'താങ്ങായി ചാരിനിന്ന മതിലായിരുന്നു എന്റെ ജോലി; അതു പാർട്ടി തീരുമാനമെന്ന ജെസിബി വച്ച് ഇടിച്ചുനിരത്തി; ജോലി നഷ്ടപ്പെട്ടപ്പോൾ മന്ത്രി ഇ.പി. ജയരാജനെ പോയി കണ്ടു; പരിഹാസവും പുച്ഛവുമായിരുന്നു പ്രതികരണം; 'എൽഡിഎഫ് വരും, എല്ലാം ശരിയാകും' എന്ന വാചകം ഊണിലും ഉറക്കത്തിലും ഞങ്ങളെ ഭയപ്പെടുത്തുവെന്നും ആശ ലോറൻസ്
July 10, 2019 | 02:04 PM IST | Permalink

മറുനാടൻ ഡെസ്‌ക്
മകൻ ബിജെപി വേദിയിൽ പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന പരാതിയുമായി മുതിർന്ന സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മകൾ ആശ ലോറൻസ്. ഞാൻ ജോലി നഷ്ടപ്പെട്ടപ്പോൾ വ്യവസായ മന്ത്രി ഇ.പി. ജയരാജനെ പോയി കണ്ടു. പരിഹാസവും പുച്ഛവുമായിരുന്നു പ്രതികരണം. പിരിച്ചുവിട്ടത് പാർട്ടി തീരുമാനമാണെന്നും പറഞ്ഞു. ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാതെ താനും മകനും ജീവനൊടുക്കിയാൽ ഉത്തരവാദിത്തം പാർട്ടിക്കാണെന്നും മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിൽ ആശ പറയുന്നു.
കത്തിന്റെ പൂർണരൂപം
ഞാൻ ജോലി നഷ്ടപ്പെട്ടപ്പോൾ വ്യവസായ മന്ത്രി ഇ.പി. ജയരാജനെ പോയി കണ്ടു. പരിഹാസവും പുച്ഛവുമായിരുന്നു പ്രതികരണം. പിരിച്ചുവിട്ടത് പാർട്ടി തീരുമാനമാണെന്നും പറഞ്ഞു. ജീവിക്കാൻ അനുവദിക്കില്ല എന്നതാണോ പാർട്ടി നയം? മകൻ ശബരിമല സമരത്തിൽ പങ്കെടുത്തതിന് ശിക്ഷ കിട്ടിയതു എനിക്കാണ്. 18 വയസ്സായ അവൻ സ്വന്തം വിശ്വാസമാണ് അവിടെ പ്രഖ്യാപിച്ചത്, അല്ലാതെ രാഷ്ട്രീയമല്ല.
അവൻ പോയത് കഞ്ചാവു വിൽപനക്കാരുടെയോ സ്ത്രീപീഡകരുടെയോ കൂടെയല്ല. ആയിരുന്നെങ്കിൽ അവനുവേണ്ടി മാത്രം ജീവിച്ച ഈ അമ്മ എന്നെന്നേക്കുമായി വാതിൽ കൊട്ടി അടയ്ക്കുമായിരുന്നു. കാസർകോട് മുതൽ പാറശാല വരെ മതിലു കെട്ടിയാൽ സ്ത്രീശാക്തീകരണമാകില്ല. വനിതകൾക്ക് സുരക്ഷിത ജീവിതവും അടിസ്ഥാന സൗകര്യങ്ങളും വേണം. ഒറ്റയ്ക്കു ജീവിക്കുന്ന എന്നെപ്പോലുള്ളവർ അതാണ് ആഗ്രഹിക്കുന്നത്.
താങ്ങായി ചാരിനിന്ന മതിലായിരുന്നു എന്റെ ജോലി. അതു പാർട്ടി തീരുമാനമെന്ന ജെസിബി വച്ച് ഇടിച്ചുനിരത്തി. മുഖ്യമന്ത്രിയെ ഞാനും മകനും മുൻപു രണ്ടുതവണ കണ്ടപ്പോഴും അങ്ങേയറ്റം സ്‌നേഹ വാത്സല്യമായിരുന്നു. സമയമെടുത്തു പ്രശ്‌നങ്ങൾ കേൾക്കുകയും സുരക്ഷിതത്വബോധം നൽകുകയും ചെയ്തു.
പക്ഷേ, 'എൽഡിഎഫ് വരും, എല്ലാം ശരിയാകും' എന്ന പരസ്യവാചകം ഊണിലും ഉറക്കത്തിലും ഇപ്പോൾ ഞങ്ങളെ ഭയപ്പെടുത്തുന്നു. ജീവിതത്തിൽ ഒറ്റയ്ക്കായിപ്പോയ ഒരു സ്ത്രീയെയും മകനെയും ജീവിക്കാൻ അനുവദിക്കില്ലെന്നു പാർട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രിയെന്ന നിലയിലും സിപിഎം പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും അതു തിരുത്തണം. ആശ കത്തിൽ വ്യക്തമാക്കുന്നു
