Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെജ്രിവാളിന്റെ മാറ്റത്തിന്റെ കൊടുങ്കാറ്റ് ആർത്തുങ്കലിൽ; ചേർത്തല തെക്ക് പഞ്ചായത്തിൽ ആപ്പ് സ്ഥാനാർത്ഥിക്ക് ജയം; കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദത്തിൽ ആംആദ്മി

കെജ്രിവാളിന്റെ മാറ്റത്തിന്റെ കൊടുങ്കാറ്റ് ആർത്തുങ്കലിൽ; ചേർത്തല തെക്ക് പഞ്ചായത്തിൽ ആപ്പ് സ്ഥാനാർത്ഥിക്ക് ജയം; കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദത്തിൽ ആംആദ്മി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ഡൽഹിയിൽ കേജ്രിവാൾ തുടങ്ങിവച്ച മാറ്റത്തിന്റെ കൊടുങ്കാറ്റ് കേരളത്തിലും വീശിത്തുടങ്ങി. ആർത്തുങ്കൽ പള്ളിയങ്കണത്തിൽ നിന്നും കേരളത്തിൽ ആം ആദ്മിയുടെ വിജയാരഭം! മൂന്ന് വോട്ടിന്റെ വ്യത്യാസത്തിലാണ് പ്രാദേശീക സ്വാധീനത്തിന്റെ കരുത്തിൽ ടോമി ഏലശ്ശേരി ചൂലുമായി ജയിച്ച് പഞ്ചായത്തിലെത്തുന്നത്. അങ്ങനെ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ കേരളത്തിൽ ആദ്യമായി ആം ആദ്മി പാർട്ടി അക്കൗണ്ട് തുറന്നു. ആലപ്പുഴ ചേർത്തല തെക്ക് പഞ്ചായത്തിലെ 21ാം വാർഡ് ഉപതിരഞ്ഞെടുപ്പിലാണ് ആംആദ്മി പാർട്ടി സ്ഥാനാർത്ഥി ടോമി എലശ്ശേരി കോൺഗ്രസ് സ്ഥാനാർത്ഥിയെ മൂന്ന് വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. 

കേരളത്തിലും ഒരു രാഷ്ട്രീയമാറ്റം അനിവാര്യമാണു എന്ന് ജനങ്ങൾ നൽകുന്ന സൂചനയാണു ആലപ്പുഴ ജില്ലയിലെ ആർത്തുങ്കൽ പഞ്ചായത്ത് വാർഡ് 21 ലെ തെരഞ്ഞെടുപ്പ് വിജയം നൽകുന്നതെന്നാണ് ആംആദ്മി കേരള ഘടത്തിന്റെ വിലയിരുത്തൽ. അധികാരം എന്നത് അഴിമതിക്കും സ്വത്ത് സമ്പാദിക്കാനുമുള്ള മാർഗ്ഗമാക്കുകയും അഹങ്കാരം മുഖമുദ്രയാക്കുകയും ചെയ്ത സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ ഉറക്കം കെടുത്തുന്ന നാളുകളാണു ഇനി വരാനിരിക്കുന്നത് എന്നതിന്റെ വളരെ വ്യക്തവും ശക്തവുമായ തെളിവാണു ഇത് സൂചിപ്പിക്കുന്നത്. ഡൽഹിയിലെപ്പോലെ കേരള ജനതയും 'മാറ്റം' ആഗ്രഹിക്കുന്നുവെന്നും അവർ ഫെയ്‌സ് ബുക്ക് പേജിൽ കുറിക്കുന്നു. കേരളത്തെയും നമുക്ക് അഴിമതി മുക്തമാക്കാം... ജീർണിച്ച വ്യവസ്ഥിതികളെ നമുക്ക് തുടച്ച് നീക്കാം...എന്ന ആഹ്വാനവുമുണ്ട്.

എന്നാൽ ആംആദ്മിയുടെ സംഘടനാ കരുത്തല്ല വിജയത്തിന് അടിസ്ഥാനം. പ്രദേശത്തെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവായിരുന്നു ഏതാനും വർഷം മുമ്പ് വരെ ടോമി. ഇതേ മേഖലയെ പഞ്ചായത്തിൽ പ്രതിനിധീകരിച്ചിട്ടുമുണ്ട്. എന്നാൽ കോൺഗ്രസുമായി തെറ്റി ടോമി ഇടതു പക്ഷത്ത് എത്തി. സിപിഐ സ്ഥാനാർത്ഥിയായി. ചേർത്തല തെക്ക് പഞ്ചായത്തിൽ അംഗവുമായി. അർത്തുങ്കൽ തീരദേശ പഞ്ചായത്ത് രൂപീകരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന്റെ പേരിൽ പഞ്ചായത്ത് പ്രതിനിധിയായിരുന്ന ടോമി ഏലശേരി രാജിവച്ചു. ഇതോടെ ഉപതെരഞ്ഞെടുപ്പ് എത്തി. അതിനിടെ ടോമി ആപ്പിലെത്തി. ചൂലെടുത്തു. ജനസ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും ജയിക്കുകയും ചെയ്തു. അത് ആപ്പിന്റെ കേരള രാഷ്ട്രീയത്തിലെ ആദ്യവിജയവുമായി.

പഞ്ചായത്ത് ഉപതരെഞ്ഞെടുപ്പിൽ ടോമി ഏലശേരി 305 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായ കോൺഗ്രസിലെ ഈശപ്പന് 302 വോട്ട് നേടാനായി. 64 വോട്ട് നേടിയ എൽഡിഎഫ് സ്വതന്ത്ര സ്വാനാർഥി സുശീല തോമസ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാർത്ഥിയായ സന്തോഷ് 38 വോട്ട് നേടി. തെരഞ്ഞെടുപ്പിൽ 72.61 ശതമാനമായിരുന്നു പോളിങ്. ചേർത്തല അർത്തുങ്കൽ പഞ്ചായത്തിൽ ഇന്നലെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ജയിച്ചു കയറിയെ ടോമി ആർത്തുങ്കൽ പള്ളിയങ്കണത്തിൽ നിന്ന് വിജയോഘോഷവും നൽകി. എല്ലാ അർത്ഥത്തിലും ആലപ്പുഴയിലെ ആപ്പ് ഘടകം ടോമിയുടെ വിജയം നേരത്തെ ഉറപ്പിച്ചിരുന്നു. അത്രയ്ക്ക് പിന്തുണയുള്ള വ്യക്തിയായിരുന്നു ടോമി.

എന്നാൽ ഈ വിജയം ആപ്പിന്റെ രാഷ്ട്രീയ നേട്ടമാണെന്ന് പറഞ്ഞാൽ ഇടതു പക്ഷവും കോൺഗ്രസും സമ്മതിക്കില്ല. ടോമിക്ക് വ്യക്തിപരമായ സ്വാധീനമുള്ള മണ്ഡലമാണ് ഇത്. സാമുദായിക രാഷ്ട്രീയമാണ് പ്രധാനം. കടലോര മേഖലയിലെ ടോമിയുടെ സ്വാധീനമാണ് വിജയത്തിന് ആധാരം. ഇതു കണ്ട് വലിയ മോഹങ്ങൾ കാണേണ്ടെന്നും പറയുന്നു. ടോമിയെ സിപിഎമ്മുകാരനായി ചിത്രീകരിക്കുന്നതിലെ ചതിവും അവർ തിരിച്ചറിയുന്നു. വി എസ് അച്യുതാനന്ദന്റെ അടുത്ത അനുയായി ആണെന്ന് പോലും പറഞ്ഞെന്നിരിക്കും. എന്നാൽ അതൊന്നും വിലപോവില്ലെന്ന് ആലപ്പുഴയിലെ മുതിർന്ന സിപിഐ(എം) നേതാവ് മറുനാടനോട് പ്രതികരിച്ചു.

ഏതാലും ആപ്പ് ആഹ്ലാദത്തിലാണ്. അർത്തുങ്കൽ പള്ളിയിൽ നിന്ന് തുടങ്ങിയ വിജയാഘാഷം കേരളത്തിലുടനീളം ആവർത്തിക്കാനാണ് തീരുമാനം. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിലയുറപ്പിക്കുക. അതിന്റെ കരുത്തിൽ നിയമസഭയിലേക്ക്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തരംഗം കേരളത്തിലും ആഞ്ഞെടിപ്പിക്കാനാണ് തന്ത്രങ്ങൾ മെനയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP