Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എം വി രാഘവനെയും മാലേത്ത് സരളാദേവിയെയും രമേശ് ചെന്നിത്തലയെയും ഫിലിപ്പോസ് തോമസിനെയും കാലുവാരിയതു ശിവദാസൻ നായർ: അരമന രഹസ്യം അങ്ങാടിപ്പാട്ടാക്കിയത് ശിവദാസന്റെ വിശ്വസ്തനായിരുന്ന ആറന്മുള പഞ്ചായത്ത് മുൻ പ്രസിഡന്റ് തങ്കച്ചൻ കാക്കനാടൻ

എം വി രാഘവനെയും മാലേത്ത് സരളാദേവിയെയും രമേശ് ചെന്നിത്തലയെയും ഫിലിപ്പോസ് തോമസിനെയും കാലുവാരിയതു ശിവദാസൻ നായർ: അരമന രഹസ്യം അങ്ങാടിപ്പാട്ടാക്കിയത് ശിവദാസന്റെ വിശ്വസ്തനായിരുന്ന ആറന്മുള പഞ്ചായത്ത് മുൻ പ്രസിഡന്റ് തങ്കച്ചൻ കാക്കനാടൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പല തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥികളെ ശിവദാസൻ നായർ കാലുവാരിയെന്ന വെളിപ്പെടുത്തലുമായി മുൻ വിശ്വസ്തൻ. കോൺഗ്രസ് ആറന്മുള മുൻ ബ്ലോക്ക് പ്രസിഡന്റും ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ മുൻ ജില്ലാ പ്രസിഡന്റും ആറന്മുള പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന തങ്കച്ചൻ കാക്കനാടാണ് താനും ശിവദാസൻ നായരും മറ്റു നേതാക്കളും ചേർന്ന് നടത്തിയ അട്ടിമറികൾ അക്കമിട്ടു നിരത്തുന്നത്.

1996 ൽ സി.എംപി നേതാവ് എം വി രാഘവൻ, 2006 ൽ മാലേത്ത് സരളാദേവി, 2004 ൽ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിൽ രമേശ് ചെന്നിത്തല, റാന്നിയിൽ തുടർച്ചയായ മൂന്നു തെരഞ്ഞെടുപ്പുകളിൽ ഫിലിപ്പോസ് തോമസ് എന്നിവരെ തോൽപ്പിക്കാൻ പാർട്ടി കമ്മിറ്റികൾക്ക് നിർദ്ദേശവും നേതൃത്വവും നൽകിയത് ശിവദാസൻ നായരാണെന്ന് തങ്കച്ചൻ തുറന്നടിച്ചു.

ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്ന തങ്കച്ചൻ കാക്കനാട് കുറച്ചു നാൾ മുൻപു വരെ ശിവദാസൻ നായരുടെ വിശ്വസ്തനായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇദ്ദേഹം കോൺഗ്രസിലെ സകലസ്ഥാനമാനങ്ങളും രാജിവച്ച് സിപിഎമ്മിൽ ചേർന്നു. ശിവദാസൻ നായർക്ക് എതിരായുള്ള തങ്കച്ചന്റെ ആരോപണം കുറ്റസമ്മതമായിട്ടാണ് മണ്ഡലത്തിലെ കോൺഗ്രസുകാർ കാണുന്നത്. ഇപ്പോൾ ശിവദാസൻ നായരുടെ മേൽ ആരോപിച്ചിരിക്കുന്ന മുഴുവൻ സംഭവങ്ങളിലും, അതിന് നേതൃത്വം നൽകിയിട്ടുള്ളത് തങ്കച്ചനും അനുയായികളും ചേർന്നായിരുന്നു. ആറന്മുളയിൽ പുറത്തുനിന്നൊരാൾ വന്നുമത്സരിക്കരുതെന്ന് കരുതിയാണ് ശിവദാസൻ നായർ-തങ്കച്ചൻ കാക്കനാട്-ഫിലിപ്പോസ് തോമസ് ത്രയം കരുക്കൾ നീക്കിയിരുന്നത്. ഇതിൽ തങ്കച്ചനും ഫിലിപ്പോസും പിന്നീട് ചേരി മാറി ഇടതുമുന്നണിയിൽ പോയി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽനിന്നു മത്സരിച്ച ഫിലിപ്പോസ് തോമസ് ആന്റോ ആന്റണിയോട് തോൽക്കുകയും ചെയ്തു.

1996 ൽ എം വി രാഘവനെ കാലുവാരിയതിനു കണ്ണൂരിൽനിന്നെത്തിയ സി.എംപി പ്രവർത്തകർ ആറന്മുളയിൽ തങ്കച്ചൻ അടക്കമുള്ള നേതാക്കളെ മർദിച്ചിരുന്നു. 2001 ൽ മാലേത്ത് സരളാദേവിയെയും കാലുവാരി തോൽപിക്കാനുള്ള നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. 2006 ൽ സരളാ ദേവി ഡി.ഐ.സി സ്ഥാനാർത്ഥിയായതു കൊണ്ടു മാത്രമാണ് കാലുവാരൽ ഫലം കണ്ടത്. ഇപ്പോൾ ശിവദാസൻ നായരുടെ തോൽവിയെ തുടർന്ന് ഡി.സി.സി ജന. സെക്രട്ടറിമാർ തമ്മിൽ നടത്തിയ പ്രസ്താവനായുദ്ധം കെപിസിസി വിലക്കിയ സാഹചര്യത്തിലാണ് പാർട്ടി മാറിയ വിശ്വസ്തനെ ഉപയോഗിച്ച് കുറ്റസമ്മതം നടത്തിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ നേരത്തേ പാർട്ടി വിട്ട നേതാവിന്റെ കരങ്ങളാണ് ഉള്ളതെന്ന് ശിവദാസൻ നായർ അനുകൂലികൾ പറയുന്നു.

2006 ൽ ശിവദാസൻ നായർ പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്നു. എന്നിട്ടും ആറന്മുളയിൽ യു.ഡി.എഫിനു വേണ്ടി മത്സരിച്ച ഡി.ഐ.സി സ്ഥാനാർത്ഥി മാലേത്ത് സരളാദേവിയെ തോൽപിക്കാൻ കരുക്കൾ നീക്കി. കെ.ആർ. രാജപ്പനെ യു.ഡി.എഫ് വിമത സ്ഥാനാർത്ഥിയാക്കുന്നതിന് ശ്രമിച്ചത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷാജി ചാക്കോയെ ഉപയോഗിച്ചാണ്. തന്റെ സ്വാധീനം കൊണ്ട് ഭൂരിപക്ഷം മണ്ഡലം പ്രസിഡന്റുമാരെയും രാജപ്പന് അനുകൂലമാക്കി നിർത്താൻ ശിവദാസൻ നായർക്ക് കഴിഞ്ഞു. ഈ പ്രവർത്തനം മൂലം സരളാദേവിക്ക് കെട്ടിവച്ച കാശു പോലും നഷ്ടമായി. വിമതപ്രവർത്തനത്തിന് നേതൃത്വം നൽകിയ കെ.ആർ. രാജപ്പൻ, മണ്ഡലം പ്രസിഡന്റുമാരായ ജോൺസൺ ഉള്ളന്നൂർ, ഷാജി ചാക്കോ എന്നിവരെ പാർട്ടിയിൽ നിന്ന് കെപിസിസി സസ്‌പെൻഡ് ചെയ്തു. എന്നാൽ, ശിവദാസൻ നായരുടെ സമ്മർദത്തിന്റെ ഫലമായി ഒരു മാസത്തിനകം ഇവരുടെ സസ്‌പെൻഷൻ പിൻവലിച്ചു.

ശിവദാസൻ നായരുടെ ഉറ്റസുഹൃത്തായ ഫിലിപ്പോസ് തോമസ് റാന്നിയിൽ മത്സരിച്ച മൂന്നു തെരഞ്ഞെടുപ്പുകളിലും ശിവദാസൻ നായർ തന്റെ അനുയായികളെ അവിടേക്ക് അയച്ച് പരാജയം ഉറപ്പിച്ചുവെന്നും തങ്കച്ചൻ കാക്കനാടൻ പറയുന്നു. 96 -ൽ ഫിലിപ്പോസ് തോമസ് റാന്നിയിൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ സ്ഥാനം ഏറ്റെടുത്ത ശിവദാസൻ നായർ ഡാർജിലിങ്ങിലേക്ക് സുഖവാസത്തിനു പോയത് ചരിത്രമാണെന്നു തങ്കച്ചൻ ചൂണ്ടിക്കാണിക്കുന്നു. 2004 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ രമേശ് ചെന്നിത്തല പരാജയപ്പെടാൻ കാരണമായതും ശിവദാസൻ നായരുടെ പ്രവർത്തനം മൂലമായിരുന്നു. 2009 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് ഫിലിപ്പോസ് തോമസിന് നൽകണമെന്ന് വാദിച്ചതിന്റെ പേരിൽ മുൻപ് വിശ്വസ്തരായി ഒപ്പം നിന്ന ജോൺസൺ ഉള്ളന്നൂർ, ഷാജി ചാക്കോ എന്നീ മണ്ഡലം പ്രസിഡന്റുമാരെ ശിവദാസൻ നായർ തൽസ്ഥാനത്തുനിന്ന് നീക്കാൻ ചരടുവലിച്ചു. എം.കെ. ഹേമചന്ദ്രൻ മത്സരിക്കുമ്പോൾ മുതൽ ആറന്മുളയിൽ കാലുവാരാൻ നേതൃത്വം നൽകിയത് ശിവദാസൻ നായരാണെന്നും താൻ വിതച്ചത് തന്നെയാണ് അദ്ദേഹം ഈ തെരഞ്ഞെടുപ്പിൽ കൊയ്തതെന്നും തങ്കച്ചൻ കാക്കനാട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP