Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യസഭയ്ക്ക് പാസാക്കാൻ വയ്യെങ്കിൽ ഞങ്ങൾ ഓർഡിനൻസായി ഇറക്കി കലക്കും; ജനദ്രോഹഭൂമി ഏറ്റെടുക്കൽ ബിൽ വീണ്ടും ഓർഡിനൻസ് ഇറക്കി നിലനിർത്തി മോദി സർക്കാർ; പല്ലും നഖവും ഉപയോഗിച്ച് എതിർക്കാൻ പ്രതിപക്ഷം

രാജ്യസഭയ്ക്ക് പാസാക്കാൻ വയ്യെങ്കിൽ ഞങ്ങൾ ഓർഡിനൻസായി ഇറക്കി കലക്കും; ജനദ്രോഹഭൂമി ഏറ്റെടുക്കൽ ബിൽ വീണ്ടും ഓർഡിനൻസ് ഇറക്കി നിലനിർത്തി മോദി സർക്കാർ; പല്ലും നഖവും ഉപയോഗിച്ച് എതിർക്കാൻ പ്രതിപക്ഷം

ന്യൂഡൽഹി : രാജ്യസഭയിൽ പാസാകാൻ സാധ്യതയില്ലാത്തതിനാൽ മാറ്റിവയ്ക്കപ്പെട്ട ഭൂമി ഏറ്റെടുക്കൽ ബിൽ, ഓർഡിനൻസായി വീണ്ടും ഇറക്കി. ലോക്‌സഭ കഴിഞ്ഞ മാസം പാസാക്കിയ ബില്ലിൽ ഉൾപ്പെടുത്തിയ ഭേദഗതികളെല്ലാമുള്ളതാണ് പുതിയ ഓർഡിനൻസ്. കേന്ദ്ര സർക്കാരിന്റെ ശുപാർശ പ്രകാരം ഓർഡിനൻസിൽ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജി ഒപ്പിട്ടു. അതിനിടെ ഓർഡിനൻസിനെതിരെ സമരം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

യുപിഎ സർക്കാർ 2013ൽ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ജനഹിതകരമായ വ്യവസ്ഥകളെല്ലാം ഒഴിവാക്കിയുള്ളതും കോർപറേറ്റുകളുടെ താൽപര്യം മാത്രം കണക്കിലെടുക്കുന്നതുമാണു പുതിയ ബില്ലെന്ന് ആരോപിച്ചു കോൺഗ്രസും ഇടതു പാർട്ടികളും സമരം ശക്തമാക്കും. നിലവിലെ നിയമത്തിനു ഭേദഗതികൾ വരുത്തി കഴിഞ്ഞ ഡിസംബർ 31നാണ് കേന്ദ്രസർക്കാർ ആദ്യം ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് ഇറക്കിയത്. അതിന്റെ കാലാവധി നാളെ തീരും. അതിനാലാണു വീണ്ടും ഓർഡിനൻസിന്റെ വഴി തേടാൻ സർക്കാർ നിർബന്ധിതമായത്.

പ്രതിരോധം, ഗ്രാമീണ അടിസ്ഥാന സൗകര്യം, ചെലവുകുറഞ്ഞ ഭവനപദ്ധതി, വഴികൾക്കും റയിൽ പാതകൾക്കും ഒരുകിലോമീറ്ററിനുള്ളിൽ സർക്കാർ നിർമ്മിക്കുന്ന വ്യാവസായിക ഇടനാഴി, അടിസ്ഥാന സൗകര്യവികസനം എന്നിങ്ങനെ അഞ്ചുതരം പദ്ധതികൾക്കു ഭൂമി ഏറ്റെടുക്കുമ്പോൾ ഉടമകളുടെ സമ്മതം ചോദിക്കേണ്ടതില്ലെന്നാണ് വിവാദ ബില്ലിലെ ഒരു വ്യവസ്ഥ. സ്വകാര്യ പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ഉടമകളിൽ 80 ശതമാനത്തിന്റെയും പൊതു - സ്വകാര്യ പദ്ധതികൾക്ക് 70 ശതമാനത്തിന്റെയും സമ്മതം വേണമെന്നായിരുന്നു നേരത്തെ വ്യവസ്ഥ. ഇതാണു മാറ്റിയത്.

മേൽപറഞ്ഞ അഞ്ചുതരം പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ സാമൂഹിക ആഘാത പഠനം വേണ്ട. വർഷത്തിൽ ഒന്നിലേറെ തവണ കൃഷിയിറക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ വിജ്ഞാപനമിറക്കി ഒഴിവാക്കാം. ആവശ്യമുള്ളതിലധികം ഭൂമി ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമാവണം വിജ്ഞാപനം. ഏറ്റെടുത്ത ഭൂമി അഞ്ചു വർഷത്തിനുള്ളിൽ ഉപയോഗിക്കുന്നില്ലെങ്കിൽ മടക്കി നൽകുകയോ ഭൂ ബാങ്കിലേക്കു വകയിരുത്തുകയോ വേണമെന്നായിരുന്നു 2013ലെ നിയമത്തിലുള്ള വ്യവസ്ഥ. അതിനു പകരം, അഞ്ചു വർഷത്തിനകമോ പദ്ധതി തുടങ്ങുമ്പോൾ പ്രഖ്യാപിക്കുന്ന സമയപരിധിക്കുള്ളിലോ ഉപയോഗിച്ചില്ലെങ്കിൽ മാത്രം ഭൂമി മടക്കി നൽകിയാൽ മതിയെന്നാണ് പുതിയ വ്യവസ്ഥ.

സർക്കാരിനും പൊതു - സ്വകാര്യ സംരംഭങ്ങൾക്കും പൊതു ആവശ്യങ്ങൾക്കായി സ്വകാര്യ കമ്പനികൾക്കും ഭൂമി ഏറ്റെടുക്കാമെന്നാണ് 2013ലെ നിയമത്തിലുണ്ടായിരുന്ന വ്യവസ്ഥ. ഇപ്പോൾ, സ്വകാര്യ കമ്പനി എന്നത് സ്വകാര്യ സംരംഭം എന്നാക്കി മാറ്റിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമുണ്ടായാൽ ബന്ധപ്പെട്ട സർക്കാർ വകുപ്പിന്റെ തലവനെതിരെ നിയമ നടപടിക്ക് 2013ലെ നിയമം വ്യവസ്ഥ ചെയ്തു. അതിനുപകരം, സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നാണ് പുതിയ വ്യവസ്ഥ.

ബിൽ ലോക്‌സഭയിൽ പാസാക്കി രാജ്യസഭയുടെ പരിഗണനയ്ക്കു വിട്ടു. എന്നാൽ, രാജ്യസഭയിൽ പാസാകില്ലെന്നു ബോധ്യപ്പെട്ടതോടെ ശ്രമം ഉപേക്ഷിച്ചു. ബിജു ജനതാദളും അണ്ണാ ഡിഎംകെയും മാത്രമാണു സർക്കാർ അനുകൂല നിലപാടെടുത്തത്. ലോക്‌സഭയിൽ ബിൽ വോട്ടിനിട്ടപ്പോൾ ഭരണപക്ഷത്തെ ശിവസേന വിട്ടുനിൽക്കുകയും ചെയ്തിരുന്നു.

പാർലമെന്റ് സമ്മേളിച്ച് ആറാഴ്ചയ്ക്കുള്ളിൽ ഓർഡിനൻസുകൾക്കു സഭയുടെ അംഗീകാരം നേടണമെന്നാണു വ്യവസ്ഥ. അതിന്റെ ഭാഗമായാണ് ഓർഡിനൻസിനു പകരമായി ബിൽ കൊണ്ടുവരുന്നത്. ഒരു സഭ മാത്രം പാസാക്കിയ ബിൽ പ്രാബല്യത്തിലാകാത്ത സ്ഥിതിക്ക് ഡിസംബറിലെ ഓർഡിനൻസ് തന്നെ തുടർന്നു. അതിന്റെ കാലാവധിയാണു നാളെ അവസാനിക്കുന്നത്.

ഒരു സഭയെങ്കിലും സമ്മേളനത്തിലല്ലെങ്കിൽ മാത്രമേ വീണ്ടും ഓർഡിനൻസ് ഇറക്കാൻ സാധിക്കുകയുള്ളു. ബജറ്റ് സമ്മേളനത്തിന്റെ ഇടവേളയ്ക്കായി ഇരുസഭകളും കഴിഞ്ഞ 20നു പിരിഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ, രാജ്യസഭയുടെ നടപ്പുസമ്മേളനം അവസാനിച്ചതായി കഴിഞ്ഞ 28നു പ്രഖ്യാപനമുണ്ടായി. പുതിയ ഓർഡിനൻസിന് കഴിഞ്ഞ 31നു മന്ത്രിസഭ അംഗീകാരം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP