Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിപണിയുടെ കുതിപ്പും വേഗവും കൂട്ടണം; ഡൽഹിയിൽ ഭരണം പിടിക്കാനും മഹാരാഷ്ട്രയിൽ തുടർ ഭരണത്തിനും മധ്യവർഗ്ഗത്തെ പിണക്കാനും പാടില്ല; കർഷകരേയും സ്ത്രീകളേയും കൂടെ കൂട്ടുന്നതിനൊപ്പം തൊഴിലില്ലായ്മയുടെ നിരക്കും കുറയ്ക്കണം; എണ്ണ വില കുറച്ച് ഏവരേയും കൈയിലെടുക്കാൻ ശ്രമിച്ചേക്കും; ആദായ നികുതി സ്ലാബിലെ പ്രഖ്യാപനവും നിർണ്ണായകമാകും; ഇന്ദിരയ്ക്ക് ശേഷം ബജറ്റ് അവതരണത്തിന് വീണ്ടും വനിതയെത്തുന്നു; മോദിയുടെ '5 ട്രില്യൻ' സ്വപ്നപാതയിലേക്ക് നിർമ്മലാ സീതാരാമന്റെ കന്നി ബജറ്റ് അവതരണം ഇന്ന്

വിപണിയുടെ കുതിപ്പും വേഗവും കൂട്ടണം; ഡൽഹിയിൽ ഭരണം പിടിക്കാനും മഹാരാഷ്ട്രയിൽ തുടർ ഭരണത്തിനും മധ്യവർഗ്ഗത്തെ പിണക്കാനും പാടില്ല; കർഷകരേയും സ്ത്രീകളേയും കൂടെ കൂട്ടുന്നതിനൊപ്പം തൊഴിലില്ലായ്മയുടെ നിരക്കും കുറയ്ക്കണം; എണ്ണ വില കുറച്ച് ഏവരേയും കൈയിലെടുക്കാൻ ശ്രമിച്ചേക്കും; ആദായ നികുതി സ്ലാബിലെ പ്രഖ്യാപനവും നിർണ്ണായകമാകും; ഇന്ദിരയ്ക്ക് ശേഷം ബജറ്റ് അവതരണത്തിന് വീണ്ടും വനിതയെത്തുന്നു; മോദിയുടെ '5 ട്രില്യൻ' സ്വപ്നപാതയിലേക്ക് നിർമ്മലാ സീതാരാമന്റെ കന്നി ബജറ്റ് അവതരണം ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് രാവിലെ 11-നു ലോക്സഭയിൽ അവതരിപ്പിക്കും. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കുശേഷം ആദ്യമായാണ് ഒരു വനിത കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ അവതരണത്തോടെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ പൂർണ സമയ വനിതാ ധനമന്ത്രിയാകും നിർമലാ സീതാരാമൻ. 1970- 71ൽ ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് ഇന്ദിരാഗാന്ധി ബജറ്റ് അവതരിപ്പിച്ചത്. അന്ന് പ്രധാനമന്ത്രിയും ഇന്ദിരയായിരുന്നു. ഇനി വിപണികളുടെ കുതിപ്പും വേഗവും നിർണയിക്കുക നിർമലാ സീതാരാമന്റെ ബജറ്റാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. യു.എസ്- ചൈന വ്യാപാരത്തർക്കത്തിൽ ആശ്വാസമുണ്ടായതിന്റെ ഉണർവ് സൂചികകളിൽ പ്രകടമാണ്. കാലവർഷം, രൂപ, എണ്ണവില എന്നിവയും വിപണികളെ സ്വാധീനിക്കുന്നുണ്ട്. ഇടക്കാല ബജറ്റ് നൽകിയ പ്രതീക്ഷകളാണ് ഇത്തവണത്തെ ബജറ്റിനെ സജീവമാക്കുന്നത്. മോദി സർക്കാരിന്റെ ഭരണത്തുടർച്ചപോലും ഇടക്കാല ബജറ്റിന്റെ വിജയമായി പ്രസ്താവിക്കുന്നവരുണ്ട്. അതിനാൽ തന്നെ പ്രതീക്ഷകൾ ഏറെയാണ്.

സാമ്പത്തിക വളർച്ചയുടെ വേഗം കൂട്ടുക എന്നതാണ് നിർമലാ സീതാരാമന് മുന്നിലുള്ള പ്രധാന ദൗത്യം, ഒപ്പം നിക്ഷേപം ഉറപ്പാക്കുകയും വേണം. അഞ്ച് ട്രില്ല്യൺ ഡോളറിന്റെ സാമ്പത്തിക ശക്തിയായി വളരണമെങ്കിൽ എട്ട് ശതമാനം വളർച്ച അനിവാര്യം എന്ന് സാമ്പത്തിക സർവ്വേ നിർദ്ദേശിക്കുന്നുണ്ട്. വളർച്ച ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾ ഇന്നത്തെ ബജറ്റിൽ പ്രതീക്ഷിക്കാം. അതിനാൽ നികുതിഇളവുകൾ കാര്യമായി ഉണ്ടാവാൻ വഴിയില്ലെന്ന വിലയിരുത്തലുമുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് സർക്കാർ നേരിടാൻ പോകുകയാണ്. ഡൽഹിയിലും മുംബൈയിലും വോട്ടെടുപ്പ് നടത്താനിരിക്കെ മധ്യവർഗ്ഗത്തെ സർക്കാരിന് കൈവിടാനാവില്ല. അതായത് ജനപ്രിയ പ്രഖ്യാപനങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാവില്ല. ഇതിനൊപ്പം വളർച്ച ഉറപ്പാക്കുകയും വേണം എന്നതാണ് നിർമലാ സീതാരാമൻ നേരിടുന്ന വെല്ലുവിളി. സ്ത്രീ വോട്ടർമാരെ കൂടുതലായി അടുപ്പിക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നതും തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ്.

ഇടത്തരക്കാരെ സംബന്ധിച്ചേടുത്തോളം ആദായനികുതി സ്ലാബിൽ മാറ്റംവരുത്തുമോ എന്നതാണ് പ്രധാനം. ഇടക്കാല ബജറ്റിൽ നികുതിയിൽ ചില ഇളവു നൽകിയിരുന്നെങ്കിലും സ്ലാബിൽ മാറ്റം വരുത്തിയിരുന്നില്ല. സമ്പൂർണ ബജറ്റിൽ സ്ലാബിൽ മാറ്റത്തിനു സാധ്യതയുണ്ട്. സ്ത്രീപക്ഷ ബജറ്റായി ഇത് മാറുമെന്ന പ്രതീക്ഷയും ഉണ്ട്. അഞ്ചുലക്ഷം കോടി യു.എസ്. ഡോളറിന്റെ സമ്പദ്വ്യവസ്ഥയിലേക്കു രാജ്യത്തെ മാറ്റാനുള്ള ശ്രമങ്ങളുടെ തുടക്കം ബജറ്റിൽ പ്രതിഫലിച്ചേക്കും. ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ എട്ടുശതമാനം സുസ്ഥിര വളർച്ച കൈവരിക്കണമെന്നാണ് സാമ്പത്തിക സർവേയിലെ നിർദ്ദേശം. ഈ സാഹചര്യത്തിൽ ഒട്ടേറെ പരിഷ്‌കരണങ്ങൾക്കും പദ്ധതികൾക്കും തുടക്കം കുറിക്കും. കൂടുതൽ നിക്ഷേപം, ഉപഭോഗം, ഗ്രാമീണ-കാർഷിക മേഖലയിൽ ഊന്നൽ, ചെറുകിട മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കൽ, അടിസ്ഥാന വികസന മേഖലയിൽ കൂടുതൽ പരിഷ്‌കരണവും സ്വകാര്യവത്കരണവും, തൊഴിൽ പരിഷ്‌കരണം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പന, ഓഹരി വിപണി, കയറ്റുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രഖ്യാപനങ്ങളും പദ്ധതികളും ബജറ്റിൽ ഉണ്ടാകും.

ചെറുകിട-ഇടത്തരം മേഖലകൾക്കും കാർഷികമേഖലയ്ക്കും വായ്പ കൂടുതൽ ഉദാരമാക്കിയേക്കും. കാർഷിക-ഗ്രാമീണ മേഖല, ജലസംരക്ഷണം തുടങ്ങിയവക്കു പ്രത്യേക പദ്ധതികൾ ഉണ്ടാവാം. കർഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന വികസന പദ്ധതികൾക്ക് പണം കണ്ടെത്താൻ പ്രത്യേക വഴികൾ നിർദ്ദേശിച്ചേക്കും. പി.പി.പി. കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കും. നികുതി രഹിത ബോണ്ടുകൾക്ക് സാധ്യത. ഈ മേഖലയിൽ കൂടുതൽ നിക്ഷേപം. ഭവന, നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് ഇളവുകൾക്ക് സാധ്യതയുണ്ട്. ഇടത്തരത്തെ കൂടെ നിർത്തുന്ന ജനപ്രിയ പ്രഖ്യാപനങ്ങലാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ രാജ്യാന്തരതലത്തിലെ മാന്ദ്യമൊന്നും പ്രശ്‌നമല്ല, ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ 2018-19ൽ വൻ വളർച്ചയുണ്ടാകുമെന്നു സാമ്പത്തിക സർവേ വിശദീകരിച്ചിരുന്നു. 2015-16ലുണ്ടായിരുന്ന 1.99 ട്രില്യൻ ഡോളറിൽ നിന്ന് 2.75 ട്രില്യൻ ഡോളറിലേക്കാണു വളർച്ചയെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ സാമ്പത്തികനില അവലോകനം ചെയ്തുള്ള റിപ്പോർട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന ഇന്ത്യയിലേക്കുള്ള വളർച്ചയിൽ അനിവാര്യമായ ഘടകങ്ങൾ എന്തെല്ലാമെന്നും വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇതിലേക്കാകും ബജറ്റും സാധ്യതകൾ തുറക്കുക.

സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ് ഇന്ന് കന്നി ബജറ്റ് അവതരിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിലുള്ളത്. നടപ്പ് വർഷം ആഭ്യന്തര വളർച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിർത്തിയാലേ അഞ്ച് ട്രില്ല്യൺ ഡോളറിന്റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂ. അത് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. കാർഷിക-തൊഴിൽ മേഖലകളിലെ പ്രതിസന്ധികൾ മറികടക്കാനുള്ള നിർദ്ദേശങ്ങളും ഉണ്ടാകും. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിൽ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വിദേശ, സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങൾ പ്രത്സാഹിപ്പിക്കുക എന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്പത്തിക സർവ്വേ നിർദ്ദേശം. ഇതും പ്രതിഫലിക്കും. ഓഹരി വിറ്റഴിക്കൽ വഴി 90,000 കോടി രൂപ കണ്ടെത്താനായിരുന്നു പിയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ നിർദ്ദേശം. ഈ പരിധി ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയർത്തിയേക്കും.

2014 നേക്കാൾ വലിയ ജനവിധിയുമായാണ് രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തിയത്. ഇതിൽ ഫെബ്രുവരിയിൽ പിയൂഷ് ഗോയൽ അവതരിപ്പിച്ച ബജറ്റിന് നിർണ്ണായക പങ്കുണ്ടായിരുന്നു. അഞ്ചുലക്ഷം വരെ വരുമാനം ഉള്ളവർക്ക് നികുതിയില്ല എന്ന പ്രഖ്യാപനം ഇടത്തരക്കാരെ ആകർഷിച്ചു. കർഷകർക്ക് 6000 രൂപ എന്നത് ഗ്രാമീണ മേഖലയിലെ അതൃപ്തി മറികടക്കാൻ സഹായിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രണ്ട് പേർ ധനവകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. അരുൺ ജെയ്റ്റിലിയും പിയൂഷ് ഗോയലും. . നിലവിലെ പ്രതിസന്ധിക്ക് കാരണം ഇവരുടെ പിടിപ്പുകേടാണെന്ന് വരെ വിമർശനങ്ങളുണ്ടായി. ജിഎസ്ടിയിലും നോട്ട് നിരോധനത്തിലുമെല്ലാം പരാതികൾ ഉയർന്നു. പിഴവുകൾ പരിഹരിക്കുക, പുതിയ മുന്നേററങ്ങൾക്ക് തുടക്കം കുറിക്കുക ഇതായിരിക്കും നിർമല സീതാരാമന്റെ ആദ്യ ബജറ്റിന്റെ ദൗത്യം.

രാജ്യത്തിന്റെ വളർച്ചാനിരക്ക് ത്വരിതപ്പെടുത്തലും ധനക്കമ്മി പരിഹരിക്കലും ജിഎസ്ടിയിലെ അപാകതകൾ ഇല്ലാതാക്കലും ആണ് പുതിയ ധനമന്ത്രിയുടെ മുന്നിലുള്ള പ്രധാന്നപ്പെട്ട വെല്ലുവിളികൾ. കഴിഞ്ഞ തിരഞെടുപ്പിൽ ബിജെപിക്ക് ഏറെ വിമർശനമേൽക്കേണ്ടി വന്നതും ഇക്കാര്യങ്ങളിലായിരുന്നു. രാജ്യാന്തര തലത്തിലും വികസിത രാജ്യങ്ങളിലും 2019ൽ സമ്പദ്വ്യവസ്ഥയിൽ യഥാക്രമം 0.3, 0.1% വളർച്ചാനിരക്ക് കുറയുമെന്നിരിക്കെയാണ് ഇന്ത്യയുടെ പ്രതീക്ഷ വ്യക്തമാക്കിയ സർവേ പുറത്തുവന്നത്. രാജ്യാന്തര തലത്തിലെ മൊത്ത ഉൽപാദനത്തിൽ ഇന്ത്യയുടെ പങ്ക് ഓരോ വർഷവും വർധിക്കുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. വികസ്വര രാജ്യ വിപണികളുടെ (ഇഎംഡിഇ) ജിഡിപിയിലേക്ക് ദശാബ്ദത്തിൽ താഴെ സമയം കൊണ്ട് ഇന്ത്യയുടെ വിഹിതം 1.3 ശതമാനമായി ഉയർന്നിട്ടുണ്ട്. രാജ്യാന്തര സമ്പദ്വ്യവസ്ഥയിൽ അത് 0.7 ശതമാനമാണ്‌സർവേ പറയുന്നു. ഇഎംഡിഇ ജിഡിപിയിൽ ഇന്ത്യയുടെ വിഹിതം 2018ൽ എട്ടു ശതമാനമായിരുന്നു.

ലോകബാങ്ക് റിപ്പോർട്ട് പ്രകാരം ഫ്രാൻസിനെ പിന്തള്ളി ഇന്ത്യ 2017ൽ ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളർന്നിരുന്നു. നിലവിൽ ഇന്ത്യയ്ക്കു മുന്നിൽ യുഎസ്, ചൈന, ജപ്പാൻ, ജർമനി, യുകെ എന്നീ രാജ്യങ്ങളാണുള്ളത്. ഈ വർഷം യുകെയെയും ഇന്ത്യ റാങ്കിങ്ങിൽ പിന്തള്ളുമെന്നാണു പ്രവചനം. ലോകത്ത് വികസിക്കുന്ന വിപണികളിൽ ശക്തമായ വളർച്ച രേഖപ്പെടുത്തുന്നത് ഇന്ത്യയും ചൈനയുമാണ്. എന്നാൽ നിലവിലെ വളർച്ചയിൽ ഇടർച്ചയുണ്ടാകാതെ കാത്തുരക്ഷിക്കാനുള്ള ശ്രമത്തിലാണ് ചൈന, അതിനാൽത്തന്നെ രാജ്യാന്തര സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ ഇന്ത്യയുടെ ഇടപെടൽ അനിവാര്യമായിരിക്കുകയാണെന്നും സർവേ പറയുന്നു.

ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2017-18ൽ 7.2 ശതമാനമായിരുന്ന ജിഡിപി 2018-19ൽ 6.8 ആയാണു കുറഞ്ഞത്. കേന്ദ്ര സർക്കാർ 2019-20ലേക്ക് ലക്ഷ്യമിടുന്നതാകട്ടെ 7% ജിഡിപി വളർച്ചയും. കൃഷി, വ്യാപാരം, ഗതാഗതം, വാർത്താവിനിമയ മേഖലയുമായി ബന്ധപ്പെട്ട സേവനം തുടങ്ങിയവയിലെ 'ക്ഷീണമാണ്' ജിഡിപി വളർച്ചയ്ക്കു തിരിച്ചടിയായത്. എന്നാൽ ഇതേ കാലയളവിൽ രാജ്യാന്തരതലത്തിലെ സാമ്പത്തിക വളർച്ചാ നിരക്ക് 3.8 ശതമാനത്തിൽ നിന്ന് 2018ൽ 3.6 ആയി കുറഞ്ഞതായും സർവേ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വപ്നം കാണുന്ന അഞ്ച് ട്രില്യൻ യുഎസ് ഡോളറിന്റെ വളർച്ചാനിരക്കിലേക്ക് 2024-25 ആകുമ്പോഴേക്കും രാജ്യം എത്തണമെങ്കിൽ എട്ടു ശതമാനമെന്ന തോതിൽ ജിഡിപി വളർച്ച നിലനിർത്തേണ്ടതുണ്ട്. 2019-20 വർഷത്തേക്കു പക്ഷേ ഏഴു ശതമാനമാണു ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP