Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദായ നികുതി പരിധിയിൽ മാറ്റമില്ല; 8 കോടി സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ; 4 കോടി വീടുകളിൽ സൗജന്യ വൈദ്യുതി; ദേശീയ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കോടി കുടുംബങ്ങൾക്ക് ചികിത്സാ ഇൻഷുറൻസ്; കാർഷിക മേഖലക്ക് വേണ്ടിയും സമഗ്രമായ പദ്ധതികൾ കാർഷിക - ആരോഗ്യ മേഖലക്ക് ഊന്നൽ നൽകി മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ്; ഗ്രാമീണ മേഖലയ്ക്ക് ജനപ്രിയമായ ബജറ്റ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലാക്കാക്കി

ആദായ നികുതി പരിധിയിൽ മാറ്റമില്ല; 8 കോടി സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ; 4 കോടി വീടുകളിൽ സൗജന്യ വൈദ്യുതി; ദേശീയ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കോടി കുടുംബങ്ങൾക്ക് ചികിത്സാ ഇൻഷുറൻസ്; കാർഷിക മേഖലക്ക് വേണ്ടിയും സമഗ്രമായ പദ്ധതികൾ കാർഷിക - ആരോഗ്യ മേഖലക്ക് ഊന്നൽ നൽകി മോദി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ്; ഗ്രാമീണ മേഖലയ്ക്ക് ജനപ്രിയമായ ബജറ്റ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലാക്കാക്കി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ലോകസ്ഭയിൽ അവതരിപ്പിച്ചു. ഗ്രാമീണ കാർഷിക മേഖലയയ്ക്കും ആരോഗ്യ രംഗത്തിനും കൂടുതൽ ഊന്നൽ നൽകിയ ബജറ്റിലൂടെ ബിജെപി സർക്കാർ ലക്ഷ്യമിടുന്നത് 2019ലെ പൊതു തിരഞ്ഞെടുപ്പ് തന്നെയാണ്. അതേസമയം ഇടത്തരക്കാർക്കും കോർപ്പറേറ്റുകൾക്കും ഇഷ്ടമായ ബജറ്റല്ല അരുൺ ജെയ്റ്റ്‌ലി ഇന്ന് അവതരിപ്പിച്ചത്. ഉത്തർപ്രദേശിൽ 24 പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കുമെന്ന പ്രഖ്യാപനം തന്നെ ഏറ്റവും അധികം ലോകസഭാ സീറ്റുകളുള്ള സംസ്ഥാനത്തെ ഒപ്പം നിർത്തുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ്.

ഗ്രാമീണ മേഖലയിൽ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ആദായ നികുതി പരിധിയിൽ മാറ്റം വരുത്താത്തത് ഇടത്തരക്കാർക്ക് നിരാശ സമ്മാനിക്കുന്നതായി. പെട്രോളിന്റേയും ഡീസലിന്റെ വില ഉയർച്ചയെ പിടിച്ചു നിർത്താനുള്ള യാതൊരു ശ്രമങ്ങളും ബജറ്റിൽ ഇല്ല. മാത്രമല്ല, സർക്കാർ ആനുകൂല്യങ്ങൾ കൂടുതലായി ലഭിക്കാൻ ആധാർ നിർബന്ധമാക്കുമെന്ന സൂചനയും ബജറ്റിലുണ്ട്.

ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പ്രഖ്യാപനം

രാജ്യം വളർച്ചയുടെ പാതയിലെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റിലി ബജറ്റ് പറഞ്ഞു കൊണ്ട് പറഞ്ഞു. നോട്ടുനിരോധനത്തോടെ നികുതി അടയ്ക്കുന്നതിൽ വർധനയുണ്ടായി. നേരിട്ടുള്ള വിദേശനിക്ഷേപത്തിലും വർധനയുണ്ടായി. ജിഎസ്ടി നടപ്പിലാക്കിയതോടെ രാജ്യത്ത് വ്യാപാരം ചെയ്യാനുള്ള അനുകൂല സാഹചര്യമുണ്ടായി. ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നടപ്പ് സാമ്പത്തിക വർഷം 7.5 ശതമാനമായി ജിഡിപി ഉയരും.

കഴിഞ്ഞ നാലു വർഷം കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ നേട്ടങ്ങൾ എടുത്തുയർത്തിക്കാട്ടിയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി ബജറ്റ് അവതരണം ആരംഭിച്ചത്. കഴിഞ്ഞ നാലു വർഷത്തിനിടെ സർക്കാർ നടപ്പിലാക്കിയ പദ്ധതികളെല്ലാം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ സാധിച്ചുവെന്ന് ജെയ്റ്റ്‌ലി പ്രസംഗത്തിൽ പറഞ്ഞു.

2014 തൊട്ടുള്ള നാല് വർഷത്തിൽ ഇന്ത്യ ശക്തമായ സാമ്പത്തിക പുരോഗതിയാണ് നേടിയത്. മൂന്ന് വർഷം കൊണ്ട് 7.5 ശതമാനത്തിന്റെ വളർച്ച ഇന്ത്യ നേടുകയുണ്ടായി. ഇപ്പോൾ 2.5 ട്രില്ല്യൻ ഡോളറിന്റെ സാമ്പത്തിക ശക്തിയായി മാറാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക ഘടനയെ മികച്ചതാക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞു. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഉടൻ തന്നെ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. പരാമാവധി പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ എപ്പോഴും ശ്രമിക്കുന്നത്. രാജ്യത്തിന്റെ 42 നഗരങ്ങളിൽ സൗഹൃദ വ്യാപര കേന്ദ്രങ്ങൾ നടപ്പിലാക്കാൻ സർക്കാരിനായി. 2018ലെ ബജറ്റ് പ്രധാനമായും കൃഷി, വ്യവസായം, ഗ്രാമങ്ങളുടെ വികസനം, ആരോഗ്യം, മുതിർന്ന പൗരന്മാരുടെ സംരക്ഷണം എന്നിവയ്ക്ക് മുൻഗണന നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

8 കോടി സ്ത്രീകൾക്ക് ഗ്യാസ് കണക്ഷൻ, 4 കോടി വീടുകളിൽ സൗജന്യ വൈദ്യുതി

പാവപ്പെട്ട 8 കോടി സ്ത്രീകൾക്ക് ഗ്യാസ് കണക്ഷൻ നൽകും. 4 കോടി വീടുകളിൽ സൗജന്യ വൈദ്യുതി എത്തിക്കും. പ്രധാനമന്ത്രി സൗഭാഗ്യ യോജന പതിനാറായിരം കോടി രൂപ ഇതിനായി അനുവദിക്കും. വിളകളുടെ താങ്ങുവില ഒന്നര മടങ്ങാക്കി ഉയർത്തും. താങ്ങുവിലയിലെ നഷ്ടം സർക്കാർ നികത്തും. ഡൽഹിയിലെ മലിനീകരണം നിയന്ത്രിക്കാൻ പുതിയ പദ്ധതി രൂപീകരിക്കും. മുതിർന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കും. ഉജ്വൽ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

ആദായ നികുതി നിരക്കിൽ മാറ്റമില്ല

ആദായ നികുതി നിരക്കുകളിൽ മാറ്റം വരുത്താൻ അരുൺ ജെയ്റ്റിലി ബജറ്റിൽ തയ്യാറായില്ല. ആദായ നികുതി പരിധി രണ്ടര ലക്ഷം തുടരും. അതേ സമയം, 250 കോടി രൂപ വരുമാനമുള്ള കമ്പനികളുടെ നികുതി 30ൽ നിന്ന് 25 ശതമാനമായി കുറച്ചിട്ടുണ്ട്. കോർപ്പറേറ്റ് നികുതി കുറക്കണമെന്ന വ്യവസായ മേഖലയുടെ ആവശ്യം പരിഗണിച്ചാണ് സർക്കാറിന്റെ നടപടി. രണ്ടര ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ അഞ്ച് ശതമാനമായിരിക്കും ആദായ നികുതി. അഞ്ച് മുതൽ 10 ലക്ഷം വരെ 20 ശതമാനവും 10 ലക്ഷത്തിന് മുകളിൽ 30 ശതമാനവും നികുതി നൽകണം. നികുതി നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും മെഡിക്കൽ റീ ഇംപേഴ്‌സ്മന്റെിലെ ഇളവ് 40,000 രൂപയാക്കിയിട്ടുണ്ട്.

രാജ്യത്തെ നിക്ഷേപം വർധിപ്പിക്കാനായാണ് കോർപ്പറേറ്റ് നികുതിയിൽ സർക്കാർ കുറവ് വരുത്തിയിരിക്കുന്നത്. കുറഞ്ഞ വളർച്ച നിരക്ക് മറികടിക്കണമെങ്കിൽ നിക്ഷേപം കൂടുതലായി ആവശ്യമാണ്. ഇതുകുടി മുൻ നിർത്തിയാണ് കോർപ്പറേറ്റ് നികുതിയിലെ മാറ്റം.

ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി

ആരോഗ്യ രംഗത്തിന് വേണ്ടി ബജറ്റിൽ വലിയ ഒരു തുക തന്നെയാണ് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി മാറ്റി വച്ചത്. രാജ്യത്തിന്റെ ഉന്നമനം പൗരന്മാരുടെ ആരോഗ്യത്തിൽ അധിഷ്ഠിതമാണെന്നുള്ള ഉറച്ച ബോധം തന്നെയാണ് ഈ നീക്കത്തിന്റെ പിന്നിലുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ നടപടിയാണ് 2018-2019 ബജറ്റിൽ ജെയ്റ്റ്ലി സ്വീകരിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ എല്ലാ വർഷവും പാവപ്പെട്ട കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ ആശുപത്രി ചികിത്സയ്ക്കായി വകയിരുത്തുമെന്നതാണ് ഈ ബജറ്റിലെ മുഖ്യ ആകർഷണം.

രാജ്യത്തെ പാവപ്പെട്ട 10 കോടി കുടുംബങ്ങൾക്ക് ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണം ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. അതായത് 50 കോടി പേർക്ക് ഗുണം ലഭ്യമാകും.കേന്ദ്രസർക്കാർ ആരോഗ്യസംരക്ഷണത്തെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ശരിയായ രീതിയിൽ എല്ലാവർക്കും ആരോഗ്യ സംരക്ഷണം ഉറപ്പാക്കും. 24 ജനറൽ ആശുപത്രികളെ മെഡിക്കൽ കോളെജായി മാറ്റും. എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും ഒരു മെഡിക്കൽ കോളെജെങ്കിലും സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

റെയിൽവേ വികസനത്തിനായി 1.48 ലക്ഷം കോടി

റെയിൽവേയുടെ വികസന പ്രവർത്തനങ്ങൾക്ക് 1.48 ലക്ഷം കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 600 റെയിൽവേ സ്റ്റേഷനുകൾ അടുത്ത സാമ്പത്തിക വർഷം വികസിപ്പിക്കും. മുംബൈയിൽ ഗതാഗത സൗകര്യം വിപുലപ്പെടുത്താൻ പദ്ധതിയിട്ടു. ബംഗളൂരുവിൽ 160 കിലോ മീറ്റർ നഗരപ്രാന്ത റെയിൽ സംവിധാനം വികസിപ്പിക്കും.

വർഷം ഒരുകോടി യാത്രക്കാർക്ക് സംവിധാനമൊരുക്കുന്ന തരത്തിൽ വിമാനത്താവളങ്ങൾ വികസിപ്പിക്കും. പ്രാദേശികമായി 56 വിമാനത്താവളങ്ങൾ നിർമ്മിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ട്രെയിനിലും വൈഫൈ, സിസിടിവി. ഭാരത് മാലാ പദ്ധതിയിൽ 9,000 കിലോ മീറ്റർ ഹൈവേ പണിയും. എല്ലാ ടോൾ പിരിവും ഡിജിറ്റലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാർഷിക മേഖലയ്ക്ക് വാരിക്കോടി

കാർഷിക മേഖലയ്ക്കും വൻ പ്രാധാന്യമാണ് ബജറ്റിൽ നൽകിയിരിക്കുന്നത്. ഗ്രാമീണ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുക, കാർഷിക വളർച്ച സാക്ഷാത്കരിക്കുക. 2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റിലി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. വിളകൾക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും. ഇ നാം പദ്ധതിയിൽ കൂടുതൽ കർഷകരെ പങ്കാളികളാക്കും. കാർഷിക ക്ലസ്റ്റർ വികസിപ്പിക്കും. കൂടുതൽ ഗ്രാമീണ ചന്തകൾ ആരംഭിക്കും. കാർഷിക വിപണികളുടെ വികസനത്തിനായി 2000 കോടി രൂപ നീക്കിവെക്കും. ഭക്ഷ്യധാന്യ സംസ്‌കരണത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി. ഇതോടെ ബജറ്റ് വിഹിതം 1400 കോടിയായി ഉയർന്നു.

കാർഷിക വളർച്ചയ്ക്ക് ഓപ്പറേഷൻ ഗ്രീൻ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി ബജറ്റ് വിഹിതമായി 500 കോടി നീക്കിവെച്ചു. മുള അധിഷ് ഠിത വ്യവസായങ്ങൾക്ക് മുൻഗണന നൽകും. 1290 കോടി ബജറ്റ് വിഹിതമായി ഉൾപ്പെടുത്തി. കിസാൻ ക്രെഡിറ്റ് കാർഡ പദ്ധതി വിപുലീകരിച്ച് ഫിഷറീസ്. മൃഗസംരക്ഷണ മേഖലയിലെ കർഷകരേയും ഉൾപ്പെടുത്തും. ഫിഷറീസ്-മൃഗസംരക്ഷണ മേഖലയ്ക്ക് ബജറ്റ് വിഹിതം 1000 കോടിയാക്കി. കാർഷിക ഉത്പാദന മേഖലയിലെ കമ്പനികളുടെ നികുതി ഘടന പരിഷ്‌കരിക്കും.

42 പുതിയ അഗ്രോ പാർക്കുകൾ തുടങ്ങും. ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാൻ അവസരമൊരുക്കും. സൗഭാഗ്യ പദ്ധതി പ്രകാരം നാല് കോടി ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി. ഉജ്ജ്വല യോജനയിലൂടെ എട്ട് കോടി ഗ്രാമീണ സ്ത്രീകൾക്ക് സൗജന്യ പാചക വാതക കണക്ഷൻ നൽകും. വിളകൾക്ക് താങ്ങുവില നിലവിലുള്ളതിന്റെ ഒന്നര ഇരട്ടി കൂട്ടും. ഉൽപ്പാദന ചെലവിന്റെ അനുപാതത്തിലായിരിക്കും ഇത്. ഗ്രാമീണ വിപണന ചന്തകളിൽ സൗകര്യം മെച്ചപ്പെടുത്തും. പ്രധാനമന്ത്രി തൊഴിൽദാന പദ്ധതി പ്രകാരം നടപ്പാക്കം. ഇടനിലക്കാരെ ഒഴിവാക്കി കർഷകന് പരമാവധി നേട്ടമുണ്ടാക്കികൊടുക്കും.

യുവാക്കൾക്ക് തൊഴിൽ ലക്ഷ്യമിട്ട് മുദ്രാ വായ്‌പ്പ വിപുലമാക്കും

ചെറുകിടഇടത്തരം സംരംഭങ്ങൾ നടത്തുന്നവർക്കുള്ള പ്രധാനമന്ത്രിയുടെ 'മുദ്ര' വായ്പയ്ക്കായി കൂടുതൽ തുക വകയിരുത്തിയാണു ജയ്റ്റ്‌ലി യുവാക്കളെ ആകർഷിക്കാൻ ശ്രമിച്ചത്. അടുത്ത സാമ്പത്തിക വർഷം മുദ്രയ്ക്കായി മൂന്നു ലക്ഷം കോടി രൂപയാണു നീക്കിവച്ചത്. നിലവിലുള്ളതിനേക്കാൾ 20 ശതമാനം കൂടുതൽ. 201617 വർഷത്തിൽ വകയിരുത്തിയതു 2.44 ലക്ഷം കോടി രൂപ. മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റ് ആൻഡ് റിഫൈനൻസി ഏജൻസി ലിമിറ്റഡ് എന്നതിന്റെ ചുരുക്കപ്പേരാണു മുദ്ര (ങഡഉഞഅ). കൊള്ളപ്പലിശക്കാരിൽനിന്നു ലഘുസംരംഭകരെ മോചിപ്പിക്കുക എന്നതാണു പ്രാഥമിക ലക്ഷ്യം. നിർമ്മാണ, സേവന, വ്യാപാര മേഖലകളിലെ സംരംഭങ്ങൾക്കു മുദ്രാവായ്പകൾ പ്രയോജനപ്പെടുത്താം.

സർക്കാർ വായ്പകളിലൂടെയും വ്യവസായിക സംസ്ഥാനങ്ങളുമായി ചേർന്നും 5.5 കോടി തൊഴിലുകൾ സൃഷ്ടിക്കാമെന്നു സർക്കാർ കണക്കാക്കുന്നു. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) പുതുതായി 55 ലക്ഷം പേർ രജിസ്റ്റർ ചെയ്തതു തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതിന്റെ സൂചനയായും സർക്കാർ ചൂണ്ടിക്കാട്ടുന്നു. എല്ലാ പൊതുമേഖലാസ്വകാര്യ റീജനൽ റൂറൽ ബാങ്കുകളും തിരഞ്ഞെടുക്കപ്പെട്ട മൈക്രോഫിനാൻസ് സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും മുദ്രാവായ്പ നൽകുന്നുണ്ട്. 50,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

പ്രതിവർഷം 10 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പു പ്രചാരണ സമയത്തു നരേന്ദ്ര മോദിയുടെ വാഗ്ദാനം. പക്ഷേ തൊഴിലവസരങ്ങൾ കാര്യമായി ഉയർന്നില്ല. ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) തുടങ്ങിയ സാങ്കേതിക വിദ്യകൾ നടപ്പാക്കിയതോടെ ഉള്ള ജോലി നഷ്ടപ്പെടുകയും ചെയ്തു. സ്ഥാപനങ്ങളിലെ ജോലി അവസരങ്ങൾ കുറയുന്ന സാഹചര്യത്തിൽ കൂടുതൽ സ്വയംതൊഴിലുകാരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയാണു മുദ്ര വായ്പ ഉൾപ്പെടെയുള്ള പദ്ധതികൾ കൊണ്ടു സർക്കാർ ഉദ്ദേശിക്കുന്നത്.

ബജറ്റ് പ്രഖ്യാപനങ്ങളിൽ നിന്ന്

-ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി
-പ്രതീക്ഷിക്കുന്ന വളർച്ച എട്ട് ശതമാനം
-ഇന്ത്യ ലോകത്തെ അഞ്ചാമത്ത സാമ്പത്തിക ശക്തിയാകും
-സാമ്പത്തിക പരിഷ്‌ക്കരണ നടപടികൾ ഗുണം കണ്ടു
-നോട്ട് നിരോധനം കള്ളപ്പണം തടയാൻ തുണയായി
-വിദേശനിക്ഷേപം കൂടി
-കാർഷിക മേഖലക്ക് ഊന്നൽ നൽകും
-വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ
-ഇടനിലക്കാരെ ഒഴിവാക്കി ആനുകൂല്യങ്ങൾ ജനങ്ങളിലെത്തി
-2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കും
-കാർഷികോൽപ്പാദനം ഇരട്ടിയാക്കും
-കാർഷിക മാർക്കറ്റ് വികസിപ്പിക്കാൻ 2000 കോടി
-രാഷ്ട്രീയം നോക്കാതെ വികസന പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെട്ടു
-ഓപ്പറേഷൻ ഗ്രീൻ പദ്ധതിക്ക് 500 കോടി
- ഈ നാം പദ്ധതി വികസിപ്പിക്കും
- ജൈവ കൃഷിക്ക് കൂടുതൽ ഊന്നൽ
-മുളയിൽ അധിഷ്ടിതമായ വ്യവസായത്തിന് കൂടുതൽ ഊന്നൽ
-ഫാർമർ പ്രൊഡ്യൂസിങ് കമ്പനികളുടെ നികുതിഘടന പരിഷ്‌ക്കരിക്കും
-ഡൽഹിയിലെ വായു മലിനീകരണം തടയാൻ പ്രത്യേക നടപടി
-ഫിഷറീസ്, മൃഗസംരക്ഷണ വിഭാഗത്തിന് 10,000 കോടി
-വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തും
-കന്നുകാലി കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി
-2022ഓടെ എല്ലാവർക്കും സവീട്
-നാഷണൽ ലൈവവ്ലിഹുഡ് മിഷന് 5750 കോടി
-കൂടുതൽ കാർഷിക വായ്‌പ്പ ലഭ്യിമാക്കും
-വിളകളുടെ താങ്ങുവില ഒന്നര മടങ്ങാക്കും
-ആദിവാസികൾക്കായി ഏകലവ്യ പദ്ദതി തുടങ്ങും
-റെയിൽവേ യൂണിവേഴ്സിറ്റി വഡോദരയിൽ സ്ഥാപിക്കും
-ആയുഷ് ഭാരത് പ്രോഗ്രാമിന്റെ ഭാഗമായി 2 സുപ്രധാന സംരംഭങ്ങൾ
-8 കോടി സ്ത്രീകൾക്ക് ഗ്യാസ് കണക്ഷൻ നൽകി
- ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന് 1200 കോടി

-വിമാനസർവീസുകളുടെ എണ്ണം അഞ്ചിരട്ടിയായി വർധിപ്പിക്കും.
-വിമാനത്താവളങ്ങളുടെ എണ്ണം വർധിപ്പിക്കും.
-രാജ്യത്തെ വിമാനയാത്രക്കാരുടെ എണ്ണം 100 കോടിയാക്കി ഉയർത്തും.
-അഞ്ചു കോടി ഗ്രാമീണർക്കു ഗുണകരമാകുന്ന വിധത്തിൽ അഞ്ചു ലക്ഷം വൈഫൈ സ്പോട്ടുകൾ തുടങ്ങും.
-റയിൽവേ സ്റ്റേഷനുകൾ നവീകരിക്കും. 18,000 കിലോമീറ്റർ റയിൽപാത ഇരട്ടിപ്പിക്കും.
-എല്ലാ ട്രെയിനുകളിലും വൈഫൈ, സിസിടിവി ഏർപ്പെടുത്താൻ പദ്ധതി.
-99 നഗരങ്ങളുടെ സ്മാർട് സിറ്റി പദ്ധതിക്ക് 2.04 ലക്ഷം കോടി രൂപ വകയിരുത്തി
-ഈ വർഷം 9000 കിലോമീറ്റർ ദേശീയപാത നിർമ്മിക്കും.
-4000 കിലോമീറ്റർ റയിൽവേ ലൈൻ പുതുതായി വൈദ്യുതീകരിക്കും.

ആദായ നികുതി പരിധിയിൽ മാറ്റമില്ല
-നികുതി ഇളവിനുള്ള നിക്ഷേപ പരിധി 1,9000 ആക്കി
-ആദായനികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല.
-അടുത്ത സാമ്പത്തിക വർഷം ധനക്കമ്മി 3.3% ശതമാനമാക്കും
-24 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കും
-ബിറ്റ്കോയിൻ അടക്കം എല്ലാ ക്രിപ്റ്റോ കറൻസികൾക്കും വിലക്ക
-രാഷ്ട്രപതിക്ക് 5 ലക്ഷം, ഉപരാഷ്ട്രപതിക്ക് 4 ലക്ഷം, ഗവർണർക്ക് 3.5 ലക്ഷം എന്നിങ്ങനെ ശമ്പളം വർദ്ധിപ്പിച്ചു.
-എംപിമാരുടെ ശമ്പളം എല്ലാ അഞ്ചുവർഷവും പുതുക്കി നിശ്ചയിക്കും
-പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ ലയിപ്പിച്ച് ഒറ്റക്കമ്പനിയാക്കും.
-2020ഓടെ 50 ലക്ഷം യുവാക്കൾക്ക് തൊഴിൽ പരിശീലനം
-ഗ്രാമീണ മേഖലയിൽ 5 ലക്ഷം വൈഫൈ ഹോട്ട് സ്‌പോട്ടുകൾ.
-വിമാനയാത്ര: ഒരുവർഷം നൂറുകോടി സർവീസകളാക്കി വർദ്ധിപ്പിക്കും
-'ഹവായ് ചെരിപ്പിടുന്നവർക്കും' വിമാനത്തിൽ കയറാനുള്ള സാഹചര്യമുണ്ടാക്കും
-സ്മാർട്ട് സിറ്റി പദ്ധതിയിൽ 99 നഗരങ്ങൾക്ക് 2.04 ലക്ഷം കോടി
-10 ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാതൃകാ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും
-ടെക്സ്റ്റൈൽ മേഖലക്ക് 7148 കോടി
-പുതിയതായി ജോലി നേടിയവരുടെ ശമ്പളത്തിന്റെ 12 ശതമാനം ഇപിഎഫിലേക്ക് മൂന്നു വർഷത്തേക്ക് സർക്കാർ നൽകും.
-മൊബൈൽ ഫോണുകളുടെ കസ്റ്റംസ് തീരുവ 15 ൽ നിന്ന് 20 ശതമാനമാക്കി.
-ആരോഗ്യ വിദ്യാഭ്യാസ സെസ് മൂന്നിൽ നിന്ന് നാലു ശതമാനമാക്കി ഉയർത്തി.
-ഓഹരിരംഗത്ത് ദീർഘകാല നേട്ടത്തിനും നികുതി ഏർപ്പെടുത്താൻ നീക്കം.
-250 കോടി രൂപ വരെ വരുമാനമുള്ള കമ്പനികൾക്ക് കോർപറേറ്റ് നികുതി 25 ശതമാനമായി തുടരും.
-മുതിർന്ന പൗരന്മാർക്ക് ബാങ്ക് നിക്ഷേപങ്ങളിലെ പലിശ വരുമാനത്തിൽ 50,000 രൂപ വരെ നികുതി ഒഴിവാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP