രാജ്യസഭ ഇന്ത്യയുടെ ഫെഡറൽ ഘടനയുടെ ആത്മാവ്; കണ്ടുപഠിക്കേണ്ടത് എൻസിപിയുടെയും ബിജെഡിയുടെയും പാർലമെന്ററി മര്യാദകൾ; വിവാദ ബില്ലുകൾ പാസാക്കാനായത് സഭയുടെ പക്വതയെന്നും നരേന്ദ്ര മോദി; രാജ്യസഭയുടെ 250-ാം സമ്മേളനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി നടത്തിയ പ്രസംഗവും
November 18, 2019 | 05:25 PM IST | Permalink

മറുനാടൻ ഡെസ്ക്
ഡൽഹി: രാജ്യത്തിന്റെ ഫെഡറൽ ഘടനയുടെ ആത്മാവാണ് രാജ്യസഭയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രത്തിന്റെ സാക്ഷിയും സ്രഷ്ടാവുമാണിതെന്നും രാജ്യസഭയുടെ 250-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കാളികളാകാത്തവർക്ക് രാജ്യത്തിന്റെ വികാസത്തിൽ പങ്കുവഹിക്കുന്നതിനുള്ള അവസരമാണ് രാജ്യസഭാംഗത്വം എന്ന് മോദി ചൂണ്ടിക്കാട്ടി.
പാർലമെന്ററി തത്വങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച എൻസിപി, ബിജെഡി തുടങ്ങിയ കക്ഷികളെ തന്റെ പ്രസംഗത്തിൽ മോദി പ്രശംസിച്ചു. ഇവർ ഒരിക്കലും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധങ്ങളുയർത്താൻ തുനിഞ്ഞിട്ടില്ല. എന്നാൽ അവരുടെ വാദങ്ങൾ ശക്തമായി ഉന്നയിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ഈ കക്ഷികളിൽനിന്ന് മറ്റു പാർട്ടികൾക്ക് നിരവധി കാര്യങ്ങൾ പഠിക്കാനുണ്ട് എന്നും മോദി അഭിപ്രായപ്പെട്ടു.
നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തെയാണ് രാജ്യസഭ പ്രതിഫലിപ്പിക്കുന്നത്. ഫെഡറലിസത്തിന്റെ ആത്മാവിനെ കൂടുതൽ പോഷിപ്പിക്കാൻ രാജ്യസഭയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2003ൽ അടൽ ബിഹാരി വാജ്പേയി രാജ്യസഭയിൽ നടത്തിയ പ്രസംഗത്തെയും മോദി അനുസ്മരിച്ചു. പലരും കരുതിയത് മുത്തലാഖ് ബിൽ രാജ്യസഭ കടക്കില്ല എന്നാണ്. എന്നാൽ ബിൽ പാസ്സാക്കാൻ രാജ്യസഭ തയ്യാറായത് ഈ സഭയുടെ പക്വതയാണ് കാണിക്കുന്നത്. ജിഎസ്ടിയുടെ കാര്യത്തിലും അനുച്ഛേദം 370-ന്റെ കാര്യത്തിലുമെല്ലാം നാം ഇത് കണ്ടതാണെന്നും മോദി അനുസ്മരിച്ചു.
കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് നിലവിൽവന്നത് 1952 ഏപ്രിൽ മൂന്നിനാണ്. 1952 മെയ് 13ന് പേര് ഹിന്ദിയിൽ രാജ്യസഭ എന്നാക്കി. ഡോ. എസ് രാധാകൃഷ്ണനായിരുന്നു ആദ്യ അധ്യക്ഷൻ. എസ് വി കൃഷ്ണമൂർത്തി റാവു ആദ്യ ഡെപ്യൂട്ടി ചെയർമാനുമായി. ഉപരാഷ്ട്രപതി ചെയർമാനും അംഗങ്ങൾക്കിടയിൽനിന്ന് തെരഞ്ഞെടുക്കുന്നയാൾ വൈസ് ചെയർമാനുമാകുന്നു.രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആണ്. ഇപ്പോൾ 245 അംഗങ്ങളാണുള്ളത്. ഇവരിൽ 233 പേരെ തെരഞ്ഞെടുക്കുകയും 12 പേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യുകയുമാണ്.
തെരഞ്ഞെടുക്കുന്നവർ സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ്. സംസ്ഥാന നിയമസഭാംഗങ്ങൾ ഒറ്റ കൈമാറ്റ വോട്ടിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. ഡൽഹി (3), പുതുശേരി (1) എന്നീ കേന്ദ്രഭരണപ്രദേശങ്ങൾക്കും പ്രാതിനിധ്യമുണ്ട്. ജനസംഖ്യാ ആനുപാതികമായി ഓരോ സംസ്ഥാനത്തുനിന്നും ഉണ്ടാകേണ്ട അംഗങ്ങളുടെ എണ്ണം ഭരണഘടനയുടെ നാലാം ഷെഡ്യൂളിൽ പറയുന്നു. ഉത്തർപ്രദേശിൽനിന്നാണ് ഏറ്റവും കൂടുതൽ അംഗങ്ങൾ- 31. കേരളത്തിന് ഒമ്പത് അംഗങ്ങളുണ്ട്. ആന്ധ്രപ്രദേശിൽനിന്ന് തെലങ്കാന വേർപെട്ടപ്പോൾ ആന്ധ്രയിൽനിന്ന് ആകെയുള്ള രാജ്യസഭാംഗങ്ങളടെ എണ്ണവും വിഭജിക്കപ്പെട്ടു.
ആകെ 18 പേർ ഉണ്ടായിരുന്നത് ഇപ്പോൾ ആന്ധ്ര- 11, തെലങ്കാന- 7 എന്നിങ്ങനെയായി. അരുണാചൽപ്രദേശ്- 1, അസം- 7, ബിഹാർ- 16, ഛത്തീസ്ഗഢ്- 5, ഗോവ- 1, ഗുജറാത്ത്-11, ഹരിയാന- 5, ഹിമാചൽപ്രദേശ്- 3, ജമ്മു കശ്മീർ- 4, ഝാർഖണ്ഡ്- 6, കർണാടകം- 12, മധ്യപ്രദേശ്- 11, മഹാരാഷ്ട്ര- 19, മണിപ്പുർ- 1, മേഘാലയ- 1, മിസേറം-1,നാഗാലൻഡ്- 1, ഒഡീഷ- 10, പഞ്ചാബ്- 7, രാജസ്ഥാൻ-10, സിക്കിം- 1, തമിഴ്നാട്- 18, ത്രിപുര- 1, ഉത്തരാഞ്ചൽ-3, പശ്ചിമ ബംഗാൾ- 16 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള അംഗങ്ങൾ.
നോമിനേറ്റഡ് അംഗങ്ങൾ സാഹിത്യം, കല, ശാസ്ത്രം, സാമൂഹ്യസേവനം എന്നീ മേഖലകളിൽ മികവു തെളിയിച്ചവരാകും. രാജ്യസഭ സ്ഥിരംസഭയെന്നാണ് അറിയപ്പെടുന്നത്. ഒരിക്കലും പിരിച്ചുവിടില്ല. രണ്ടുവർഷം കൂടുമ്പോൾ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കും. ആദ്യതവണ നറുക്കെടുപ്പിലൂടെയാണ് പിരിയേണ്ട അംഗങ്ങളെ നിശ്ചയിച്ചത്.
