Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാൻ തീരുമാനിച്ച് വിശാല മുന്നണി; എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് തിരിച്ചടിയായതിന് പിന്നാലെ യോഗവും; തിങ്കളാഴ്ചത്തെ യോഗം വിളിച്ചത് എൽജെഡിയുടെ ശരദ് യാദവ്; സോണിയയും പവാറും മമതയും സ്റ്റാലിനും ചന്ദ്രബാബു നായിഡുവും ഒമർ അബ്ദുള്ളയും അടക്കമുള്ളവർ പങ്കെടുക്കും; ഫുൽപൂർ, ഖോരഖ്പൂർ പരാജയങ്ങൾ ബിജെപിയുടെ ഉറക്കം കെടുത്തവേ അയോധ്യ ഉയർത്താൻ സംഘപരിവാർ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാൻ തീരുമാനിച്ച് വിശാല മുന്നണി; എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് തിരിച്ചടിയായതിന് പിന്നാലെ യോഗവും; തിങ്കളാഴ്ചത്തെ യോഗം വിളിച്ചത് എൽജെഡിയുടെ ശരദ് യാദവ്; സോണിയയും പവാറും മമതയും സ്റ്റാലിനും ചന്ദ്രബാബു നായിഡുവും ഒമർ അബ്ദുള്ളയും അടക്കമുള്ളവർ പങ്കെടുക്കും; ഫുൽപൂർ, ഖോരഖ്പൂർ പരാജയങ്ങൾ ബിജെപിയുടെ ഉറക്കം കെടുത്തവേ അയോധ്യ ഉയർത്താൻ സംഘപരിവാർ

എം മനോജ് കുമാർ

ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ എക്സിറ്റ് ഫലങ്ങൾ വന്നിരിക്കെ അതിന്റെ ചൂടാറും മുൻപ് തന്നെ പ്രതിപക്ഷത്തെ വിശാല മുന്നണി യോഗം ചേരുന്നു. തിങ്കളാഴ്ക്ചയാണ് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിരിക്കുന്നത്. ചൊവാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരാനിരിക്കെയാണ് തിങ്കളാഴ്ച തന്നെ യോഗം വിളിക്കുന്നത്. ഇന്നലെ വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ വിശാലമുന്നണിക്ക് പുതിയ ഊർജം പകർന്നു നൽകിയിട്ടുണ്ട്. തിങ്കളാഴ്ച യോഗം വിളിച്ചിരിക്കുന്നത് എൽജെഡി അധ്യക്ഷൻ ശരദ് യാദവാണ്.

കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് തിരിച്ചടിയായി മാറിയ എക്‌സിറ്റ് ഫലങ്ങൾ വിലയിരുത്താനും പ്രതിപക്ഷ കക്ഷികളെ യോജിപ്പിച്ച് മുന്നേറ്റത്തിനു ഒരുക്കാനുമായാണ് യോഗം. ദേശീയ തലത്തിൽ നിലനിൽക്കുന്ന 17 രാഷ്ട്രീയ പാർട്ടികളുടെ ഐക്യ മുന്നണി യോഗമാണ് ഇപ്പോൾ വിളിച്ചു ചേർക്കുന്നത്. കോൺഗ്രസ്, എൽജെഡി, ആർജെഡി, തൃണമൂൽ കോൺഗ്രസ്, ബിഎസ്‌പി, തെലുങ്കുദേശം, ഒമർ അബ്ദുല്ലയുടെ നാഷണൽ കോൺഫറൻസ്, ബാബുലാൽ മറാൻഡി , എൻസിപി, ഡിഎംകെ തുടങ്ങിയ മുൻനിര രാഷ്ട്രീയ പാർട്ടികളും അതിന്റെ നേതാക്കളുമാണ് തിങ്കളാഴ്ച ഒത്തുചേരുന്നത്.

സോണിയാ ഗാന്ധിയും, മമതാ ബാനർജിയും, മായാവതിയും, ശരദ് പവാർ,സ്റ്റാലിൻ, ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കളും യോഗത്തിനെത്തുന്നുണ്ട്.ഇപ്പോൾ എൻഡിഎയിലുള്ള കേന്ദ്ര മന്ത്രിയായ ഉപേന്ദ്ര കുശ്വാഹ കൂടി ഈ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ വിശ്വാസം. മാനവശേഷി വികസന സഹമന്ത്രിയായ കുശ്വാഹ കേന്ദ്രമന്ത്രിസഭയിൽനിന്ന് രാജിവയ്ക്കുമെന്ന് അഭ്യൂഹം നിലനിൽക്കെയാണ് തിങ്കളാഴ്ചയിലെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് അറിയുന്നത്. കുശ്വാഹയുടെ രാഷ്ട്രീയ ലോക്സമതാ പാർട്ടി ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദളിൽ ലയിക്കുമെന്നു വാർത്തകൾ വന്നിരുന്നു. ലോക്സഭയിൽ ആർഎൽഎസ്‌പി.ക്ക് മൂന്നംഗങ്ങളുമുണ്ട്.

വിശാലമുന്നണിയുടെ തിങ്കളാഴ്ചത്തെ യോഗത്തിനു ശേഷം കൂടുതൽ രാഷ്ട്രീയ പാർട്ടികൾ മുന്നണിയിലേക്ക് കടന്നുവരുമെന്നു ലോകതാന്ത്രിക് ജനതാദൾ അഖിലേന്ത്യാ ജനറൽ സെക്രട്ടറി വർഗീസ് ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു, ബംഗാളിൽ ഇടത് പാർട്ടികളുമായി സംസ്ഥാന സഖ്യത്തിനും വിശാലമുന്നണി ശ്രമം തുടങ്ങിയിട്ടുണ്ടെന്നും വർഗീസ് ജോർജ് പറഞ്ഞു. യുപിയിലെ ബിജെപി എംപി സാവിത്രിഭായ് ഫൂലെ പാർട്ടി വിട്ടത് തിങ്കളാഴ്ചയിലെ യോഗത്തിനു ഊർജ്ജം പകരുമെന്നും വിശാലമുന്നണി കരുതുന്നുണ്ട്. ഡിസംബർ 10 ലെ വിശാലമുന്നണി യോഗത്തിനു പ്രതിരോധം തീർത്ത് മറ്റൊരു രാഷ്ട്രീയ നീക്കം സംഘപരിവാർ നടത്തുന്നുണ്ട്.

അയോധ്യയിലെ രാമക്ഷേത്ര നിർമ്മിതിയുമായി ബന്ധപ്പെട്ടാണ് 11 ആം തീയതി സംഘപരിവാർ ശക്തികൾ യോഗം വിളിച്ചത്. ഡൽഹിയിലെ ഈ യോഗം സംഘ പരിവാർ ശക്തികൾ വിളിച്ചു ചേർത്തത് തങ്ങളുടെ നീക്കത്തെ പ്രതിരോധിക്കാനാണ് എന്നാണ് വിശാലമുന്നണി കണക്കുകൂട്ടുന്നത്. ബിജെപിയുടെ ഭരണ പരാജയം മറച്ചുവെയ്ക്കാൻ അയോധ്യ പരിവാർ ആയുധമാക്കുകയാണ് എന്നാണ് വിശാലമുന്നണി വിലയിരുത്തൽ. ബിജെപിക്ക് തിരിച്ചടിയായി മാറിയ എക്‌സിറ്റ് പോൾ ഫലങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സൂചനയാണ് എന്ന വിലയിരുത്തലിലാണ് വിശാലമുന്നണി.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മിസോറാം തുടങ്ങി അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് നടത്തുന്ന മുന്നേറ്റം ബിജെപിയുടെ കേന്ദ്ര സർക്കാരിനോടുള്ള ബിജെപിയുടെ അമർഷമാണ് പ്രതിഫലിക്കുന്നത്. ഏതാണ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ പ്രതിഫലിക്കുന്നത്. നോട്ടു നിരോധനവും നോട്ടു നിരോധനം ഉണ്ടാക്കിയ ഗ്രാമീണ മേഖലയുടെ തകർച്ചയിലും ജനങ്ങൾ ശക്തമായി പ്രതികരിച്ചു. ബിജെപിക്കുള്ളിൽ തന്നെ ആഭ്യന്തര കലാപത്തിന് ബിജെപി പരാജയം വഴി തുറക്കുമെന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. ഇത് ബിജെപി ആർഎസ്എസ് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനും വഴിയൊരുക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഒരു മുന്നേറ്റത്തിനാണ് തിങ്കളാഴ്ചയിലെ യോഗം വഴി വിശാലമുന്നണി ഒരുങ്ങുന്നത്. യുപിയിലെ തിരഞ്ഞെടുപ്പിൽ ബിഎസ്‌പിയും എസ്‌പിയും യോജിച്ചപ്പോൾ ബിജെപി തുന്നം പാടിയത് വിശാലമുന്നണിയുടെ മുന്നിലുണ്ട്. ഗോരഖ്പൂരും , ഫുൽപ്പൂരും നഷ്ടമായത് ബിജെപിയുടെ ഉറക്കം കെടുത്തുന്നുമുണ്ട്. യോഗി ആതിഥ്യനാഥ് മൂന്നു ലക്ഷത്തിലേറെ വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണ് കഴിഞ്ഞ തവണ കൈവിട്ടുപോയ ഗോരഖ്പൂർ എന്നത് ബിജെപി ഒരിക്കലും മറക്കാനിടയില്ല. ഇത്തരം കൂട്ടുകെട്ടുകൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഉറപ്പിച്ച് നിർത്താനാണ് വിശാലമുന്നണി യോഗം. ഈ നീക്കത്തെ പ്രതിരോധിക്കാനാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ചൊവാഴ്ച തന്നെ അയോധ്യയ്ക്കായി യോഗം വിളിക്കാൻ സംഘപരിവാറും തീരുമാനിച്ചിരിക്കുന്നത്. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP