Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവർക്ക് അവരുടെ ഭാഷയിൽ തന്നെ ചുട്ടമറുപടി നൽകും; കശ്മീരിനെ രാജ്യത്തിൽ നിന്ന് വേർപെടുത്താനും തീവ്രവാദം ആളിക്കത്തിക്കാനുമുള്ള നീക്കം തരിമ്പും വച്ചുപൊറുപ്പിക്കില്ലെന്ന് അമിത് ഷാ; സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആറുമാസത്തേക്ക് നീട്ടുന്ന ബിൽ പാസാക്കി രാജ്യസഭ; സംവരണഭേദഗതി ബില്ലിനും അംഗീകാരം; ജനാധിപത്യം മനുഷ്യത്വം കശ്മീരിയത്ത് എന്നീ അടൽ ബിഹാരി വാജ്‌പേയിയുടെ നയമായിരിക്കും കശ്മീരിൽ നടപ്പാക്കുകയെന്നും ആഭ്യന്തര മന്ത്രി

ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവർക്ക് അവരുടെ ഭാഷയിൽ തന്നെ ചുട്ടമറുപടി നൽകും; കശ്മീരിനെ രാജ്യത്തിൽ നിന്ന് വേർപെടുത്താനും തീവ്രവാദം ആളിക്കത്തിക്കാനുമുള്ള നീക്കം തരിമ്പും വച്ചുപൊറുപ്പിക്കില്ലെന്ന് അമിത് ഷാ; സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആറുമാസത്തേക്ക് നീട്ടുന്ന ബിൽ പാസാക്കി രാജ്യസഭ; സംവരണഭേദഗതി ബില്ലിനും അംഗീകാരം; ജനാധിപത്യം മനുഷ്യത്വം കശ്മീരിയത്ത് എന്നീ അടൽ ബിഹാരി വാജ്‌പേയിയുടെ നയമായിരിക്കും കശ്മീരിൽ നടപ്പാക്കുകയെന്നും ആഭ്യന്തര മന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജമ്മു-കശ്മീർ സംവരണ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. നേരത്തെ ബിൽ ലോക്‌സഭ പാസാക്കിയിരുന്നു. ജമ്മു അന്താരാഷ്ട്ര അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് തൊഴിലിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്ലാണ് പാസാക്കിയത്. നിയന്ത്രണ രേഖയിൽ താമസിക്കുന്നവർക്ക് മാത്രമാണ് നിലവിൽ സംവരണമുള്ളത്. ജമ്മു -കശ്മീരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, ജോലി എന്നിവയ്ക്ക് സംവരണം നൽകാനാണ് ബിൽ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം 6 മാസത്തേക്ക് നീട്ടി കൊണ്ടുള്ള പ്രമേയത്തിനും രാജ്യസഭ അംഗീകാരം നൽകി.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വർഷാവസാനത്തോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്താൻ ആലോചിക്കുന്ന സാഹചര്യത്തിൽ, ആറുമാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം നീട്ടുക മാത്രമേ പോംവഴിയുണ്ടായിരുന്നുള്ളുവെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. നെഹ്രുവിഷയം വീണ്ടും അമിത്ഷാ ഇന്ന് സഭയിൽ പരാമർശിച്ചു. പൊതുജനങ്ങൾക്കിടയിൽ നെഹ്‌റുവിനെ കുറിച്ച് കേന്ദ്രസർക്കാർ തെറ്റിദ്ധാരണ പരത്തുകയാണെന്ന ഗുലാംനബി ആസാദിന്റെയും ആർജെഡി നേതാവ് മനോജ് ത്ധായുടെയും ആരോപണം ശരിയല്ല. തീർച്ചയായും അങ്ങനെയൊരു ഉദ്ദേശ്യമില്ല. എന്നാൽ, ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാത്ത രാഷ്ട്രങ്ങൾക്ക് ശോഭനമായ ഭാവിയുണ്ടാകില്ല, അമിത്ഷാ പറഞ്ഞു.

തീവ്രവാദത്തോട് തരിമ്പ് പോലും വിട്ടുവീഴ്ചയുണ്ടാവില്ല. സംസ്ഥാനം രാജ്യത്തിന്റെ അവിഭാജ്യഘടകമാണ്. ആർക്കും അത് വേർപെടുത്താനാവില്ല. കശ്മീരിൽനിന്ന് പുറത്താക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളും കശ്മീരിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഹിന്ദു-മുസ്ലിം ഐക്യത്തിനായി സംസാരിച്ച സൂഫികൾ കശ്മീരിൽ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. അവരും കശ്മീരിൽനിന്ന് പുറത്താക്കപ്പെട്ടു. അവരും കശ്മീരിന്റെ പാരമ്പര്യത്തിന്റെ ഭാഗമല്ലേ? കശ്മീരിന്റെ സംസ്‌കാരത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നമുക്ക് അവരെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്- അമിത് ഷാ പറഞ്ഞു.

വിഘടനവാദം പ്രോത്സാഹിപ്പിച്ചതുകൊണ്ടാണ് പിഡിപിയുമായുള്ള ബന്ധം ബിജെപി അവസാനിപ്പിച്ചത്. രാഷ്ട്രപതി ഭരണത്തിലിരിക്കെ, സ്‌കൂളുകൾ തുറക്കുകയും, പാചകവാതകം എത്തിക്കുകയും. ശുചിമുറുകൾ പണിയുകയും, വൈദ്യുതി എത്തിക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങളുടെ പേരിൽ മാത്രമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞടുപ്പ് നടത്താതിരുന്നത്. ജനാധിപത്യം, മനുഷ്യത്വം, കശ്മീരിയത്ത് എന്നീ അടൽ ബിഹാരി വാജ്‌പേയിയുടെ നയമായിരിക്കും കേന്ദ്രസർക്കാർ കശ്മീരിൽ നടപ്പാക്കുക. ഇതിനർഥം ഇന്ത്യയെ വിഘടിപ്പിക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടുമെന്നല്ല. അത്തരക്കാർക്ക് അവരുടെ ഭാഷയിൽ തന്നെ ചുട്ടതിരിച്ചടി നൽകും.

രാജ്യസഭയിൽ കാര്യമായ ഒച്ചപ്പാട് ജമ്മുകശ്മീർ പ്രമേയത്തെ ചൊല്ലിയുണ്ടായില്ല. സമാജ്‌വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്സ്, ആർ.ജെ.ഡി, പി.ഡി.പി, ബി.ജെ.ഡി ഉൾപ്പെടെയുള്ള പാർട്ടികൾ രാഷ്ട്രപതി ഭരണം നീട്ടുന്നതിനെ പിന്തുണക്കുകയായിരുന്നു.അതേസമയം കോൺഗ്രസ്സും നാഷണൽ കോൺഫറൻസും ഡി.എം.കെയും പ്രമേയത്തെ എതിർത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്ത് നിയമസഭാ തെരെഞ്ഞെടുപ്പ് നടത്താതിരുന്നതിനെ മിക്ക പ്രതിപക്ഷ പാർട്ടികളും കുറ്റപ്പെടുത്തി

ആരെയും പ്രീതിപ്പെടുത്താനല്ല കശ്മീർ അതിർത്തി മേഖലയിലെ ജനങ്ങൾക്ക് വേണ്ടിയാണ് സംവരണ ബിൽ അവതരിപ്പിക്കുന്നതെന്ന് അമിത് ഷാ നേരത്തെ ലോക്‌സഭയിൽ പറഞ്ഞിരുന്നു. ആഭ്യന്തര അതിർത്തിയുടെ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ജോലികളിലും സംവരണം ഏർപ്പെടുത്തുന്ന ബില്ലാണ് ജമ്മുകശ്മീർ സംവരണ ഭേദഗതി ബിൽ (2019). യുദ്ധമുനമ്പിലാണ് കശ്മീരിലെ കുട്ടികൾ ജീവിക്കുന്നത്. രാജ്യാതിർത്തിയിൽ ജീവിക്കുന്ന കുട്ടികൾക്ക് സംവരണം ഏർപ്പെടുത്തുന്നത് ആരുടെയും പ്രീതി പിടിച്ചുപറ്റാനല്ല, അതിർത്തിമേഖലയിൽ ജീവിക്കുന്നവർക്കുവേണ്ടിയുള്ളതാണെന്നും അമിത് ഷാ വ്യക്തമാക്കി.

പശ്ചിമ പാക്കിസ്ഥാനിൽ നിന്ന് എത്തുന്ന അഭയാർഥികൾക്കുവേണ്ട സഹായങ്ങൾ ചെയ്യും. കശ്മീർ സംബന്ധിച്ച് നിലനിൽക്കുന്ന കേസുകൾക്ക് പരിഹാരമുണ്ടാക്കും. 15,000 ബങ്കറുകൾ സ്ഥാപിക്കും. ഭീകരാക്രമണത്തിൽ കന്നുകാലികൾ നഷ്ടപ്പെട്ടവർക്കും ധനസഹായം ലഭ്യമാക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP