Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗൾഫിൽ മകളുടെ പ്രസവ ശ്രുശ്രൂഷയ്ക്ക് പോയ അമ്മ തിരികെ വരുമോ? കണ്ണിലെണ്ണയൊഴിച്ച് പ്രാർത്ഥനയുമായി യുഡിഎഫ്; പി കെ രാഗേഷിനെ ഒരുവിധം പറഞ്ഞ് ശരിയാക്കിയപ്പോൾ ദാ അടുത്ത ഏണി; ചാലാട് കൗൺസിലർ നസ്രത്ത് പണി കൊടുക്കുന്നത് ലീഗ് നേതാവായ ഭർത്താവിനെ സഹകരണ ബാങ്കിൽ നിന്ന് പുറത്താക്കിയതിന് പ്രതികാരം തീർക്കാൻ; കെ സുധാകരന്റെ പ്രസ്റ്റീജ് ഇഷ്യു ആയ കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസിനെ തേടിയെത്തുന്നത് ഒന്നൊഴിയുമ്പോൾ മറ്റൊന്ന് മോഡൽ പ്രതിസന്ധികൾ

ഗൾഫിൽ മകളുടെ പ്രസവ ശ്രുശ്രൂഷയ്ക്ക് പോയ അമ്മ തിരികെ വരുമോ? കണ്ണിലെണ്ണയൊഴിച്ച് പ്രാർത്ഥനയുമായി യുഡിഎഫ്; പി കെ രാഗേഷിനെ ഒരുവിധം പറഞ്ഞ് ശരിയാക്കിയപ്പോൾ ദാ അടുത്ത ഏണി; ചാലാട് കൗൺസിലർ നസ്രത്ത് പണി കൊടുക്കുന്നത് ലീഗ് നേതാവായ ഭർത്താവിനെ സഹകരണ ബാങ്കിൽ നിന്ന് പുറത്താക്കിയതിന് പ്രതികാരം തീർക്കാൻ; കെ സുധാകരന്റെ പ്രസ്റ്റീജ് ഇഷ്യു ആയ കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസിനെ തേടിയെത്തുന്നത് ഒന്നൊഴിയുമ്പോൾ മറ്റൊന്ന് മോഡൽ പ്രതിസന്ധികൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയർ എൽ.ഡി.എഫിലെ ഇ.പി. ലതക്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ച പരിഗണിക്കുമ്പോൾ വിദേശത്തുള്ള യു.ഡി.എഫ് കൗൺസിലർ ചാലാട്ടെ ചാത്തോത്ത് നസ്രത്ത് സഭയിലെത്തുമോ ?. വിമത കോൺഗ്രസ്സ് നേതാവും ഡപ്യൂട്ടിമേയറുമായ പി.കെ. രാഗേഷിനെ ഒപ്പം ചേർത്ത് ഭരണം പിടിക്കാനുള്ള യു.ഡി.എഫ് ശ്രമം ശക്തമായി നിലനിൽക്കേയാണ് മകളുടെ പ്രസവ ശുശ്രൂഷക്കായി ചാലാട്ടെ നസ്രത്ത് ഗൾഫിലേക്ക് പോയത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് തിരിച്ച് വരുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇക്കാര്യത്തിൽ യു.ഡി.എഫിനുള്ള ആശങ്ക തുടരുകയാണ്. പള്ളിക്കുന്ന് സർവ്വീസ് കോ.ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും പിരിച്ച് വിടപ്പെട്ട പ്രാദേശിക മുസ്ലിം ലീഗ് നേതാവിന്റെ ഭാര്യയാണ് നസ്രത്ത്. മുസ്ലിം ലീഗിലേയും കോൺഗ്രസ്സിലേയും ഒരു വിഭാഗവുമായി നേരത്തെ പി.കെ. രാഗേഷുമായുള്ള വിയോജിപ്പാണ് ഇയാളെ പിരിച്ച് വിടാൻ കാരണമായത്. 

രാഗേഷിന്റെ പിൻതുണ തേടിയുള്ള എല്ലാ ചർച്ചകളിലും ഈ വിഷയവും ഉയർന്നു വന്നിരുന്നു. വോട്ടെടുപ്പിൽ ഒപ്പം നിൽക്കണമെങ്കിൽ ബാങ്കിൽ നിന്നും പുറത്താക്കപ്പെട്ട നസ്രത്തിന്റെ ഭർത്താവിനെ തിരിച്ചെടുക്കണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് ഈ വിഷയം ഒതുക്കുകയായിരുന്നു. എന്നിരുന്നാലും നസ്രത്ത് യഥാസമയം അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചക്ക് ഈ മാസം 17 ന് തിരിച്ചെത്തിയില്ലെങ്കിൽ യു.ഡി.എഫിന്റെ മേയർ സ്വപ്നം വീണ്ടും പൊലിയുന്ന അവസ്ഥ വരും. 55 അംഗങ്ങളുള്ള കണ്ണൂർ കോർപ്പറേഷൻ കൗൺസിലിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 27 വീതം അംഗങ്ങളാണ് ഉള്ളത്. സ്വതന്ത്രനായി വിജയിച്ച പി.കെ. രാഗേഷിന്റെ പിൻതുണയോടെയാണ് ഇക്കഴിഞ്ഞ നാല് വർഷക്കാലം എൽ.ഡി.എഫ് ഭരണം നടത്തിയത്. സിപിഎം. ന്റെ ഒരു കൗൺസിലർ കഴിഞ്ഞ ദിവസം മരണപ്പെട്ടതോടെ എൽ.ഡി.എഫിന്റെ അംഗ സംഖ്യ 26 ആയി. ഇതിൽ 28 പേർ പിൻതുണച്ചാൽ എൽ.ഡി.എഫിന്റെ നഗരസഭാ ചെയർപേഴ്സൻ ഇ.പി. ലതക്ക് സ്ഥാനമൊഴിയേണ്ടി വരും.

സിപിഎം. ന്റെ എടക്കാട് ഡിവിഷൻ കൗൺസിലർ ടി.എം. കുഞ്ഞികൃഷ്ണൻ കഴിഞ്ഞ ദിവസം നിര്യാതനായിരുന്നു. ഒരാൾ നിര്യാതനായാലും അവിശ്വാസ പ്രമേയം പരിഗണിക്കുമ്പോൾ 55 കൗൺസിലർമാർ എന്ന് കണക്കാക്കും അഞ്ച് മാസത്തോളമായി ഡപ്യൂട്ടി മേയറായ പി.കെ. രാഗേഷിന്റെ പിൻതുണ പ്രതീക്ഷിച്ച് കെപിസിസി. വർക്കിങ് പ്രസിഡണ്ട് കെ.സുധാകരൻ എം. പി. യും ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയും നിരന്തരം ചർച്ചകൾ നടത്തിയിരുന്നു. പി.കെ. രാഗേഷ് പച്ചക്കൊടി കാട്ടിയതോടെ എൽ.ഡി.എഫ് മേയറെ മാറ്റാനുള്ള നടപടിയിലേക്ക് കോൺഗ്രസ്സ് നീങ്ങുകയായിരുന്നു. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകുമ്പോൾ യു.ഡി.എഫിന് 27 കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. സ്വതന്ത്രനായ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷിനേയും ഒപ്പം ചേർത്താണ് ഈ കക്ഷി നില. യു.ഡി.എഫിന്റെ നുസ്രത്ത് ചാത്തോത്ത് എന്ന കൗൺസിലർ ഇപ്പോൾ വിദേശത്താണുള്ളത്. അവിശ്വാസ പ്രമേയം ചർച്ചക്ക് വരുമ്പോൾ നാട്ടിലെത്തുമെന്ന ഉറപ്പിലാണ് മുസ്ലിം ലീഗിന്റെ വനിതാ കൗൺസിലർ ഉറപ്പ് നൽകിയിട്ടുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ കണ്ണൂർ കോർപ്പറേഷൻ തിരിച്ച് പിടിക്കാൻ കരുക്കൾ നീക്കിയത് കണ്ണൂർ എംപി കെ സുധാകരൻ ആയിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിട്ട് വിമതനായി പുറത്ത് പോയ പികെ രാഗേഷിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് നഗരസഭ ഭരിക്കുന്നത്. പാർട്ടിക്ക് പിന്തുണ നൽകിയ രാഗേഷിന് സിപിഎം ഡെപ്യൂട്ടി മേയർ പദവിയും നൽകിയിരുന്നു.ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷുമായുള്ള ചർച്ച സുധാകരൻ നടത്തിയിരുന്നു. അതേ തുടർന്ന് രാഗേഷും അദ്ദേഹത്തോടൊപ്പം നിൽക്കുന്നവരും തെരഞ്ഞെടുപ്പിൽ കെ. സുധാകരന് പിൻതുണ നൽകിയിരുന്നു. ഇതിന്റെ അസ്വാരസ്യം എൽ.ഡി.എഫ് ഭരണത്തിലുള്ള കണ്ണൂർ കോർപ്പറേഷനിലെ ഭരണാനുകൂലികൾക്ക് ഉണ്ടായിരുന്നെങ്കിലും രാഗേഷിനെ നേരിട്ടെതിർക്കാൻ ആരും തയ്യാറായിരുന്നില്ല. കാരണം രാഗേഷിന്റെ ഒറ്റ വോട്ടിന്റെ ബലത്തിലാണ് കണ്ണൂർ കോർപ്പറേഷൻ സിപിഎം. മുന്നണി ഭരിക്കുന്നത്

സുധാകരനും രാഗേഷും തമ്മിലുള്ള പോരിന്റെ മഞ്ഞുരുകിയതിന് പിന്നാലെയാണ് കോർപ്പറേഷനിൽ അവിശ്വാസ പ്രമെയ്‌തിന്റെ നീക്കം തകൃതിയായത്.രാഗേഷ് കോൺഗ്രസ്സിൽ തിരിച്ചെത്തുകതന്നെ ചെയ്യുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. രാഗേഷിന്റെ വരവിനെ എതിർക്കുന്ന കോൺഗ്രസ്സുകാരോട് മേൽ ഘടകം പറയുന്നത് അംഗീകരിക്കണമെന്നും സുധാകരൻ പരസ്യമായി തന്നെ ആവശ്യപ്പെട്ടിരുന്നു. രാഗേഷിനൊപ്പം പള്ളിക്കുന്ന് സോണിലുള്ള ചിലർക്ക് അടുത്ത വർഷം നടക്കുന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നൽകി പരിഗണിക്കാനും അണിയറയിൽ ചർച്ച നടക്കുന്നുണ്ട്. കോൺഗ്രസ്സ് നേതൃത്വവും കെ.സുധാകരനും ഇതിന് അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കുമെന്നാണ് അറിയുന്നത്. അതുകൊണ്ടു തന്നെ നാല് വർഷം മുമ്പ് കോൺഗ്രസ്സ് വിട്ട് ജനാധിപത്യ മുന്നണിയുണ്ടാക്കിയ പി.കെ. രാഗേഷിനും കൂട്ടാളികൾക്കും കോൺഗ്രസ്സിൽ ചേക്കേറാൻ തടസ്സമില്ല.

കെ.സുധാകരൻ കണ്ണൂർ ലോകസഭാ മണ്ഡലം വൻ ഭൂരിപക്ഷത്തിന് പിടിച്ചെടുത്തതോടെയാണ് കണ്ണൂർ കോർപ്പറേഷൻ എന്ന ലക്ഷ്യം. സുധാകരന്റെ അടുത്ത അജണ്ട മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രതിനിധാനം ചെയ്യുന്ന കണ്ണൂർ നിയമസഭാ മണ്ഡലമാണ്. കോൺഗ്രസ്സിന്റെ കുത്തക സീറ്റായിരുന്ന ഈ മണ്ഡലം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1100 ലേറെ വോട്ടിനാണ് നഷ്ടപ്പെട്ടു പോയത്. എക്കാലത്തും കോൺഗ്രസ്സ് കൈയടക്കി വച്ചിരുന്ന ഈ മണ്ഡലത്തിൽ കെ.സുധാകരൻ ഇപ്പോൾ നേടിയ ലീഡ് 23,423 വോട്ടുകളാണ്.

ഇതും തിരിച്ച് പിടിക്കാൻ സുധാകരൻ ലക്ഷ്യമിട്ട് കഴിഞ്ഞു. നേരത്തെ കണ്ണൂർ ലോകസഭാ മണ്ഡലത്തിൽ കെ.സുധാകരൻ മത്സരിച്ച് പി.കെ. ശ്രീമതിയോട് പരാജയപ്പെട്ടിരുന്നു. അതിന്റെ തുടർച്ചയായാണ് കണ്ണൂർ കോർപ്പറേഷനും നഷ്ടപ്പെട്ടത്. അതിന്റെ പ്രധാന കാരണം പള്ളിക്കുന്ന് മേഖലയിൽ പി.കെ. രാഗേഷ് പാർട്ടി വിട്ടതായിരുന്നു. തുടർന്ന് കണ്ണൂർ നിയമസഭാ മണ്ഡലവും കോൺഗ്രസ്സിനെ കൈവിട്ടു. ഈ മൂന്ന് പരാജയങ്ങളും കെ.സുധാകരനെ ഏൽപ്പിച്ച ആഘാതം നിസ്സാരമായിരുന്നില്ല. പാർട്ടിക്കകത്തും നിന്നും പുറത്തു നിന്നും സുധാകരനെതിരെ വെല്ലുവിളികളുയർന്നു. അതിന്റെയെല്ലാം ക്ഷീണം തീർത്തത് കണ്ണൂർ മണ്ഡലത്തിൽ നിന്നും 90,000 ലേറെ വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിന് വിജയിച്ചതോടെയാണ്.

അതുകൊണ്ടു തന്നെ താൻ കാരണം നഷ്ടപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന കണ്ണൂർ കോർപ്പറേഷനും കണ്ണൂർ മണ്ഡലവും തിരിച്ച് പിടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് സുധാകരൻ. യു.ഡി.എഫിന്റെ പഴയ തട്ടകമായ ഈ മേഖലയിൽ വൻ ഭൂരിപക്ഷത്തിന് മുന്നിൽ നിൽക്കുന്നതും ആത്മവിശ്വാസം പകരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് വിധിയിലൂടെ കെ. സുധാകരൻ കൂടുതൽ കരുത്തനായിരിക്കയാണെന്ന് പി.കെ. രാഗേഷും ഒപ്പമുള്ളവരും കരുതുന്നു. പഴയ പിണക്കം മാറ്റി ഇരുവരും ഒരുമിക്കുകയാണെങ്കിൽ കോൺഗ്രസ്സിന് ഭരണ തലത്തിലും രാഷ്ട്രീയ തലത്തിലും നേട്ടമുണ്ടാക്കാനാവുമെന്ന തിരിച്ചറിവും ഉണ്ടായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP