Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കാൻ ഇല്ലെന്ന് ബിജെപി; പിന്മാറുന്ന വിവരം ഗവർണറെ അറിയിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്; ശിവസേനയ്ക്ക് കോൺഗ്രസുമായി മുന്നോട്ടു പോകാമെന്നും ബിജെപി; മുതിർന്ന എഐസിസി നേതാക്കളെ മുംബൈയിലേക്ക് അയക്കാൻ കോൺഗ്രസും; എൻസിപി-കോൺഗ്രസ് സഖ്യം പിന്തുണക്കുമെന്ന പ്രതീക്ഷയിൽ മന്ത്രിസഭ ഉണ്ടാക്കാൻ അവകാശവാദം ഉയർത്തി ശിവസേന; ഇത്തവണ ഒരു ശിവ സൈനിക് ആ പല്ലക്കിലിരിക്കും എന്നു പറഞ്ഞ് ആത്മവിശ്വാസം പ്രകടിപ്പിച്ച് സേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കാൻ ഇല്ലെന്ന് ബിജെപി; പിന്മാറുന്ന വിവരം ഗവർണറെ അറിയിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്; ശിവസേനയ്ക്ക് കോൺഗ്രസുമായി മുന്നോട്ടു പോകാമെന്നും ബിജെപി; മുതിർന്ന എഐസിസി നേതാക്കളെ മുംബൈയിലേക്ക് അയക്കാൻ കോൺഗ്രസും; എൻസിപി-കോൺഗ്രസ് സഖ്യം പിന്തുണക്കുമെന്ന പ്രതീക്ഷയിൽ മന്ത്രിസഭ ഉണ്ടാക്കാൻ അവകാശവാദം ഉയർത്തി ശിവസേന; ഇത്തവണ ഒരു ശിവ സൈനിക് ആ പല്ലക്കിലിരിക്കും എന്നു പറഞ്ഞ് ആത്മവിശ്വാസം പ്രകടിപ്പിച്ച് സേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാറുണ്ടാക്കാനുള്ള ശ്രമത്തിൽ നിന്നും ബിജെപി പിന്മാറിയതോടെ അവകാശവാദം ഉന്നയിച്ചു ശിവസേന രംഗത്ത്. മഹാരാഷ്ട്രയിൽ സർക്കാർ ഉണ്ടാക്കാൻ തങ്ങൾക്ക് കേവല ഭൂരിപക്ഷം ഇല്ലെന്ന് ബിജെപി ഗവർണറെ അറിയിച്ചു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയിൽ വിളിച്ചുചേർത്ത ബിജെപി കോർ കമ്മിറ്റിക്ക് ശേഷമാണ് ഫഡ്നാവിസ് ഇക്കാര്യം മഹാരാഷ്ട്ര ഗവർണറായ ഭഗത് സിങ് കോശ്യരിയെ അറിയിച്ചത്. സർക്കാർ രൂപീകരിക്കാൻ ഉള്ള സാഹചര്യം ഉണ്ടോ എന്ന് ആരാഞ്ഞുകൊണ്ട് ഗവർണർ ക്ഷണിച്ചതനുസരിച്ചാണ് ബിജെപി കോർ കമ്മിറ്റി യോഗം വിളിച്ചുചേർത്തത്.

ബിജെപിയിലെ പ്രധാനപ്പെട്ട നേതാക്കളോടൊപ്പം വീഡിയോ കോൺഫറൻസിംഗിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടി ചർച്ചയിൽ പങ്കെടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ഈ യോഗത്തിന് ശേഷമാണ് ശിവസേനയ്ക്ക് വഴങ്ങിക്കൊണ്ട് സർക്കാർ രൂപീകരിക്കേണ്ട എന്നൊരു തീരുമാനത്തിലേക്ക് ബിജെപി എത്തുന്നത്. തുടർന്നാണ് പ്രധാന നേതാക്കളോടൊപ്പം ഫഡ്നാവിസ് ഗവർണറെ കാണുകയും തീരുമാനം അറിയിക്കുകയും ചെയ്തത്. ഗവർണറെ കണ്ട ശേഷം ശിവസേനയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ഉന്നയിച്ചത്.

ശിവസേനയുമായുള്ള തങ്ങളുടെ ബന്ധം അവസാനിച്ചതായും ബിജെപി മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.മുന്നണിയായി ഒരുമിച്ചുനിന്ന് മത്സരിച്ച ശേഷം ശിവസേന തങ്ങളെ പുറകിൽ നിന്നും കുത്തുകയായിരുന്നു എന്നാണ് ബിജെപി പറഞ്ഞത്. ജനവിധിയെ ശിവസേന വഞ്ചിച്ചുവെന്നും ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ച ശേഷം ബിജെപി - ശിവസേന സഖ്യം വളരെ അനായാസമായി സർക്കാർ രൂപീകരിക്കും എന്ന് കരുതിയിരുന്നയിടത്ത് നിന്നുമാണ് ഇങ്ങനെയൊരു പ്രതിസന്ധിയിലേക്ക് ഇരുവരും കൂപ്പുകുത്തിയത്. സർക്കാരുണ്ടാക്കാൻ തങ്ങൾക്ക് ഭൂരിപക്ഷമില്ല എന്ന് ബിജെപി അറിയിച്ച സാഹചര്യത്തിൽ ശിവസേനയെ സർക്കാരുണ്ടാക്കാനായി ഗവർണർ ക്ഷണിക്കാനാണ് സാദ്ധ്യത.

അതേസമയം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് എൻ.സി.പി-കോൺഗ്രസ് സഖ്യത്തെ ഗവർണർ ക്ഷണിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്‌ര. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത്തരം ഒരു ആവശ്യമുന്നയിച്ചത്. ''ബിജെപി-ശിവസേന സഖ്യം സർക്കാർ രൂപീകരണത്തിന് തയാറാവാത്തതിനാൽ മഹാരാഷ്ട്രയിൽ ഏറ്റവും വലിയ രണ്ടാമത്തെ സഖ്യമായ എൻ.സി.പി -കോൺഗ്രസ് സഖ്യത്തെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണം'' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഇതിന് പിന്നാലെ മുതിർന്ന എഐസിസി നിരീക്ഷകരെ മുംബൈയിലേക്ക് അയക്കാനും കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം മഹാരാഷ്ട്രയിൽ ശിവസേനയുടെ മുഖ്യമന്ത്രി തന്നെ അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് സേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ രംഗത്തെത്തി. മലാദിലെ റിസോട്ടിലെത്തി സേനാ എംഎ‍ൽഎമാരെ കണ്ടതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'മഹാരാഷ്ട്രയിൽ ബാക്കിയുള്ളവർ കാലങ്ങളായി ഭരിക്കുന്നു. ഇനി ആ പല്ലക്ക് ശിവസേനക്കുള്ളതാണ്. ഇത്തവണ ഒരു ശിവ സൈനിക് ആ പല്ലക്കിനകത്തിരിക്കും.'', ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം, സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് പിന്തുണ മൂളുമെനന്നാണ് അറിയുന്ന്. രാജസ്ഥാനിലെ റിസോർട്ടിൽ താമസിക്കുന്ന 44 കോൺഗ്രസ് എംഎ‍ൽഎമാരും ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്ത് വിലകൊടുത്തും ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്ന സംസ്ഥാന കോൺഗ്രസ് നിലപാടിന്റെ ആത്മവിശ്വാസത്തിലാണ് എംഎ‍ൽഎമാരുടെ പിന്തുണ.

മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ രാജസ്ഥാനിലെത്തി എംഎ‍ൽഎമാരെ കാണുകയും സംസ്ഥാനത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. പാർട്ടി നേതൃത്വത്തിന്റെ നിലപാട് എംഎ‍ൽഎമാരെ ഖാർഗെ ബോധ്യപ്പെടുത്തിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മാണിക് റാവു താക്കറെ വ്യക്തമാക്കിയിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ഇല്ലാത്തതാണ് ബിജെപിക്കു തലവേദന. ശിവസേന ഒപ്പമുണ്ടായാൽ അതു സാധ്യമാകുമെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവരുടെ കടുംപിടിത്തം തർക്കങ്ങൾ അവസാനിക്കില്ലെന്ന സൂചനയാണു നൽകുന്നത്. ഈ സാഹചര്യത്തിലാണ് ബിജെപിയെ പുറത്താക്കി അധികാരത്തിൽ പങ്കാളിയാകാൻ കോൺഗ്രസ് ശ്രമം നടത്തുന്നത്. കഴിഞ്ഞ മാസം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 288 അംഗ സഭയിൽ 105 സീറ്റുകൾ നേടി ബിജെപിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി ആയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP