Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കും; ഇക്കാര്യത്തിൽ ഒരുമതവിഭാഗത്തിനും പരിഭ്രാന്തി വേണ്ട; മതഭേദമില്ലാതെ എല്ലാവരെയും രജിസ്റ്ററിൽ ഉൾപ്പെടുത്തും; കരട് പട്ടികയിൽ പെടാത്തവർക്ക് ട്രിബ്യൂണലുകളെ സമീപിക്കാൻ അവകാശമുണ്ടെന്നും അമിത്ഷാ; കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിലായെന്നും ഇന്റർനെറ്റ് വിലക്ക് ശരിയായ സമയത്ത് പിൻവലിക്കുമെന്നും രാജ്യസഭയിൽ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവകാശവാദത്തെ ശക്തമായി ചെറുത്ത് കോൺഗ്രസ്

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കും; ഇക്കാര്യത്തിൽ ഒരുമതവിഭാഗത്തിനും പരിഭ്രാന്തി വേണ്ട; മതഭേദമില്ലാതെ എല്ലാവരെയും രജിസ്റ്ററിൽ ഉൾപ്പെടുത്തും; കരട് പട്ടികയിൽ പെടാത്തവർക്ക് ട്രിബ്യൂണലുകളെ സമീപിക്കാൻ അവകാശമുണ്ടെന്നും അമിത്ഷാ; കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിലായെന്നും ഇന്റർനെറ്റ് വിലക്ക് ശരിയായ സമയത്ത് പിൻവലിക്കുമെന്നും രാജ്യസഭയിൽ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവകാശവാദത്തെ ശക്തമായി ചെറുത്ത് കോൺഗ്രസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററിൽ മതഭേദമില്ലാതെ രാജ്യത്തെ എല്ലാ പൗരന്മാരെയും ഉൾപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി ബില്ലിൽ നിന്നും വ്യത്യസ്തമാണ് പൗരത്വ രജിസ്റ്റർ. പൗരത്വ രജിസ്റ്ററിൽ നിന്ന് ചില മതവിഭാഗങ്ങളെ ഒഴിവാക്കാൻ വകുപ്പുകളൊന്നുമില്ല. മതവ്യത്യാസമില്ലാതെ എല്ലാ പൗരന്മാരെയും രജിസ്റ്ററിൽ ചേർക്കും, അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുമെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഇക്കാര്യത്തിൽ ഒരുമതവിഭാഗത്തിൽ പെട്ടവരും പരിഭ്രമിക്കേണ്ടതില്ല. എല്ലാവരെയും പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്തുക എന്നത് ഒരു പ്രക്രിയ മാത്രമാണ്.

കരട് പട്ടികയിൽ പേര് വരാത്തവർക്ക് ട്രിബ്യൂണലിനെ സമീപിക്കാനുള്ള അവകാശമുണ്ട്. അസമിൽ ഉടനീളം ട്രിബ്യൂണലുകൾ സ്ഥാപിക്കും. ട്രിബ്യൂണലിനെ സമീപിക്കാൻ നിയമസഹായത്തിന് കഴിവില്ലാത്തവർക്ക് വേണ്ടി അഭിഭാഷകരെ ചുമതലപ്പെടുത്താൻ അസം സർക്കാർ ചെലവ് വഹിക്കും. പൗരത്വ ഭേദഗതി ബില്ലും രാജ്യത്ത് ആവശ്യമാണെന്ന് അമിത്ഷാ പറഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഹിന്ദു, ബുദ്ധിസ്റ്റ്, സിക്ക്, ജെയിൻ, ക്രിസ്ത്യൻ, പാഴ്‌സി അഭയാർഥികൾ മതാടിസ്ഥാനത്തിൽ വിവേചനം അനുഭവിക്കുന്നത് കണക്കിലെടുക്കുമ്പോൾ അത്തരക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകേണ്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി ബിൽ, 2016 ജനുവരി എട്ടിനാണ് ലോക്‌സഭ പാസാക്കിയത്. ഡിസംബർ 31, 2014 ന് മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ്, പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതരർക്ക് പൗരത്വം നൽകാൻ ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവന്നത്. ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്ററിൽ 3,11,21,004 പേരാണ് ഉൾപ്പെട്ടത്. അതേസമയം, 19,06,657 പേർ ഇപ്പോഴും രജിസ്റ്ററിന് പുറത്താണ്.

കശ്മീരിൽ സ്ഥിതി ശാന്തം

ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന് അമിത്ഷാ അവകാശപ്പെട്ടു. ഉചിതമായ സമയത്ത് സംസ്ഥാനത്ത്ഏർപ്പെടുത്തിയ ഇന്റർനെറ്റ് വിലക്ക് ഭരണകൂടം പിൻവലിക്കും. കശ്മീരിലെ അന്തരീക്ഷം പൂർണമായി സമാധാനപരമല്ല. അതിർത്തികളിൽ ഉടനീളം സംഘർഷം നിലനിൽക്കുന്നുവെന്നും അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി.ഇന്റർനെറ്റ്് സൗകര്യങ്ങൾ അനിവാര്യമാണെന്ന് അംഗീകരിക്കുന്നു. അതേസമയം, ദേശസുരക്ഷയും ജമ്മു കശ്മീരിലെ പൗരന്മാരുടെ സുരക്ഷയും പ്രധാനമാണ്.

തീവ്രവാദികൾക്കെതിരെയാണ് പോരാട്ടം. അത്യാവശ്യ കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും അമിത് ഷാ പറഞ്ഞു.ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണ്. സ്‌കൂളുകളും കോളജുകളും തുറന്നു. ആപ്പിൾ വ്യാപാരം നല്ല രീതിയിൽ നടക്കുന്നുണ്ട്. ദിനപത്ര വിതരണവും ടി.വി ചാനലുകളും സാധാരണ നിലയിലാണ്. ബാങ്ക് അടക്കം എല്ലാ ധനകാര്യ സ്ഥാപനങ്ങളും കശിമീരിൽ പ്രവർത്തിക്കുന്നുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.അമിത് ഷായുടെ അവകാശവാദത്തെ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ശക്തമായ ഭാഷയിൽ എതിർത്തു. സ്‌കൂളുകളും കോളജുകളും തുറന്നിട്ടുണ്ടെങ്കിലും വിദ്യാർത്ഥികളുടെ ഹാജർ കുറവാണെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് സുരക്ഷിതമായി പോകാൻ സാധിക്കാത്ത സ്ഥിതി വിശേഷമാണ്. പാക്കിസ്ഥാനിൽ നിന്നും നിരവധി വർഷങ്ങളായി ഭീഷണി നിലനിൽക്കുന്നുണ്ട്. ഇത് പുതിയ കാര്യമല്ല. ഇന്റർനെറ്റ് സൗകര്യമില്ലാതെ എങ്ങനെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നടത്താൻ സാധിക്കുമെന്നും ഇതിന് പരിഹാരമില്ലേ എന്നും ഗുലാം നബി ആസാദ് ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP