Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽഡിഎഫ് കൺവീനറായി എ വിജയരാഘവനെ തിരഞ്ഞെടുത്ത് സിപിഎം: വൈക്കം വിശ്വന് പകരക്കാരനായി എത്തുന്നത് പൊതുപ്രവർത്തനത്ത് മുഖവുര വേണ്ടാത്ത വ്യക്തിത്വം; പ്രായാധിക്യത്തെ തുടർന്ന് വൈക്കംവിശ്വൻ സ്ഥാനമൊഴിയുന്നത് കൺവീനർ പദവിയിൽ റെക്കോഡിട്ടശേഷം

എൽഡിഎഫ് കൺവീനറായി എ വിജയരാഘവനെ തിരഞ്ഞെടുത്ത് സിപിഎം: വൈക്കം വിശ്വന് പകരക്കാരനായി എത്തുന്നത് പൊതുപ്രവർത്തനത്ത് മുഖവുര വേണ്ടാത്ത വ്യക്തിത്വം; പ്രായാധിക്യത്തെ തുടർന്ന് വൈക്കംവിശ്വൻ സ്ഥാനമൊഴിയുന്നത് കൺവീനർ പദവിയിൽ റെക്കോഡിട്ടശേഷം

തിരുവനന്തപുരം: പ്രായാധിക്യത്തെ തുടർന്ന് പദവി ഒഴിയുന്ന വൈക്കം വിശ്വന് പകരക്കാരനായി എ വിജയ രാഘവൻ എൽഡിഎഫ് കൺവീനറായി ചുമതല ഏൽക്കും. ഇന്ന് നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. എൽഡിഎഫ് യോഗത്തിന് ശേഷം പുതിയ എൽഡിഎഫ് കൺവീനറായുള്ള വിജയ രാഘവന്റെ പ്രഖ്യാപനം നടക്കും.

എൽഡിഎഫ് കൺവീനർ പദവിയിൽ റെക്കോർഡിട്ട ശേഷമാണ് വൈക്കം വിശ്വൻ ഈ പദവിയിൽ നിന്നും വിരമിക്കുന്നത്. 12 വർഷക്കാലമാണ് വൈക്കം വിശ്വൻ ഈ പദവിയിൽ ഇരുന്നത്. ഈ പദവിയിൽ വൈക്കം വിശ്വന്റേത് റെക്കോർഡാണ്. അനാരോഗ്യം മൂലം അദ്ദേഹം പദവി ഒഴിയുന്നത് ഏറ്റവും കൂടുതൽ കാലം എൽഡിഎഫിന്റെ ഏകോപനച്ചുമതല നിർവഹിച്ച നേതാവെന്ന ഖ്യാതി സ്വന്തമാക്കിയ ശേഷമാണ്. 2006 മെയ് 21നാണു വൈക്കം വിശ്വനെ എൽഡിഎഫ് കൺവീനറായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിയോഗിച്ചത്. 1987 ഏപ്രിൽ 16 മുതൽ 1998 ജനുവരി ഏഴിന് രാജിവയ്ക്കുംവരെ ആ സ്ഥാനത്തിരുന്ന എം.എം.ലോറൻസിന്റെ റെക്കോർഡ് വിശ്വൻ മറികടക്കുന്നു

പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയരംഗത്തും മുഖവുരകൾ വേണ്ടാത്ത വ്യക്തിത്വമാണ് എ വിജയരാഘവന്റേത്. കർമധീരതയുടെ ഈ അനുഭവസമ്പത്തുമായാണ് എൽഡിഎഫ് കൺവീനറായുള്ള വിജയരാഘവന്റെ പടിയേറ്റ്. അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിൽ കെഎസ്വൈഎഫിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, കലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റ് അംഗം, കേരള കലാമണ്ഡലം ഭരണസമിതി അംഗം, സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്നീ ചുമതലകൾ വഹിച്ചു.

1989ൽ പാലക്കാട് മണ്ഡലത്തെ കോൺഗ്രസിൽനിന്ന് ഇടതുപക്ഷത്തോട് ചേർത്ത് നിർത്തിയതും വിജയരാഘവനിലൂടെതന്നെ. 1998ലും 2004ലും രാജ്യസഭാംഗമായി. നിലവിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറിയുമാണ്. പാർലമെന്റിന്റെ ഉപനിയമ നിർമ്മാണ സമിതി അംഗം, അഷ്വറൻസ് കമ്മിറ്റി ചെയർമാൻ, ആഭ്യന്തരവകുപ്പ്, ധനവകുപ്പ്, പ്രതിരോധം, പെട്രോളിയം, പ്രകൃതിവാതകം, ഗ്രാമീണവികസനം, ഐടി വിഭാഗങ്ങളുടെ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

എംപിയായിരിക്കെ പാക്കിസ്ഥാൻ പൗരത്വമുള്ള ഇന്ത്യക്കാരുടെ പ്രശ്‌നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുകയും കേന്ദ്രസർക്കാരിൽനിന്ന് അനുകൂല നിലപാട് ഉണ്ടാക്കുകയുംചെയ്തു. റെയിൽവേ സേലം ഡിവിഷൻ വെട്ടിമുറിക്കുന്നതിനെതിരെ രാജ്യസഭയിൽ നിരന്തരം പോരാടി. കാർഷികമേഖലയിലെ പ്രശ്‌നങ്ങളിൽ ഇടപെട്ട് കുട്ടനാട് പാക്കേജുൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാൻ പ്രയത്‌നിച്ചു. സിഎസ്‌ഐആർ (കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്), ഐസിഎആർ (ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച്) എന്നിവിടങ്ങളിലെ അഴിമതി, ഹവാല ഇടപാട് എന്നിവ പാർലമെന്റിൽ ഉന്നയിച്ചു. പാലക്കാട് -കോഴിക്കോട് ദേശീയപാത 213ഉം വിജയരാഘവന്റെ നേതൃപാടവത്തിന് തെളിവാണ്.

റഷ്യ, ചൈന എന്നിവിടങ്ങൾ സഞ്ചരിച്ച വിദ്യാർത്ഥി- യുവജന സംഘത്തിന്റെ ലീഡറായിരുന്നു. മുപ്പതോളം വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. തൊഴിലാളികളായ മലപ്പുറം ആലമ്പാടൻ പറങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടെയും അഞ്ചു മക്കളിൽ മൂന്നാമനായി 1956 മാർച്ചിലാണ് വിജയരാഘവന്റെ ജനം. പ്രീഡിഗ്രി പഠനശേഷം വിവിധ ജോലികൾചെയ്തു. അതിനിടെ വക്കീൽ ഗുമസ്തനായി. വിദ്യാർത്ഥിനേതാവായിരിക്കെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും പ്രീഡിഗ്രി ബോർഡിനെതിരെയും നടത്തിയ സമരങ്ങൾക്ക് നേതൃത്വം നൽകി.

നിരവധിതവണ പൊലീസിന്റെ കൊടിയ മർദനമേറ്റുവാങ്ങി. ജയിൽവാസവും അനുഷ്ഠിച്ചു. മലപ്പുറം ഗവ. കോളേജിൽ ബിഎ ഇസ്ലാമിക ചരിത്രത്തിൽ റാങ്കോടെ വിജയിച്ചു. കോഴിക്കോട് ലോ കോളേജിൽനിന്ന് നിയമബിരുദവും കരസ്ഥമാക്കി. എൽഎൽഎം പഠനത്തിനിടെയാണ് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായത്. സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റി അംഗവും കേരളവർമ കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയുമായ ആർ ബിന്ദുവാണ് ഭാര്യ. നിയമവിദ്യാർത്ഥി ഹരികൃഷ്ണൻ ഏക മകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP