Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്‌സഭാതിരഞ്ഞെടുപ്പിൽ താമര വിരിയിക്കാൻ കിട്ടില്ല ഈ തങ്ങളെ! നോട്ടം നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി ടിക്കറ്റിൽ ആദ്യമായി മത്സരിച്ച തങ്ങൾ കുടുംബാംഗം ഇപ്പോൾ മെഡിക്കൽ പഠനത്തിന്റെ തിരക്കിൽ; അടുത്ത വട്ടം സീറ്റ് കിട്ടിയാൽ താൻ ഷൈൻ ചെയ്യുമെന്ന് ബാദുഷ തങ്ങൾ; ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ അദ്ധ്യക്ഷന്റെ മോഹം കേരളരാഷ്ട്രീയത്തിൽ മുടിചൂടാമന്നനാകാൻ

ലോക്‌സഭാതിരഞ്ഞെടുപ്പിൽ താമര വിരിയിക്കാൻ കിട്ടില്ല ഈ തങ്ങളെ! നോട്ടം നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി ടിക്കറ്റിൽ ആദ്യമായി മത്സരിച്ച തങ്ങൾ കുടുംബാംഗം ഇപ്പോൾ മെഡിക്കൽ പഠനത്തിന്റെ തിരക്കിൽ; അടുത്ത വട്ടം സീറ്റ് കിട്ടിയാൽ താൻ ഷൈൻ ചെയ്യുമെന്ന് ബാദുഷ തങ്ങൾ; ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ അദ്ധ്യക്ഷന്റെ മോഹം കേരളരാഷ്ട്രീയത്തിൽ മുടിചൂടാമന്നനാകാൻ

ജംഷാദ് മലപ്പുറം

മലപ്പുറം: വിളിച്ചാൽ വിളിപ്പുറത്ത് അധികാരമുണ്ടെങ്കിലും അതിൽ നിന്നകന്ന് നിൽക്കുന്നവരാണ് പാണക്കാട് തങ്ങൾ കുടുംബം. പ്രവാചകനായ മുഹമ്മദ് നബിയുടെ പിന്മുറക്കാരായി അറിയപ്പെട്ടുന്ന തങ്ങൾ കുടുംബത്തിലെ മറ്റൊരു അംഗം ബിജെപിയിൽ ചേർന്നത് ഇടക്കാലത്ത് വാർത്തയായിരുന്നു. ലോകസഭാതിരഞ്ഞെടുപ്പ് വേളയിൽ ബാദുഷ തങ്ങൾ എന്തുചെയ്യുന്നുവെന്നാണ് മറുനാടൻ അന്വേഷിച്ചത്. ഇല്ല, ഈ വട്ടം മത്സരിക്കാൻ ബാദുഷ തങ്ങളില്ല. തങ്ങളുടെ നോട്ടം നിയമസഭാ തിരഞ്ഞെടുപ്പാണ്. സംസ്ഥാനമാണ് തന്റെ പ്രവർത്തന മണ്ഡലമെന്ന് കരുതുന്നു അദ്ദേഹം.

കേരളാ രാഷ്ട്രീയത്തിൽ സജീവമാകാനാണ് ആഗ്രഹം. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പഠനത്തിന്റെ തിരക്കിലാണ്. പഠനം കഴിഞ്ഞാൽ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാനാണ് ആഗ്രഹം. ബിജെപിയാണ് തന്റെപാർട്ടി, അതിനാൽ തന്നെ ബിജെപി വേണ്ടിയാണ് താൻ പ്രവർത്തിക്കുകയെന്നും ബാദുഷ തങ്ങൾ, പറഞ്ഞു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും ആദ്യമായി ബിജെപി ടിക്കറ്റിൽ മത്സരിച്ച തങ്ങൾ കുടുബത്തിലെ ഒരംഗമായ താനൂർ പനങ്ങാട്ടൂർ കണ്ണന്തളി സ്വദേശിയായ ബാദുഷ തങ്ങൾ നിലവിൽ ന്യൂനപക്ഷമോർച്ച മലപ്പുറം ജില്ലാ പ്രസിഡന്റ്കൂടിയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ തനിക്ക് ലഭിച്ചത് 8711 വോട്ടുകൾ മാത്രമാണ്. എന്നാൽ, അടുത്ത തവണ സീറ്റ് ലഭിച്ചാൽ, കൂടുതൽ സ്വീകാര്യത കിട്ടുമെന്ന് ബാദുഷ തങ്ങൾ പറയുന്നു, ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പഠനത്തിലാണ്, നേരത്തെ എം.ബി.ബി.എസ് കഴിഞ്ഞിരുന്നു. ഇപ്പോൾ ചൈൽഡ് സ്പെഷ്യലിസ്റ്റ്(ഡി.സി.എച്ച്)പഠനത്തിലാണ്. ഇതിനാലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകാൻ കഴിയാത്തത്.

ബിജെപിയുമായി അടുത്തിട്ട് അഞ്ചുവർഷത്തോളമായി. സയ്യിദ് ഹാഷിം മുശൈഖിന്റെ പിന്മുറക്കാരനാണു താനെന്നും 1687 ലാണു തന്റെ പിന്മുറക്കാർ കേരളത്തിലെത്തിയതെന്നും ബാദുഷ തങ്ങൾ പറയുന്നു. ആലുവയിലെത്തിയ പൂർവികർ പിന്നീട് സാമൂതിരിയുടെ ആജ്ഞ പ്രകാരം താനൂരിലെ പനങ്ങാട്ടൂരിലെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2002 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽനിന്നും ജനകീയ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച ബാദുഷ തങ്ങൾ പിന്നീടാണ് ബിജെപിയിലേക്കു ചേക്കേറിയത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി. പ്രതിനിധിയായി താനൂർ പഞ്ചായത്തിൽ മത്സരിച്ചു. അന്നത്തെ ബിജെപി. സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിച്ച കേരളാ വിമോചനയാത്രയിൽ കാസർകോട് മുതൽ തിരുവനന്തപുരംവരെ ബാദുഷ തങ്ങൾ അംഗമായിരുന്നു. മേൽത്തട്ടിലെ നിർദ്ദേശം അംഗീകരിക്കുകയാണ് താൻ ചെയ്തതെന്നു താനൂരിൽ മത്സരിച്ചപ്പോൾ ബാദുഷ തങ്ങൾ പ്രതികരിച്ചത്.

മുമ്പും മുസ്ലിം സ്ഥാനാർത്ഥികൾ ബിജെപിക്കുവേണ്ടി നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2011-ൽ പെരിന്തൽമണ്ണയിൽ നിന്ന് അലി ഹാജിയും തിരൂരിൽ നിന്ന് സി.കെ. കുഞ്ഞിമുഹമ്മദും പാർട്ടി സ്ഥാനാർത്ഥികളായിരുന്നു. നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറന്നെങ്കിലും മലപ്പുറം ജില്ല പ്രത്യേകിച്ചും പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമലയാണ്. തങ്ങൾ കുടുംബത്തിൽ പെട്ട പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നയിക്കുന്ന മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായാണ് മലപ്പുറം അറിയപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP