Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനത്ത പരാജയത്തിന് പിന്നാലെ അടിവേര് ചീഞ്ഞ് നിലംപൊത്താൻ തയ്യാറായി ചന്ദ്രബാബു നായിഡുവിന്റെ പാർട്ടി; മൂന്നിൽ രണ്ട് എംപിമാർക്കും പിന്നാലെ മൂന്നിൽ രണ്ട് എംഎൽഎമാരും ടിഡിപിയെ വിട്ട് ബിജെപിയിൽ ചേർന്നേക്കും; കാലുവാരലുകാരെ തനിക്ക് വേണ്ടെന്ന് വൈഎസ്ആർ നേതാവ് ജഗൻ തീർത്തു പറഞ്ഞതോടെ എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നു; എൻ ടി രാമറാവുവിന്റെ പാർട്ടി അവസാനിക്കുമ്പോൾ

കനത്ത പരാജയത്തിന് പിന്നാലെ അടിവേര് ചീഞ്ഞ് നിലംപൊത്താൻ തയ്യാറായി ചന്ദ്രബാബു നായിഡുവിന്റെ പാർട്ടി; മൂന്നിൽ രണ്ട് എംപിമാർക്കും പിന്നാലെ മൂന്നിൽ രണ്ട് എംഎൽഎമാരും ടിഡിപിയെ വിട്ട് ബിജെപിയിൽ ചേർന്നേക്കും; കാലുവാരലുകാരെ തനിക്ക് വേണ്ടെന്ന് വൈഎസ്ആർ നേതാവ് ജഗൻ തീർത്തു പറഞ്ഞതോടെ എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നു; എൻ ടി രാമറാവുവിന്റെ പാർട്ടി അവസാനിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

അമരാവതി: ഒരുകാലത്ത് ഇന്ത്യക്ക് വികസന രാഷ്ട്രീയത്തിന്റെ പുതിയ മുഖം സമ്മാനിച്ച രാഷ്ട്രീയ നേതാവായിരുന്നു ചന്ദ്രബാബു നായിഡു. ആന്ധ്രാ പ്രദേശ് തലസ്ഥാനമായിരുന്ന ഹൈദരാബാദിനെ ഹൈടെക് നഗരമാക്കി മാറ്റിയ വികസന നായകൻ. ഐടി വ്യവസായങ്ങൾ എത്തിച്ചും ലോകത്തിന്റെ കൈയടി നേടിയ ഭരണാധികാരി. പിന്നീട് ഐക്യ ആന്ധ്ര വിഭജിക്കപ്പെട്ട ഘട്ടത്തിൽ ആന്ധ്രയുടെ മുഖ്യമന്ത്രിയായ വ്യക്തി. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ ചന്ദ്രബാബു നായിഡു കിങ് മേക്കറാകും എന്നു കരുതിയവർ ഏറെയായിരുന്നു. എന്നാൽ, പ്രതീക്ഷിച്ചത് വെറുതേയായി ബിജെപി പാളയം വിട്ട നായിഡുവുന്റെ തെലുങ്കുദേശം പാർട്ടി(ടി.ഡി.പി.) കനത്ത തകർച്ചയെ നേരിടുകയാണ് ഇപ്പോൾ.

രാജ്യസഭയിൽ തിരിച്ചടിയേറ്റതിന് പിന്നാലെ നിയമസഭയിലും കനത്ത പ്രഹരമാണ് ചന്ദ്രബാബു നായിഡുവിന്റെ പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്. ടി.ഡി.പിയുടെ രാജ്യസഭാകക്ഷിയിലെ മൂന്നിൽരണ്ടുഭാഗം ബിജെപി.യിൽ ചേർന്നതിനുപിന്നാലെ പാർട്ടി എംഎ‍ൽഎ.മായും അതേ പാതയിലെന്നു സൂചന പുറത്തുവന്നതാണ് നായിഡുവിനും കൂട്ടർക്കും തിരിച്ചടിയാകുന്നത്.

ആന്ധ്രാപ്രദേശ് നിയമസഭയിലെ 23 ടി.ഡി.പി. അംഗങ്ങളിൽ മിക്കവരും ബിജെപി.യിൽ ചേരാൻ ഒരുങ്ങിനിൽക്കുകയാണ്. കൂറുമാറ്റനിയമത്തിലെ വ്യവസ്ഥകൾ മറികടക്കുന്നതിന് നിയമസഭാകക്ഷിയിലെ മൂന്നിൽരണ്ടു ഭൂരിപക്ഷം തികയ്ക്കാനാണ് കാത്തുനിൽക്കുന്നത്. മൂന്നിൽരണ്ടുഭാഗം അംഗങ്ങളായിക്കഴിഞ്ഞാൽ അയോഗ്യരാവാതെ ഒരു ഗ്രൂപ്പായി ബിജെപി.യിൽ ചേരാം. നിയമസഭാംഗത്വം ഒഴിയേണ്ടിയും വരില്ല. ടി.ഡി.പി. സാമാജികരിൽ പലരും വൈ.എസ്.ആർ. കോൺഗ്രസിൽ ചേരാനായി സമ്പർക്കം പുലർത്തിവരുന്നുണ്ടെന്നും എന്നാൽ, ഈ 'മറുകണ്ടം ചാടുന്ന അവസരവാദരാഷ്ട്രീയത്തെ' പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു.

നേരത്തെ തെലുങ്കുദേശം പാർട്ടി ബിജെപിയിൽ ചേരുന്നതിനായി പ്രമേയം പാസാക്കിയിരുന്നു. തെലുങ്ക് ദേശം പാർട്ടിയുടെ നാല് രാജ്യസഭാംഗങ്ങൾ പാർട്ടി വിട്ടതിനു പിന്നാലെയാണ് പാർട്ടി ലയിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കിയത്. പാർട്ടി നേതാവ് വൈ എസ് ചൗധരി ,ഉപ നേതാവ് സി എം രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രമേയം പാസാക്കിയത് . ഇതു സംബന്ധിച്ച് രാജ്യസഭാ ചെയർമാനു കത്ത് നൽകിയതായും നേതാക്കൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളിലും ,നേതൃത്വത്തിലും ആകൃഷ്ടരായാണ് തങ്ങൾ ബിജെപിയിൽ ലയിക്കുന്നതെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു .

രാജ്യസഭയിൽ ടിഡിപിക്ക് ആകെ ആറ് എംപിമാരാണുള്ളത്. രാജ്യസഭാംഗമായ ടിജി വെങ്കിടേഷ് പ്രതികരിച്ചത് താൻ നേരത്തെ മുതൽ എബിവിപിയുടെയും യുവമോർച്ചയുടെയും സജീവ പ്രവർത്തകനായിരുന്നുവെന്നുമാണ്. ഇന്ന് പാർട്ടി വിട്ട ടിജി വെങ്കിടേഷ്, വൈഎസ് ചൗധരി, സിഎം രമേഷ് തുടങ്ങിയ എംപിമാർ രാജ്യസഭാ ഉപാദ്ധ്യക്ഷനായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച നടത്തിയതായി വാർത്ത വന്നതിനു പിന്നാലെയാണ് ലയനത്തിന്റെ റിപ്പോർട്ട് വന്നിരിക്കുന്നത്.

എൻ.ടി. രാമറാവുവിന്റെ നേതൃത്വത്തിൽ ആന്ധ്രപ്രദേശിൽ രൂപം കൊണ്ട രാഷ്ട്രീയ പാർട്ടിയാണ് തെലുഗുദേശം. 1982 മാർച്ച് 29-നാണ് തെലുഗുദേശം പാർട്ടി സ്ഥാപിതമായത്. ആന്ധ്രപ്രദേശിൽ രാമറാവു രാഷ്ട്രീയ പ്രവർത്തന രംഗത്തേക്കു പ്രവേശിച്ചതോടെ തെലുഗുദേശം പാർട്ടിക്കു തുടക്കം കുറിച്ചു. പ്രാദേശിക താത്പര്യങ്ങൾ സംരക്ഷിക്കുകയെന്നതായിരുന്നു തുടക്കത്തിൽ പാർട്ടിയുടെ മുഖ്യ ലക്ഷ്യം. എങ്കിലും രാജ്യത്തിന്റെ ഐക്യത്തിനും ഒപ്പം അഖണ്ഡതയ്ക്കും വേണ്ടി പാർട്ടി നിലകൊണ്ടു. 'ചൈതന്യരഥം' എന്നു പേരിട്ട വാഹനത്തിൽ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തി ഇദ്ദേഹം പാർട്ടിക്ക് പിന്തുണ നേടി. 1983 ജനുവരിയിലെ തെരഞ്ഞെടുപ്പിൽ തെലുഗുദേശത്തിന് ആന്ധ്രയിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. എൻ.ടി. രാമറാവു ഇതോടെ ആന്ധ്രയിലെ മുഖ്യമന്ത്രിയാവുകയും ചെയ്തു.

പാർട്ടിയിലെ ഒരു വിഭാഗം വിമതർ പിളർപ്പുണ്ടാക്കിയതിനെത്തുടർന്ന് എൻ.ടി.രാമറാവു മുഖ്യമന്ത്രിയായുള്ള തെലുഗുദേശം ഗവണ്മെന്റ് 1984 ആഗസ്തിൽ അധികാരഭ്രഷ്ടമാക്കപ്പെട്ടു. രാമറാവുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശം മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തി. അഖിലേന്ത്യാതലത്തിൽ മറ്റു പാർട്ടികളെക്കൂടി കൂട്ടി ഒരു ദേശീയ മുന്നണി രൂപവത്ക്കരിക്കുന്നതിനും തെലുഗുദേശം നേതൃത്വം നല്കി. 1984 ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പിനെത്തുടർന്ന് ലോകസഭയിൽ പ്രതിപക്ഷത്തെ പ്രധാന പാർട്ടിയായിത്തീർന്നു തെലുഗുദേശം. ആന്ധ്രയിൽ 1985-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തെലുഗുദേശം വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി.

അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് പാർട്ടിക്കെതിരായി രൂപവത്കൃതമായ ദേശീയ ജനാധിപത്യമുന്നണി എന്ന രാഷ്ട്രീയ സഖ്യത്തിലെ ഒരു പ്രധാന പാർട്ടിയായിരുന്നു തെലുഗുദേശം. 1983 മുതൽ ആന്ധ്രയിൽ അധികാരത്തിലിരുന്ന തെലുഗുദേശം 1989-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് അധികാരഭ്രഷ്ടമായി. 1994 ഡിസംബറിലെ തെരഞ്ഞെടുപ്പിൽ ആന്ധ്രയിൽ തെലുഗുദേശത്തിന് വീണ്ടും ഭൂരിപക്ഷം ലഭിച്ചു. എൻ.ടി. രാമറാവുവിന്റെ രണ്ടാം ഭാര്യയായ ലക്ഷ്മീപാർവതി 1990-കളുടെ മധ്യത്തോടെ പാർട്ടിക്കാര്യങ്ങളിൽ ഇടപെട്ടുതുടങ്ങി. ഇത് തെലുഗുദേശത്തിൽ നേതൃത്വമത്സരത്തിന് വഴിതെളിച്ചു. ലക്ഷ്മീപാർവതിക്ക് പാർട്ടിയിൽ കൂടുതൽ പ്രാധാന്യം നല്കുന്നതിനെച്ചൊല്ലി പാർട്ടിയിൽ കലാപമുണ്ടായി. എൻ.ടി. രാമറാവുവിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു. പാർട്ടിയിലെ ഭൂരിപക്ഷം നിയമസഭാംഗങ്ങൾ ചേർന്ന് 1995 ആഗസ്തിൽ ചന്ദ്രബാബു നായിഡുവിനെ തെലുഗുദേശത്തിന്റെ നേതാവായി തെരഞ്ഞെടുത്തു.

1995 സെപ്റ്റംബറിൽ ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രിയായി. 1996 ജനുവരി 18-ന് എൻ.ടി. രാമറാവു നിര്യാതനായി. തുടർന്ന് ഈ പാർട്ടി നായിഡുപക്ഷം എന്നും ലക്ഷ്മീപാർവതി പക്ഷം എന്നും രണ്ടു വിഭാഗങ്ങളായി ഭിന്നിച്ചുമാറി. തെരഞ്ഞെടുപ്പിൽ ലക്ഷ്മീപാർവതി വിഭാഗം പരാജയപ്പെട്ടു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ശക്തിപ്രാപിച്ചു. ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനഭരണത്തോടൊപ്പം ദേശീയ രാഷ്ട്രീയത്തിലും വ്യക്തമായ സ്വാധീനം ചെലുത്തുന്ന പാർട്ടിയായി തെലുഗുദേശം മാറുകയുണ്ടായി. 1998-ൽ ഭാരതീയ ജനതാപാർട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഗവൺമെന്റിന് തെലുഗുദേശം പ്രശ്‌നാധിഷ്ഠിത പിന്തുണ നല്കി. 1999-ലെ തെരഞ്ഞെടുപ്പിൽ ഭരണമുന്നണിയായ ദേശീയ ജനാധിപത്യ സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിത്തീർന്നു തെലുഗുദേശം. ഇത്തവണ എൻഡിഎ വിട്ടതാണ് തെലുങ്കുദേശം പാർട്ടിക്ക് കനത്ത തിരിച്ചടിയായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP