Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിക്ക് തിരിച്ചടി കിട്ടുമെന്ന ചിന്ത ശക്തമായതിനാൽ കോൺഗ്രസ് നേതാക്കളെ ഈ തെരഞ്ഞെടുപ്പിന് മുമ്പ് കിട്ടില്ലെന്നു ബോധ്യമായി; അമിത് ഷാ കേരളത്തിലെത്തിയത് പൊതുസമ്മതരെ കണ്ടെത്താനും അവർക്ക് ആർഎസ്എസ് പിന്തുണ ഉറപ്പിക്കാനും; വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ബിജെപി സ്ഥാനാർത്ഥിയാക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് ദേശീയ അധ്യക്ഷൻ

മോദിക്ക് തിരിച്ചടി കിട്ടുമെന്ന ചിന്ത ശക്തമായതിനാൽ കോൺഗ്രസ് നേതാക്കളെ ഈ തെരഞ്ഞെടുപ്പിന് മുമ്പ് കിട്ടില്ലെന്നു ബോധ്യമായി; അമിത് ഷാ കേരളത്തിലെത്തിയത് പൊതുസമ്മതരെ കണ്ടെത്താനും അവർക്ക് ആർഎസ്എസ് പിന്തുണ ഉറപ്പിക്കാനും; വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ബിജെപി സ്ഥാനാർത്ഥിയാക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് ദേശീയ അധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമിത് ഷായുടെ കേരള സന്ദർശനം പ്രധാനമായും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളെ കുറിച്ചുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായിട്ടാണ്. നിലവിലെ അവസ്ഥയിൽ ബിജെപി നിലതൊടില്ലെന്ന് മനസ്സിലാക്കി മറ്റ് സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച ചില പദ്ധതികളാണ് ഇവിടെ ആസൂത്രണം ചെയ്യുന്നത്.മറ്റ് പാർട്ടിയിലെ അസ്വസ്ഥരേയും പൊതുസമ്മതരേയും മത്സരിപ്പിച്ച് നേട്ടമുണ്ടാക്കാം എന്നാണ് അമിത് ഷാ കണക്ക് കൂട്ടുന്നത്.

ജനപിന്തുണയും ബിജെപി വോട്ടുകൾ കൂടി കിട്ടിയാൽ ജയസാധ്യതയും ഉള്ള നേതാക്കളെയാണ് നോട്ടമിട്ടിരിക്കുന്നത്. സംഘപരിവാർ ബന്ധമില്ലാത്ത ഇങ്ങനെയുള്ള സ്ഥാനാർത്ഥികളെ നിറുത്തിയാൽ എതിർപ്പുണ്ടാകാതിരിക്കാൻ കൂടിയായിരുന്നു ചൊവ്വാഴ്ച രാത്രി അദ്ദേഹം പുളിമൂട്ടിലെ ഭാരതീയ വിചാര കേന്ദ്രം ആസ്ഥാനത്ത് ആർഎസ്എസ് നേതാക്കളെ കണ്ടത്. വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ നിറുത്തിയാൽ പിന്തുണയ്ക്കാമെന്ന് ആർ.എസ്. എസ് നേതാക്കൾ ഉറപ്പുനൽകിയെന്നാണ് സൂചന. പുറത്ത് നിന്നുള്ളവരെ കണ്ടെത്തിയാലും ആർഎസ്എസ് പിന്തുണ കൂടി ഉറപ്പാക്കുക എന്നതാണ് പ്രധാന വെല്ലുവിളി. പാർട്ടി സംസ്ഥാന നേതാക്കൾക്ക് ഉൾപ്പടെ പദവികൾ നൽകിയിട്ടും യാതോരു ഗുണവും ഉണ്ടായില്ലെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്

മറ്റ് പാർട്ടികളിൽ നിന്ന് ഇത്തരം ആളുകളെ പിടിക്കാനുള്ള ശ്രമം തുടങ്ങിയെന്നാണ് സൂചന. നേരത്തേ യു.ഡി.എഫിലെ ചില പ്രമുഖർ ബിജെപിയിലേക്ക് വരുന്നതിന്റെ മുന്നോടിയായി രഹസ്യമായി അമിത് ഷായെ കാണാൻ ശ്രമിച്ചിരുന്നു.കുമ്മനം രാജശേഖരനെ ഗവർണറാക്കിയതിലെ ആശയക്കുഴപ്പം നീക്കാനും അമിത് ഷാ ശ്രമിച്ചു. ഭരണഘടനാ പദവികളിലേക്ക് നിയമിക്കുന്ന വ്യക്തികളെ മാത്രമേ അറിയിക്കാറുള്ളുവെന്നും അവരുടെ പാർട്ടി ഘടകത്തെ അറിയിക്കാറില്ലെന്നും അമിത് ഷാ ആർ.എസ്. എസ് നേതൃത്വത്തെ അറിയിച്ചു. പ്രധാനമന്ത്രിയും താനും ചേർന്നാണ് ഇക്കാര്യം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വിജയ സാദ്ധ്യത കല്പിക്കുന്ന ഏഴ് മണ്ഡലങ്ങളുടെ പട്ടികയും അമിത് ഷാ കൈമാറി. ഇവ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ തങ്ങളുടെ പ്രവർത്തകർ തിരഞ്ഞെടുപ്പിൽ സജീവമാകുമെന്ന് ആർഎസ്എസ് നേതൃത്വം അറിയിച്ചു. പുതിയ സംസ്ഥാന പ്രസിഡന്റിന്റെ കാര്യം ചർച്ച ചെയ്തില്ല. ബിജെപി സംസ്ഥാന പ്രസിഡന്റിനെ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അതിൽ ആർഎസ്എസ് ഇടപെടില്ലെന്നും ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നതായും ആർഎസ്എസ് നേതാക്കൾ പറയുന്നു. അമിത് ഷായോടൊപ്പം ബിജെപി ദേശീയ സഹ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശ് എന്നിവരുമുണ്ടായിരുന്നു. ആർഎസ്എസ് സംസ്ഥാന സഹ സംഘചാലക് കെ.കെ. ബാലറാം, സംസ്ഥാന പ്രചാരക് പി.എൻ. ഹരികൃഷ്ണ കുമാർ, സംസ്ഥാന കാര്യവാഹ് ഗോപാലൻകുട്ടി, സഹ കാര്യവാഹ് എം. രാധാകൃഷ്ണൻ എന്നിവരാണ് ചർച്ച നടത്തിയത്.

നിലവിലെ സാഹചര്യത്തിൽ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ പോലും സ്ഥിരം മുഖങ്ങളെ നിർത്തുന്നത് ഗുണം ചെയ്യില്ലെന്നും പാർട്ടി വിലയിരുത്തുന്നു. അതേ സമയം മുൻനിര നേതക്കളെല്ലാം തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചതായും സൂചനയുണ്ട്. പാർട്ടിക്ക് 22 ലക്ഷം അംഗങ്ങളാണ് കേരളത്തിലുള്ളത്. ഇവരിൽ പലരും മിസ്ഡ് കാൾ അടിച്ച് അംഗങ്ങളായവരാകും. അവരെയെല്ലാം പ്രവർത്തകരാക്കണം. 15 ലക്ഷം പേരെയെങ്കിലും സജീവമാക്കണം. കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായി 16 ലക്ഷം പേരുണ്ട്. ഇതിൽ പകുതി പേരെങ്കിലും സജീവമാകുകയും ഇവർ അഞ്ച് പേരെ വീതം പാർട്ടിയിലേക്ക് കൊണ്ടുവരികയോ കുടുംബത്തിൽ നിന്ന് അഞ്ച് വോട്ട് നേടുകയോ ചെയ്താൽ ഇന്നത്തെ നിലയിൽ കേരളത്തിൽ ഏഴ് സീറ്റെങ്കിലും നേടാം.

അടുത്ത 10 ദിവസത്തിനുള്ളിൽ നേതാക്കൾ എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തണം. അഞ്ച് ബൂത്തുകൾ ചേർന്ന ശക്തികേന്ദ്ര യോഗങ്ങൾ നടത്തണം. പാർട്ടി അംഗങ്ങളെയും കേന്ദ്ര പദ്ധതി ഗുണഭോക്താക്കളെയും കാണണം. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കണം. ഇനിയുള്ള 9 മാസം സജീവമായി പ്രവർത്തിച്ചാൽ ഏഴ് സീറ്റ് നേടാമെന്നും അമിത് ഷാ കണക്ക് കൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP