Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുവാക്കൾക്ക് നൽകിയ വാക്ക് പാലിക്കാതെ നരേന്ദ്ര മോദി സർക്കാർ; രാജ്യത്ത് നിലനിൽക്കുന്നത് 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക്; നാണക്കേടൊഴിവാക്കാൻ റിപ്പോർട്ട് പൂഴ്‌ത്തിയതിൽ പ്രതിഷേധിച്ച് കമ്മീഷൻ അംഗങ്ങളുടെ രാജിയും; നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് 6.1 % തൊഴിലില്ലായ്മ; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആയുധമാക്കി പ്രതിപക്ഷവും

യുവാക്കൾക്ക് നൽകിയ വാക്ക് പാലിക്കാതെ നരേന്ദ്ര മോദി സർക്കാർ; രാജ്യത്ത് നിലനിൽക്കുന്നത് 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക്; നാണക്കേടൊഴിവാക്കാൻ റിപ്പോർട്ട് പൂഴ്‌ത്തിയതിൽ പ്രതിഷേധിച്ച് കമ്മീഷൻ അംഗങ്ങളുടെ രാജിയും; നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ റിപ്പോർട്ടിൽ രേഖപ്പെടുത്തിയത് 6.1 % തൊഴിലില്ലായ്മ; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആയുധമാക്കി പ്രതിപക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

 

ഡൽഹി: കൃത്യം അഞ്ച് വർഷം മുൻപ് ഇതേ സമയത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ അന്ന് എൻഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന നരേന്ദ്ര മോദി ഘോരഘോരം പ്രസംഗിച്ചത് രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് എതിരെയാണ്. യുവാക്കളെ വഞ്ചിക്കുകയാണ് എന്നൊക്കെ പ്രസംഗിച്ചെങ്കിലും അധികാരത്തിലേറിയിട്ട് രാജ്യത്തെ യുവാക്കൾ നേരിടുന്ന വലിയ പ്രശ്‌നമായ തൊഴിലില്ലായ്മയ്ക്ക് എന്തെങ്കിലും പരിഹാരമായോ എന്ന് ചോദിച്ചാൽ ഇല്ല. മാത്രമല്ല കഴിഞ്ഞ 45 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് രാജ്യത്തെ ഇപ്പോഴത്തെ തൊഴിലില്ലായ്മ. മറ്റൊരു പ്രധാന വാഗ്ദാനമായിരുന്നു കർഷകരുടെ ദുരിതം അകറ്റും എന്നതും. ഇത് രണ്ടും വെറും പൊള്ളയായ വാഗ്ദാനങ്ങളായി അവശേഷിക്കുന്നത്.

45 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ദേശീയ സാമ്പിൾ സർവേ ഓഫീസിന്റെ (എൻ.എസ്.എസ്.ഒ) 2017-18 വർഷത്തെ തൊഴിൽ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 6.1 ശതമാനമാണ് 2017-18 വർഷത്തെ തൊഴിലില്ലായ്മ നിരക്ക്. ബിസിനസ് സ്റ്റാൻഡേർഡ് ദിനപത്രമാണ് റിപ്പോർട്ടിലെ ഉള്ളടക്കം പുറത്ത് വിട്ടിരിക്കുന്നത്. 197273 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണ് നോട്ടു നിരോധനത്തിനു ശേഷം ഉണ്ടായത് എന്ന പരാമർശം പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ആയുധമാക്കാൻ സാധ്യതയുണ്ട്.

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ഡിസംബറിൽ ഈ റിപ്പോർട്ട് സമർച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങൾ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. 2016-ൽ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ തൊഴിൽ റിപ്പോർട്ടാണിതെന്ന് പ്രത്യേകതയും ഉണ്ട്.

ഇടക്കാല ബജറ്റിന് തൊട്ടുമുമ്പായി റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തുവന്നത് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രതിപക്ഷത്തിന് ലഭിച്ചിരിക്കുന്നത് മൂർച്ചയേറിയ ആയുധം കൂടിയാണിത്.ഇതിന് മുമ്പ് 1972-73 കാലഘട്ടത്തിലാണ് തൊഴിലില്ലായ്മ നിരക്ക് ഇതിനേക്കാൾ ഉയർന്ന നിലയിലെത്തിയിട്ടുള്ളതെന്നും റിപ്പോർട്ടിനെ ഉദ്ധരിച്ച് കൊണ്ട് ബിസിനസ് സ്റ്റാൻഡേർഡ് പറയുന്നു. 2011-12 വർഷത്തിൽ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.

രാജ്യത്തെ ഗ്രാമീണ മേഖലയിലെ (5.3%) തൊഴിലില്ലായ്മയെ അപേക്ഷിച്ച് നഗര പ്രദേശങ്ങളിലാണ് (7.8%) തൊഴിലില്ലായ്മ ഉയർന്നിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ റെക്കോർഡിലെത്തി ഏറ്റവും ഭീതിതമായ അവസ്ഥയിലാണ് ഉള്ളതെന്നും റിപ്പോർട്ട് പറയുന്നു. 13 മുതൽ 27 ശതമാനം വരെയാണ് യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്.

മുൻ വർഷത്തെ അപേക്ഷിച്ച് തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ പ്രാതിനിധ്യം വളെര കുറവാണെന്നും റിപ്പോർട്ട് അടിവരയിടുന്നു. റിപ്പോർട്ട് സർക്കാർ പുറത്തുവിടാത്തതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും മലയാളിയുമായ പി.സി.മോഹനൻ, അംഗം ജെ.വി.മീനാക്ഷി എന്നിവരാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൊഴിലില്ലായ്മ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത് കാര്യമായ ക്ഷീണമുണ്ടാക്കുമെന്നുള്ളതുകൊണ്ടാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കുന്നതെന്നാണ് ആക്ഷേപം. എന്നാൽ റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവന്നത് സർക്കാരിന് കൂടുതൽ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP