കുന്ന സവർണ്ണ ജാതിക്കാരുടെ പല തോന്ന്യവാസങ്ങൾക്കും പൊലീസിന്റേയും അധികാരികളുടേയും പിന്തുണയുമുണ്ട് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം. ഇത്തരത്തിൽ ജാതി ലോബി തന്നെ പ്രവർത്തിക്കുന്ന ഒരു സംസ്ഥാനത്താണ് സിപിഎം ഇത്തരം തൊട്ടുകൂടായ്മയ്‌ക്കെതിരെ നിലപാടുകൾ കടുപ്പിച്ച് മുന്നോട്ട് പോവുകയാണ്.

ജാതി മതിലുകൾ പൊളിച്ച് പോരാട്ടം

തമിഴ്‌നാട്ടിൽ ജാതി മതിലുകൾ പൊളിച്ചുകൊണ്ടുള്ള സിപിഎമ്മിന്റെ പ്രവർത്തനം നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ദളിതരെ പൊതുഇടങ്ങളിൽനിന്ന് വേർതിരിക്കുന്ന കൂറ്റൻ ജാതി മതിലുകൾ, ഭക്ഷണശാലകളിൽ വെള്ളം കുടിക്കാൻ പ്രത്യേകം ഗ്ലാസുകൾ തുടങ്ങി പ്രണയവിവാഹങ്ങളെത്തുടർന്നുള്ള ദുരഭിമാന ക്കൊലകളിലും കൂട്ടക്കൊലകളിലുംവരെയെത്തി നിൽക്കുന്നു തമിഴ്‌നാടിന്റെ ജാതിവെറിയുടെ ചരിത്രം. 1947 ൽ നിയമംമൂലം നിരോധിക്കപ്പെട്ട തൊട്ടുകൂടായ്മ തമിഴ്‌നാട്ടിലെ 600ൽ പരം ഗ്രാമങ്ങളിൽ നിലനിൽക്കുന്നുവെന്ന് സർക്കാർ രേഖകൾതന്നെ വ്യക്തമാക്കുന്നു. തിരുനെൽവേലിയിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ജാതി വേർതിരിച്ചറിയാൻ പ്രത്യേക നിറങ്ങളുള്ള റിബണുകൾ കൈയിൽ കെട്ടുന്ന സമ്പ്രദായം നിലനിൽക്കുന്നു എന്ന് കുറച്ചു വർഷങ്ങൾക്കു മുമ്പാണ് ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം റിപ്പോർട്ട് ചെയ്തത്. ഇങ്ങനെ ജാതി മത ഭേദഭാവങ്ങളെ പൊളിച്ചെഴുതുമെന്ന് നാം വിശ്വസിക്കുന്ന പൊതു വിദ്യാലയങ്ങളിൽപോലും ജാതിബോധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് തമിഴ്‌നാട്ടിൽ വ്യാപകമാകുന്നത്.

ഉത്തപുരത്തെ ജാതിമതിൽ തകർക്കാൻ നടത്തിയ ഐതിഹാസിക സമരത്തിലും നേതൃപരമായ പങ്ക് ഡിവൈഎഫ്ഐ വഹിക്കുകയുണ്ടായി. പ്രകാശ് കാരാട്ടിനെപ്പോലുള്ള മുതിർന്ന നേതാക്കൾ എത്തിയാണ് ഇവിടുത്തെ ജാതിമതിൽ പൊളിച്ചത്. ജാതിയതയ്ക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമരം നടത്തി വരികയാണ് വർഷങ്ങൾക്കുമുമ്പേ ഇവിടെ സിപിഎം. 1969ൽ കീഴ് വെൺമണിയിൽ നടന്ന താഴ്ന്ന ജാതിയിൽപെട്ട കർഷകത്തൊഴിലാളികളുടെ മെച്ചപ്പെട്ട വേതനത്തിനുവേണ്ടിയുള്ള സമരം നയിച്ചത് സിപിഎം ആയിരുന്നു. ആ സമരത്തെ അടിച്ചമർത്താൻ 44 ദളിത് കർഷകത്തൊഴിലാളികളെ ചുട്ടുകൊല്ലുകയുണ്ടായി. എന്നിട്ടും സമരം വിജയം നേടുംവരെ തുടർന്നു.2007ൽ രൂപീകൃതമായ തമിഴ്‌നാട് അൺ ടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രന്റ് നടത്തുന്ന ജാതിവിവേചനത്തിനെതിരെയുള്ള സമരങ്ങളിൽ ഡിവൈഎഫ്ഐയും സജീവമായി ഇടപെടുന്നുണ്ട്. പന്ത്രണ്ടോളം ജില്ലകളിൽ ഡിവൈഎഫ്ഐയും അൺ ടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രന്റും സംയുക്ത സമരമുണണി നയിച്ച ക്ഷേത്രപ്രവേശന സമരം വിജയം നേടുകയുണ്ടായി. നഗായി ജില്ലയിലെ മാതുർ മാരിയമ്മൻ ക്ഷേത്രം, വില്ലുപുരത്തെ നെടി ക്ഷേത്രം, നാമക്കലിലെ അംഗലേശ്വരി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിൽ ഡിവൈഎഫ്ഐ തന്നെയാണ് സമരം നയിച്ചത്. ഉത്തപുരത്തെ ജാതിമതിൽ തകർക്കാൻ നടത്തിയ ഐതിഹാസിക സമരത്തിലും നേതൃപരമായ പങ്ക് ഡിവൈഎഫ്ഐ അടക്കം വഹിക്കുകയുണ്ടായി.

ജാതിപോരാട്ടത്തിൽ രക്തസാക്ഷികളും

ഇക്കഴിഞ്ഞ ജൂണിൽ ജാതീയതയ്ക്കും ദളിത് വിഭാഗം നേരിടുന്ന ഒറ്റപ്പെടലിനുമെതിരെ പോരാടിയതിന് തിരുനൽവേലിയിൽ ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ അശോകൻ കൊല്ലപ്പെട്ടിരുന്നു. വഴിനടക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ ചോദ്യം ചെയ്തതിനായിരുന്നു അശോകിനെ കൊലപ്പെടുത്തിയിരുന്നു.വഴിനടക്കുന്നതുമായി ബന്ധപ്പെട്ട് അശോകിന്റെ അമ്മയെ സവർണജാതിയിൽ പെട്ടവർ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രത്യക്ഷ പ്രതിഷേധം നടത്തുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തതിനാണ് അശോകിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.ഡിവൈഎഫ്ഐയുടെ ജില്ലയിലെ എല്ലാ പ്രതിഷേധ പരിപാടികളിലും സന്നദ്ധ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് അശോക്.സംഘടനയുടെ എല്ലാ സമരങ്ങൾക്കും തൊട്ടുകൂടായ്മ നിർമ്മാർജന മുന്നണിയുടെ സമരങ്ങൾക്കും എപ്പോഴും മുന്നിൽ നിന്നിരുന്ന അശോക് കഴിഞ്ഞ ദിവസം നീറ്റ് പരീക്ഷയിന്മേൽ ഡിവൈഎഫ്ഐ നടത്തിയ സമരങ്ങളിലും പങ്കെടുത്തിരുന്നു.

കൊലപ്പെടുത്തിയ ശേഷം ഇയാളുടെ മൃതദേഹം സമീപത്തെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു.പ്രദേശത്തെ ദളിത് വിഭാഗത്തിൽപ്പെട്ട കർഷകർക്കും മറ്റ് തൊഴിലാളികൾക്കും പുറത്തേക്കും അത്പോലെ തന്നെ ജോലി സ്ഥലത്തേക്കും പോകേണ്ടത് പ്രദേശത്ത് മുന്നോക്ക ജാതിക്കാരായ മറവർ തിങ്ങി പാർക്കുന്ന പ്രദേശത്ത് കൂടിയാണ്. എന്നാൽ പിന്നോക്കജാതിക്കാർ ഇതുവഴി പോകുമ്പോൾ മറവർ ജാതിവിളിച്ചും അതോടൊപ്പം തെറി വിളിച്ചും അധിക്ഷേപിക്കുന്നത് പതിവായിരുന്നു. കൃഷിപ്പാടത്ത് പണിക്ക് പോകുന്ന സ്ത്രീകളോടും വളരെ മോശമായിട്ടാണ് മറവ സമുദായത്തിലെ ഒരു വിഭാഗം പെരുമാറിയിരുന്നത്. അശോകും പ്രദേശത്തെ മറ്റ് ചില യുവാക്കളും ഇതിൽ പ്രതിഷേധിക്കുകയും ജാതീയമായി അധിക്ഷേപിക്കുന്നവരെ താക്കീത് ചെയ്യുകയും ചെയ്തു.

അശോക് സ്ഥിരം ഇതിനെ എതിർത്തിരുന്നു. അശോകിനും അമ്മ അവുതയ് അമ്മാൾ എന്നിവർക്കും നേരെ അധിക്ഷേപം പതിവായിരുന്നു. കഴിഞ്ഞ മാസവം കന്നുകാലികൾക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങവെ ഇവരെ അക്രമിക്കുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് അശോക് പൊലീസിൽ പരാതി നൽകിയെങ്കിലും അക്രമികൾക്ക് എതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പൊലീസ് ചെയ്തത് അശോകിനെതിരെ കേസെടുക്കുകയായിരുന്നു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.1923ൽത്തന്നെ ജാതീയശ്രേണിയിൽ പിന്നോക്കംനിൽക്കുന്നവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമനിർമ്മാണം തമിഴ്‌നാട്ടിൽ വന്നെങ്കിലും വിവേചനവും അതിക്രമങ്ങളും അനസ്യൂതം തുടർന്ന് പോരുന്ന സംസ്ഥാനമാണ് തമിഴ്‌നാട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP