Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയർപോർട്ടിൽ വിദേശ കറൻസി കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായത് കളങ്കമായി; ഉപവാസം കിടന്ന സമരപ്പന്തലിലേക്ക് വരാനുള്ള ഏബ്രഹാം കലമണ്ണിലിന്റെ ശ്രമം തടഞ്ഞ് പിജെ ജോസഫ്; വ്യവസായിയുടെ സാന്നിധ്യം പ്രതിഛായ നശിപ്പിക്കുമെന്നും വിശദീകരണം; പിസി ജോർജിന് പ്രവേശനം ലഭിച്ചിടത്ത് കലമണ്ണിലിന് വിലക്ക് വന്നതിന് പിന്നിൽ വിഭാഗീയതയും

എയർപോർട്ടിൽ വിദേശ കറൻസി കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായത് കളങ്കമായി; ഉപവാസം കിടന്ന സമരപ്പന്തലിലേക്ക് വരാനുള്ള ഏബ്രഹാം കലമണ്ണിലിന്റെ ശ്രമം തടഞ്ഞ് പിജെ ജോസഫ്; വ്യവസായിയുടെ സാന്നിധ്യം പ്രതിഛായ നശിപ്പിക്കുമെന്നും വിശദീകരണം; പിസി ജോർജിന് പ്രവേശനം ലഭിച്ചിടത്ത് കലമണ്ണിലിന് വിലക്ക് വന്നതിന് പിന്നിൽ വിഭാഗീയതയും

ആർ കനകൻ

കൊച്ചി: കേരളാ കോൺഗ്രസ് (എം) ചെയർമാൻ പിജെ ജോസഫ് എംഎൽഎ തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരത്തിന്റെ പന്തലിൽ പാർട്ടിയിൽപ്പെട്ട എല്ലാവർക്കും പ്രവേശനമുണ്ടായിരുന്നു. മാണി ഗ്രൂപ്പിനെ നിരന്തരം തെറി പറയുന്ന പിസി ജോർജ് വരെ പന്തലിൽ വന്നിരുന്നു. എന്നാൽ, കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയും വ്യവസായിയുമായ ഏബ്രഹാം കലമണ്ണിൽ സമരപ്പന്തലിൽ വരുന്നതിനെ പിജെ ജോസഫ് എതിർത്തു. കഴിഞ്ഞ ദിവസം നെടുമ്പാശേരി എയർ പോർട്ടിൽ വിദേശ കറൻസി കടത്താനുള്ള ശ്രമത്തിനിടെ കലമണ്ണിൽ പിടിയിലായതാണ് ജോസഫിനെ ചൊടിപ്പിച്ചത്.

നേരത്തേ തന്നെ ജോസഫിനെ കലമണ്ണിലിനെ അത്ര താൽപര്യമില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് കെഎം മാണി നടത്തിയ യാത്രയുടെ മുഖ്യസംഘാടകൻ കലമണ്ണിലായിരുന്നു. ചെലവുകൾ മുഴുവൻ ഈ വ്യവസായി വഹിച്ചു. യാത്ര അവസാനിച്ചതോടെ കലമണ്ണിൽ സംസ്ഥാന സെക്രട്ടറിയുമായി. അന്നു മുതൽ ജോസഫിന് മാനസികമായി കലമണ്ണിലിനോട് താൽപര്യമില്ല. ഇതിനിടെയാണ് സമരപ്പന്തലിൽ എത്താൻ സംസ്ഥാന നേതാവായ പ്രഫ ഡികെ ജോണിനോട് കലമണ്ണിൽ അനുവാദം ചോദിച്ചത്. ജോൺ ഈ വിവരം പിജെ ജോസഫിനെ അറിയിച്ചെങ്കിലും അനുവാദം നൽകാൻ അദ്ദേഹം തയാറായില്ല.

കഴിഞ്ഞയാഴ്ചയാണ് നെടുമ്പാശേരി എയർപോർട്ടിൽ കണക്കിലധികം വിദേശ കറൻസിയുമായി ഏബ്രഹാം കലമണ്ണിൽ കസ്റ്റംസിന്റെ പിടിയിലായത്. 18.95 ലക്ഷം രൂപയ്ക്കുള്ള അമേരിക്കൻ ഡോളറായിരുന്നു കലമണ്ണിലിന്റെ കൈവശം ഉണ്ടായിരുന്നത്. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് പോകാൻ എത്തിയതാണ് കലമണ്ണിൽ. ഇദ്ദേഹം അവിടെ അന്താരാഷ്ട്ര യൂണിവേഴ്സിറ്റിയും മെഡിക്കൽ കോളജും സ്ഥാപിച്ചിട്ടുണ്ട്. റുവാണ്ടൻ സർക്കാരിന് പ്രിയപ്പെട്ടയാളുമാണ് ഇദ്ദേഹം. ജോസഫ് ഏബ്രഹാം എന്നാണ് ഔദ്യോഗിക നാമം. ഇതു കാരണം കലമണ്ണിൽ പിടിയിലായ വാർത്ത പത്രങ്ങളിൽ വന്നെങ്കിലും ആർക്കും മനസിലായില്ല. ഇന്നലെ മറുനാടനാണ് ഈ വാർത്ത പുറത്തു വിട്ടത്. .അതോടെയാണ് കേരളാ കോൺഗ്രസുകാർ പോലും വിവരം അറിഞ്ഞത്.

18.95 ലക്ഷത്തിന്റെ യുഎസ് ഡോളർ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചതിന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ഏബ്രഹാം കലമണ്ണിൽ നെടുമ്പാശേരി എയർ പോർട്ടിൽ കസ്റ്റംസിന്റെ പിടിയിലായി. ഔദ്യോഗിക നാമം ജോസഫ് ഏബ്രഹാം എന്നായതിനാൽ പത്രങ്ങളിൽ വാർത്ത വന്നിട്ടും നാട്ടുകാർ അറിഞ്ഞില്ല. എയർ ഇന്ത്യ വിമാനത്തിൽ ദോഹയിലേക്ക് പോകാൻ എത്തിയ ഏബ്രഹാമിന്റെ ഹാൻഡ് ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. പിടികൂടിയ പണം റവന്യൂ ഇന്റലിജൻസിന് കൈമാറി. കലമണ്ണിലിനെ ജാമ്യത്തിൽ വിട്ടെങ്കിലും ഇയാളുടെ സ്വത്തുക്കൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന വ്യവസായിയാണ് ഏബ്രഹാം കലമണ്ണിൽ. മൗണ്ട് സിയോൺ എന്ന ബ്രാൻഡ് നെയിമിൽ കടമ്മനിട്ടയിലും കൊഴുവല്ലൂരും എൻജിനീയറിങ് കോളജ്, അടൂർ ഏനാദിമംഗലത്ത് മെഡിക്കൽ കോളജ്, ചിറ്റാറിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവ കലമണ്ണിലിന് ഉണ്ട്. ഇതിന് പുറമേ കോഴഞ്ചേരി, പത്തനംതിട്ട, തിരുവല്ല എന്നീ നഗരഹൃദയങ്ങളിൽ കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുവവകളും ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP