Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദേശയാത്രകളിൽ പ്രധാനമന്ത്രിയുടെ കുളിയും വിശ്രമവുമെല്ലാം ഇനി വിമാനത്താവളത്തിൽ; പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കുന്നത് ചെലവ് ചുരുക്കലിന്റെ ഭാഗമായി; സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഭേദഗതി ബില്ലിനെ കുറിച്ചുള്ള ചർച്ചയിൽ അമിത് ഷാ സൂചന നൽകിയത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളുണ്ടാകുമെന്നും

വിദേശയാത്രകളിൽ പ്രധാനമന്ത്രിയുടെ കുളിയും വിശ്രമവുമെല്ലാം ഇനി വിമാനത്താവളത്തിൽ; പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കുന്നത് ചെലവ് ചുരുക്കലിന്റെ ഭാഗമായി; സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഭേദഗതി ബില്ലിനെ കുറിച്ചുള്ള ചർച്ചയിൽ അമിത് ഷാ സൂചന നൽകിയത് കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളുണ്ടാകുമെന്നും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ കർശനമായ ചെലവ്ചുരുക്കലിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി സൂചന. എസ്‌പിജി സുരക്ഷയുമായി ബന്ധപ്പെട്ട സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഭേദഗതി ബിൽ 2019 നെ കുറിച്ചുള്ള ചർച്ചയ്ക്കിടയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെലവ് ചുരുക്കലിന് സർക്കാർ ഒരുങ്ങുന്നതായി സൂചിപ്പിച്ചത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകളിലെ ഇടവേളകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഇനി ഒഴിവാക്കും എന്ന് അമിത് ഷാ പാർലമെന്റിൽ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്കുകൾ താഴേക്ക് പോവുകയും സമ്പദ്ഘടന പ്രതിസന്ധിയെ നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി അവസരത്തിനൊത്ത് ഉയരുന്നത്. വിദേശയാത്രക്കിടയിൽ വിമാനങ്ങൾക്കിടയിലുള്ള ഇടവേളകളിൽ ഹോട്ടലുകൾ വേണ്ടെന്ന് വെക്കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുന്നത്. വിമാനത്താവള ടെർമിനലിൽ തന്നെ കുളിയും വിശ്രമവും കഴിക്കാനാണ് ആലോചന. ഇതുവരെ ഇത്തരം കാര്യങ്ങൾക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളാണ് മോദി ഉപയോഗിച്ചിരുന്നത്. അതിനി ഉണ്ടാവില്ലെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.

മോദി വളരെ ലളിതജീവിതം നയിക്കുന്ന ആളാണ്, അച്ചടക്കമുള്ള വ്യക്തിയുമാണ്. വിദേശയാത്രകളിൽ അദ്ദേഹം 20 ശതമാനം ജീവനക്കാരെ മാത്രമേ കൂടെ കൂട്ടാറുള്ളു. ഔദ്യോഗിക പരിപാടികളിൽ കൂടുതൽ കാറുകൾ ഉപയോഗിക്കുന്നതിനും അദ്ദേഹം എതിരാണ്. ഇപ്പോൾ വലിയ ബസുകളാണ് ഇതിനുപയോഗിക്കുന്നത്. അതുവഴി ഓരോ ഓഫിസർമാർക്കും ഓരോ കാറെന്ന രീതി ഒഴിവാക്കാനായി- അമിത് ഷാ മോദിയുടെ ചെലവുചുരുക്കൽ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.

കഴിഞ്ഞ 20 വർഷമായി മോദി രാജ്യം നൽകുന്ന സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ ഒരിക്കൽ പോലും അത് ദുരുപയോഗം ചെയ്തിരുന്നില്ല. അദ്ദേഹം സുരക്ഷാവലയം ഒരിക്കലും ഭേദിച്ചിട്ടില്ലെന്നും എന്നാൽ ഗാന്ധി കുടുംബം അത് ചെയ്തെന്നും ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി. ഗാന്ധി കുടുംബം എസ്‌പിജി സുരക്ഷ ദുരുപയോഗം ചെയ്തെന്നും അമിത് ഷാ ആരോപിച്ചു.

പ്രതിപക്ഷ ബഹളത്തിനിടെയാണ് ലോക്‌സഭയിൽ എസ്‌പിജി ഭേദഗതി ബിൽ ലോക്സഭ പാസാക്കിയത്. ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ടാണ് അമിത്ഷാ എസ്‌പിജി ഭേദഗതി ബിൽ പാസ്സാക്കിയതെന്ന് ആരോപിച്ച് കോൺഗ്രസ് സഭയിൽ നിന്നും ഇറങ്ങിപ്പോയി. ജനങ്ങളുടെ തീരുമാനം കോൺഗ്രസ് അംഗീകരിക്കണമെന്നും ഇപ്പോൾ അധികാരത്തിലില്ലെന്ന് മനസ്സിലാക്കണമെന്നും സഭയിൽ ചർച്ചക്കിടെ ഷാ പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ജീവിതകാലം മുഴുവൻ എസ്‌പിജി സംരക്ഷണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

1985 ലെ ബിർബൽ നാഥ് കമ്മിറ്റിയുടെ ശുപാർശകൾക്കനുസരിച്ചാണ് എസ്‌പിജി രൂപീകരിച്ചത്, തുടർന്ന് 1988ൽ നിയമം പ്രാബല്യത്തിൽ വന്നു. എന്നിരുന്നാലും, 1991, 1994, 1999, 2003 വർഷങ്ങളിൽ വിവിധ ഭേദഗതികൾ കൊണ്ടുവന്നു. ഇത് അതിന്റെ ഉദ്ദേശ്യത്തെ ദുർബലമാക്കി. എസ്‌പിജിയെ കൂടുതൽ കാര്യക്ഷമമാക്കാൻ ആണ് ഈ സർക്കാർ ലക്ഷ്യമിടുന്നതെന്നും ഷാ പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയതാണ് ഭേദഗതികളിൽ ഒന്ന്. സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരെ എസ്‌പിജി പരിരക്ഷയിൽ ഉൾപ്പെടുത്തി. എന്നാൽ അടുത്തിടെ മോദി സർക്കാർ അവർക്ക് നൽകിയ എലൈറ്റ് കവർ നീക്കം ചെയ്യുകയും പകരം ദ + സുരക്ഷ നൽകുകയും ചെയ്തു.

പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും ഔദ്യോഗിക വസതിയിൽ എസ്‌പിജി സുരക്ഷ നൽകുമെന്ന് നിർദ്ദിഷ്ട ബില്ലിൽ പറയുന്നു. മുൻ പ്രധാനമന്ത്രിമാർക്കും അദ്ദേഹത്തോടൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകും. ഇത് ഔദ്യോഗിക പദവി അവസാനിപ്പിച്ച ശേഷമുള്ള 5 വർഷത്തേക്ക് മാത്രമാണെന്നും ബില്ലിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP