Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു സ്വതന്ത്ര എം പി ആയിരുന്നിട്ടും താൻ എന്തുകൊണ്ട് 2013 മുതൽ നരേന്ദ്ര മോദിയെ പിന്തുണച്ചു? ബജറ്റ് പ്രസംഗത്തിൽ ഇന്ത്യയുടെ മാറുന്ന മുഖം വിശദീകരിച്ച് രാജ്യസഭയിൽ രാജീവ് ചന്ദ്രശേഖർ എം പി.

ഒരു സ്വതന്ത്ര എം പി ആയിരുന്നിട്ടും താൻ എന്തുകൊണ്ട് 2013 മുതൽ നരേന്ദ്ര മോദിയെ പിന്തുണച്ചു? ബജറ്റ് പ്രസംഗത്തിൽ ഇന്ത്യയുടെ മാറുന്ന മുഖം വിശദീകരിച്ച് രാജ്യസഭയിൽ രാജീവ് ചന്ദ്രശേഖർ എം പി.

സർ, 2018-19 ബഡ്ജറ്റിനെക്കുറിച്ച് സംസാരിക്കാൻ എന്നെ അനുവദിച്ചതിന് നന്ദി.

ഇത് 11-ാമത്തെ പ്രാവശ്യമാണ് ഞാൻ ബഡ്ജറ്റിനെ അധികരിച്ച് സംസാരിക്കുന്നത്. ഒരു ഭരണകാലം കഴിയാറാകുമ്പോൾ അന്നേവരെ സഭയ്ക്കുള്ളിൽ താൻ നടത്തിയ പ്രസംഗങ്ങളെക്കുറിച്ചും അഭിപ്രായങ്ങളെക്കുറിച്ചുമൊക്കെ ഓരോ സഭാംഗവും ഓർത്തെടുക്കുന്ന ആ പതിവ് ശൈലി ഞാനും അനുവർത്തിക്കുയാണ്. ആദ്യമായി 2008-2009 ബഡ്ജറ്റിനെക്കുറിച്ച് സംസാരിച്ചതു മുതൽ സംശുദ്ധ ഭരണത്തെക്കുറിച്ചും ജനങ്ങൾക്ക് തുല്യാവസരം ഉറപ്പാക്കുന്നതിനെക്കുറിച്ചും സ്ഥിരമായി വാദിക്കുന്നയാളാണ് ഞാൻ. സർ, 2008-2009ലെ എന്റെ പ്രസംഗത്തിൽ നിന്ന് രണ്ട് വരി ഞാനിവിടെ ഉദ്ധരിച്ചുകൊള്ളട്ടെ. ''ദാരിദ്ര്യവും വിഷമതകളും കുറഞ്ഞ കാലത്തിനുള്ളിൽ ദൂരീകരിക്കുന്നതിനുള്ള അടിസ്ഥാന മാർഗ്ഗമാണ് വളർച്ച''യെന്ന് അന്ന് ഞാൻ പറഞ്ഞിരുന്നു. എന്റെ പിന്തുണ സംരഭകരാൽ നയിക്കപ്പെടുന്ന വികസനത്തിനും സാമ്പത്തിക മികവിനുമാണെന്നും ഞാൻ കൂട്ടിച്ചേർത്തു.

സർ, അന്ന് ഞാൻ പാർലമെന്റിലേക്ക് ചുവടുവച്ച ഒരു പുതിയ അംഗമായിരുന്നു. മാത്രമല്ല, രാഷ്ട്രീയരംഗത്തും നവാഗതനായിരുന്നു. ദരിദ്രവിഭാഗങ്ങളുടെ പിൻതലമുറകൾക്ക് ദരിദ്രരായി തുടരാൻ ആഗ്രമമില്ലെന്നും ഇല്ലായ്മയുടെ നിലയില്ലാക്കയത്തിൽ നിന്ന് കരകയറാൻ അവർ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും അന്ന് ഞാൻ പ്രസംഗത്തിൽ സൂചിപ്പിച്ചു. തങ്ങളുടെ കർമ്മശേഷിയും ബുദ്ധിപരതയും പ്രതിഭയും പ്രകടിപ്പിച്ചു കൊണ്ട് ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ ആവശ്യമായ വ്യവസ്ഥാപിതമായ അവസരങ്ങൾ അവർക്ക് ലഭിക്കാത്തതാണ് പ്രശ്നം. സുസ്ജ്ജമായ അടിസ്ഥാന സൗകര്യങ്ങളും അവസരങ്ങളും ഇത്തരം ദശലക്ഷക്കണക്കിന് ദരിദ്രരായ ഭാരതീയർക്ക് നൽകിക്കൊണ്ട് അവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വികസന നയമാണ് നമുക്കാവശ്യം. അവസരങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ (കിളൃെേമൃൗരൗേൃല ീള ഛുുീൃൗേിശ്യേ കഛഛ) എന്നാണ് ഞാൻ അതിനെ വിളിക്കുക. ആരോഗ്യം വിദ്യാഭ്യാസം നൈപുണ്യവികസനം വായ്പാസൗകര്യം സാമ്പത്തിക സഹായം സുരക്ഷിതത്വം എന്നിവയെല്ലാം സമന്വയിക്കുന്ന ഒരു സമഗ്രമായ ചട്ടക്കൂടാണ് പ്രസ്തുത അടിസ്ഥാനസൗകര്യത്തിൽ ഉണ്ടാകേണ്ടത്.

സർ, രാഷ്ട്രീയത്തിലും സഭയിലും നവാഗതനായ ഞാൻ 2008-2009ൽ പാർലമെന്റിൽ ഇങ്ങനെ പറഞ്ഞു. കേവലം ഒരു വർഷത്തെ രാഷ്ട്രീയ പരിചയം മാത്രമുള്ള എനിക്ക് ഇങ്ങനെ ചിന്തിക്കാൻ കഴിഞ്ഞെങ്കിൽ, അറുപത് വർഷക്കാലം രാഷ്ട്രീയരംഗത്ത് ഉണ്ടായിരുന്നിട്ടും ഒരക്ഷരം ഉരിയാടാതെ പ്രശ്നങ്ങളെ പ്രശ്നങ്ങളായി തന്നെ തുടരാൻ അനുവദിച്ച നേതാക്കന്മാരോട് ജനം പൊറുക്കുമോ. ആറ് ദശാബ്ദക്കാലമായി തൽസ്ഥിതിതുടരൽ എന്ന നയം അവംലബിച്ചവരിൽ നിന്നൊരു മുക്തി ജനങ്ങൾ ആഗ്രഹിച്ചത് തികച്ചും സ്വാഭാവികമാണ്. ജനങ്ങളാഗ്രഹിച്ച ഈ മാറ്റത്തെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിനിധീകരിക്കുന്നത്. തൽസ്ഥിതി അങ്ങനെതന്നെ തുടരണമെന്ന് കൊതിക്കുന്ന നിക്ഷിപ്തതാല്പര്യക്കാർ തക്കംപാർത്തിരിന്നിട്ടു പോലും ഇത്തരമൊരു മാറ്റം കൊണ്ടുവരാൻ കഴിഞ്ഞത് നിസ്സാരകാര്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2013ൽ ഒരു സ്വതന്ത്ര എം പിയായ ഞാൻ പിന്തുണ നൽകിയതിനു പിന്നിലെ യുക്തിയും ഇതു തന്നെ.

എന്റെ മുതിർന്ന സഹയാത്രികനും യുപിഎ സർക്കാരിന്റെ കാലത്ത് തകർന്നടിഞ്ഞ സാമ്പത്തികമേഖലയ്ക്ക് വളയം പിടിച്ചിരുന്ന പ്രമുഖനുമായ ശ്രീ. പി. ചദംബരം സംസാരിച്ചത് ഞാൻ കേട്ടു. പണ്ട് കൽക്കരി കുംഭകോണം കത്തിപ്പടർന്നപ്പോൾ ''പൊതുജനങ്ങളുടെ ഓർമ്മക്ക് ക്ഷിപ്രായുസ്സാണെ''ന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് മൊഴിഞ്ഞ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ ഒരു ചൊല്ലുണ്ട്. ശ്രീ. ചിദംബരത്തിന് ഞാൻ ഉറപ്പു നൽകുന്നു, ഈ സഭയ്ക്കുള്ളിൽ ആ വ്യക്തി സന്നിഹിതനല്ല. ശ്രീ ജയ്റാം അറിഞ്ഞിരിക്കുക, പൊതുജനങ്ങളുടെ ഓർമ്മ പെട്ടെന്ന് മാഞ്ഞുപോകില്ല. അഥവാ പൊതുസമൂഹത്തിന് മറവി സംഭവിച്ചാൽ തന്നെ സമയോചിതമായ ഓർമ്മപ്പെടുത്തലുകളുമായി അവരോടൊപ്പം നിൽക്കുന്നവർ ഞാനുൾപ്പെടെ ധാരാളം ഉണ്ട്.

ഛിന്നഭിന്നമായിക്കഴിഞ്ഞ ഒരു സമ്പദ്വ്യവസ്ഥയാണല്ലോ 2014 മെയ് മാസത്തിൽ നരേന്ദ്ര മോദി സർക്കാർ കൈയേറ്റത്. നിഷ്‌ക്രിയാസ്തികൾ കാരണം തകർന്നടിഞ്ഞ ബാങ്കിങ് മേഖലയും വർഷങ്ങളായുള്ള സർക്കാർ ധൂർത്തും വമ്പൻ അഴിമതികളും കണ്ടും കേട്ടും മനംമടുത്ത നിക്ഷേപകരുമായിരുന്നു അന്നത്തെ സാമ്പത്തിക ചിത്രം. ത്രൈമാസ നിലവാരമെടുത്താൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 12 തവണ തുടർച്ചയായി ഇടിവുണ്ടായ ഒരു കാലമായിരുന്നു അത്. ത്രൈമാസാവലോകനത്തിൽ 24 തവണയാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ധനം ധൂർത്തടിക്കുന്നതിലൂടെ സർക്കാരിന്റെ മൂലധന സമാഹരണം 30%മാണ് കുറഞ്ഞത്. യുപിഎ ഭരണകാലത്തുണ്ടായ അസാധാരണമായ പണപ്പെരുപ്പം മൂലം ഏറ്റവും കഷ്ടത്തിലായത് ദരിദ്രജനവിഭാഗമായിരുന്നു. റിസർവ്വ് ബാങ്കിന്റെ 2008-2009 കാലത്തെ ഗവർണറായിരുന്ന വൈ വി റെഡ്ഡി പറഞ്ഞത് ഞാൻ ഇവിടെ ഉദ്ധരിക്കുകയാണ്. ''പണപ്പെരുപ്പത്തോട് പൊരുതുന്നതിനായിരുന്നു മുൻഗണന. കാരണം വിലവർദ്ധനയുടെ പ്രഹരം ആദ്യം ഏറ്റുവാങ്ങുന്നത് ദരിദ്രജനങ്ങളയാണ്. അതേ സമയം സാമ്പത്തിക നേട്ടങ്ങളാകട്ടെ ദരിദ്രവിഭാഗത്തിന് ലഭ്യമാകുന്നത് ഏറ്റവും ഒടുവിലുമാണ്''. ബാങ്ക് വായ്പകളുടെ 90%വും കേവലം 11 കുത്തക കമ്പനികളുടെ കൈവശം ചെന്നെത്തിയ അപകടകരമായ പ്രതിഭാസവും അക്കാലത്ത് സംഭവിച്ചിരുന്നു. ഇക്കാര്യം 2011ൽ ആദ്യമായി സഭയിൽ ചൂണ്ടിക്കാട്ടിയത് ഞാനാണ്.

ഇനി നമുക്ക് ഇന്ന് നാം നിൽക്കുന്നിടത്തേക്കു വരാം. കഴിഞ്ഞ നാലുവർഷങ്ങളായി ജി.ഡി.പി. വളർന്നു, ആളോഹരി വരുമാനവും വർദ്ധിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ക്രമാനുഗതമായ വളർച്ചയുണ്ടായി 2016-17 സാമ്പത്തിക വർഷം 60.06 ബില്യൺ ഡോളറെന്ന സർവ്വകാല റെക്കോർഡ് കൈയെത്തിപ്പിടിച്ചു. മാത്രമല്ല, രാജ്യത്തിന് ഇപ്പോൾ 410 ബില്യൺ ഡോളറിന്റെ എക്കാലത്തേക്കാളും ഉയർന്ന വിദേശനാണ്യ ശേഖരവുമുണ്ട്. കാലങ്ങളോളം നീണ്ട ധൂർത്തിനും പാഴ്‌ച്ചെലവുകൾക്കും അവസാനിച്ചു. ഇന്ന് സർക്കാർ ധനയിടപാടുകളിൽ കൃത്യമായ മാർഗനീർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമായി ഒരു പരിധിവരെ പണപ്പെരുപ്പവും നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന സ്വജനപക്ഷ-മുതലാളിത്തവും പൊതുമേഖലാ ബാങ്കുകളുടെ കെടുകാര്യസ്ഥതയുമാണ് ഇതോടെ അവസാനിക്കുന്നത്. അഴിമതിക്കെതിരേ ആഞ്ഞടിക്കുന്ന നടപടികളുടെ കാലമാണ് ഇപ്പോൾ. ഭാരതത്തിൽ നിക്ഷേപസൗഹാർദ്ദ അന്തരീക്ഷം സംജാതമായിക്കഴിഞ്ഞു. മാത്രമല്ല, ദീർഘകാല നിക്ഷേപങ്ങൾക്ക് വളക്കൂറുള്ള മണ്ണാണ് ഭാരതമെന്ന വർദ്ധിച്ച ആത്മവിശ്വാസം നിക്ഷേപകരിൽ വളർന്നിട്ടുമുണ്ട്. സ്വകാര്യ ഉപഭോഗത്തിന്റെ 7.4 ശതമാനമെന്ന നിരക്കിനെ കടത്തിവെട്ടിക്കൊണ്ട് രാജ്യത്തെ നിക്ഷേപനിരക്ക് 2018-19 സാമ്പത്തികവർഷത്തിൽ 8.8 ശതമാനമാകുമെന്നും തല്ഫലമായി രാജ്യത്തിന്റെ ജിഡിപി വളർച്ചാനിരക്ക് വർദ്ധിക്കുമെന്നുമാണ് ലോകബാങ്ക് പ്രവചിക്കുന്നത്. പുതിയ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി നിയമം (കിീഹെ്ലിര്യ മിറ ആമിസൃൗുര്യേ ഹമം) വന്നതോടെ കിട്ടാക്കടങ്ങളുടെയും വ്യവസ്ഥയില്ലാതെ കുത്തകകൾക്ക് കടം വാരിക്കോരി നൽകുന്ന രീതിയും അവസാനിച്ചിരിക്കുന്നു. ഒരു കൂട്ടർ യഥേഷ്ടം കടംവാങ്ങി സുഖിക്കുമ്പോൾ മറുവശത്ത് കമ്പനികൾ തകർന്ന് തൊഴിലാളികൾക്ക് വേതനമില്ലാത്ത അവസ്ഥയുണ്ടാകുന്നതൊക്കെ ഇപ്പോൾ പഴങ്കഥകളായി. ''രാജ്യം സാമ്പത്തിക വിസ്മയങ്ങൾ സൃഷ്ടിക്കുന്നതിന്റെ കഥകൾ ഒരു വശത്ത് കേൾക്കുമ്പോൾ അതെന്താണെന്ന് അറിയാതെ, വറുതിയും വേദനയുമായി പാർശ്വങ്ങളിൽ മാറിനിൽക്കുന്ന പാവപ്പെട്ട ഭാരതീയരെക്കൂടി ഉൾക്കൊള്ളുന്നതാണ് യഥാർത്ഥ വികസന സംസ്‌കാര''മെന്ന് 2008-2009ൽ ഞാൻ ബഡ്ജറ്റിനെക്കുറിച്ച് പ്രസംഗിച്ചപ്പോൾ പറഞ്ഞിരുന്നു. മുപ്പത് കോടിയിൽ പരം ജൻധൻയോജന അക്കൗണ്ടുകളും സർക്കാർ സബ്സിഡികളുടെയും ആനുകൂല്യങ്ങളുടെയും കാര്യക്ഷമമായ വിതരണവും വ്യാപകമായിത്തുടങ്ങിയതോടെ 2008-2009ൽ ഞാൻ കണ്ട ആ സ്വപ്നത്തെ നരേന്ദ്ര മോദി സർക്കാർ 2018-2019ൽ ഇതാ യാഥാർത്ഥ്യമാക്കിയിരിക്കുന്നു. ബഡ്ജറ്റിൽ ധനം വകമാറ്റുന്നതും ചെലവഴിക്കുന്നതുമാണ് പ്രധാനമെന്നു കരുതുന്ന എന്റെ ഇടതുപക്ഷ സുഹൃത്തുക്കൾ ഒരു കാര്യം മനസ്സിലാക്കണം, ധനം വെറുതെ വാരിക്കോരി ചെലവാക്കുന്നതല്ല, മറിച്ച് ജൻധൻയോജന എന്ന സംവിധാനത്തിലൂടെ അർഹമായവർക്ക് നൽകുന്ന രീതിയിൽ കാര്യക്ഷമമായി ചെലവാക്കുന്നിടത്താണ് ഒരു സർക്കാരിന്റെ വിജയം.

ജിഎസ്ടി, നോട്ട് നിരോധനം എന്നിവയെക്കുറിച്ച് കൂടി വേഗത്തിൽ പരാമർശിച്ചുകൊള്ളട്ടെ. പണാധിഷ്ഠിതമായ രാഷ്ട്രീയനിലനില്പ് ശീലിച്ചുപോയ ചില രാഷ്ട്രീയകക്ഷികൾക്ക് നോട്ടുനിരോധനം വലിയ അസ്വസ്ഥത സൃഷ്ടിച്ചത് തികച്ചും സ്വാഭാവികമാണ്. പക്ഷേ, ജിഎസ്ടിയെക്കുറിച്ച് കോൺഗ്രസുകാരായ എന്റെ സഹാംഗങ്ങൾക്കുള്ള ബുദ്ധിമുട്ട് ലളിതമായ ഭാഷയിൽ പറഞ്ഞാൽ ഒരു രാഷ്ട്രീയ ഇരട്ടത്താപ്പാണ്. ജിഎസ്ടിയെ ഗബ്ബർ സിങ് ടാക്സ് എന്നൊക്കെ അധിഷേപിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയമായിപ്പോയി.

പരോക്ഷനികുതികൾ നല്ലതല്ലെന്ന് എത്രയോ പ്രാവശ്യം ശ്രീ. ചിദംബരം തന്നെ പറഞ്ഞിട്ടുള്ളതാണല്ലോ. ധനമന്ത്രിയായിരിക്കുമ്പോൾ പോലും അദ്ദേഹമിത് പറഞ്ഞിട്ടുണ്ട്. നേരിട്ട് നികുതി ശേഖരിക്കാൻ കഴിയുന്ന ഏറ്റവും നല്ല വഴിയാണ് ജിഎസ്ടി എന്ന് ജിഎസ്ടിയെക്കുറിച്ച് പഠിച്ച എല്ലാവർക്കും എന്നതുപോലെ അദ്ദേഹത്തിനും അറിവുണ്ടാകണമല്ലോ. ജിഎസ്ടി ഉൽകൃഷ്ടമായ നികുതിയാണ്. കാരണം ജിഎസ്ടി വരുന്നതോടെ ചെറുകിട വ്യവസായങ്ങൾ കൂടുതൽ മൽസരോന്മുഖമാകും. സർക്കാർ ഇടപാടുകളിൽ കാലതാമസം ഒഴിവാക്കുന്നതു തന്നെയാണ് ജിഎസ്ടിയെ ചെറുകിട വ്യവസായങ്ങൾക്ക് അനുകൂലമാക്കുന്നത്. ഇങ്ങനെയുള്ള ജിഎസ്ടിയെ വലിയ കുഴപ്പമാണെന്ന മട്ടിൽ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നവർ സ്മാർട്ടാവുന്ന സമ്പദ്വ്യവസ്ഥയ്ക്കുമേൽ രാഷ്ട്രീടവിഴുപ്പ് കൊണ്ടിടാൻ ശ്രമിക്കുകയാണ്. സാമ്പത്തിക ്ര്രചകത്തിന്റെ നിർബാധമുള്ള മുന്നേറ്റത്തിന് രാഷ്ട്രീയ ചക്രം ഒരു പ്രതിബന്ധമാകരുതെന്നേ കോൺഗ്രസിലെ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളൂ.

ധനമന്ത്രിയോട് രണ്ട് അഭ്യർത്ഥനകൾ ഉണർത്തിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കാം. സർ, സായുധസേനയിലെ അംഗങ്ങൾക്കും വിരമിച്ച മുതിർന്ന അംഗങ്ങൾക്കും വേണ്ടിയാണ് ഒന്ന്. കഴിഞ്ഞ 42 വർഷക്കാലമായി മാറിമാറി വന്ന സർക്കാരുകൾ അവഗണിച്ച ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി ഈ സർക്കാർ പ്രാബല്യത്തിലാക്കിയല്ലോ. ഇതു സംബന്ധിച്ച് ഏതാനും പ്രശ്നങ്ങൾ കൂടി ഏകാംഗ കമ്മിറ്റിക്കു മുമ്പാകെ ഇപ്പോഴും പരിഗണനയിലുണ്ട്. പ്രസ്തുത ഏകാംഗ കമ്മിറ്റിയുടെയും ഏഴാം ശമ്പള കമ്മിഷന്റെയും (7വേ ജമ്യ ഇീാാശശൈീി അിീാമഹശല െഇീാാേേശലല) നിർദ്ദേശങ്ങൾ എത്രയും പെട്ടെന്ന് നടപ്പാക്കാൻ ധനമന്ത്രി നടപടി കൈക്കൊള്ളണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

എന്റെ വാക്കുകൾ ഉപസംഹരിക്കുന്നതിന് മുമ്പ് ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് കൂടി ഹ്രസ്വമായി സൂചിപ്പിച്ചു കൊള്ളട്ടെ.

ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് ആദ്യമായി സ്വകാര്യ ടെലികോം സംരഭകനായി പേരു ചേർത്ത് രാജ്യത്ത് ലൈസൻസ് കരസ്ഥമാക്കിയവരിൽ ഞാനും ഉണ്ടായിരുന്നു. കടന്നു പോയ 25 വർഷക്കാലത്തിലൂടെ ഒരു വലിയ വ്യവസായമേഖല ആവിർഭവിക്കുകയായിരുന്നു. ഏറെ സങ്കീർണവും ദുഷ്‌കരവുമായിരുന്ന ആ ടെലികോം മേഖല സൃഷ്ടിച്ചെടുക്കുന്നതിൽ ഒരു മുഖ്യപങ്കാളിയാകാൻ എനിക്കും കഴിഞ്ഞു. തുടർന്ന് ടെലികോം രംഗം ധാരാളം തൊഴിലവസരങ്ങൾ നൽകി, ബില്യൻ കണക്കിന് ഡോളർ വിദേശ നിക്ഷേപം ലഭ്യമാക്കി, സർക്കാരിന് പതിനായിരക്കണക്കിന് കോടി രൂപ വരുമാനവും നേടിക്കൊടുക്കുന്നു. സ്വകാര്യ നിക്ഷേപങ്ങളും അടിസ്ഥാനസൗകര്യ വികസനവും ഉൾപ്പെട്ട ഒരു നല്ല വികസന മാതൃകയായിരുന്നു അത്. എന്നിരിക്കിലും ഏറ്റവും ഒടുവിലത്തെ സമഗ്ര ടെലികോം നയം കൊണ്ടുവന്നത് 1999ലെ അടൽജിയുടെ സർക്കാരാണ്. ഇന്ന് നമ്മുടെ വ്യവസായവും സാമ്പത്തികവും ജീവിതവുമൊക്കെ മാറ്റിമറിച്ചുകൊണ്ട് ഇന്റർനെറ്റും സാങ്കേതിക വിദ്യകളും വളർന്നിരിക്കുന്നു. ആഗോളതലത്തിൽ ഇന്നവേഷൻ സൂപ്പർ പവറാകാനും തൊഴിലുകൾ സൃഷ്ടിക്കാനും ഐസിടി മേഖല വലിയ സഹായമാകും. രാജ്യത്ത് ടെലികോം മേഖല സ്വകാര്യ സംരഭകർക്കായി തുറന്നു നൽകിയതിന്റെ 25-ാം വാർഷിക വേളയിൽ ഒരു പുതിയ ദേശീയ ടെലികോം ആൻഡ് ടെക്നോളജി നയം ആവിഷ്‌കരിക്കണമെന്ന് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. നല്ലൊരു നയമുണ്ടായാൽ സാമ്പത്തികരംഗം താനേ മെച്ചപ്പെടുമെന്നതിൽ സംശയം വേണ്ട.

ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് ചുരുക്കാം. ഇന്നിപ്പോൾ ദൃഢതയുള്ള പാളങ്ങളിന്മേലാണ് നരേന്ദ്ര മോദി സർക്കാർ നമ്മുടെ സമ്പദ്വ്യവസ്ഥയെ പ്രതിഷ്ടിച്ചിട്ടുള്ളത്. നിക്ഷിപ്ത താല്പര്യ വാഴ്ചയുടെ പതിറ്റാണ്ടുകൾ നീണ്ട ചരിത്രത്തെ അത് തിരുത്തിയെഴുതും. സർക്കാരുണ്ടെന്നു തന്നെ മറന്നു പോയവർക്കെല്ലാം വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു നല്ല സർക്കാർ ഇവിടെ നിലവിലുണ്ടെന്ന ബോധ്യം വീണ്ടെടുത്ത് നൽകുകയാണ് ഇപ്പോൾ. പതിറ്റാണ്ടുകളായി സർക്കാരിനാൽ വായ്മൂടിക്കെട്ടിയ ഒരു വലിയ വിഭാഗം ജനത അവരുടെ ശബ്ദവും ശക്തിയും വീണ്ടെടുക്കുകയാണ്. ''മരിച്ച ശീലങ്ങളുടെ മങ്ങിയ മണൽപ്പാളികളെ നമുക്ക് ഉപേക്ഷിക്കാം'' (ഠവല റൃലമൃ്യ മെിറ ീള റലമറ വമയശ ോെtu യല ഹലള േയലവശിറ) എന്നാണല്ലോ ഡോ. മന്മോഹൻസിങ് സർക്കാർ 2009ൽ പ്രസ്താവിച്ചത്. ഇപ്പോഴത് ജനങ്ങൾ തന്നെ അക്ഷരംപ്രതി പാലിച്ചിരിക്കുന്നു. അതിനാണല്ലോ അവർ നരേന്ദ്ര മോദി സർക്കാരിനെ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയത്.

ശ്രീ ചിദംബരം പലയാവർത്തി മുഖ്യ സാമ്പത്തികോപദേഷ്ടാവിനെയും സാമ്പത്തിക സർവ്വേയും കുറിച്ച് പരാമർശിച്ചല്ലോ. എന്നാൽ 2011ൽ മുഖ്യ സാമ്പത്തികോപദേഷ്ടാവ് പറഞ്ഞത് ഞാനിവിടെ ഉദ്ധരിക്കട്ടെ, ''വിശ്വാസത്തിന്റെയും സത്യസന്ധതയുടെയും സംസ്‌കാരം വളർന്നാൽ മാത്രമെ ഭാരതത്തിന് വേഗത്തിൽ വളരാനും ഒരു നല്ല സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാനും കഴിയുകയുള്ളൂ. നിയമം നടപ്പാക്കേണ്ടവർ തന്നെ നിയമവഞ്ചന നടത്തുന്ന പക്ഷം അവർക്ക് സർക്കാർ വേതനം ലഭിക്കില്ലെന്ന് ഉറപ്പാക്കുന്ന നയം രൂപീകരിച്ചാൽ മാത്രമെ അഴിമതിയെ വേരോടെ പിഴുതുമാറ്റാൻ കഴിയൂ''.

സർ, ആ ഉപദേശം എന്തായാലും ഈ സർക്കാർ അനുസരിച്ചിട്ടേയുള്ളൂ, കാരണം അങ്ങനെയുള്ള ഒരു സർക്കാരാണിത്.

നന്ദി.

ജയ് ഹിന്ദ്!

(രാജ്യസഭയിൽ പാർലമെന്റ് അംഗം രാജീവ് ചന്ദ്രശേഖർനടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP