Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പച്ചക്കൊടിയിലും അരിവാളുണ്ട്, മഞ്ഞക്കൊടിയിലും അരിവാളുണ്ട്, ചെങ്കൊടി മാത്രം കാണാനില്ല; അരൂരിലെ ഇടത് സ്ഥാനാർത്ഥിയുടെ പ്രചാരണം സമുദായങ്ങളെ പ്രീണിപ്പിക്കാനെന്ന് കോൺഗ്രസും ബിജെപിയും; സംഗതി അൽപ്പം 'കളറാ'ക്കിയതാണെന്ന് സഖാക്കളും; അരൂരിൽ കമ്മ്യൂണിസം 'കമ്മ്യൂണലിസ'മായി മാറുന്നത് ഇങ്ങനെ

പച്ചക്കൊടിയിലും അരിവാളുണ്ട്, മഞ്ഞക്കൊടിയിലും അരിവാളുണ്ട്, ചെങ്കൊടി മാത്രം കാണാനില്ല; അരൂരിലെ ഇടത് സ്ഥാനാർത്ഥിയുടെ പ്രചാരണം സമുദായങ്ങളെ പ്രീണിപ്പിക്കാനെന്ന് കോൺഗ്രസും ബിജെപിയും; സംഗതി അൽപ്പം 'കളറാ'ക്കിയതാണെന്ന് സഖാക്കളും; അരൂരിൽ കമ്മ്യൂണിസം 'കമ്മ്യൂണലിസ'മായി മാറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

അരൂർ: പൂർണമായും സാമുദായിക പ്രീണനം ലക്ഷ്യം വെച്ച് സിപിഎം ചെങ്കൊടി താഴെ വെക്കുന്നു. അരൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെങ്കൊടി ഉപേക്ഷിച്ച സിപിഎം തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത മഞ്ഞക്കൊടിയും പച്ചക്കൊടിയുമായാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഡിവൈഎഫ്ഐ നേതാവ് എസ്.കെ സജീഷ് നയിച്ച പടിഞ്ഞാറൻ മേഖല ജാഥയിൽ ആണ് മഞ്ഞയിൽ അരിവാൾ ചുറ്റിക ആലേഖനം ചെയ്ത കൊടി ഉപയോഗിച്ചത്. ഇടതു യുവജന സംഘടനകളുടെ സി.കെ ആശ നയിച്ച സംസ്ഥാന നേതാക്കൾ പങ്കെടുത്ത മാർച്ചിൽ പച്ച പതാകയിലും അരിവാൾ ചുറ്റികയുണ്ട്.

സംഗതി ശ്രദ്ധയിൽ പെട്ടതോടെ പരിഹാസവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി. ഉപതിരഞ്ഞെടുപ്പിൽ എങ്ങനെയും വോട്ട് നേടാനുള്ള ശ്രമമാണ് ചെങ്കൊടി ഉപേക്ഷിക്കാൻ ഇടതുനേതാക്കളെ പ്രേരിപ്പിക്കുന്നതെന്നു കോൺഗ്രസും ബിജെപിയും ആരോപിച്ചു. ഈഴവ സമുദായത്തെ സ്വാധീനിക്കാനാണ് മഞ്ഞക്കൊടിയിൽ സിപിഎം ചിഹ്നം ആലേഖനം ചെയ്ത് ഉപയോഗിച്ചതെന്നും മുസ്ലിം വിഭാഗത്തിനെ അനുനയിപ്പിക്കാനാണ് പച്ചക്കൊടിയിൽ പാർട്ടി ചിഹ്നവുമായി റാലി നടത്തിയത് എന്നുമാണ് പ്രധാന വിമർശനം.

ആദ്യ തെരഞ്ഞെടുപ്പ് മുതൽ ഇതുവരെ രണ്ടു സമുദായങ്ങളിൽ പെട്ട ആളുകൾ മാത്രമാണ് അരൂരിൽ നിന്നും നിയമസഭയിലേക്ക് എത്തിയിട്ടുള്ളത്. ആദ്യ നിയമസഭയിലെ അംഗമായിരുന്ന കോൺഗ്രസ് നേതാവ് പി എസ് കാർത്തികേയൻ എസ്എൻഡിപിയുടെ നേതാവ് കൂടിയായിരുന്നു. അദ്ദേഹം രണ്ടു തവണ ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1966 മുതൽ 77 വരെ സിപിഎം നേതാവ് കെ ആർ ഗൗരിയമ്മയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1977ൽ സിപിഐയുടെ പി എസ് ശ്രീനിവാസൻ അരൂരിൽ നിന്നും ജയിച്ചു. 1980 മുതൽ 2006 വരെ കെ ആർ ഗൗരിയമ്മ തുടർച്ചയായി ഇവിടെ നിന്നും വിജയിച്ചു. ഗൗരിയമ്മയെ തോൽപ്പിച്ചാണ് 2006ൽ സിപിഎമ്മിന്റെ എ എം ആരിഫ് ഇവിടെ നിന്നും ജയിക്കുന്നത്. തുടർച്ചയായി മുന്ന് തെരഞ്ഞെടുപ്പുകളിൽ ആരിഫ് അരൂരിൽ നിന്നും ജയിച്ചു.

എന്നാൽ ഇക്കുറി സിപിഎം നിർത്തിയിരിക്കുന്ന മനോജ് സി പുളിക്കൻ ഈ രണ്ട് സമുദായങ്ങളിൽ നിന്നല്ല എന്നതാണ് സിപിഎമ്മിന് ആശങ്ക നൽകുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായ ഷാനിമോൾ ഉസ്മാനെ തോൽപ്പിക്കാനായി മുസ്ലിം വിഭാഗത്തെയും ഈഴവ സമുദായത്തെയും പ്രീണിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നാണ് കൊടി വിവാദത്തിൽ കോൺഗ്രസും ബിജെപിയും ആരോപിക്കുന്നത്.

എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നും തിരഞ്ഞെടുപ്പ് ചിഹ്നമുള്ള കൊടിയിൽ ബഹുവർണം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും സിപിഎം പ്രതികരിച്ചു. നാടിനെ കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള യുവജനതയുടെ പരിച്ഛേദമാണ് ജാഥയിൽ കണ്ടതെന്ന് ജാഥാ ക്യാപ്ടൻ സി കെ ആശയുടെ മറുപടി.

നേരത്തെ മലപ്പുറത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡിൽ പച്ചനിറത്തിലാണ് അരിവാൾ ചുറ്റിക പ്രത്യക്ഷപ്പെട്ടത്. ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ വോട്ടുതേടുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി.ഫൈസലിന്റെ പച്ചനിറത്തിലുള്ള പോസ്റ്ററുകളാണ് മണ്ഡലത്തിന്റെ മുക്കുംമൂലയും അന്ന് കൈയടക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP