Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപം 49 ശതമാനമാക്കി വർധിപ്പിക്കാനുള്ള ബില്ലിന് ലോക്‌സഭയുടെ അംഗീകാരം; ഇടതുകക്ഷികൾ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ടു തള്ളി

ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപം 49 ശതമാനമാക്കി വർധിപ്പിക്കാനുള്ള ബില്ലിന് ലോക്‌സഭയുടെ അംഗീകാരം; ഇടതുകക്ഷികൾ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ടു തള്ളി

ന്യൂഡൽഹി: നേരിട്ടുള്ള വിദേശം നിക്ഷേപം ഇൻഷുറൻസ് മേഖലയിൽ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് ലോക്‌സഭയുടെ അംഗീകാരം. നേരിട്ടുള്ള വിദേശ നിക്ഷേപം 26 ശതമാനത്തിൽനിന്നും 49 ശതമാനമാക്കി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്ന ഇൻഷുറൻസ് ബില്ലിനാണ് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം മറികടന്ന് ലോക്‌സഭ അംഗീകാരം നൽകിയത്.

ഇടത് പാർട്ടികളുടെയും തൃണമൂൽ കോൺഗ്രസിന്റെയും എതിർപ്പുകൾ ഉയർന്നതിനിടെ ശബ്ദവോട്ടോടെയാണ് ലോക്‌സഭ ബിൽ പാസാക്കിയത്. ഇടതുപക്ഷ കക്ഷികൾ കൊണ്ടുവന്ന ഭേദഗതികളെല്ലാം വോട്ടിനിട്ടു തള്ളിയാണ് ബില്ലിന് അനുമതിയായത്.

വിദേശനിക്ഷേപ പരിധിയുമായി ബന്ധപ്പെട്ട ഓർഡിനൻസിന് പകരമായാണ് സർക്കാർ ചൊവ്വാഴ്ച ഭേദഗതിബിൽ അവതരിപ്പിച്ചത്. ചർച്ചക്ക് ശേഷം ഇടതു പാർട്ടികൾ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ട് തള്ളി. ഇൻഷുറൻസ് ഓർഡിനൻസ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സിപിഐയിലെ സി എൻ ജയദേവൻ അവതരിപ്പിച്ച പ്രമേയവും ശബ്ദവോട്ടിൽ പരാജയപ്പെട്ടു.

പ്രതിപക്ഷം രാജ്യസഭയിൽ എതിർക്കുന്ന സാഹചര്യത്തിൽ പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ബിൽ പാസാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. കൽക്കരിപാടം ലേലം ചെയ്യുന്നതിനുള്ള ബില്ലും ലോക്‌സഭ ഇന്ന് പാസാക്കി.

കോൺഗ്രസിതര പ്രതിപക്ഷമുയർത്തിയ പ്രതിഷേധം വോട്ടിനിട്ട് മറികടന്നാണ് ലോക്‌സഭയിൽ ഇൻഷുറൻസ് ബിൽ സർക്കാർ ചൊവ്വാഴ്ച അവതരിപ്പിച്ചത്. രാജ്യസഭയുടെ പരിഗണനയിലുള്ള ബിൽ പിൻവലിക്കാതെ ലോക് സഭയിലവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം ചോദ്യംചെയ്തിരുന്നു. ഇതുസംബന്ധിച്ച നിയമവശം പരിശോധിക്കുമെന്ന് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പി ജെ കുര്യൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ധനസഹമന്ത്രി ജയന്ത് സിൻഹയാണ് ലോക്‌സഭയിൽ ബില്ലവതരിപ്പിക്കാൻ കഴിഞ്ഞ ദിവസം അനുമതി തേടിയത്. ഇതിനെ എതിർത്ത് തൃണമൂൽ കോൺഗ്രസ്, സിപിഐ(എം)., ആർ.എസ്‌പി. അംഗങ്ങൾ രംഗത്തെത്തിയതോടെ സഭ ബഹളത്തിൽ മുങ്ങുകയായിരുന്നു. രാജ്യസഭയുടെ പരിഗണനയിലിരിക്കുന്ന ബില്ലിനു സമാനമായ മറ്റൊരു ബിൽ എങ്ങനെ ലോക്‌സഭയിലവതരിപ്പിക്കുമെന്ന് സിപിഐ(എം). നേതാവ് പി. കരുണാകരൻ ചോദിച്ചു. രാജ്യസഭയിലെ ബിൽ പിൻവലിക്കുകയോ അത് പരാജപ്പെടുകയോ ചെയ്യാതെ ലോക്‌സഭയിൽ പുതിയ ബിൽ കൊണ്ടുവരാൻ പറ്റില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസഭയുടെ സെലക്ട് കമ്മിറ്റി പരിഗണിച്ച് ഭേദഗതികൾ നിർദ്ദേശിച്ച ബിൽ പിൻവലിക്കാനുള്ള സർക്കാർനീക്കം പരാജയപ്പെട്ടതാണെന്ന് എ. സമ്പത്ത് ചൂണ്ടിക്കാട്ടി. എം.ബി. രാജേഷ്, പി.കെ. ശ്രീമതി, ആർ.എസ്‌പി. അംഗം എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവരും എതിർത്തുസംസാരിച്ചിരുന്നു.

മറ്റൊരു സഭയിൽ ഏതെങ്കിലും ബിൽ വെയ്ക്കുന്നതു തടയാൻ ചട്ടമില്ലെന്ന് ഡെപ്യൂട്ടി ചെയർമാൻ പി ജെ കുര്യൻ ചൂണ്ടിക്കാട്ടി. അവിടെ അവതരിപ്പിച്ചത് രാജ്യസഭയിലുള്ള അതേ ബില്ലാണോയെന്നറിയില്ല. അതേരൂപത്തിലുള്ള ബില്ലാണെങ്കിൽ അതിന്റെ ഭരണഘടനാസാധുത പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം തീരുമാനം പറയാമെന്നുമാണ് കഴിഞ്ഞ ദിവസം പി ജെ കുര്യൻ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP