Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എകെ ബാലൻ പാർട്ടി സെക്രട്ടറിയായില്ലെങ്കിൽ എൽഡിഎഫ് കൺവീനറാക്കി മന്ത്രിസഭയിൽ നിന്ന് മാറ്റിയേക്കും; വിവാദങ്ങളിൽപ്പെട്ട മന്ത്രിമാർ പലരും സ്ഥാനം ഒഴിയേണ്ടി വരും; സിപിഐക്ക് പകരം മാണിയെ മന്ത്രിസഭയിൽ എടുക്കാനും സാധ്യത; 19 മാസം കൊണ്ട് ഒരു മാറ്റവും വരുത്താൻ ആയില്ലെന്ന വിമർശനം ശക്തമാകവെ പാർട്ടി സമ്മേളനത്തിന് ശേഷം വരുന്നത് വമ്പൻ അഴിച്ചു പണി

എകെ ബാലൻ പാർട്ടി സെക്രട്ടറിയായില്ലെങ്കിൽ എൽഡിഎഫ് കൺവീനറാക്കി മന്ത്രിസഭയിൽ നിന്ന് മാറ്റിയേക്കും; വിവാദങ്ങളിൽപ്പെട്ട മന്ത്രിമാർ പലരും സ്ഥാനം ഒഴിയേണ്ടി വരും; സിപിഐക്ക് പകരം മാണിയെ മന്ത്രിസഭയിൽ എടുക്കാനും സാധ്യത; 19 മാസം കൊണ്ട് ഒരു മാറ്റവും വരുത്താൻ ആയില്ലെന്ന വിമർശനം ശക്തമാകവെ പാർട്ടി സമ്മേളനത്തിന് ശേഷം വരുന്നത് വമ്പൻ അഴിച്ചു പണി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൃശൂർ സമ്മേളനത്തിൽ എകെ ബാലന് സിപിഎം പുതിയ ഉത്തരവാദിത്തങ്ങൾ നൽകിയേക്കും. മക്കളുടെ ലോൺ വിവാദം തകർത്ത കോടിയേരി ബാലകൃഷ്ണന്റെ പ്രതിച്ഛായയാണ് ഇതിന് കാരണം. ബാലനെ സംസ്ഥാന സെക്രട്ടറിയാക്കാൻ പോലും പരിഗണിക്കുന്നു. ഇനി സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ നിലനിർത്തിയാൽ ബാലനെ ഇടതു മുന്നണിയുടെ കൺവീനറാക്കും. വൈക്കം വിശ്വന്റെ ആരോഗ്യം മോശമായതാണ് ഇത്തരത്തിലൊരു ചിന്തയ്ക്ക് പിന്നിൽ. ഇതിനൊപ്പം ധനമന്ത്രി തോമസ് ഐസകിന്റെ കാര്യത്തിലും സംസ്ഥാന സമ്മേളനത്തിൽ ധാരണയാകും. തോമസ് ഐസക്കിനെ ആലപ്പുഴ ലോക്‌സഭയിൽ മത്സരിപ്പിക്കാൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ ഐസക്കിനേയും മാറ്റും. പക്ഷേ ഐസക്കിനെ ഉടൻ മാറ്റേണ്ടതില്ലെന്ന ചിന്തയും സജീവമാണ്. അങ്ങനെ മന്ത്രിസഭാ പുനഃസംഘടനയിലേക്ക് കാര്യങ്ങളെത്തിക്കുന്ന ചർച്ചകളാകും സിപിഎം സംസ്ഥാന സമ്മേളനത്തിൽ നടക്കുക.

എ.കെ. ബാലൻ വെറുമൊരു ബാലനല്ല. കോടിയേരിക്കും മുകളിലാണ് ബാലന്റെ സ്ഥാനം. ബാലൻ എസ്.എഫ്.ഐ.യുടെ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് കോടിയേരി തലശ്ശേരിയിലെ കേവലം പത്താംതരം എസ്.എഫ്.ഐ. വിദ്യാർത്ഥി മാത്രമായിരുന്നു. അക്കാലത്ത് സ്‌കൂളിൽനിന്ന് പുറത്താക്കിയ കോടിയേരിയെ ക്ലാസിലേക്ക് തിരിച്ചുകയറ്റിയത് ബാലനായിരുന്നു. അന്ന് ബാലനായിരുന്നു കോടിയേരിയെ ക്ലാസിൽ കയറ്റാനുള്ള സ്‌കൂളിനു മുന്നിലെ സമരം ഉദ്ഘാടനം ചെയ്തത്. ബാലൻ പിന്നീട് കുറച്ചുകാലം പാർട്ടി പ്രധാനം ചെയ്ത ജീവിത പ്രാരബ്ദത്തിൽ പെട്ട് മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. ഈ കാലയളവിലാണ് കോടിയേരി ഉയരങ്ങളിലേക്ക് പോയത്. ഏതാണ്ട് ഒരു പതിറ്റാണ്ടിനു മുമ്പാണ് ത്രിപുരയിൽ നിന്ന് ഗോത്രവർഗ്ഗക്കാരനായ ദശരത് ദേവ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോയുടെ അരങ്ങിൽ വന്നത്. അതുകൊണ്ടുതന്നെ ദളിതനായ ബാലന് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തിയുണ്ട്. അതിനാൽ ബാലനെ പാർട്ടിയിൽ പുതിയ സ്ഥാനം കൊടുക്കാൻ മുഖ്യമന്ത്രി പിണറായി ആഗ്രഹിക്കുന്നു. പക്ഷേ കോടിയേരിയെ വിഷമിക്കാതെ ചെയ്യുകയും വേണം. അതുകൊണ്ട് ബാലനെ ഇടത് കൺവീനറും കോടിയേരിയെ സംസ്ഥാന സെക്രട്ടറിയാക്കാനുമാകും പിണറായി നീക്കം നടത്തുക.

ഇതിനൊപ്പം മന്ത്രിസഭയിലെ മോശം മുഖങ്ങളെ എല്ലാം മാറ്റാൻ പിണറായി ആഗ്രഹിക്കുന്നു. സി രവീന്ദ്രനാഥ്. മേഴ്‌സിക്കുട്ടിയമ്മ, എംഎം മണി, എസി മൊയ്തീൻ, ടി പി രാമകൃഷ്ണൻ, തുടങ്ങി സിപിഎം മന്ത്രിമാരിൽ ബഹുഭൂരിഭാഗവും ഭരണതലത്തിൽ പരാജയമാണ്. ഇവരെയൊക്കെ മാറ്റി മന്ത്രിസഭയ്ക്ക് പുതുമുഖ നൽകിയേക്കും. സുരേഷ് കുറുപ്പ്, പ്രദീപ് കുമാർ തുടങ്ങിയവരെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്ന തരത്തിലെ ഇടപെടലാണ് പിണറായി ആഗ്രഹിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രിയും നല്ല ബന്ധത്തിൽ അല്ല. അതാണ് തോമസ് ഐസക്കിനെ മന്ത്രിസഭയിൽ നിന്ന് മാറ്റാനുള്ള ആലോചനയ്ക്ക് പിന്നിലെ പ്രധാന കാരണം. എന്നാൽ മുതിർന്ന കേന്ദ്ര കമ്മറ്റി അംഗത്തെ ധനവകുപ്പിൽ നിന്ന് മാറ്റുന്നത് അത്ര എളുപ്പമാവുകയുമില്ല. അതുകൊണ്ടാണ് ആലപ്പുഴ ലോക്‌സഭാ സീറ്റ് നൽകി ഐസക്കിനെ ഒതുക്കാനുള്ള നീക്കം.

അങ്ങനെ 22ന് ആരംഭിക്കുന്ന തൃശൂർ സമ്മേളനം പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. പിണറായി സർക്കാരിന്റെ 19 മാസത്തെ പ്രവർത്തനം സമ്മേളനം വിലയിരുത്തും. ഭരണത്തെക്കുറിച്ചുള്ള പാർട്ടിയുടെ അഭിപ്രായം പ്രവർത്തന റിപ്പോർട്ടിൽ ഇടംപിടിച്ചു കഴിഞ്ഞു. അതിന്മേലുയരുന്ന ചർച്ചകളും നിഗമനങ്ങളും മന്ത്രിസഭാ പുനഃസംഘടനയിലേക്ക് കാര്യങ്ങളെത്തിക്കും. മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് സമ്മേളനനാന്തരമെന്നു പറഞ്ഞാണ് ഇ.പി. ജയരാജനെ നേതൃത്വം സമാധാനിപ്പിച്ചത്. കേസിൽ കുറ്റവിമുക്തനായതോടെ എൻസിപിയുടെ എ.കെ. ശശീന്ദ്രനു തിരിച്ചുവരാമെങ്കിൽ അതേ സ്ഥിതിയുള്ള തനിക്ക് എന്തുകൊണ്ടു കഴിയില്ലെന്ന ചോദ്യം ജയരാജൻ സജീവമാക്കുന്നുണ്ട്. അനാരോഗ്യം ചില മന്ത്രിമാരെ അലട്ടുന്നു. ഉദ്ദേശിച്ച പുരോഗതിയുണ്ടാക്കാൻ മറ്റു ചിലർക്കു കഴിയുന്നില്ലെന്നുമുണ്ട് വിമർശനം.

സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്ര കമ്മിറ്റിയിലും ആരൊക്കെ ഇടംപിടിക്കുമെന്നതുകൂടി കണക്കിലെടുത്തു സർക്കാരിൽ മാറ്റങ്ങൾ വരുത്തുക. ജില്ലാ സമ്മേളനങ്ങളിലെല്ലാം സർക്കാരിനെതിരെ വിമർശനമുണ്ടായി. ജിഎസ്ടിയുടെ കാര്യത്തിൽ മന്ത്രി തോമസ് ഐസക്കിനു പിഴച്ചോയെന്ന ചോദ്യം പിണറായി പക്ഷം സജീവമാക്കി. ഈ ചർച്ചകളാകും തോമസ് ഐസക്കിന് വിനയാവുക. പൊലീസിനു സർവസ്വാതന്ത്ര്യം നൽകിയത് അവർ ദുരുപയോഗം ചെയ്യുന്നു. പാർട്ടിക്കു നിയന്ത്രണമില്ല. ന്യായമായ ആവശ്യങ്ങൾക്കു പോലും പൊലീസ് സ്റ്റേഷനിലേക്കു ചെല്ലാൻ സഖാക്കൾക്കു മടി. ഉദ്യോഗസ്ഥർ കാര്യങ്ങൾ തീരുമാനിക്കുന്നു. പ്രഖ്യാപനങ്ങളല്ലാതെ പലതും നടപ്പാകുന്നില്ല. സർക്കാരിന്റെ മുൻഗണനാ പദ്ധതിയിൽ പെട്ട 'ൈലഫ്' നടത്തിപ്പു പിഴച്ചു. മന്ത്രിമാർ വിവാദങ്ങളിൽ പെടുന്നു. സർക്കാരിന്റെ നയരൂപീകരണത്തിലും നടത്തിപ്പിലും പാർട്ടി വഹിച്ചിരുന്ന പഴയ പങ്ക് ഇപ്പോഴുണ്ടോയെന്നു സംശയിക്കണം. പ്രതിപക്ഷത്തിനെതിരെ തുടങ്ങിവച്ച കേസുകൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതു സർക്കാരിന്റെ വിശ്വാസ്യതയെ ബാധിക്കുന്നു-ഇങ്ങനെ വിമർശനം ഏറയൊണ്.

സിപിഐയുടെ മന്ത്രിമാർക്കെതിരെ വിമർശനം ശക്തമാണ്. അവരുടെ ഭക്ഷ്യം, കൃഷി വകുപ്പുകളിൽ അഴിമതിയാണെന്ന ഗുരുതര ആക്ഷേപം ജില്ലാ സമ്മേളനങ്ങളിലുണ്ടായി. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ വകുപ്പുമന്ത്രിക്കു കഴിയുന്നില്ല. വിവാദങ്ങൾ ആളിക്കത്തിക്കാനാണു മന്ത്രിക്കു താൽപര്യമെന്നും സിപിഎം സമ്മേളനത്തിൽ വിലയിരുത്തൽ വന്നു. കെ എം മാണിയെ ഇടതുപക്ഷത്ത് എത്തിക്കാനാണ് മുഖ്യമന്ത്രിക്ക് താൽപ്പര്യം. ഇതിനായി സിപിഐയെ ഇടതുപക്ഷത്ത് നിന്ന് അകറ്റേണ്ടതുണ്ട്. ഇതിനായി കെ എം മാണിയെ മന്ത്രിസഭയുടെ ഭാഗമാക്കും. അങ്ങനെ ഇടതുപക്ഷത്തിന് പുതിയ മുഖം നൽകാനും സിപിഎം ശ്രമിക്കും. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള കക്ഷികളുമായി അടുക്കാനുള്ള നീക്കവും ചർച്ചയാകും. ഇതിനായുള്ള നയം മാറ്റവും തൃശൂരിൽ നിറയും.

ഉലഞ്ഞിരിക്കുന്ന സിപിഎം-സിപിഐ ബന്ധം കൂടുതൽ അപകടത്തിലാകുമോയെന്നു വ്യക്തമാക്കുന്നതാകും 22നു തൃശൂരിൽ കൊടിയേറുന്ന സിപിഎം സംസ്ഥാന സമ്മേളനം. 'സിപിഐയെ കൂടെ കൊണ്ടുനടക്കുന്നത് ഓഖിയേക്കാൾ വലിയ ദുരന്തം!' - സിപിഎമ്മിന്റെ എറണാകുളം ജില്ലാ സമ്മേളനത്തിലുയർന്ന ഈ മുന്നറിയിപ്പ് സംസ്ഥാന സമ്മേളനത്തിന്റെ ചർച്ചയുടെ രൂപമാണ് നൽകുന്നത്. ജില്ലാ സമ്മേളനങ്ങളിലുയർന്ന വിമർശനങ്ങൾ യാദൃച്ഛികമല്ലെങ്കിൽ സംസ്ഥാന സമ്മേളനവും വ്യത്യസ്തമാകാനിടയില്ല. സിപിഐയെ തള്ളിയും കെ.എം.മാണിയെ കൂടെ കൂട്ടണമെന്ന വികാരം സിപിഎമ്മിന്റെ ഒരു വിഭാഗം നേതാക്കളിൽ ശക്തമാകുന്ന പശ്ചാത്തലവും അടിയൊഴുക്കായുണ്ട്. മുന്നണി ബന്ധങ്ങളുടെ ഉരകല്ലായി മാറാം തൃശൂർ സമ്മേളനം.

37 വർഷത്തിനുശേഷം തൃശൂർ ജില്ല വേദിയാകുന്ന സംസ്ഥാന സമ്മേളനം 22, 23, 24, 25 തീയതികളിലാണ് നടക്കുന്നത്. 22നു 10നു റീജനൽ തിയറ്ററിൽ പ്രതിനിധി സമ്മേളനം നടക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. വി എസ്.അച്യുതാനന്ദൻ പതാക ഉയർത്തും. പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, എ.കെ.പത്മനാഭൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവർ പങ്കെടുക്കും. സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കയ്യൂരിൽനിന്നും കൊടിമരം വയലാറിൽനിന്നും എത്തിക്കും. എം വിഗോവിന്ദൻ, ആനത്തലവട്ടം ആനന്ദൻ എന്നിവർ ജാഥകൾ നയിക്കും. 577 രക്തസാക്ഷി മണ്ഡപങ്ങളിൽനിന്നു ദീപശിഖാ പ്രയാണമെത്തും. 21നു വൈകിട്ടു തേക്കിൻകാട് മൈതാനത്ത് ബേബി ജോൺ പതാക ഉയർത്തും. പിണറായി വിജയൻ ദീപശിഖ തെളിയിക്കും.

25ന് ഒന്നിനു പ്രതിനിധി സമ്മേളനം സമാപിക്കും. തുടർന്ന് 25,000 പേർ അണിനിരക്കുന്ന റെഡ് വൊളന്റിയർ മാർച്ചും രണ്ടു ലക്ഷം പേർ പങ്കെടുക്കുന്ന പൊതുസമ്മേളനവും നടക്കും. സമ്മേളന പ്രതിനിധികൾക്കു ഭക്ഷണത്തിനുള്ള അരി, പച്ചക്കറി, മത്സ്യം, കോഴിയിറച്ചി എന്നിവ ജൈവക്കൃഷി രീതിയിൽ സംഘാടകർ തന്നെ കൃഷി ചെയ്‌തെടുത്തവയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP