Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുവാക്കളുടെ ഹരവും സോഷ്യൽ മീഡിയയിലെ തിളങ്ങും താരവുമായ പ്രിയങ്ക ചതുർവേദി പടിയിറങ്ങിയപ്പോൾ 'അതൊന്നും ഒരുകാര്യവേ അല്ലെന്ന്' കെ.സി.വേണുഗോപാൽ പറഞ്ഞാലും കോൺഗ്രസിന് അതുക്ഷീണം തന്നെ; മഥുരയിലെ വാർത്താസമ്മേളനത്തിൽ തന്നോട് മോശമായി പെരുമാറിയ എട്ട് 'വില്ലൻ'മാരെ തിരിച്ചെടുത്തത് പഴിയാക്കിയെങ്കിലും യഥാർഥ കാരണം വേറെ തന്നെ; ആരാധകരെ നിരാശരാക്കി പ്രിയങ്ക ശിവസേനയിലേക്ക് കൂടുമാറിയതിന് പിന്നിലെ കഥ

യുവാക്കളുടെ ഹരവും സോഷ്യൽ മീഡിയയിലെ തിളങ്ങും താരവുമായ പ്രിയങ്ക ചതുർവേദി പടിയിറങ്ങിയപ്പോൾ 'അതൊന്നും ഒരുകാര്യവേ അല്ലെന്ന്' കെ.സി.വേണുഗോപാൽ പറഞ്ഞാലും കോൺഗ്രസിന് അതുക്ഷീണം തന്നെ; മഥുരയിലെ വാർത്താസമ്മേളനത്തിൽ തന്നോട് മോശമായി പെരുമാറിയ എട്ട് 'വില്ലൻ'മാരെ തിരിച്ചെടുത്തത് പഴിയാക്കിയെങ്കിലും യഥാർഥ കാരണം വേറെ തന്നെ; ആരാധകരെ നിരാശരാക്കി പ്രിയങ്ക ശിവസേനയിലേക്ക് കൂടുമാറിയതിന് പിന്നിലെ കഥ

മറുനാടൻ ഡെസ്‌ക്‌

 മുംബൈ: ശിവസേനയ്ക്ക് ഇന്നൊരുപുതിയ സഹോദരിയെ കിട്ടി. ശിവസേന തലവൻ ഉദ്ധവ് താക്കറെയുടെ വാചകം പ്രിയങ്ക ചതുർവേദിയെ കുറിച്ചാണ്. ഒരുരാത്രി ഇരുട്ടിവെളുക്കും മുമ്പാണ് അവർ കോൺഗ്രസ് വിട്ട് ശിവസേനയിലേക്ക് ചേക്കേറിയത്. കഴിഞ്ഞാഴ്ച സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെ കളിയാക്കി പാട്ടുപാടിയ ആൾ തന്നെയല്ലേ ഇത്? അതെ അതേ പ്രിയങ്ക ചതുർവേദി തന്നെ.

യുവാക്കളുടെ ഹരം. ഒപ്പം സോഷ്യൽ മീഡിയയിലെ താരം. കോൺഗ്രസിന്റെ ദേശീയ വക്താവ്. തെഹൽക്ക, ഡെയ്‌ലി ന്യൂസ് ആൻഡ് അനാലിസിസ്, ഫസ്റ്റ്‌പോസ്റ്റ് എന്നീ പ്രസിദ്ധീകരണങ്ങളിൽ കോളമിസ്റ്റ്. മുംബൈ സ്വദേശി. 39 വയസ്. പാർട്ടിയിൽ നല്ലൊരു കരിയറിന് ഇഷ്ടം പോലെ സമയം. ഇങ്ങനെ തിളങ്ങി നിൽക്കുമ്പോൾ പെട്ടെന്നൊരുനാൾ പാർട്ടി മാറി ശിവസേനയിലേക്ക്. പലർക്കും വിശ്വസിക്കാനാവുന്നില്ല. തന്റെ നേതൃശേഷിയുടെ പരാജയം എന്നാണ് പാർട്ടി വക്താവ് കൂടിയായ രൺദീപ് സിങ് സുർജേവാല പ്രിയങ്കയുടെ വിടവാങ്ങലിനെ വിശേഷിപ്പിച്ചത്.

മഥുരയിൽ തന്നോട്ട് മോശമായി പെരുമാറിയ എട്ടുനേതാക്കളെ പാർട്ടി തിരിച്ചെടുത്തതാണ് പ്രിയങ്ക ചതുർവേദിയെ പ്രകോപിപ്പിച്ചതെന്നാണ് പുറമേ പറയുന്നത്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു വാർത്താസമ്മേളനം. അതിനിടെയാണ് ചില കോൺഗ്രസ് നേതാക്കളുടെ മോശം പെരുമാറ്റമുണ്ടായത്. വാർത്താസമ്മേളനം കഴിഞ്ഞ് മുറിയിലേക്ക് മടങ്ങിയപ്പോഴും ഈ വില്ലന്മാർ പിന്തുടർന്നുവെന്നാണ് അണിയറ സംസാരം. ഉന്നത നേതാക്കൾക്ക് പരാതി കൊടുത്തതോടെ, അശോക് ചക്ലേശ്വർ, ഉമേഷ് പണ്ഡിറ്റ്, പ്രതാപ് സിങ്, ഗിർധരി ലാൽ പാഥക്, ഭൂരി സിങ് ജയസ്,പ്രവീൺ ഠാക്കൂർ, യതീന്ദ്ര മുക്കഡം എന്നിവരെ ഉടനടി സസ്‌പെൻഡ് ചെയ്തു. എന്നാൽ, ഏപ്രിൽ 15 ന് ഇവരെ കർശന താക്കീതോടെ തിരിച്ചെടുത്തു. പശ്ചിമ യുപിയുടെ ചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ ഇടപെടലിനെ തുടർന്ന് വില്ലന്മാർ രേഖാമൂലം മാപ്പെഴുതി നൽകുകയും ചെയതു. എന്നാൽ, അവരെ തിരിച്ചെടുത്തതിൽ അത്യധികം അതൃപ്തയായിരുന്നു പ്രിയങ്ക. ഈ സമയത്താണ് ശിവസേന നേതാക്കളുമായുള്ള രഹസ്യ ചർച്ച തുടങ്ങിയതെന്ന് പറയുന്നു. ശിവസനയുടെ ഏതാനും ഉന്നത നേതാക്കൾക്ക് മാത്രമേ ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നുള്ളു.

സ്ത്രീയുടെ അന്തസ്സിന് ക്ഷതമേറ്റതുകൊണ്ട് താൻ പാർട്ടി വിടുന്നുവെന്നാണ് 10 വർഷം കോൺഗ്രസിനൊപ്പമുണ്ടായിരുന്ന പ്രിയങ്ക പറഞ്ഞത്. എന്നാൽ, പുറമേ പറയുന്ന കഥയ്ക്കപ്പുറം ചിലതുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ രഹസ്യമായി പറയുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുംബൈ കോൺഗ്രസിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. തമ്മിലടിക്ക് പുറമേ ചില നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന പ്രശ്‌നമുണ്ടായിരുന്നു. ഇത് ഒരവസരമായി പ്രിയങ്ക ചതുർവേദി കണ്ടു. തന്നെ മുംബൈ നോർത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, ആ സീറ്റ് രംഗീല ഫെയിം താരം ഊർമിള മഡോണ്ടക്കർക്ക് കൊടുത്തു. ഇത് പ്രിയങ്കയെ വല്ലാതെ പ്രകോപിപ്പിച്ചു. ഇതിന് പിന്നാലെയാണ് ശിവസേന നേതാക്കളുമായി ചർച്ച തുടങ്ങിയതെന്ന് പറയുന്നു. മഹാരാഷ്ട്രയിൽ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രിയങ്കയ്ക്ക് എംഎൽഎ ടിക്കറ്റ് ശിവസേന നൽകാൻ ധാരണയായിട്ടുണ്ടെന്നും അറിയുന്നു. ശിവസേനയിൽ ചേർന്നതായി അറിയിച്ച വാർത്താസമ്മേളനത്തിൽ, തന്നെ പാർട്ടി അടുത്ത ഘട്ടത്തിലേക്ക ഉയർത്തുമെന്ന് കരുതിയിരുന്നെന്നും എന്നാൽ അത് സംഭവിച്ചില്ലെന്നും അവർ നിരാശ പ്രകടിപ്പിച്ചു.

പാർട്ടിക്ക് വേണ്ടി വിയർപ്പും രക്തവും ഒഴുക്കിയവരേക്കൾ വൃത്തികെട്ട ഗുണ്ടകൾക്കാണ് കോൺഗ്രസിൽ പരിഗണന ലഭിക്കുന്നത്. ഇതിൽ അത്യധികം ദുഃഖിതയാണെന്നും അവർ പറഞ്ഞിരുന്നു. പാർട്ടിക്ക് വേണ്ടി വിമർശനവും അപമാനവും സഹിച്ചു. എന്നിട്ടും പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഭീഷണിപ്പെടുത്തിയവർ ചെറുശിക്ഷ പോലും ഏൽക്കാതെ രക്ഷപ്പെട്ടുവെന്നത് നിർഭാഗ്യകരമാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.ഏതായാലും തിരഞ്ഞെടുപ്പ് വേളയിൽ പ്രിയങ്കയുടെ ഇറങ്ങിപ്പോക്ക് കോൺഗ്രസിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP