Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്തൂർ എന്ന ചുവപ്പ് കോട്ടയിൽ ഇനി ത്രിവർണ്ണപതാക; പാച്ചേനിയുടെ പദയാത്രയുടെ അവസാനം ആന്തൂരിൽ ഉയർന്നത് കോൺഗ്രസിന്റേയും ലീഗിന്റേയും കൊടികൾ; സാജൻ പാറയിലിന്റെ ആത്മഹത്യ ഇടത് കോട്ടയിൽ മാറ്റമുണ്ടാക്കുമ്പോൾ

ആന്തൂർ എന്ന ചുവപ്പ് കോട്ടയിൽ ഇനി ത്രിവർണ്ണപതാക; പാച്ചേനിയുടെ പദയാത്രയുടെ അവസാനം ആന്തൂരിൽ ഉയർന്നത് കോൺഗ്രസിന്റേയും ലീഗിന്റേയും കൊടികൾ; സാജൻ പാറയിലിന്റെ ആത്മഹത്യ ഇടത് കോട്ടയിൽ മാറ്റമുണ്ടാക്കുമ്പോൾ

രഞ്ജിത് ബാബു

കണ്ണൂർ: ആന്തൂർ എന്ന ചുവപ്പ് കോട്ടയിൽ ത്രിവർണ്ണപതാക ഉയർന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ആന്തൂരിൽ കോൺഗ്രസ്സിന്റെ പതാകയുയർന്നത്. ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി നടത്തിയ കോൺഗ്രസ്സ് പദയാത്രയുടെ സമാപനത്തിലാണ് പുന്നക്കുളങ്ങരയിൽ മുസ്ലിം ലീഗ് ഓഫീസിന് മുമ്പിൽ കോൺഗ്രസ്സിന്റേയും ലീഗിന്റേയും പതാകകൾ അണികളുടെ സാന്നിധ്യത്തിൽ ഉയർത്തപ്പെട്ടത്. ആന്തൂരിൽ പന്തോട്ടം പ്രിയദർശിനി വായനശാലക്ക് അരികിൽ മാത്രമാണ് കോൺഗ്രസ്സിന്റെ പതാക ഉയരാറ്. മറ്റെവിടെയെങ്കിലും പതാക ഉയർത്താൻ സിപിഎം. അനുവദിക്കാറില്ലെന്ന് ആന്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നേതാക്കൾ പറയുന്നു. 1991 വരെ ബക്കളത്ത് കോൺഗ്രസ്സ് പതാക പാറിയിരുന്നു. അന്നത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നതോടെ പതാക നഷ്ടപ്പെടുകയായിരുന്നു.

തുടർന്ന് ഇങ്ങോട്ട് എവിടേയും ഇതുവരെ പതാക സ്ഥാപിക്കാനായില്ല. ആന്തൂരിൽ നേരത്തെ തന്നെ മറ്റ് പാർട്ടികളുടെ പരിപാടികൾ ചടങ്ങിന് മാത്രമേ നടക്കാറുള്ളൂ. തളിപ്പറമ്പ് നഗരസഭാ പ്രദേശത്തോട് തൊട്ടുകിടക്കുന്ന സ്ഥലമാണ് ആന്തൂർ. 2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആന്തൂർ വലിയ ചർച്ചാ വിഷയമായിരുന്നു. സിപിഎം. നെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കുറച്ച് യു.ഡി.എഫുകാർ മാത്രമേ തയ്യാറായിരുന്നുള്ളൂ. എതിരില്ലാതെ 14 വാർഡുകളിൽ എല്ലായിടത്തും എൽ.ഡി.എഫ് ജയിച്ചു. അവിടെ മത്സരിക്കാൻ യു.ഡി.എഫുകാർക്ക് ആരേയും കിട്ടിയില്ല. മത്സരിച്ചവർ എട്ടു നിലയിൽ പൊട്ടുകയും ചെയ്തു. അങ്ങിനെ ആന്തൂർ പൂർണ്ണമായും സിപിഎം. ഭരണത്തിൻ കീഴിലായി.

ആകെയുള്ള 28 അംഗ കൗൺസിലിൽ 27 ഉം സിപിഎം. കാർ. ഒരു സീറ്റ് സിപിഐ. പ്രതിപക്ഷമില്ലാത്ത ഈ നഗരസഭയിൽ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയിലൂടെയാണ് കോൺഗ്രസ്സിന്റെ കടന്നു കയറ്റമുണ്ടായത്. പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാത്തതിൽ മനംനൊന്താണ് ആത്മഹത്യ നടന്നതെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും നാട്ടുകാരിലൊരു ഭാഗവും ആരോപിക്കുന്നത്. സിപിഎം. ന്റെ ഉറ്റ സുഹൃത്തായ സാജൻ മരണപ്പെട്ടതിന് ഉത്തരവാദി നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമളയാണെന്ന ആരോപണമാണ് ഉയർന്നിരുന്നത്.

സിപിഎം. ന്റെ മുൻ ജില്ലാ സെക്രട്ടറിയും നിലവിലുള്ള ജില്ലാ സെക്രട്ടറിയും നഗരസഭാദ്ധ്യക്ഷക്ക് വീഴ്ചയുണ്ടായി എന്നും പാർട്ടിക്കു വേണ്ടി ഈ നേതാക്കൾ കുറ്റ സമ്മതം നടത്തുകയും ചെയ്തിരുന്നു. ആന്തൂർ വിഷയത്തിൽ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയും ഒടുവിൽ സംസ്ഥാന നേതാക്കളും സജീവമായതോടെ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി രണ്ടു ദിവസത്തെ പദയാത്ര നടത്താനും ഒരുങ്ങി. ആന്തൂരിന്റെ പാർട്ടി ഗ്രാമങ്ങളിലൂടെ തൂവെള്ള ഖദറണിഞ്ഞ് കോൺഗ്രസ്സിന്റെ സമീപകാല ചരിത്രത്തിൽ നടാടെയാണ് പദയാത്ര നടന്നത്. യാത്രയുടെ ഉത്ഘാടനവും പര്യവസാനവുമെല്ലാം ശ്രദ്ധേയമാക്കാനും ജില്ലാ നേതൃത്വത്തിന് കഴിഞ്ഞു.

സിപിഎം. ഒരു സ്വകാര്യ റിപ്പബ്ലിക്ക് എന്ന തരത്തിൽ പ്രവർത്തിച്ചു പോന്ന ഈ മേഖലയിൽ പ്രതിപക്ഷത്തെ കോൺഗ്രസ്സും ലീഗും സജീവസാന്നിധ്യം അറിയിച്ചിരിക്കയാണ്. പദയാത്രയുടെ സമാപനത്തിൽ പുന്നക്കുളങ്ങരയിൽ പാർട്ടി പതാകളുയർത്തി തങ്ങൾക്കു കൂടി ഈ നഗരസഭാ പ്രദേശത്ത് സാന്നിധ്യമുണ്ടെന്ന് തെളിയിച്ചിരിക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP