Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എക്‌സിറ്റ് പോളിന് പിന്നാലെ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ താഴെയിടാൻ കരുക്കൾ നീക്കി ബിജെപി; കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടണമെന്നും പ്രതിപക്ഷം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി; ഫലമറിയും മുൻപ് കോൺഗ്രസിന് ആദ്യ തിരിച്ചടി

എക്‌സിറ്റ് പോളിന് പിന്നാലെ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ താഴെയിടാൻ കരുക്കൾ നീക്കി ബിജെപി; കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടണമെന്നും പ്രതിപക്ഷം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി; ഫലമറിയും മുൻപ് കോൺഗ്രസിന് ആദ്യ തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി. കമൽനാഥ് സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ ഗവർണർക്ക് കത്ത് നൽകി. വൈകിട്ടോടെ ഗവർണറെ കാണാൻ ബിജെപി സമയം തേടിയിട്ടുമുണ്ട്. ചില കോൺഗ്രസ് എംഎൽഎമാർ പാർട്ടി വിടുമെന്ന് വ്യക്തമായതായും ഇതോടെ കമൽനാഥ് സർക്കാരിന് കേവലഭൂരിപക്ഷം നഷ്ടമാകുമെന്നുമാണ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ചൂണ്ടിക്കാട്ടുന്നത്.

എല്ലാ എക്‌സിറ്റ് പോളുകളും എൻഡിഎ സർക്കാരിന് ഭൂരിപക്ഷം പ്രവചിച്ച് പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതെന്നതാണ് ശ്രദ്ധേയം. മധ്യപ്രദേശിൽ ശിവ്‌രാജ് സിങ് ചൗഹാൻ സർക്കാരിന്റെ 15 വർഷത്തെ ഭരണത്തിന് ശേഷമാണ് ഇത്തവണ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നത്. ഇവിടെ കോൺഗ്രസിന് എസ്‌പിയുടെയും ബിഎസ്‌പിയുടെയും പിന്തുണയുമുണ്ട്.

ഇഞ്ചോടിഞ്ച് പോരാട്ടം മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കോൺഗ്രസ് സർക്കാരുണ്ടാക്കിയത്. 230 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ ബിജെപിയോ കോൺഗ്രസോ കേവല ഭൂരിപക്ഷമായ 116 കടന്നില്ല. കോൺഗ്രസ് 114ും ബിജെപി 109ും സീറ്റുകൾ നേടി. എസ്‌പിയും ബിഎസ്‌പിയും 2 സ്വതന്ത്രരും പിന്തുണ നൽകിയതോടെ കോൺഗ്രസ് സർക്കാരുണ്ടാക്കി. ഇവരെ കൂടെ നിർത്താനുള്ള ബിജെപി ശ്രമം പരാജയപ്പെട്ടിരുന്നു.

കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആണ് മധ്യപ്രദേശിലെ ബിജെപി നേതൃത്വത്തിന് എതിരെ ഗുരുതര ആരോപണവുമായി നേരത്തെ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് എംഎൽഎയ്ക്ക് സർക്കാർ അട്ടിമറിക്കാൻ സഹായിക്കുന്നതിനുള്ള പ്രതിഫലമായി ബിജെപി 100 കോടി വാഗ്ദാനം ചെയ്തു എന്നായിരുന്നു ആരോപണം. ഒപ്പം ബിജെപി സർക്കാരുണ്ടാക്കിയാൽ മന്ത്രിസ്ഥാനവും നൽകാമെന്ന് വാഗ്ദാനം നടത്തിയെന്നും ആരോപണമുണ്ട്. വമ്പൻ ഓഫറുകൾ മൊറേന ജില്ലയിലെ സബൽഗഡ് മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎയായ ബൈജ്നാഥ് കുശ്വാഹയെ ആണ് ബിജെപി എംഎൽഎ നാരായൺ ത്രിപാഠി ബന്ധപ്പെട്ടത്.

തുടർന്ന് കുശ്വാഹയേയും കൊണ്ട് ത്രിപാഠി ഭക്ഷണം കഴിക്കാനായി ധാബയിലേക്ക് പോയി. അവിടെ വെച്ച് മുൻ ബിജെപി മന്ത്രിമാരായ നരോദം മിശ്രയും വിശ്വാസ് സാരംഗും കുശ്വാഹയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് കോൺഗ്രസ് ആരോപണം. 100 കോടിയും മന്ത്രി സ്ഥാനവും 100 കോടി രൂപയും ബിജെപി സർക്കാരിൽ മന്ത്രി സ്ഥാനവും ആണ് ബിജെപി കുശ്വാഹയ്ക്ക് നൽകിയ ഓഫർ എന്നും ദിഗ്‌വിജയ് സിങ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. 2003 മുതലുള്ള അധികാരം നഷ്ടപ്പെട്ട ബിജെപി മധ്യപ്രദേശിലെ മറ്റ് കോൺഗ്രസ് എംഎൽഎമാരേയും ഇത്തരത്തിൽ വശത്താക്കാൻ ശ്രമം നടത്തുന്നുണ്ട്.

ചാർട്ടേഡ് വിമാനം തയ്യാർ ചാർട്ടേഡ് വിമാനം തയ്യാറാണെന്നും തങ്ങൾക്കൊപ്പം പോരാനുമാണ് ബിജെപി നേതാക്കൾ കുശ്വാഹയോട് ആവശ്യപ്പെട്ടത് എന്നും എന്നാൽ കൂടെപ്പോകാൻ കുശ്വാഹ വിസമ്മതിച്ചും എന്നും ദിഗ്‌വിജയ് സിങ് വെളിപ്പെടുത്തി. ആരോപണം നിഷേധിച്ച് ബിജെപി തെളിവ് നിരത്തി തെളിയിക്കാൻ കോൺഗ്രസിനെ വെല്ലുവിളിച്ചു. തെളിവുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കാൻ ബിജെപി നേതാവ് നരോദം മിശ്ര വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ്.

തെളിവുണ്ടെങ്കിൽ തെളിയിക്ക് ഗോസിപ്പുണ്ടാക്കുന്നയാൾ എന്നാണ് ദിഗ്‌വിജയ് സിംഗിനെ മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവ വിശേഷിപ്പിച്ചിരിക്കുന്നത്. സിങ് പറയുന്നത് ഗൗരവത്തിലെടുക്കേണ്ടതില്ല എന്നും ഗോപാൽ ഭാർഗവ പറഞ്ഞു. അടൽ ബിഹാരി വായ്പേയി സർക്കാർ ഒരു വോട്ടിനാണ് താഴെപ്പോയത്. അപ്പോൾ പോലും ബിജെപി കുതിരക്കച്ചവടം നടത്തിയിട്ടില്ലെന്നും ഗോപാൽ ഭാർഗവ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP