Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയലാർ രവിയുടേയും തന്റേയും മുഖ്യമന്ത്രി സ്വപ്‌നം വെട്ടിയത് ഒരാൾ തന്നെ! പുതിയ വെടി പൊട്ടിച്ച് ശങ്കരനാരായണൻ; കുറച്ച് കാലം കൂടി ഇവിടെ ചുറ്റിത്തിരിയാൻ ആഗ്രഹം ഉള്ളതു കൊണ്ട് പേരു പറയുന്നില്ലെന്ന് മുൻ മഹാരാഷ്ട്രാ ഗവർണ്ണർ; ശങ്കരനാരായണനും മുഖ്യമന്ത്രി സ്വപ്‌നമോ എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; നേതാക്കൾ ലക്ഷ്യം ഇട്ടത് എകെ ആന്റണിയെ എന്ന് സൂചന

വയലാർ രവിയുടേയും തന്റേയും മുഖ്യമന്ത്രി സ്വപ്‌നം വെട്ടിയത് ഒരാൾ തന്നെ! പുതിയ വെടി പൊട്ടിച്ച് ശങ്കരനാരായണൻ; കുറച്ച് കാലം കൂടി ഇവിടെ ചുറ്റിത്തിരിയാൻ ആഗ്രഹം ഉള്ളതു കൊണ്ട് പേരു പറയുന്നില്ലെന്ന് മുൻ മഹാരാഷ്ട്രാ ഗവർണ്ണർ; ശങ്കരനാരായണനും മുഖ്യമന്ത്രി സ്വപ്‌നമോ എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ; നേതാക്കൾ ലക്ഷ്യം ഇട്ടത് എകെ ആന്റണിയെ എന്ന് സൂചന

തിരുവനന്തപുരം: വയലാർ രവിയുടെയും തന്റെയും മുഖ്യമന്ത്രി സ്വപ്നം വെട്ടിയത് ഒരേയാൾ തന്നെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണൻ പറയുന്നു. താൻ മുഖ്യമന്ത്രിയാവാൻ നോക്കിയിരുന്നതാണ്. രവിക്കും അതേ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ഞങ്ങളെ രണ്ടുപേരെയും ഒരാൾ തന്നെയാണ് തട്ടിയത്. ആ പേര് ഒരു കാരണവശാലും പറയില്ല. കുറച്ചുകാലം കൂടി ഇതിൽ ചുറ്റിപ്പറ്റി നിൽക്കണമെന്നുണ്ട് - ശങ്കരനാരായണൻ വെളിപ്പെടുത്തിയതിനെ കുറിച്ചാണ് സോഷ്യൽ മീഡിയയുടെ ഇന്നത്തെ അന്വേഷണം.

എറണാകുളം ടൗൺഹാളിൽ നടന്ന മേഴ്സി രവി അനുസ്മരണ ചടങ്ങ്, വയലാർ രവിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശങ്കരനാരായണൻ. ഒരു ഘട്ടത്തിലും ഇവിടേയും മുഖ്യമന്ത്രിയായി ശങ്കരനാരായണന്റെ പേര് ഉയർന്ന് കേട്ടിരുന്നില്ല. എന്നാൽ തന്റെ മനസ്സിൽ ഇങ്ങനെയൊരു മോഹമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ശങ്കരനാരായണൻ. എകെ ആന്റണിയുടെ വിശ്വസ്തനായ ശങ്കരനാരായണൻ കേരളത്തിന്റെ മുൻ ധനമന്ത്രിയായിരുന്നു. അതിന് അപ്പുറത്തേക്ക് ഒരു സ്ഥാനം മോഹിക്കേണ്ട കാര്യം ശങ്കര നാരായണനില്ല. കാരണം എ ഗ്രൂപ്പിലെ രണ്ടാമൻ ഉമ്മൻ ചാണ്ടിയായിരുന്നു. സ്വാഭാവികമായി ആന്റണിയുടെ യഥാർത്ഥ പിൻഗാമിയായാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായതും. ഈ സാഹചര്യത്തിലാണ് ശങ്കരനാരായണന്റെ പ്രസ്താവനയെ സോഷ്യൽ മീഡിയ പരിശോധിക്കുന്നത്.

ആന്റണിയുടെ സീനിയറായിരുന്നു വയലാർ രവി. രവിയായിരുന്നു കെ എസ് യുവിലെ ആന്റണിയുടെ ആദ്യ നേതാവ്. എന്നാൽ ഈ സീനിയോറിട്ടി മറികടന്ന് ആന്റണി ഉയരത്തിലേക്ക് കുതിച്ചു. രവിയെ നേതാവായി ആന്റണി ഉയർത്തിക്കാട്ടിയിരുന്നുവെങ്കിൽ 1977ൽ തന്നെ രവി മുഖ്യമന്ത്രിയാകുമായിരുന്നു. അതുകൊണ്ട് തന്നെ രവിയുടെ മുഖ്യമന്ത്രി പദമോഹത്തെ തടഞ്ഞത് ആന്റണിയാണെന്ന വിലയിരുത്തൽ സജീവമാണ്. അതുകൊണ്ട് തന്നെ തന്നെ മുഖ്യമന്ത്രിയാക്കാതെ ഉമ്മൻ ചാണ്ടിയെ ആൻണി ഒന്നാമനാക്കിയെന്നാണ് ശങ്കരനാരായൺ പറയുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

തനിക്ക് കിട്ടാനുള്ളതെല്ലാം കിട്ടി. ഇനി ഒന്നും വേണ്ട. എന്നാൽ, പ്രായമായെന്നു പറഞ്ഞ് ആളുകളെ മാറ്റി നിർത്തുന്നതിനോട് യോജിക്കാനാവില്ല. അത് കോൺഗ്രസിനു മാത്രമല്ല ഒരു രാഷ്ട്രീയപാർട്ടിക്കും ചേർന്നതല്ല. ചെറുപ്പക്കാരും സ്ത്രീകളും മറ്റും പാർട്ടിയിലേക്ക് വരുന്നത് ആരും തടയുന്നില്ല. എന്നാൽ, നിങ്ങൾക്ക് വയസ്സായി, അതുകൊണ്ട് പറ്റില്ലെന്ന് പറയരുത്. വീട്ടിൽ കറന്റുപകരണങ്ങൾ വന്നെന്നു കരുതി പഴയ ചൂലും ഉരലും അമ്മിയുമൊന്നും എടുത്ത കളയരുത്. അത് വീടിന്റെ മൂലയിൽ കിടന്നോളും. ഇപ്പോൾ കറന്റ് പോയപ്പോൾ എല്ലാവരും അമ്മിയന്വേഷിച്ച് പോയില്ലേ. അതുപോലെ ഉപയോഗം വരും. ഇനി ആവശ്യമില്ലെങ്കിലും അതവിടെ കിടന്ന് നശിച്ചുപോയിക്കോളും, എടുത്തു കളയേണ്ട-ഇതായിരുന്നു ഇന്നലെ ശങ്കരനാരയാണൻ തുടർന്ന് പറഞ്ഞത്

കസേരയിൽ ഇരിക്കുന്നവർ അതിന്റെ വില മനസ്സിലാക്കാത്തതാണ് കോൺഗ്രസ് ഇങ്ങനെ മെലിയാൻ കാരണം. ജാതി, മതം, പാരമ്പര്യം, വയസ്സ് എന്നിവ നോക്കാതെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവരെ ഉത്തരവാദിത്വങ്ങൾ ഏല്പിക്കണം. ഇന്നാൾ വേണ്ടെന്ന് നേരത്തെ തീരുമാനിച്ചാൽ അരി വേകാൻ പോകുന്നില്ല. ഒന്നിച്ചുനിന്നാൽ ഇനിയും ശുക്രദശ വരും. ഇല്ലെങ്കിൽ ശനിദശ തുടരും. കോൺഗ്രസിന്റെ നയമല്ല പ്രശ്നം, അതിലുള്ള ചില ക്ഷുദ്രജീവികളാണ്. മതേതരത്വം പകൽ മാത്രം പറഞ്ഞാൽ പോര, രാത്രിയിലും പറയണം. കോൺഗ്രസ് ഇല്ലാതായാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ തേജസ്സ് ഇല്ലാതാകും. കോൺഗ്രസ് അധികാരത്തിൽ വന്ന് ജനാധിപത്യത്തിന്റെ പ്രാണവായു ശ്വസിച്ച് മരിക്കണമെന്നു മാത്രമാണ് ഇപ്പോഴുള്ള ആഗ്രഹം -ശങ്കരനാരായണൻ പറഞ്ഞു.

അങ്ങനെ ഇനിയും അധികാര മോഹം തനിക്കുണ്ടെന്ന് ശങ്കരനാരായണൻ പറയാതെ പറയുന്നതായാണ് വിലയിരുത്തൽ. കോൺഗ്രസിനെ രക്ഷിക്കാൻ തങ്ങളേയും ഉൾക്കൊള്ളണമെന്ന വികാരമാണ് ശങ്കരനാരായണൻ പങ്ക് വയ്ക്കുന്നത്. മന്മോഹൻ സിങ് ഭരണകാലത്ത് കേരളത്തിൽ നിന്ന് ശങ്കരനാരായണനെ ഗവർണ്ണറാക്കി മാറ്റി നിർത്തിയിരുന്നു. മഹാരാഷ്ട്രയിലെ ചുമതല പോലും ഗവർണ്ണറെന്ന നിലയിൽ ശങ്കരനാരായണന് കോൺഗ്രസ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP