Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പഞ്ചാബിൽ കെജ്രിവാൾതന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന സൂചനകളുമായി ആംആദ്മി; അടുത്തെത്തിയ തിരഞ്ഞെടുപ്പിന് മുമ്പ് കെജ്രിവാൾ നായകനായി എത്തുന്നത് നേട്ടമാകുമെന്നും പാർട്ടിയുടെ വിലയിരുത്തൽ; ബിജെപിക്കും കോൺഗ്രസ്സിനും പഞ്ചാബ് മറ്റൊരു വാട്ടർലൂ ആയി മാറുമോ?

പഞ്ചാബിൽ കെജ്രിവാൾതന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന സൂചനകളുമായി ആംആദ്മി; അടുത്തെത്തിയ തിരഞ്ഞെടുപ്പിന് മുമ്പ് കെജ്രിവാൾ നായകനായി എത്തുന്നത് നേട്ടമാകുമെന്നും പാർട്ടിയുടെ വിലയിരുത്തൽ; ബിജെപിക്കും കോൺഗ്രസ്സിനും പഞ്ചാബ് മറ്റൊരു വാട്ടർലൂ ആയി മാറുമോ?

ന്യൂഡൽഹി: കോൺഗ്രസ്സിനേയും ബിജെപിയേയും ഒരുപോലെ തറപറ്റിച്ച് ഡൽഹി പിടിച്ചടക്കിയ മാതൃകയിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബും പിടിച്ചടക്കാനൊരുങ്ങി അരവിന്ദ് കെജ്രിവാളും ആംആദ്മിയും. ഇതിന്റെ ഭാഗമായി കെജ്രിവാൾ ഡൽഹിവിട്ട് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുന്നതായ സൂചനകൾ പുറത്തുവന്നു.

കഴിഞ്ഞ ഡിസംബറിൽ തന്നെ ചില ദേശീയ മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ടുചെയ്തിരുന്നെങ്കിലും ആം ആദ്മിയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഡൽഹി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയതന്നെ ഇന്ന് ഇക്കാര്യത്തിൽ സൂചന നൽകിയതോടെ വിഷയം സജീവ ചർച്ചയായിരിക്കുകയാണ്.

മൊഹാലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് കെജ്രിവാൾ ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്ക് ലാവണം മാറ്റുന്നതായി അദ്ദേഹം വ്യക്തമാക്കിയത്. ആരാണ് പഞ്ചാബിലെ മുഖ്യമന്ത്രിയാകുകയെന്ന് എന്റെ ഒരു സഹോദരൻ എന്നോട് ചോദിച്ചു. അരവിന്ദ് കെജ്രിവാൾതന്നെ നിങ്ങളുടെ മുഖ്യമന്ത്രിയാകുമെന്ന് നിങ്ങൾ വിശ്വസിച്ചോളൂ...ആരാണ് മുഖ്യമന്ത്രിയാകുന്നതെങ്കിലും ആംആദ്മി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയെന്നത് കെജ്രിവാളിന്റെ ഉത്തരവാദിത്തമാണ് എ്ന്നാണ് ഞാൻ മറുപടി നൽകിയത്. - പഞ്ചാബിലെ മൊഹാലിയിൽ തിരഞ്ഞെടുപ്പു റാലിക്കെത്തിയവരുടെ മുൻപിൽ സിസോദിയ വ്യക്തമാക്കി.

ഇതോടെ ആംആദ്മി കെജ്രിവാളിനെ പഞ്ചാബ് മുഖ്യമന്ത്രിയാക്കി ഉയർത്തിക്കാട്ടുമെന്ന നിലയിൽ പ്രചരണവും സജീവമായിട്ടുണ്ട്. അത് ശക്തമായൊരു നീക്കമായിരിക്കുമെന്നും പഞ്ചാബിൽ പിടിമുറുക്കാൻ ബിജെപിയും കോൺഗ്രസും ശ്രമിക്കുമ്പോൾ ആംആദ്മിക്ക് വൻ മുന്നേറ്റമുണ്ടാക്കാൻ കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചാൽ കഴിയുമെന്നുമുള്ള നിലയിൽ ചർച്ചകൾ വളരുകയാണ്.

അടുത്തമാസം നാലിനാണ് പഞ്ചാബ് വിധിയെഴുത്തിന് ഇറങ്ങുന്നത്. നിയമസഭയിലെ 117 സീറ്റുകളിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇനി അധികദിവസങ്ങൾ ഇല്ലെന്നിരിക്കെ കെജ്രിവാൾ മുൻനിരയിൽ നിന്ന് നയിക്കാനിറങ്ങിയാൽ അത് മുഖ്യ എതിരാളികളായ കോൺഗ്രസ്, ബിജെപി സഖ്യങ്ങൾക്ക് വൻ ഞെട്ടലായി മാറുമെന്ന വിലയിരുത്തലുണ്ട്. നിലവിൽ അധികാരത്തിലുള്ള ശിരോമണി അകാലിദൾ-ബിജെപി സഖ്യത്തെ പ്രകാശ് സിങ് ബാദലാണ് നയിക്കുന്നത്.

പത്തുവർഷമായി പഞ്ചാബിൽ അധികാരത്തിൽ നിന്ന് പുറത്തായി നിൽക്കുന്ന കോൺഗ്രസാകട്ടെ ഇക്കുറി വാഗ്ദാനപ്പെരുമഴയുമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പിസിസി അധ്യക്ഷൻ കൂടിയായ ക്യാപ്റ്റൻ അമരീന്ദർസിങ് തന്നെയായിരിക്കും കോൺ്ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. കാർഷിക വായ്പകൾ എഴുതിത്ത്ത്ത്തള്ളൽ, കർഷകർക്ക് സൗജന്യവൈദ്യുതി, തൊഴിൽ രഹിതരായ യുവാക്കൾക്ക് പ്രതിമാസം 2500 രൂപ സ്‌റ്റൈപ്പൻഡ്, യുവാക്കൾക്ക് സൗജന്യ സ്മാർട്ട് ഫോണുകൾ, കുട്ടികൾക്ക് സൗജന്യ പാഠപുസ്തകങ്ങൾ തുടങ്ങി നിരവധി വാഗ്ദാനങ്ങൾ കോൺഗ്രസ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപിച്ചിട്ടുള്ള മയക്കുമരുന്ന് ഉപയോഗം തുടച്ചുനീക്കുമെന്നും പത്രിക വാഗ്ദാനംചെയ്യുന്നു.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത മത്സരത്തിലേക്കാണ് പഞ്ചാബ് നീങ്ങുന്നതെന്നാണ് സൂചനകൾ. പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 117 സീറ്റിൽ 100 സീറ്റും എ.എ.പി നേടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ വിശുദ്ധ ഗ്രന്ഥങ്ങളായ ഖുർആനെയും ഗുരു ഗ്രന്ഥ് സാഹിബിനെയും അവഹേളിച്ചതിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും പഞ്ചാബിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇതുവരെയുള്ള ഭരണാധികാരികൾ പഞ്ചാബിനെ കൊള്ളയടിച്ചുവെന്നും ആം ആദ്മി ഭരണത്തിലെത്തിയാൽ ഇവരെ അഴിക്കുള്ളിലാക്കുമെന്നും വ്യക്തമാക്കിയാണ് ആംആദ്മിയുടെ പ്രചരണം. മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പഞ്ചാബിൽ അധികാരം പിടിച്ചാൽ ആംആദ്മിക്ക് അത് വലിയ നേട്ടമാകുമെന്ന വിലയിരുത്തലുണ്ട്. അതിനാൽതന്നെ സർവശക്തിയും പ്രയോഗിച്ചാണ് പാർട്ടി കളത്തിലിറങ്ങുന്നത്. ഈ സാഹചര്യത്തിൽ കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാലും അതിശയിക്കാനില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP