Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാം രാഷ്ട്രീയപ്രേരിതം; ഹൈക്കമാൻഡ്‌ പറഞ്ഞാൽ രാജി; കോടതി കുറ്റവാളിയാണെന്ന് പറയും വരെ ഞാൻ നിരപരാധി; സുനന്ദാക്കേസിൽ ഒറ്റപ്പെടുത്തലിന് കേരളത്തിൽ നീക്കം; പരാതിയുമായി അഹമ്മദ് പട്ടേലിനെ തരൂർ കണ്ടു

എല്ലാം രാഷ്ട്രീയപ്രേരിതം; ഹൈക്കമാൻഡ്‌ പറഞ്ഞാൽ രാജി; കോടതി കുറ്റവാളിയാണെന്ന് പറയും വരെ ഞാൻ നിരപരാധി; സുനന്ദാക്കേസിൽ ഒറ്റപ്പെടുത്തലിന് കേരളത്തിൽ നീക്കം; പരാതിയുമായി അഹമ്മദ് പട്ടേലിനെ തരൂർ കണ്ടു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാൻഡ്‌ പറഞ്ഞാൽ മാത്രമേ എംപി സ്ഥാനം ശശി തരൂർ രാജിവയ്ക്കൂ. സുനന്ദാ പുഷ്‌കർ കൊലപാതക്കേസിൽ കുടുങ്ങിയ ശശി തരൂർ, ഇന്നലെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലുമായി ചർച്ച നടത്തി. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ ഉന്നതർ തന്റെ രാജി ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ താൻ ഹൈക്കമാണ്ടിന് മാത്രമേ വിധേയമാകൂ എന്നും തരൂർ വ്യക്തമാക്കി. കേസിൽ അറസ്റ്റിലാവേണ്ട സാഹചര്യം ഉണ്ടായാലും ഹൈക്കമാൻഡ്‌ ആവശ്യപ്പെട്ടാൽ മാത്രമേ രാജിവയ്ക്കൂ എന്ന് തരൂർ വിശദീകരിച്ചിട്ടുണ്ട്.

ക്രിമിനൽക്കേസിൽ പ്രതികളായ ധാരളം എംപിമാർ ഉണ്ട്. കോടതി കുറ്റക്കാരനായി വിധിച്ചാൽ മാത്രമേ ഒരാൾ കുറ്റക്കാരനാകുന്നുള്ളൂ. തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കാൻ കഴിയും. ഈ സാഹചര്യത്തിൽ ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കമായാണ് താൻ സുനന്ദാക്കേസിനെ പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ കേസിൽ അറസ്റ്റുണ്ടായാൽ രാജി വയ്ക്കണമെന്ന ആവശ്യം ഉയരും. ഇതിനെ കേരളത്തിലെ കോൺഗ്രസിലും പ്രമുഖരും പിന്തുണയ്ക്കുമെന്ന സൂചനയുണ്ട്. ഇത് കോൺഗ്രസിന് രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് തരൂരിന്റെ നിലപാട്. തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർത്ഥിയെ നിറുത്തി ഉപതെരഞ്ഞെടുപ്പിൽ ജയിക്കാനാണ് തന്നെ ബിജെപി കേസിൽ കുടുക്കിയതെന്നും തരൂർ കോൺഗ്രസ് നേതാവിനോട് പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിന്റെ ചടങ്ങുകളിൽ തരൂരിനെ പങ്കെടുപ്പിക്കേണ്ടെന്ന അനൗദ്യോഗിക തീരുമാനം കെപിസിസിയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എടുത്തതായി സൂചനയുണ്ട്. ഇതും അഹമ്മദ് പട്ടേലിനോട് തരൂർ പരാതിയായി ഉന്നയിച്ചു. കോൺഗ്രസ് ഹൈക്കമാണ്ടുമായുള്ള അടുപ്പമാണ് തന്നെ ഒറ്റപ്പെടുത്താൻ കാരണമെന്നാണ് തരൂരിന്റെ നിലപാട്. അതുകൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിന് ശക്തമായ നിർദ്ദേശങ്ങൾ ഹൈക്കമാൻഡ്‌ നൽകണമെന്നാണ് ആവശ്യം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയേയും കാണുന്നതും ശശി തരൂർ ഒഴിവാക്കി.

സുനന്ദാ വിവാദം വീണ്ടുമുണ്ടായപ്പോൾ തന്നെ അഹമ്മദ് പട്ടേലിനെ ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് തരൂർ അനുമതി തേടിയിരുന്നു. സോണിയയോടും രാഹുലിനോട് പറയാനുള്ളതെല്ലാം അഹമ്മദ് പട്ടേലിനോട് തരൂർ വിശദീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കേസിൽ കുടുക്കിയതെന്നും വ്യക്തമാക്കി. റോബർട് വാദ്രയുടെ പേരുയർന്നതും ചൂണ്ടിക്കാട്ടി. അതിനിടെ വാദ്രയുടെ പേര് വിവാദത്തിൽ എത്തിയതിനാലാണ് സോണിയയുമായുള്ള കൂടിക്കാഴ്ച തരൂർ ഒഴിവാക്കിയതെന്നും അറിയുന്നു. കേസിൽ ഡൽഹി പൊലീസ് എപ്പോൾ ചോദ്യം ചെയ്യലിന് വിധേയനാകാൻ ആവശ്യപ്പെട്ടാലും തയ്യാറാകുമെന്നും കോൺഗ്രസ് നേതൃത്വത്തെ തരൂർ അറിയിച്ചിട്ടുണ്ട്.

സുനന്ദ പുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ശശി തരൂരിന്റെ വ്യക്തിപരമായ കാര്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.സി. ചാക്കോ ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ പാർട്ടിക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്ന് ശശി തരൂർ തന്നെ വ്യക്തമാക്കിയിരുന്നു. അന്വേഷണം വൈകിയിട്ടുണ്ടെങ്കിൽ അതിൽ കോൺഗ്രസിന് യാതൊന്നും ചെയ്യാനില്ല. കേസുമായി ബന്ധമുള്ളത് തരൂരിനാണ്, പാർട്ടിക്കല്ലെന്നും പി.സി ചാക്കോ പറഞ്ഞു. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പ്രതികരണത്തിലൂടെ പാർട്ടി തരൂരിനെ കൈയൊഴിഞ്ഞെന്ന പ്രതീതിയാണ് ഉണ്ടാകുന്നത്. ഇതിന് മാറ്റമുണ്ടായേ മതിയാകൂ എന്ന് അഹമ്മദ് പട്ടേലിനോട് തരൂർ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് ശക്തമായ മത്സരത്തെ അതിജീവിച്ചാണ് ശശി തരൂർ വീണ്ടും എംപിയായത്. തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ തരൂരിന്റെ ജയത്തിനായി പ്രവർത്തിച്ചില്ലെന്ന് ആക്ഷേപമുണ്ട്. വോട്ടുകൾ വലിയ തോതിൽ മറിഞ്ഞു. എന്നിട്ടും ത്രികോണ മത്സര ചൂടിനെ അതിജീവിച്ചു. മോദിയുമായുള്ള തരൂരിന്റെ ബന്ധമുയർത്തി പ്രതിരോധത്തിലാക്കാനും കേരളത്തിലെ നേതാക്കൾ ശ്രമിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയുമായി സഹകരിച്ചതിനെതിരെ കെപിസിസിയും രംഗത്ത് വന്നു. ഇത്തരം ആക്ഷേപങ്ങളെല്ലാം സുനന്ദയുടെ കൊലപാതകത്തിൽ തന്നെ കുടുക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിലൂടെ തെറ്റാണെന്ന് തെളിഞ്ഞെന്നാണ് തരൂരിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP