Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പൗരത്വ ഭേദഗതി നിയമത്തോടെ ഗാന്ധിജിയുടെ സ്വപ്‌നം സർക്കാർ യാഥാർത്ഥ്യമാക്കി എന്ന് രാഷ്ട്രപതി; അയോധ്യാ വിധിയെ രാജ്യം സ്വീകരിച്ചത് പക്വതയോടെ; ദാരിദ്യ രേഖക്ക് താഴെയുള്ളവർക്കായി നിരവധി പദ്ധതികൾ എന്നും രാംനാഥ് കോവിന്ദ് നയപ്രഖ്യാപനത്തിൽ; പ്രതിഷേധവുമായി പ്രതിപക്ഷവും

പൗരത്വ ഭേദഗതി നിയമത്തോടെ ഗാന്ധിജിയുടെ സ്വപ്‌നം സർക്കാർ യാഥാർത്ഥ്യമാക്കി എന്ന് രാഷ്ട്രപതി; അയോധ്യാ വിധിയെ രാജ്യം സ്വീകരിച്ചത് പക്വതയോടെ; ദാരിദ്യ രേഖക്ക് താഴെയുള്ളവർക്കായി നിരവധി പദ്ധതികൾ എന്നും രാംനാഥ് കോവിന്ദ് നയപ്രഖ്യാപനത്തിൽ; പ്രതിഷേധവുമായി പ്രതിപക്ഷവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റുസമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. രാജ്യസഭയുടെയും ലോക്സഭയുടെയും സംയുക്തസമ്മേളനത്തെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തത്. നയപ്രഖ്യാപനത്തിൽ പൗരത്വ ഭേദഗതി നിയമവും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ വൈവിധ്യങ്ങളെ പൗരത്വ ഭേദഗതി നിയമം ബാധിക്കില്ലെന്നും രാം നാഥ് കോവിന്ദ് പാർലമെന്റിൽ പറഞ്ഞു. ഗാന്ധിജിയുടെ സ്വപ്‌നമാണ്  നടപ്പായതെന്ന് അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ അനധികൃത കോളനികൾ ഇല്ലാതാക്കിയതോടെ 40 ലക്ഷം ജനങ്ങൾക്ക് നേട്ടമുണ്ടായതായും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക നിരവധി പദ്ധതികൾ നടപ്പിലാക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ ഇല്ലാതാക്കിയത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ വിധിയേയും അദ്ദേഹം തന്റെ നയപ്രഖ്യാപനത്തിൽ പരാമർശിച്ചു. രാജ്യം പക്വതയോടെയാണ് അയോധ്യ വിധിയെ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് സാമ്പത്തിക വിഷയങ്ങളിലായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ വ്യക്തമാക്കിയിരുന്നു. ബജറ്റ് സമ്മേളനത്തിനായി പാർലമെന്റിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'2020-ലെ ആദ്യ പാർലമെന്റ് സമ്മേളനമാണിത്. ഈ ദശകത്തിലേയും ആദ്യ സമ്മേളനമാണ്. ഈ ദശകത്തിൽ ശോഭനമായ ഭാവി ഉറപ്പാക്കാൻ നാമെല്ലാവരും ശ്രമിക്കണം. ഒപ്പം ശക്തമായ അടിത്തറയും സൃഷ്ടിക്കണം. ഈ സമ്മേളനം പ്രധാനമായും സാമ്പത്തിക വിഷയങ്ങളിൽ കേന്ദ്രീകരിക്കും. ഇതുസംബന്ധിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും മികച്ച സംവാദങ്ങൾ നടക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' മോദി പറഞ്ഞു.

സ്ത്രീശാക്തീകരണത്തിലും അടിച്ചമർത്തപ്പെട്ടവരിലുമാണ് തങ്ങൾ ശ്രദ്ധകേന്ദ്രീകരിച്ചത്. ഈ ദശകത്തിലും തങ്ങൾ അത് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 'ഇരുസഭകളിലും വിശാലവും ഗുണപരവുമായ ചർച്ചകളാണ് ആഗ്രഹിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിലും നിലവിലെ ആഗോള സാമ്പത്തിക സ്ഥിതിയെ ഇന്ത്യക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിലും ശ്രദ്ധകേന്ദ്രീകരിക്കും'. അദ്ദേഹം പറഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇതിനിടെ പാർലമെന്റിനകത്തും പുറത്തും കോൺഗ്രസ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗസമയത്ത് എംപി.മാർ കറുത്ത ബാഡ്ജ് ധരിച്ചാണ് എത്തിയത്. ഭരണഘടനയെ രക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി പാർലമെന്റിന് പുറത്തും കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. സോണിയയും ഗുലാംനബി ആസാദും അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ പ്രതിഷേധ സൂചകമായി മുൻനിര ഒഴിവാക്കി പിൻനിരയിലാണ് ഇരുന്നത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗസമയം കോൺഗ്രസ് എംപി.മാർ കറുത്ത ബാഡ്ജ് ധരിക്കുമെന്ന് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് നേരത്തേ വ്യക്തമാക്കിയിരുന്നു.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ചാണിതെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 11-ന് ആദ്യഘട്ട ബജറ്റുസമ്മേളനം കഴിഞ്ഞാൽ മാർച്ച് രണ്ടിനുതുടങ്ങി ഏപ്രിൽ മൂന്നുവരെ രണ്ടാംഘട്ട സമ്മേളനം നടക്കും. സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ തീരുമാനിക്കാൻ ശനിയാഴ്ച പ്രതിപക്ഷപാർട്ടികളുടെ യോഗം ചേർന്നേക്കും. ബജറ്റിനുമുന്നോടിയായുള്ള സാമ്പത്തികസർവേ അവതരിപ്പിക്കും. ശനിയാഴ്ചയാണ് ബജറ്റ്.

നയപ്രഖ്യാപനത്തിലെ പ്രധാന പരാമർശങ്ങൾ

  • രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് മഹാത്മഗാന്ധിയുടേയും ജവഹർലാൽ നെഹ്‌റുവിന്റേയും സ്വപ്നങ്ങൾ പൂർത്തിയാവുന്ന പതിറ്റാണ്ട്.
  • പതിമൂന്നാം ലോക്‌സഭയുടെ ആദ്യത്തെ ഏഴ് മാസത്തിൽ തന്നെ നിർണായകമായ നിരവധി ബില്ലുകൾ സഭയ്ക്ക് പാസാക്കാൻ സാധിച്ചു.
  • രാമജന്മഭൂമി പ്രശനത്തിലെ സുപ്രീംകോടതി വിധി സമാധാനപൂർവ്വം സ്വീകരിച്ച ഇന്ത്യയിലെ ജനങ്ങളേയും രാഷ്ട്രപതി അനുമോദിച്ചു.
    ഈ ദശാബ്ദം ഇന്ത്യയ്ക്ക് വളരെ നിർണായകം
  • രാജ്യത്തിന്റെ ഒരു ഭാഗവും വികസനത്തിൽ വിവേചനം നേരിടാൻ പാടില്ലെന്ന് 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെ പരാമർശിച്ചു കൊണ്ട് രാഷ്ട്രപതി പറഞ്ഞു. ജമ്മു കശ്മീരിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പ് സമാധാനപൂർവ്വം പൂർത്തിയായെന്നും ജമ്മു കശ്മീരിലേയും ലഡാക്കിലേയും വികസനം രാജ്യത്തിന്റെ മൊത്തം വികസനത്തിലും നിർണായകമാണെന്നും രാഷ്ട്രപതി.
  • 370,35-എ വകുപ്പുകൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലൂടെ പാർലമെന്റിലെ ഇരുസഭകളിലും പാസാക്കുക വഴി ചരിത്രം സൃഷ്ടിക്കുക മാത്രമല്ല. ജമ്മു കശ്മീർ, ലഡാക്ക് മേഖലകളുടെ തത്തുല്യവികസനത്തിന് വഴിയൊരുക്കുക കൂടിയാണ് ചെയ്തത്. ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്നമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്. 370 അനുഛേദം റദ്ദാക്കിയ ശേഷം കശ്മീരിലെ സ്ഥിതി ശാന്തമായി തുടരുന്നു.
  • മുസ്‌ലീം സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ മുത്തലാഖ് അടക്കമുള്ള നിരവധി നിയമഭേദഗതികൾ ഈ സർക്കാർ കൊണ്ടു വന്നു,.
    വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ അതിവേഗ വികസനമാണ് നടക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി നിരവധി പദ്ധതികൾ ഈ സർക്കാർ നടപ്പാക്കുകയുണ്ടായി.
  • ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ നമ്മുക്കായി. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നു.
    ഗാന്ധിജിയുടെ സ്വപ്നമാണ് പൗരത്വ നിയമഭേദഗതിയിലൂടെ യഥാർത്ഥ്യമായത്. പാക്കിസ്ഥാനിലെ ന്യൂനപങ്ങളുടെ ക്ഷേമം ഗാന്ധിജിയുടെ സ്വപ്നമായിരുന്നു.
  • പൗരത്വ നിയമഭേദഗതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വൈവിധ്യങ്ങളെ ബാധിക്കില്ല
  • 8 കോടി പാവങ്ങൾക്ക് ഗ്യാസ് കണക്ഷൻ ഉൾപ്പടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്കായി ഒരുപാട് പദ്ധതി നടപ്പാക്കി
  • ഡൽഹിയിലെ അനധികൃതകോളനികൾ നിയമവിധേയമാക്കിയത് 40 ലക്ഷം ജനങ്ങൾക്ക് അനുഗ്രഹമായി മാറി.
  • വികസനത്തിൽ എല്ലാ വിഭാഗങ്ങളേയും ഒരുപോലെ മുന്നോട്ടു നയിക്കുന്നതാണ് സർക്കാർ നയം.
  • പ്രതിഷേധങ്ങളുടെ പേരിലുള്ള അക്രമങ്ങൾ രാജ്യത്തെയും സമൂഹത്തെയും ദുർബലപ്പെടുത്തും
  • ജി എസ് ടി നടപ്പാക്കിയത് നികുതിരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കി
  • സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വലിയ മാറ്റങ്ങൾ രാജ്യത്തുകൊണ്ടുവന്നു
  • കർത്താർപൂർ ഇടനാഴി റെക്കോർഡ് സമയം കൊണ്ടു പൂർത്തിയാക്കാൻ ഈ സർക്കാരിനായി. ഗുരു നാനക്കിന്റെ 550-ാം പ്രകാശ് പർവ് ദിനത്തിൽ ഇടനാഴി രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു.
  • പരസ്പര ബഹുമാനവും വിശ്വാസവും നിലനിർത്തി കൊണ്ടുള്ള ചർച്ചകളിലൂടേയും സംവാദങ്ങളിലൂടേയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാർ നയം.
  • ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം രാജ്യത്തെ 24 കോടി ജനങ്ങൾക്ക് ലഭിച്ചു. രണ്ടരക്കോടി ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി കണക്ഷൻ ലഭിച്ചു.
  • 5 ട്രില്ല്യൺ ഡോളർ സാമ്പത്തിക ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP