Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ മേഖലയിലും അഴിമതി പടരുന്നു;തദ്ദേശ സ്ഥാപനങ്ങളിലും അദ്ധ്യാപക നിയമനങ്ങളിലും അഴിമതിയെന്ന് എ കെ ആന്റണിയുടെ വിമർശനം; അഴിമതി നടത്തുന്നവർ ഇരിക്കുന്ന കൊമ്പ് വെട്ടുന്നെന്ന് ഉമ്മൻ ചാണ്ടി; സർക്കാറിനെ കടന്നാക്രമിച്ച് വി ഡി സതീശനും

എല്ലാ മേഖലയിലും അഴിമതി പടരുന്നു;തദ്ദേശ സ്ഥാപനങ്ങളിലും അദ്ധ്യാപക നിയമനങ്ങളിലും അഴിമതിയെന്ന് എ കെ ആന്റണിയുടെ വിമർശനം; അഴിമതി നടത്തുന്നവർ ഇരിക്കുന്ന കൊമ്പ് വെട്ടുന്നെന്ന് ഉമ്മൻ ചാണ്ടി; സർക്കാറിനെ കടന്നാക്രമിച്ച് വി ഡി സതീശനും

തിരുവനന്തപുരം: സംസ്ഥാന സർക്കാറിൽ അഴിമതി പടരുന്നു എന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തിയതിന് പിന്നാലെ പാർട്ടിയുടെ പ്രവർത്തക സമിതിയംഗം എ കെ ആന്റണിയും വിമർശനവുമായി രംഗത്തെത്തി. സർക്കാർ മേഖലയിൽ നടക്കുന്ന അഴിമതിയെ ചൂണ്ടിയാണ് ആന്റണിയുടെ വിമർശനം. സർക്കാർ മേഖലയിൽ അഴിമതി കൂടുകയാണെന്ന് പറഞ്ഞ അദ്ദേഹം ഇത് തടയാൻ ഉദ്യോഗസ്ഥർ രംഗത്തെത്തണമെന്നും പറഞ്ഞു. സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആന്റണി.

അഴിമതിക്കെതിരേ സർക്കാർ മുന്നിട്ടിറങ്ങണം. മന്ത്രിമാർക്കെതിരായ അന്വേഷണങ്ങളിൽ സർക്കാരിന് നിലപാട് വേണം. എല്ലാ മേഖലയിലും അഴിമതി പടരുകയാണ്. ഏതെങ്കിലും ഒരൂ വകുപ്പിനെ മാറ്റി നിർത്തുന്നില്ല. നാട്ടുകാരുടെ അഭിപ്രായവും ഇതുതന്നെയാണ്. വാചകമടിച്ചിട്ടു കാര്യമില്ല. തദ്ദേശഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഴിമതി പെരുകുകയാണ്. സർക്കാർ ജീവനക്കാർ ഇറങ്ങിത്തിരിച്ചാൽ മാത്രമേ അഴിമതി തടയാനാകൂവെന്നും ആന്റണി പറഞ്ഞു. പൊതുമേഖലയിലെ മാത്രം കാര്യമല്ല അഴിമതിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബാറുകൾ പൂട്ടിയതോടെ കുടുംബ ബാറുകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഴിമതി നടത്തുന്നവർ ഇരിക്കുന്ന കൊമ്പ് വെട്ടുകയാണ് ചെയ്യുന്നതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. നിയമത്തിന്റെ പിടിയിൽ നിന്ന് അവർ ചിലപ്പോൾ രക്ഷപ്പെട്ടേക്കും. പക്ഷേ ജനങ്ങളുടെ മനസ്സിലുള്ള വിശ്വാസം നഷ്ടപ്പെടും. ജനാധിപത്യത്തിന്റെ കരുത്ത് ജനങ്ങളുടെ വിശ്വാസമാണ്. രാഷ്ട്രീയപ്രവർത്തകരാണ് ആ വിശ്വാസം ഉണ്ടാക്കേണ്ടത്. എല്ലാവരും അഴിമതിക്കെതിരാണ് എന്നു പറയുമെങ്കിലും ജനങ്ങൾ അത് വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന കെ.പി. നൂറുദ്ദീനെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നേരത്തെ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി ഡി സതീശൻ എംഎൽഎയും യുഡിഎഫ് സർക്കാറിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ മേൽ അഴിമതിയുടെ കരിനിഴൽ വീണുവെന്നായിരുന്നു സതീശന്റെ ആരോപണം. അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയം. അഴിമതിക്കാരെ കയറൂരി വിടാൻ പാടില്ല. മന്ത്രിമാരുടെ അഴിമതിയുടെ ആഘാതം കോൺഗ്രസിനേയാണ് ബാധിക്കുക.അഴിമതിയുടെ കരിനിഴലിൽ നിന്ന് പുറത്ത് കടക്കാൻ ഉചിതമായ തീരുമാനം വേണം .രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടായ അഴിമതിക്ക് പ്രഹരം കിട്ടിയത് കോൺഗ്രസിനാണ്. രണ്ടാം യുപിഎക്ക് ഉണ്ടായ അപകടം യുഡിഎഫിന് ഉണ്ടാകരുതെന്ന് ആഗ്രഹമുണ്ട് എന്നും സതീശൻ റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു.

മന്ത്രിസഭാംഗങ്ങളെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയണം. മന്ത്രിമാരെ നിയന്ത്രിക്കാൻ സർക്കാരിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. പാർട്ടി മന്ത്രിമാരെ നിയന്ത്രിക്കാനേ കോൺഗ്രസിന് കഴിയൂ. ഘടകകക്ഷികളെ നിയന്ത്രിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഘടകകക്ഷി മന്ത്രിമാരുടെ അഴിമതിയുടെ ആഘാതം കോൺഗ്രസിനേയാണ് ബാധിക്കുകയെന്നും വിഡി സതീശൻ വ്യക്തമാക്കി.

എല്ലാവരേയും രക്ഷിക്കാൻ എല്ലാവരും ശ്രമിച്ചാൽ കോൺഗ്രസിനെ ആര് രക്ഷിക്കുമെന്നും വി ഡി സതീശൻ ചോദിച്ചു. ഉചിതമായ സമയത്ത് തീരുമാനം എടുത്തിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു. ഒരാൾ അഴിമതി നടത്തിയാലും കുറച്ച് ആളുകൾ ചെയ്താലും ആഘാതം യുഡിഎഫിന്. സിപിഐഎം മുഖ്യമന്ത്രിയേക്കാൾ ഉത്തരവാദിത്വം കോൺഗ്രസ് മുഖ്യമന്ത്രിക്കുണ്ട്. സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. ഭരണത്തുടർച്ച ഉറപ്പാക്കേണ്ടത് ഉമ്മൻ ചാണ്ടിയാമെന്നും വി ഡി സതീശൻ പറഞ്ഞു.

മാണി, ബാബു വിഷയം വന്നപ്പോൾ പൊതുസമൂഹത്തിന്റെ ചിന്ത കോൺഗ്രസ് മനസിലാക്കിയില്ല. മാണിക്കെതിരായ ആരോപണം വന്നപ്പോൾ കുറച്ചുകൂടി ബുദ്ധിപരമായ തീരുമാനം വേണമായിരുന്നു. കോൺഗ്രസിന്റെ ഭാവിയെപ്പറ്റി നേതൃത്വം ആലോചിക്കണമായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് തീരുമാനം എടുക്കണമായിരുന്നു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും.ദൈവവിശ്വാസമുള്ളവർക്ക് ദൈവഭയം. ഇത്‌പോലെ പൊതുപ്രവർത്തകർക്ക് ജനങ്ങളെ പേടി വേണമെന്നും വി ഡി സതീശൻ ഓർമ്മപ്പെടുത്തി.

നേതൃമാറ്റം ആവശ്യപ്പെടാത്തത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതിനാൽ ആണെന്നും വിഡി സതീശൻ പറഞ്ഞു. സംസ്ഥാനത്തെ പ്രശ്‌നങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടുണ്ട്.യുക്തവും ഉചിതവുമായ തീരുമാനം ഹൈക്കമാൻഡ് എടുക്കും. നേതൃമാറ്റത്തിനും പാർട്ടി പിടിച്ചെടുക്കാനും നിരവധി കലഹങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. ആ കാലഘട്ടം വേറെ, ഇപ്പോൾ പാർട്ടിക്ക് വേദിയുണ്ട്. ഹൈക്കമാൻഡുമായി ആക്‌സസും ഉണ്ട്. കേരളത്തിലെ സംഭവവികാസങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. തീരുമാനം അവരെടുക്കട്ടെ എന്നും വി ഡി സതീശൻ. തങ്ങൾ ഉന്നയിക്കുന്ന ആവശ്യം പൊതുനന്മക്കും പാർട്ടിയുടെ നിലനിൽപിനും വേണ്ടിയാണെന്നും വി ഡി സതീശൻ പറഞ്ഞു.

ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതികൂലാവസ്ഥ മറികടക്കാൻ ഉമ്മൻ ചാണ്ടിക്ക് കഴിയുമോ എന്ന് നോക്കട്ടെ. അതിന് ശേഷമല്ലേ ബാക്കി കാര്യങ്ങൾ സംസാരിക്കേണ്ടതുള്ളൂ. കോൺഗ്രസിനകത്തെ ഗ്രൂപ്പുകൾ തുല്യശക്തികളാണ്. വഴിയിലിറങ്ങി കുഴപ്പം ഉണ്ടാക്കുന്നില്ല എന്നേയുള്ളൂവെന്നും വിഡി സതീശൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP