Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ് നേതാക്കൾക്കും പാർട്ടി മുഖപത്രത്തിനുമെതിരെ രൂക്ഷമായ ഭാഷ ഉപയോഗിക്കുമ്പോഴും എ പി അബ്ദുള്ളക്കുട്ടി ലക്ഷ്യം വെക്കുന്നത് ബിജെപി കോട്ടയോ? സിപിഎം വിട്ട് കോൺഗ്രസിൽ എത്തിയ 'അത്ഭുതക്കുട്ടി'ക്ക് ബിജെപിയിൽ എത്തിയാൽ ലഭിക്കുക മുന്തിയ പരിഗണന; കേരളത്തിൽ നിന്നോ കർണാടകത്തിൽ നിന്നോ ദേശീയ മുസ്ലീമിനെ വലയിലാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് അബ്ദുള്ളക്കുട്ടിയെ കിട്ടിയാൽ ബിജെപിക്ക് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വിജയം അനായാസമാകുമെന്നും കണക്കുകൂട്ടൽ

കോൺഗ്രസ് നേതാക്കൾക്കും പാർട്ടി മുഖപത്രത്തിനുമെതിരെ രൂക്ഷമായ ഭാഷ ഉപയോഗിക്കുമ്പോഴും എ പി അബ്ദുള്ളക്കുട്ടി ലക്ഷ്യം വെക്കുന്നത് ബിജെപി കോട്ടയോ? സിപിഎം വിട്ട് കോൺഗ്രസിൽ എത്തിയ 'അത്ഭുതക്കുട്ടി'ക്ക് ബിജെപിയിൽ എത്തിയാൽ ലഭിക്കുക മുന്തിയ പരിഗണന; കേരളത്തിൽ നിന്നോ കർണാടകത്തിൽ നിന്നോ ദേശീയ മുസ്ലീമിനെ വലയിലാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് അബ്ദുള്ളക്കുട്ടിയെ കിട്ടിയാൽ ബിജെപിക്ക് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ വിജയം അനായാസമാകുമെന്നും കണക്കുകൂട്ടൽ

രഞ്ജിത് ബാബു

കണ്ണൂർ: ഉന്നത കോൺഗ്രസ്സ് നേതാക്കൾക്കും കോൺഗ്രസ്സ് മുഖപത്രമായ വീക്ഷണത്തിനുമെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ച് എ.പി. അബ്ദുള്ളക്കുട്ടി തിരിച്ചടി തുടരുന്നു. കോൺഗ്രസ്സ് നേതാവും മുൻ കെപിസിസി. പ്രസിഡണ്ടുമായ വി എം. സുധീരനെതിരെയാണ് അബ്ദുള്ളക്കുട്ടിയുടെ രൂക്ഷ വിമർശനം.

അര ബക്കറ്റ് വെള്ളത്തിൽ കറുത്ത ചായം മുക്കി തലയും മീശയും കറുപ്പിച്ച് ജൈവകൃഷിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന നേതാവാണ് വി എം. സുധീരൻ. കോൺഗ്രസ്സിനെക്കുറിച്ച് സുധീരൻ കൂടുതലൊന്നും തന്നെ പഠിപ്പിക്കേണ്ട. ആദ്യം പാർട്ടിയിൽ നിന്നും പുറത്താക്കേണ്ടത് വി എം. സുധീരനെയാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. അബ്ദുള്ളക്കുട്ടിയെ മനസ്സിലാക്കുന്നതിൽ കോൺഗ്രസ്സിന് ജാഗ്രത കുറവുണ്ടായി എന്നും നരേന്ദ്ര മോദിയെ സ്തുതിച്ച അദ്ദേഹം പാർട്ടിവിടാനാണ് സാധ്യതയെന്നും വി എം. സുധീരൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടിയുടെ അവസരവാദ നിലപാടാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ്സിൽ നിന്നും ഇത്രയും ആനുകൂല്യം ലഭിച്ച മറ്റൊരാൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ദിരാഗാന്ധിയെ ഹിറ്റ്ലറോട് ഉപമിച്ചവരും ഭാരത യക്ഷിയെന്ന് വിളിച്ചവരും പാർട്ടിക്കകത്ത് ഇപ്പോഴുമുണ്ട്. എന്റെ വിശദീകരണം കേൾക്കാതെ പാർട്ടി പത്രത്തിൽ പുറത്താക്കണമെന്ന് എഴുതിയാളെക്കുറിച്ച് നന്നായി ബോധ്യമുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വി എം. സുധീരൻ വികസന വിരുദ്ധനാണ്. വികസനത്തോടുള്ള എന്റെ കാഴ്ചപ്പാടാണ് സുധീരന് എന്നോടുള്ള ശത്രുതക്ക് കാരണം. നാലുവരിപാത വികസനത്തിൽ താൻ സ്വീകരിച്ച നിലപാട് സുധീരനെ തന്റെ ശത്രുവാക്കി. ഉമ്മൻ ചാണ്ടിസർക്കാറിനെ അട്ടിമറിക്കാൻ കരുണാകരനോടൊപ്പം ചേർന്ന് പ്രവർത്തിച്ച ആളാണ് വി എം. സുധീരൻ. അദ്ദേഹത്തിന്റെ ആദർശം കാപട്യമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കോൺഗ്രസ്സിൽ നിന്നും അബ്ദുള്ളക്കുട്ടിക്ക് അണികളുടേയും നേതാക്കളുടേയും പിൻതുണ കുറഞ്ഞ സാഹചര്യത്തിൽ ബിജെപി.യോട് അടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇപ്പോൾ മംഗലൂരുവിൽ താമസിച്ചു പോന്ന അബ്ദുള്ളക്കുട്ടി ദക്ഷിണ കന്നഡയിലെ പ്രമുഖനായ ബിജെപി. നേതാവുമായി അടുത്ത സൗഹൃദം പുലർത്തുന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഈ അടുപ്പമാണ് നരേന്ദ്ര മോദിയുടെ വിജയം മഹാ വിജയമാണെന്നും അദ്ദേഹത്തിന്റെ വികസന അജണ്ടയുടെ അംഗീകാരമാണ് ഈ വിജയത്തിന്റെ കാരണമെന്നും അഭിപ്രായപ്പെട്ടത്. ഗാന്ധിയൻ മൂല്യങ്ങൾ സംരക്ഷിക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് വിശേഷിപ്പിക്കാൻ കാരണമായതെന്നും പറയുന്നു. ഗാന്ധിജിയുടെ നാട്ടുകാരനായ മോദി ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചതാണ് അദ്ദേഹത്തിന് ജനപ്രിയനാക്കിയതെന്നും ഫേസ്‌ബുക്കിൽ പറഞ്ഞിരുന്നു.

ഇതിന്റെയൊക്കെ പിന്നിൽ ബിജെപി.യുമായുള്ള ബാന്ധവത്തിന്റെ സൂചനയാണോ എന്ന സംശയവും വ്യാപകമായിട്ടുണ്ട്. കോൺഗ്രസ്സിൽ നിന്നും ബിജെപി. പാളയം ലക്ഷ്യമിട്ട് എ.പി. അബ്ദുള്ളക്കുട്ടി മഞ്ചേശ്വരം നിയമസഭാ സീറ്റോ രാജ്യസഭാ സീറ്റോ നേടാനുള്ള തന്ത്രമാണിതെന്നും പ്രചാരണമുണ്ട്. കോൺഗ്രസ്സിൽ ഇനിയും തുടർന്നാൽ തന്റെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞു പോകുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. കണ്ണൂർ ജില്ലാ കോൺഗ്രസ്സിൽ നിന്നോ കെപിസിസി.യിൽ നിന്നോ അർഹമായ പരിഗണന തനിക്ക് ലഭിച്ചില്ലെന്ന് അബ്ദുള്ളക്കുട്ടി തന്നെ തുറന്നു പറഞ്ഞിരുന്നു. കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിൽ കഴിഞ്ഞ തവണ പേരുയർന്ന് വന്നെങ്കിലും രാജ്‌മോഹൻ ഉണ്ണിത്താനിലൂടെ അത് മുടങ്ങുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ കണ്ണൂർ നിഷേധിക്കപ്പെട്ടതോടെ തലശ്ശേരിയിൽ മത്സരിച്ചെങ്കിലും സിപിഎം. ലെ എ. എം. ഷംസീറിനോട് പരാജയപ്പെടുകയായിരുന്നു. ഏറെക്കാലമായി അബ്ദുള്ളക്കുട്ടിക്ക് കോൺഗ്രസ്സിൽ കാര്യമായ റോളൊന്നുമുണ്ടായിരുന്നില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും കാര്യമായ പരിപാടികളൊന്നും നൽകാതെ അബ്ദുള്ളക്കുട്ടിയെ തഴയുകയായിരുന്നു. മോദി ഭക്തനായ ഒരു ന്യൂനപക്ഷ വികസന നേതാവ് എന്ന പരിഗണന ബിജെപി.യിൽ നിന്നും ലഭിക്കുന്നതിന്റെ സൂചനയാണ് അബ്ദുള്ളക്കുട്ടിയുടെ മോദി സ്തുതിക്ക് കാരണമെന്നും സൂചനയുണ്ട്. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വന്നാൽ അബ്ദുള്ളക്കുട്ടി എൻ.ഡി.എ. സ്ഥാനാർത്ഥിയായി രംഗത്ത് വരുന്നത് ബിജെപി.യുടെ വിജയ സാധ്യത വർദ്ധിപ്പിക്കുമെന്ന അഭിപ്രായവും ബിജെപി.യിൽ ചർച്ചയാവുന്നുണ്ട്. ഇപ്പോൾ നരേന്ദ്ര മോദിയെ വാഴ്‌ത്തിപ്പാടി ശരിയായ അവസരം ഉപയോഗപ്പെടുത്താനാണ് അബ്ദുള്ളക്കുട്ടിയുടെ തന്ത്രമെന്നും പറയുന്നുണ്ട്. കേരളത്തിൽ നിന്നോ കർണ്ണാടകത്തിൽ നിന്നോ ഒരു ദേശീയ മുസ്ലീമിനെ ആകർഷിക്കാൻ ബിജെപി. കൊണ്ടു പിടിച്ച് ശ്രമിക്കുന്നുണ്ട്. മോദിയെ പ്രകീർത്തിച്ച സംഭവത്തിൽ അബ്ദുള്ളക്കുട്ടി ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP