Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശീതകാല സമ്മേളനം തുടങ്ങി; പാർലമെന്റ് പ്രക്ഷുബ്ധമാകുമെന്ന സൂചനയുമായി പ്രതിപക്ഷം; രാജ്യപുരോഗതിക്ക് രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്ന് പ്രധാനമന്ത്രി

ശീതകാല സമ്മേളനം തുടങ്ങി; പാർലമെന്റ് പ്രക്ഷുബ്ധമാകുമെന്ന സൂചനയുമായി പ്രതിപക്ഷം; രാജ്യപുരോഗതിക്ക് രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി. മുൻ കേന്ദ്രമന്ത്രി മുരളി ദേവ്‌റ ഉൾപ്പടെ, കഴിഞ്ഞ സമ്മേളനത്തിന് ശേഷം അന്തരിച്ച സിറ്റിങ് അംഗങ്ങൾക്കും മുൻ അംഗങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിച്ച് ഇരുസഭകളും ഇന്നത്തേയ്ക്കു പിരിഞ്ഞു. അതിനിടെ രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാ അംഗങ്ങളും രാജ്യത്തിന്റെ പുരോഗതിക്കായി നിലകൊള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

ഇരുസഭകളിലെയും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങിയത്. രാജ്യസഭയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള പുതിയ അംഗം മേഘരാജ് ജയിൻ, ലോക്‌സഭയിൽ പ്രീതം ഗോപിനാഥ് മുണ്ഡെ, പ്രദീപ് സിങ് യാദവ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭ പുനഃസംഘടിപ്പിച്ചതിനെ കുറിച്ചുള്ള വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയെ അറിയിച്ചു.

തുടർന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മുരളി ദേവ്‌റ ഉൾപ്പടെയുള്ള, കഴിഞ്ഞ സമ്മേളനത്തിന് ശേഷം അന്തരിച്ച സിറ്റിങ് അംഗങ്ങൾക്കും മുൻ അംഗങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിച്ച് ഇരുസഭകളും ഇന്നത്തേയ്ക്കു പിരിഞ്ഞു. പാർലമെന്റിന്റെ ശീതകാല സമ്മേളനം സുഗമമായി മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമ്മേളന കാലയളവിൽ 22 ദിവസമാണ് സഭ ചേരുക. ഇൻഷുറൻസ് ബിൽ അടക്കം 67 ബില്ലുകളാണ് സഭയ്ക്ക് മുന്നിൽ കൊണ്ടുവരാനുള്ളത്. ഇതിൽ 59 ബില്ലുകൾ രാജ്യസഭയിലും എട്ടു ബില്ലുകൾ ലോക്‌സഭയിലുമാണ് പാസാക്കാൻ ഉള്ളത്. അവ പാസാക്കി എടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ബില്ലുകളിൽ നാൽപ്പത് എണ്ണവും യു.പി.എ സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ചയാണ്.

എന്നാൽ ശൈത്യകാലസമ്മേളനം ചൂടും ചൂരും നിറഞ്ഞതായിരിക്കുമെന്നാണു സൂചനകൾ വ്യക്തമാക്കുന്നത്. ഇതിന്റെ വ്യക്തമായ സൂചന നൽകി തൃണമുൽ കോൺഗ്രസ് ഇന്നലെ സർക്കാർ വിളിച്ച രണ്ടു സർവകക്ഷി യോഗങ്ങളും ബഹിഷ്‌കരിച്ചു. ജനതാ പാർട്ടി കുടുംബത്തിൽ നിന്നുള്ള സോഷ്യലിസ്റ്റ് കക്ഷികൾ പാർലമെന്റിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ രണ്ടാഴ്ചകൾക്ക് മുൻപ് തീരുമാനമെടുത്തിരുന്നു. ഐക്യ ജനതാദൾ, ആർ.ജെ.ഡി, സമാജ്‌വാദി പാർട്ടി, ജനതാദൾ സെക്യുലർ, ഐ.എൻ.എൽ.ഡി കക്ഷികളാണ് ഒറ്റക്കെട്ടായി നിൽക്കുക. ലോക്‌സഭയിൽ ഇവർക്കെല്ലാം കൂടി 15സീറ്റുകൾ മാത്രമേയുള്ളു. എന്നാൽ കേന്ദ്ര സർക്കാർ ന്യൂനപക്ഷമായ രാജ്യസഭയിൽ ഇവർക്ക് 25 സീറ്റുകളാണുള്ളത്. അൻപതിലേറെ ബില്ലുകൾ രാജ്യസഭയിൽ പാസാക്കിയെടുക്കാനുള്ള സാഹചര്യത്തിൽ ഇത് കേന്ദ്ര സർക്കാറിന് വെല്ലുവിളിയാണ്.

കള്ളപ്പണം തിരിച്ചുപിടിക്കുന്ന കാര്യത്തിൽ സർക്കാരിന്റെ മലക്കംമറിച്ചിൽ, കേന്ദ്രീയ വിദ്യാലയങ്ങളിൽ വിദേശ ഭാഷയ്!ക്കു പകരം സംസ്!കൃതം നിർബന്ധമാക്കൽ, അഴിമതി ആരോപണം, ക്രിമിനൻ പശ്ചാത്തലവുമുള്ളവരെ മന്ത്രിമാരാക്കിയ പ്രശ്‌നം, ചത്തീസ്ഗഡിലെ വന്ധ്യകരണ ശത്രക്രിയ തുടങ്ങി നിരവധി വിഷയങ്ങൾ കേന്ദ്ര സർക്കാരിനെതിരെ ആയുധക്കാനാണ് പ്രതീക്ഷ നീക്കം. കള്ളപ്പണ വിഷയത്തിൽ സർക്കാരിന്റെ മലക്കം മറിച്ചിലും തൊഴിലുറപ്പു പദ്ധതി, ഭൂമി ഏറ്റെടുക്കൽ, പുനരധിവാസ പദ്ധതി തുടങ്ങിയവയിൽ മാറ്റം വരുത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾ സഭയിൽ തുറന്നെതിർക്കുമെന്ന് കോൺഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയതുമായും പഴയതുമായി 67 ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിൽ ഇൻഷ്വറൻസ് നിയമഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭയിൽ മൃഗീയ ഭൂരിപക്ഷം ഉണ്ടെങ്കിലും ചില ബില്ലുകളിലെങ്കിലും രാജ്യസഭയിൽ പ്രതിപക്ഷ സഹായം ആവശ്യമായി വരും. ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപം 26 ശതമാനത്തിൽനിന്ന് 49 ആക്കാനുള്ള ബിൽ രാജ്യസഭയുടെ സെലക്ട് കമ്മിറ്റി പരിഗണിച്ചിരുന്നു. ഈ ബിൽ സമ്മേളനത്തിൽ പാസാക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

ചരക്കുസേവന നികുതി ബില്ലിന്മേൽ ചില സംസ്ഥാനങ്ങൾക്ക് എതിർപ്പുണ്ടെങ്കിലും ഈ ബില്ലും പാസാക്കാൻ ശ്രമിക്കും.ശാരദ ചിട്ടി കുംഭകോണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം പദ്ധതികൾക്ക് കടിഞ്ഞാണിടാനുള്ള ഒരു ബിൽ കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ നേടിയ വിജയം നരേന്ദ്ര മോദി സർക്കാരിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. മന്ത്രിസഭാ വികസനം നടത്തിക്കഴിഞ്ഞുള്ള ആദ്യ സമ്മേളനമാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP