Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഘിരാഷ്ട്രീയത്തിൽ ക്ലച്ചുപിടിക്കാത്ത വരുൺ ഗാന്ധി കളം മാറ്റിച്ചവിട്ടാനൊരുങ്ങുന്നതായി റിപ്പോർട്ട്; സോണിയാ ഗാന്ധിയുമായുള്ള കുടിക്കാഴ്ച കോൺഗ്രസിലേക്കു മടങ്ങുന്നതിന്റെ സൂചന; രക്തബന്ധവും അടുത്ത സൗഹൃദവുമുള്ള നെഹ്‌റുകുടുംബത്തോടു രാഷ്ട്രീയമായും വരുൺ അടുക്കുന്നതിനോട് വിയോജിച്ച് അമ്മ മനേക

സംഘിരാഷ്ട്രീയത്തിൽ ക്ലച്ചുപിടിക്കാത്ത വരുൺ ഗാന്ധി കളം മാറ്റിച്ചവിട്ടാനൊരുങ്ങുന്നതായി റിപ്പോർട്ട്; സോണിയാ ഗാന്ധിയുമായുള്ള കുടിക്കാഴ്ച കോൺഗ്രസിലേക്കു മടങ്ങുന്നതിന്റെ സൂചന; രക്തബന്ധവും അടുത്ത സൗഹൃദവുമുള്ള നെഹ്‌റുകുടുംബത്തോടു രാഷ്ട്രീയമായും വരുൺ അടുക്കുന്നതിനോട് വിയോജിച്ച് അമ്മ മനേക

ബിജെപിയുടെ അവഗണനയിൽ മനംമടുത്ത വരുൺ ഗാന്ധി കോൺഗ്രസ്സിൽ ചേരാനൊരുങ്ങുന്നതായി സൂചന.ഇതുസംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നുകഴിഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായാണ് വരുൺ കൂടിക്കാഴ്ച നടത്തിയത്.നിരവധി തവണ ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നുകഴിഞ്ഞു.

മാർച്ച് 25 ന് കോൺഗ്രസ് അധ്യക്ഷയുടെ ഔദ്യോഗിക വസതിയായ ഡൽഹിയിലെ 10ാം നമ്പർ ജൻപഥിൽ വച്ചായിരുന്നു അവസാനമായി ചർച്ച നടന്നത്.പ്രിയങ്ക ഗാന്ധിയാണ് വരുണിന്റെ കോൺഗ്രസിലേക്കുള്ള വരവിന് ചുക്കാൻ പിടിക്കുന്നത്.സോണിയാ ഗാന്ധിയുമായി നടന്ന അവസാന കൂടിക്കാഴ്ചയിൽ വരുണിനോടൊപ്പം രാഹുൽ ഗാന്ധിയും പ്രിയങ്കയും പങ്കെടുത്തിരുന്നതായി സൂചനയുണ്ട്.എന്നാൽ ചർച്ചകളുടെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യു പി തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഭവ വികാസങ്ങളും ചർച്ച ചെയ്തതായാണ് വിവരം.

2009ൽ യു പിയിലെ പിലിഭിത്തിയിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച വരുൺ ഗാന്ധി രാഹുലിന് സമാന്തരമായി ഭാവിയിൽ ബിജെപിയുടെ നേതൃതലത്തിലേക്ക് ഉയർന്നുവരുമെന്ന് അക്കാലത്ത് രാഷ്ട്രീയവിദഗ്ദ്ധർ കരുതിയിരുന്നു.വർഗീയ വിഷം ചീറ്റുന്ന തീപ്പൊരി പ്രസംഗങ്ങളിലൂടെ വരുൺ ആ വിലയിരുത്തലുകൾ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.എന്നാൽ 2014ൽ അമിത്ഷാ ബിജെപി ദേശീയ പ്രസിഡന്റായി എത്തിയതോടെയാണ് പാർട്ടിയിൽ വരുണിന്റെ പ്രഭയ്ക്ക് മങ്ങലേൽക്കുന്നത്.

വരുണിന്റെ വളർച്ചയ്ക്ക് തടയിടാനുള്ള നീക്കങ്ങൾ അമിത്ഷായുടെ ഭാഗത്തു നിന്നുണ്ടായതോടെ പാർട്ടി നേതൃത്വവും വരുണും തമ്മിൽ അകന്നു.2017ലെ യു പി തെരഞ്ഞെടുപ്പിൽ വരുൺ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് മനേക ഗാന്ധി ആവശ്യപ്പെട്ടത് വരുണിനെതിരായ പാർട്ടി നേതൃത്വത്തിന്റെ നീക്കങ്ങൾ മുന്നിൽക്കണ്ടുകൊണ്ടായിരുന്നു.എന്നാൽ ആവശ്യം ബിജെപി തള്ളിയതോടെ വരുണിന്റെ അവസാന പ്രതീക്ഷയും തകർന്നു.തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തു പോലും പ്രാധാന്യം കിട്ടാതെ വന്നതോടെ തന്റെ കാൽച്ചുവട്ടിലെ മണ്ണിടിയുന്നതായി വരുണിന് മനസ്സിലായി.അതോടെയാണ് അദ്ദേഹം കോൺഗ്രസ്സുമായി അടുക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയത്.

2009-ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് വേളയിലായിരുന്നു മുസ്ലിങ്ങളെ പാക്കിസ്ഥാനിലേക്കയയ്ക്കണ വിവാദപ്രസംഗവുമായി വരുൺ ബിജെപിയുടെ 'താര'മായത്. ഇതിന്റെ പേരിൽ വരുണിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ബിജെപി അത്് അംഗീകരിച്ചില്ല.എന്നാൽ യു പി സർക്കാർ അന്ന് വരുണിനെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുക്കുകയുണ്ടായി.എന്നാൽ ഈ കേസ് പിന്നീട് സുപ്രീംകോടതി റദ്ദാക്കുകയുണ്ടായി.അന്ന് വരുണിന്റെ പ്രസംഗത്തെ അപലപിച്ച് രംഗത്തു വന്നത് രാഹുലും പ്രിയങ്കയുമായിരുന്നു.വരുൺ നെഹ്‌റു കുടുംബത്തിന്റെ ചരിത്രം പഠിക്കണമെന്നു വരെ ഇരുവരും അന്ന് ഉപദേശിക്കുകയുണ്ടായി.

ഇടക്കാലത്ത് വിവാദങ്ങളിൽ നിന്നകന്നു നിന്ന വരുൺ പിന്നീട് വീണ്ടും വാർത്തകളിൽ നിറയുന്നത് കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തു വന്ന ഹണിട്രാപ്പ് ആരോപണത്തിലൂടെയായിരുന്നു. രാജ്യസുരക്ഷയുമായി ബന്ധമുള്ള അതീവരഹസ്യസ്വഭാവമുള്ള പ്രതിരോധ വിവരങ്ങൾ വരുൺ ഗാന്ധിയിൽ നിന്ന് സുന്ദരികളായ അഭിസാരികമാർ മുഖേന ചോർത്തപ്പെട്ടു എന്നായിരുന്നു ആരോപണം.വരുണിന്റേതെന്ന് കരുതുന്ന ചില ചിത്രങ്ങളും മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.ചില സ്ത്രീകളുമായുള്ള ലൈംഗികകേളികളായിരുന്നു അന്ന് ഒരു ദേശീയ ചാനൽ പുറത്തു വിട്ടത്.പാർലമെന്ററി പ്രതിരോധ കമ്മിറ്റി അംഗമായിരുന്നു അന്ന് വരുൺ ഗാന്ധി.വരുണിനെ രാഷ്ട്രീയഭാവി തകർക്കാൻ വേണ്ടി സ്വന്തം പാർട്ടിക്കാർ തന്നെ ആസൂത്രണം ചെയ്തതാണെന്നുൾപ്പെടെയുള്ള ആരോപണങ്ങൾ അക്കാലത്ത് ഉയർന്നു കേട്ടിരുന്നു.

എന്തായാലും വരുൺ ഗാന്ധിയുടെ കോൺഗ്രസ് പ്രവേശനം കോൺഗ്രസിലും കലാപമുണ്ടാക്കുമെന്നുറപ്പാണ്. വരുണിന് നൽകേണ്ട പദവി,അദ്ദേഹവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം കോൺഗ്രസ്സിന് മറുപടി പറയേണ്ടി വരും.മാത്രമല്ല പരസ്പരം പോരടിച്ച നെഹ്‌റു കുടുംബങ്ങളിലെ ഇരു ധ്രുവങ്ങൾ ഒന്നാകുമ്പോൾ ഭാവിയിലുണ്ടാകാവുന്ന അവകാശത്തർക്കങ്ങളും കോൺഗ്രസിന് മുന്നിലുള്ള വെല്ലുവിളികളാണ്.മനേക ഗാന്ധി വരുണിന്റെ നീക്കങ്ങളോട് വിയോജിക്കുന്നതായുള്ള വാർത്തകളും പുറത്തു വരുന്നതിനാൽ വരുണിന്റെ കടന്നുവരവ് കോൺഗ്രസ്സിൽ അസ്വാരസ്യമുണ്ടാക്കുമെന്നുറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP