Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുലിനെ നിരീക്ഷിക്കുന്നത് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ചാരവൃത്തിയെന്ന് ഗുലാം നബി ആസാദ്; വിവരശേഖരണം തുടങ്ങിയത് രാജീവ് ഗാന്ധിയെന്ന് ജെയ്റ്റ്‌ലി

രാഹുലിനെ നിരീക്ഷിക്കുന്നത് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ചാരവൃത്തിയെന്ന് ഗുലാം നബി ആസാദ്; വിവരശേഖരണം തുടങ്ങിയത് രാജീവ് ഗാന്ധിയെന്ന് ജെയ്റ്റ്‌ലി

ന്യൂഡൽഹി: വിദേശത്തുള്ള രാഹുൽ ഗാന്ധിയുടെ വിവരങ്ങൾ തേടി ഡൽഹി പൊലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തിയ സംഭവത്തിൽ കോൺഗ്രസിൽ പ്രതിഷേധം. പാർലമെന്റിലാണ് പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധമുയർത്തിയത്.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള വിവരശേഖരണം രാഷ്ട്രീയ ചാരവൃത്തിയാണെന്നാണ് കോൺഗ്രസ് സഭയിൽ ആരോപിച്ചത്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് വിഷയം സഭയിൽ ഉന്നയിച്ചത്.

എന്നാൽ, കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കുയാണ് കോൺഗ്രസെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. കോൺഗ്രസ് ഭരണകാലത്താണ് രാഷ്ട്രീയനേതാക്കന്മാരെ സംബന്ധിച്ച് വിവരം ശേഖരിക്കുന്ന പതിവ് ആരംഭിച്ചത്. മൺപുറ്റ് പോലും അല്ലാത്ത കാര്യത്തെ പർവ്വതീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജെയ്റ്റ്‌ലി രാജ്യസഭയിൽ പറഞ്ഞു.

രാഹുൽഗാന്ധിയുടെ ചെരുപ്പിന്റെ അളവ് പൊലീസ് എന്തിനാണ് അന്വേഷിക്കുന്നതെന്നും ഇത്തരത്തിലുള്ള ചാരപ്രവർത്തനമാണ് സർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരെ നടത്തുന്നതെന്നും ഗുലാംനബി ആസാദ് ചോദിച്ചു. 1987ൽ രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന കാലത്താണ് പ്രമുഖ രാഷ്ട്രീയനേതാക്കന്മാരുടെ വിവരങ്ങൾ ശേഖരിക്കുന്ന പതിവ് ആരംഭിച്ചതെന്നാണ് ജെയ്റ്റ്‌ലി ഇതിനു മറുപടി നൽകിയത്.

ഇപ്പോൾ വിദേശത്തുള്ള രാഹുലിന്റെ വിവരങ്ങൾ തേടി ഡൽഹി പൊലീസ് രാഹുലിന്റെ വസതിയിലും ഓഫീസിലും എത്തിയത് വിവാദമായിരുന്നു. രാഹുലിന് പ്രത്യേക സുരക്ഷാസേനയുടെ സുരക്ഷയുണ്ടെന്നും അതിനാൽ ഡൽഹി പൊലീസിന് അക്കാര്യത്തിൽ ഒരു റോളും ഇല്ലെന്ന വാദമാണ് കോൺഗ്രസ് ഉയർത്തിയത്.

രാഹുലിന്റെ അമ്മ സോണിയ ഗാന്ധിയുടെ വിവരങ്ങളും ഡൽഹി പൊലീസ് ശേഖരിച്ചിട്ടുള്ള കാര്യം കോൺഗ്രസ് മറക്കരുതെന്നാണ് സർക്കാർ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവരങ്ങൾ കഴിഞ്ഞ വർഷം ശേഖരിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായാണ് പട്ടികയിലേക്ക് പുതിയതായി കൂട്ടിച്ചേർക്കപ്പെട്ട അംഗം.

രണ്ടാം നിരീക്ഷണ സംഭവമെന്നാണ് കോൺഗ്രസ് രാഹുലിനെ സംബന്ധിച്ച വിവരശേഖരണത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ഗുജറാത്ത് പൊലീസിനെ ഉപയോഗിച്ച് യുവതിയെ നിരീക്ഷിച്ച സംഭവം വിവാദമായിരുന്നു.

1999 മുതൽ മുൻ പ്രധാനമന്ത്രിമാരായ എച്ച് ഡി ദേവഗൗഡ, ഐ കെ ഗുജ്‌റാൾ, മന്മോഹൻ സിങ്. അടൽ ബിഹാരി വാജ്‌പേയി എന്നിവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നു, 2004, 2009, 2010, 2012 എന്നീ വർഷങ്ങളിൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ വിവരങ്ങളും ശേഖരിച്ചു. പ്രണബ് മുഖർജി രാഷ്ട്രപതി ആവുന്നതിന് മുന്പ് 2001,07, 08,09, 2012ലും അദ്ദേഹത്തിന്റെ വിവരങ്ങൾ ശേഖരിച്ചു. ബിജെപി നേതാക്കളായ എൽ.കെ.അദ്വാനി, സുഷമാ സ്വരാജ്, എ.ഐ.സി.സി അംഗം അഹമ്മദ് പട്ടേൽ, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി, ഐക്യജനതാദൾ നേതാവ് ശരദ് യാദവ് എന്നിവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. നിലവിൽ 526 പേരുടെ വിവരങ്ങളാണ് ശേഖരിച്ചിട്ടുള്ളതെന്നും ജെയ്റ്റ്‌ലി വെളിപ്പെടുത്തി.

ഷൂസിന്റെ അളവും കണ്ണുകളുടെ നിറവും അടക്കമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിലും അർത്ഥമുണ്ട്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തെ തിരിച്ചറിഞ്ഞത് ഉപയോഗിച്ചിരുന്ന ഷൂസിൽ നിന്നാണ്. വിവരങ്ങൾ സുരക്ഷാ ഏജൻസികൾക്ക് കൈമാറും. കാരണം ആർക്കും തന്നെ മുന്പുണ്ടായതു പോലെയുള്ള അവസ്ഥ ഉണ്ടാവരുതെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP