Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തലാഖ് ഇനി ക്രിമിനൽ കുറ്റം; ബിൽ പാസാക്കി ലോക്‌സഭ; ചില വ്യവസ്ഥകൾ നീക്കംചെയ്യണമെന്ന പ്രതിപക്ഷ പ്രതിഷേധം ചെവിക്കൊണ്ടില്ല; ബിജെപിക്ക് ഭൂരിപക്ഷമുള്ള ലോക്‌സഭയിൽ പാസായെങ്കിലും രാജ്യസഭയിൽ എൻഡിഎയ്ക്ക് ബിൽ വെല്ലുവിളിതന്നെ; പ്രതിപക്ഷ ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളി ബിൽ പാസാക്കി; എസ്എംഎസ് വഴിപോലും മൊഴിചൊല്ലുന്ന രീതി മാറ്റുമെന്ന് പ്രഖ്യാപിച്ച് ബിജെപി; വലിയ എതിർപ്പുമായി മുസ്‌ളീം സമൂഹം

മുത്തലാഖ് ഇനി ക്രിമിനൽ കുറ്റം; ബിൽ പാസാക്കി ലോക്‌സഭ; ചില വ്യവസ്ഥകൾ നീക്കംചെയ്യണമെന്ന പ്രതിപക്ഷ പ്രതിഷേധം ചെവിക്കൊണ്ടില്ല; ബിജെപിക്ക് ഭൂരിപക്ഷമുള്ള ലോക്‌സഭയിൽ പാസായെങ്കിലും രാജ്യസഭയിൽ എൻഡിഎയ്ക്ക് ബിൽ വെല്ലുവിളിതന്നെ; പ്രതിപക്ഷ ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളി ബിൽ പാസാക്കി; എസ്എംഎസ് വഴിപോലും മൊഴിചൊല്ലുന്ന രീതി മാറ്റുമെന്ന് പ്രഖ്യാപിച്ച് ബിജെപി; വലിയ എതിർപ്പുമായി മുസ്‌ളീം സമൂഹം

ന്യൂഡൽഹി: മുസ്ലിം സമുദായത്തിലെ വിവാഹ മോചന രീതിയായ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിനുള്ള ബിൽ ലോക്‌സഭ പാസാക്കി. ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പ് ഉന്നയിച്ചെങ്കിലും പ്രതിപക്ഷ ബഹളത്തിനിടെ സഭ മുത്തലാഖ് ബിൽ പാസാക്കി. ബില്ലിലെ ചില വ്യവസ്ഥകൾ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തിനിടെയാണ് ബിൽ പാസാക്കിയത്.

വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ ലോക്‌സഭയിൽ ബിജെപിക്ക് മുത്തലാഖ് ബിൽ പാസാക്കുന്നത് വെല്ലുവിളിയായില്ല. എന്നാൽ അണ്ണാ ഡി.എം.കെ അടക്കമുള്ള പാർട്ടികൾ ബില്ലിനെതിരെ ആക്ഷേപം ഉന്നയിച്ച സ്ഥിതിക്ക് രാജ്യസഭയിൽ ഇത് പാസാക്കിയെടുക്കുക കേന്ദ്രസർക്കാരിന് വെല്ലുവിളിയാകും. പ്രതിപക്ഷ എതിർപ്പ് ശബ്ദവോട്ടോടെ തള്ളിയാണ് ലോക്‌സഭ ബിൽ പാസാക്കിയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബിൽ എന്ന പേരിൽ മുത്തലാഖ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഇന്ത്യയെ സംബന്ധിച്ചടത്തോളം ചരിത്രപരമായ ദിവസമാണിതെന്ന് ബിൽ അവതരിപ്പിച്ചു കൊണ്ട് രവിശങ്കർ പ്രസാദ് പറഞ്ഞു. ബില്ലിനെ എല്ലാവരും പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച മന്ത്രി, ഇതിൽ മതത്തിന്റേയോ വിശ്വാസത്തിന്റേയോ പ്രശ്‌നമില്ലെന്നും വ്യക്തമാക്കി. സ്ത്രീകൾക്കും തുല്യത ഉറപ്പാക്കുകയാണ് ഈ ബില്ലിലൂടെ കേന്ദ്രം ചെയ്യുന്നത്. ലിംഗ സമത്വവും സ്ത്രീകളുടെ അന്തസും കാത്തുസൂക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ളിം ശരിയത്ത് നിയമത്തിൽ കേന്ദ്ര സർക്കാർ ഒരിക്കലും ഇടപെടുന്നില്ല. അത്തരത്തിലുള്ള പ്രചരണം തെറ്റാണ്. വോട്ട് ബാങ്ക് നോക്കിയോ വിശ്വാസത്തെ കണക്കിലെടുത്തോ ബില്ലിനെ അനാവശ്യമായി എതിർക്കരുതെന്നും മന്ത്രി പറഞ്ഞു. ബിൽ അവതരിപ്പിച്ചതിന് പിന്നാലെ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായി എൻ കെ പ്രേമചന്ദ്രനെ ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ ക്ഷണിച്ചു. ബിൽ കൂടുതൽ ചർച്ചകൂടാതെ പാസാക്കരുതെന്ന നിലപാട് അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിൽ പ്രതിപക്ഷത്തിൽ നിന്ന് കൂടുതൽ സമവായം വേണമെന്നും ബിൽ തിടുക്കപ്പെട്ട് പാസാക്കരുതെന്നും ആവശ്യമുയർന്നു. എന്നാൽ ലോക്‌സഭയിൽ ബിൽ പാസാക്കാൻ ഉറച്ചായിരുന്നു ബിജെപി നീക്കം.

അതേസമയം,? മുത്തലാഖ് ഇല്ലാതാക്കുന്നതിനെ പിന്തുണയ്ക്കുന്നെങ്കിലും മുത്തലാഖ് ചൊല്ലുന്നവർക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകാനുള്ള നീക്കത്തെ കോൺഗ്രസ് എതിർക്കുകയാണ്. ശിക്ഷയ്ക്ക് പകരം സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

മുത്തലാഖിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നയാൾ ജയിലിൽ ആയാൽ എങ്ങനെയാണ് ജീവനാംശം നൽ?കുന്നതെന്നും അവർ ചോദിക്കുന്നു. എന്നാൽ ജീവനാംശത്തിന്റെ കാര്യം നിഷേധിക്കുന്നില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് മറുപടി നൽകി. ഇക്കാര്യം മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പ്രതിപക്ഷത്തിനോട് വിശദീകരിച്ചു.

അസറുദ്ദീൻ ഒവൈസി നിർദ്ദേശിച്ച ഭേദഗതിയുടെ അടിസ്ഥാനത്തിൽ വോട്ടെടുപ്പ് നടത്തിയതെങ്കിലും ഇത് വോട്ടിനിട്ട് തള്ളി. വിവാഹം എന്നത് സാമൂഹിക കരാറാണെന്നും അതിനെ ക്രിമിനൽ ചട്ടങ്ങളിലൂടെ കാണരുതെന്നും ഒവൈസി ആവശ്യപ്പെട്ടു. നിയമങ്ങൾ മനുഷ്യരെ നല്ലവരാക്കുന്നില്ലെന്നും സമൂഹമാണ് മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ബിൽ പാസാക്കുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രതിനിധികൾ സഭ വിട്ടിറങ്ങി. ബിൽ അവതരിപ്പിക്കുകയും ബിജെപി അത് പാസ്സാക്കുയും ചെയ്തതോടെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. ബില്ലിന്റെ കാര്യത്തിൽ ചർച്ച നടത്താതെ അക്കാര്യം പാസാക്കിയെടുത്ത ബിജെപി നടപടി തികച്ചും ഏകപക്ഷീയമാണെന്ന് പ്രതിപക്ഷത്തെ നേതാക്കളെല്ലാം കുറ്റപ്പെടുത്തുന്നു.

തലാഖ് ചൊല്ലൽ ക്രിമിനൽ കുറ്റമാണെന്നും മൂന്നുവർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നതോടെ മുസ്‌ളീംസ്ത്രീകൾക്ക് വേണ്ടിയാണ് ബില്ലെന്ന് വ്യക്തമാക്കുകയാണ് അതേസമയം ബിജെപി. അവർ അടിച്ചമർത്തപ്പെടുകയാണെന്നു വരുത്താൻ ബോധപൂർവ ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മുസ്‌ളീം നേതാക്കളും ആക്ഷേപിക്കുന്നു. ശരീഅത്ത് നിയമത്തിൽ സർക്കാരിന്റെ ഇടപെടലാണ് ഇതെന്നും ഇത് വർഗീയതയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. വ്യക്തിനിയമത്തിലുള്ള കടന്നുകയറ്റമാണ് ബിൽ എന്ന വാദമാണ് പ്രതിപക്ഷവും മുസ്‌ളീം നേതാക്കളും ഉയർത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP