Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനങ്ങളെ ഭിന്നിപ്പിക്കാൻ കരുതിക്കൂട്ടി വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നു; രാജ്യത്തെ ജാതീയമായി വിഭജിക്കാൻ ബിജെപിയുടെ ശ്രമം: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

ജനങ്ങളെ ഭിന്നിപ്പിക്കാൻ കരുതിക്കൂട്ടി വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നു; രാജ്യത്തെ ജാതീയമായി വിഭജിക്കാൻ ബിജെപിയുടെ ശ്രമം: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി

തിരുവനന്തപുരം: മോദി സർക്കാർ അധികാരത്തിൽ വന്നതോടെ വർഗീയ കലാപങ്ങൾ വർധിച്ചുവെന്നും മതേതര ഇന്ത്യക്കായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും സോണിയ ഗാന്ധി. തിരുവനന്തപുരത്ത് കെപിസിസി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സോണിയ ബിജെപി സർക്കാരിനെ കടന്നാക്രമിച്ചത്. 


മതത്തിന്റെ പേരിൽ രാജ്യത്ത് ധ്രുവീകരണം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്. രാജ്യത്ത് പലയിടത്തും വർഗീയ കലാപങ്ങൾ ഉണ്ടാവുന്നുണ്ട്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടി വർഗീയ കലാപങ്ങൾ മന:പൂർവം സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്ന സംശയവും നിലനിൽക്കുന്നതായും സോണിയ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ അഭിമാനമുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സോണിയ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിന്ന കേരളത്തിലെ ജനങ്ങൾക്ക് സോണിയ നന്ദിയും അറിയിച്ചു. കെപിസിസി യോഗത്തിൽ പങ്കെടുക്കുന്ന സോണിയ കുടുംബശ്രീയുടെ പതിനാറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും.

രാവിലെ 11.30നാണ് പ്രത്യേകവിമാനത്തിൽ സോണിയ എയർപോർട്ടിലെത്തിയത്. തുടർന്ന് കെ.പി.സി.സി യോഗത്തിൽ പങ്കെടുക്കാൻ ഇന്ദിരാഭവനിലെത്തി. കൂടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മറ്റുനേതാക്കളുമുണ്ടായിരുന്നു.

കുടുംബശ്രീയുടെ പതിനാറാം വാർഷികാഘോഷം പുത്തരിക്കണ്ടം മൈതാനത്തിലെ സുബൈറാ നഗറിൽ സോണിയ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വരെയാണ് ആഘോഷങ്ങൾ. വിവിധ വിഷയങ്ങളിൽ നടക്കുന്ന ശിൽപശാലകളും അനുഭവങ്ങൾ പങ്കുെവയ്ക്കലും ആഘോഷത്തിന് മാറ്റുകൂട്ടും. പുത്തരിക്കണ്ടം മൈതാനം, നിശാഗന്ധി ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് ആഘോഷ പരിപാടികൾ.

സമ്മേളനത്തിന്റെ ഭാഗമായി ട്രാൻസ്‌ഫൊർമേറ്റീവ് ജെൻഡർ പൊളിറ്റിക്‌സ്, പങ്കാളിത്തഭരണ പ്രക്രിയയിൽ സ്ത്രീകൾ തുടങ്ങിയ വിഷയങ്ങളിൽ ശിൽപശാലകൾ നടക്കും. ആഘോഷത്തിന്റെ മൂന്നാം ദിവസം 14 ജില്ലകളിലെ സി.ഡി.എസ് ചെയർേപഴ്‌സൺമാരും മാദ്ധ്യമപ്രതിനിധികളും തമ്മിലുള്ള സംവാദവും നടക്കും. വൈകുന്നേരങ്ങളിൽ കലാസാംസ്‌കാരിക പരിപാടികളുമുണ്ട്.

സമ്മേളനത്തിന്റെ ഭാഗമായി ചെറുത്തുനില്പിന്റെ പ്രതീകങ്ങൾ എന്ന വിഷയത്തിൽ പ്രമുഖർ പ്രഭാഷണം നടത്തും. വാർഷികാഘോഷത്തിൽ സോണിയാ ഗാന്ധി കൂടാതെ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ പി. സായിനാഥ്, സാമൂഹ്യ പ്രവർത്തകരായ വന്ദനാശിവ, ഡോ. സുനിതാ കൃഷ്ണൻ, ഫറാ നഖ്വി, കോൺഗ്രസ്സ് നേതാവ് മണിശങ്കർ അയ്യർ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP