Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യനയത്തിന്റെ പേരിൽ പോരടിക്കുന്ന സർക്കാർ ആദിവാസികളെ കാണാതെ പോകുന്നത് എന്തുകൊണ്ട്? നില്പുസമരത്തെ പിന്തുണച്ച് രാഹുലിന്റെ വിശ്വസ്തൻ

മദ്യനയത്തിന്റെ പേരിൽ പോരടിക്കുന്ന സർക്കാർ ആദിവാസികളെ കാണാതെ പോകുന്നത് എന്തുകൊണ്ട്? നില്പുസമരത്തെ പിന്തുണച്ച് രാഹുലിന്റെ വിശ്വസ്തൻ

തിരുവനന്തപുരം: സർക്കാർ കണ്ടഭാവം നടിക്കാത്ത ആദിവാസി നില്പുസമരത്തിനു പരസ്യ പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയും രാഹുൽ ബ്രിഗേഡിലെ വിശ്വസ്തനുമായ മാത്യു കുഴൽനാടൻ രംഗത്ത്. മദ്യനയത്തിന്റെ പേരിൽ കടിപിടികൂടാൻ ആവശ്യത്തിലേറെ സമയമുള്ള സർക്കാർ ആദിവാസികളുടെ ന്യായമായ സമരത്തെ ഗൗനിക്കാത്തത് അനുവദിക്കാനാവില്ല എന്നാണ് മാത്യു കുഴൽനാടൻ മുന്നറിയിപ്പു നൽകിയത്. യൂത്ത് കോൺഗ്രസ് സമരത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമരവേദി സന്ദർശിച്ചു നടത്തിയ പ്രസ്താവനയിലാണ് മാത്യു കുഴൽനാടൻ സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ചത്. ജൂലൈ ഒൻപതുമുതലാണ് ആദിവാസികൾ സെക്രട്ടറിയേറ്റ് പടിക്കൽ നില്പുസമരം ആരംഭിച്ചത്.

സർക്കാർ കണ്ണുതുറക്കണമെന്നും 64 ദിവസത്തിലധികമായി നീളുന്ന ആദിവാസി നില്പുസമരം ഇനിയും ഭരണകൂടം കണ്ടില്ലെന്ന് നടിക്കുന്നത്‌ മൗഢ്യമാണെന്നും മാത്യു കുഴൽനാടൻ അഭിപ്രായപ്പെട്ടു. 2006ൽ വനനിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്‌ UPA സർക്കാരാണെന്നും അതുകൊണ്ടുതന്നെ 2001ൽ ആന്റണി ഗവൺമെന്റ്‌ നടപ്പിലാക്കാമെന്നേറ്റ ആദിവാസി പാക്കേജ്‌ നടപ്പിലാക്കാൻ ഇനിയും അമാന്തിക്കരുതെന്നും ഈ സമരം കാടിന്റെ മക്കളുടെ അതിജീവനത്തിനു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മദ്യനയത്തെ സംബന്ധിച്ചുള്ള ആരോപണ പ്രത്യാരോപണങ്ങൾക്ക്‌ ദിനം പ്രതി സമയം തികയാതെ വരുന്ന സർക്കാർ നാടിന്റെ നീറുന്ന പ്രശ്നങ്ങൾ കാണാതെ പോകുകയാണ്. ആദിവാസി സഹോദരങ്ങളുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക്‌ യൂത്ത്‌ കോൺഗ്രസിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും സംഘാടകർക്ക്‌ അദ്ദേഹം ഉറപ്പ്‌ നൽകി.

സർക്കാർ ഇനിയും കണ്ടില്ലെന്നു നടിക്കുന്ന സമരത്തിനു പരസ്യപിന്തുണയുമായി ഭരണപക്ഷത്തിലെ യുവജനനേതാവു തന്നെ രംഗത്ത്‌ വന്നതോടുകൂടി ആദിവാസി സമരത്തിനു പുതിയ രാഷ്ട്രീയമാനങ്ങൾ കൈവന്നിരിക്കുകയാണ്.

2002ൽ സി കെ ജാനുവിന്റെയും എം ഗീതാനന്ദന്റെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന കുടിൽ കെട്ടി സമരത്തെ തുടർന്ന് എ കെ ആന്റണി സർക്കാർ അംഗീകരിച്ച ഒത്തുതീർപ്പു നിർദ്ദേശങ്ങൾ നടപ്പിലാക്കണം എന്നാവശ്യപ്പെട്ടാണ് ആദിവാസികൾ നില്പുസമരം നടത്തുന്നത്. അന്ന് വലിയ ആഘോഷത്തോടെയാണ് കുടിൽകെട്ടി സമരം ഒത്തുതീർപ്പായത്. സമരം അവസാനിച്ചപ്പോൾ നടന്ന ആഹ്ളാദ നൃത്തത്തിൽ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി അടക്കം വന്നു ചുവടുവച്ചത് വലിയ വാർത്തയായിരുന്നു. എന്നാൽ സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാഞ്ഞതിനെ തുടർന്ന് മുത്തങ്ങയിൽ വനഭൂമി കയ്യേറി സ്വയംഭരണം പ്രഖ്യാപിച്ച ആദിവാസികൾക്കു നേരെ 2003 ഫെബ്രുവരിയിൽ പൊലീസ് വെടിവെപ്പു നടന്നു. അതിനുശേഷം വനഭൂമി കയ്യേറിയുള്ള സമരങ്ങളിൽ നിന്നു വിട്ടുനിന്ന ഗോത്രമഹാസഭ, സ്വാധീനം വീണ്ടെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്, നില്പുസമരവുമായി രംഗത്തുവന്നത്.

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം വനത്തിനുള്ളിലെ സെറ്റിൽമെന്റിൽ കഴിയുന്ന ആദിവാസികളെ പുനരധിവസിപ്പിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നതായി ജനയുഗം ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതനുസരിച്ച് ഭൂമി വാങ്ങുന്നതിന് ആദിവാസികൾക്ക് സർക്കാർ 10 ലക്ഷം രൂപ നൽകുന്നുണ്ട്. എന്നാൽ ഇത് അംഗീകരിക്കേണ്ടെന്ന നിലപാടാണ് ഗോത്രമഹാസഭയ്ക്കും സി കെ ജാനുവിനുമുള്ളത്. കാട്ടിലുള്ള മൃഗങ്ങളെക്കാൾ ആദിവാസികൾക്ക് ദോഷം വരുത്തുന്നത് നാട്ടിലെ ഇരുകാലി മൃഗങ്ങളാണെന്നും അതുകൊണ്ട് തന്നെ 10 ലക്ഷം വേണ്ടെന്നും ഒരു ഏക്കർ മുതൽ അഞ്ച് ഏക്കർ വരെ ഭൂമി നൽകുകയാണ് വേണ്ടതെന്നും ആണ് സമരക്കാരുടെ ആവശ്യം.

വാക്കുകൾ പാലിക്കുന്നത് ജനാധിപത്യ മര്യാദയാണ്, ആദിവാസികളോട് വാക്കു പാലിക്കുക എന്നതാണ് ഈ സമരത്തിന്റെ മുദ്രാവാക്യം. വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളെജ് ആദിവാസികൾക്ക് നൽകാനുള്ള ഭൂമി കയ്യേറുകയാണെന്നും സർക്കാർ ഇതിന് ഒത്താശ ചെയ്യുകയാണെന്നും ജാനുവും ഗീതാനന്ദനും ആരോപിക്കുന്നു. വെറ്ററിനറി സർവകലാശാല ഈ ഭൂമിയിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം അനധികൃതമാണ്. അതുകൊണ്ട് എത്രയും വേഗം ആ സ്ഥലം ആദിവാസികൾക്ക് തന്നെ നൽകണം. അല്ലാത്തപക്ഷം ഈ ഭൂമി കയ്യേറി ആദിവാസികൾ അവകാശം സ്ഥാപിക്കുമെന്ന മുന്നറിയിപ്പും സമരക്കാർ നൽകിക്കഴിഞ്ഞു. സുപ്രീം കോടതി വിധിയും വനനിയമങ്ങളും യു ഡി എഫ് മന്ത്രിസഭ കാറ്റിൽ പറത്തിയിരിക്കുകയാണെന്നും സമരസമിതി ആരോപിക്കുന്നു.

ആദിവാസികളുടെ നേതൃത്വത്തിൽ നടന്ന പ്രധാനപ്പെട്ട സമരമായിരുന്നു കുടിൽകെട്ടി സമരം. ആദിവാസികൾക്ക് കൃഷിയോഗ്യമായ അഞ്ചേക്കർ സ്ഥലം വീതം നൽകാം എന്നായിരുന്നു, ആന്റണി സർക്കാരിന്റെ പ്രധാന വാഗ്ദാനം. എന്നാൽ അതിനായി ഇടുക്കിയിൽ ഏറ്റെടുത്തു കൈമാറിയ ഭൂമി പാറക്കെട്ടുകൾ നിറഞ്ഞതും കൃഷി സാധ്യമല്ലാത്തതും ആണെന്ന ആക്ഷേപം പിന്നീട് ശക്തമായി. ഇതിനു പിന്നാലെയാണ്, ആദിവാസികൾ ആറളം ഫാം കുടിയേറിയത്. അതേ സമയം ആറളം ഫാമിൽ അനധികൃതമായി കുടിയേറിയ ആദിവാസികളെ ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് ദീർഘകാലമായി തോട്ടംതൊഴിലാളികളും പ്രക്ഷോഭത്തിലാണ്. ആദിവാസികൾക്ക് കൃഷിക്കു സ്ഥലം നൽകുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ തങ്ങളുടെ ഉപജീവനം മുട്ടിച്ചുകൊണ്ടാവരുത്, അതെന്നുമാണ് തോട്ടംതൊഴിലാളികളുടെ നിലപാട്.

രണ്ടുമാസത്തിൽ അധികമായി നീളുന്ന ആദിവാസി സമരത്തെ മാദ്ധ്യമങ്ങൾ പോലും തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നില്ല. അടുത്തിടെ ഇത് വാർത്തയായത് തന്നെ, കഷ്ടിച്ചു മുന്നൂറോളം അംഗങ്ങളുണ്ടായിരുന്ന ഒപ്പുമരം എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമായും കോഴിക്കോട് സ്വദേശികളായ കുറേപ്പേർ ഒത്തുകൂടിയതോടെയാണ്. മനുഷ്യാവകാശ പ്രവർത്തകനും മുതിർന്ന ജേണലിസ്റ്റുമായ ബിആർപി ഭാസ്കർ ആയിരുന്നു സംഗമം ഉദ്ഘാടനം ചെയ്തത്. സമരത്തെ സിപിഐ(എം) പിന്തുണയ്ക്കുന്നില്ല എന്നതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലും മറ്റും ഉയർന്നത്. സമരത്തെ ഗൗനിക്കാത്ത സർക്കാരിനെതിരെ ഉയർന്നതിനേക്കാളും വലിയ വിമർശനമാണ് പ്രതിപക്ഷമായ സിപിഎമ്മിനു നേരെ ഉയർന്നത്. അതേ സമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അടക്കം പരസ്യമായി യുഡിഎഫിനെ പിന്തുണച്ച സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത് എന്നതിനാൽ തന്നെ സിപിഐ(എം) സമരത്തെ പിന്തുണയ്ക്കാൻ ഒരു സാധ്യതയുമില്ല. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ആദിവാസി ക്ഷേമ സമിതി എന്ന സംഘടയുടെ നേതൃത്വത്തിൽ വയനാട്ടിൽ ഭൂസമരങ്ങൾ തുടർച്ചയായി നടക്കുകയും ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP