Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭരണകൂടം ജനങ്ങളെ മദ്യലോബിക്ക് എറിഞ്ഞു കൊടുക്കുന്നു; കോടതിയുടെ പുറത്തുചാരി ബാറുകൾ തുറപ്പിക്കാൻ തീവ്രശ്രമം; സുധീരൻ തുറന്ന പോരിനുതന്നെ

ഭരണകൂടം ജനങ്ങളെ മദ്യലോബിക്ക് എറിഞ്ഞു കൊടുക്കുന്നു; കോടതിയുടെ പുറത്തുചാരി ബാറുകൾ തുറപ്പിക്കാൻ തീവ്രശ്രമം; സുധീരൻ തുറന്ന പോരിനുതന്നെ

തിരുവനന്തപുരം: ബാർ ലൈസൻസ് പ്രശ്‌നത്തിലുടക്കി കോൺഗ്രസിൽ ഉൾപ്പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും എക്‌സൈസ് മന്ത്രി കെ ബാബുവിനെയും വിമർശിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരൻ തന്റെ മുൻ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ്.

കഴിഞ്ഞദിവസം ബാർ ലൈസൻസ് വിഷയം ചർച്ച ചെയ്യാൻ പാർട്ടിയുടെയും സംസ്ഥാന സർക്കാരിന്റെയും ഏകോപനസമിതി യോഗം ചേർന്നിരുന്നു. വിഷയത്തിൽ ഇനി സ്വന്തംനിലയിൽ തീരുമാനമെടുക്കുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. അതിനെ ശക്തമായി എതിർത്ത് കെപിസിസി പ്രസിഡന്റും രംഗത്തുവന്നു. പൂട്ടിയ ബാറുകൾക്ക് അനുകൂലമായ വിധത്തിൽ ഹൈക്കോടതിയിൽ നിന്നു വിധിവന്നതോടെ പാർട്ടിയിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തുവരാൻ തുടങ്ങി.

ബാറുകൾ തുറക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾ വി എം സുധീരന്റെ കടുത്ത എതിർപ്പിന് കാരണമായി. പാർട്ടിയുടെയും ജനങ്ങളുടെയും വികാരങ്ങൾക്ക് വിലകല്പിക്കാതെ ബാറുകാർക്ക് വേണ്ടി മുഖ്യമന്ത്രിയും സർക്കാരും ഇടപെടുന്നുവെന്ന് സുധീരൻ പറഞ്ഞു. ചില ബാറുടമകളുടെ താല്പര്യങ്ങൾക്ക് സർക്കാർ വഴങ്ങുന്നത് ഖേദകരമാണ്. കോടതിവഴി ബാർ തുറക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും വിധി ചോദിച്ചുവാങ്ങാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വി എം സുധീരൻ പറഞ്ഞു.

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കവെ പേരെടുത്തു പറയാതെ മുഖ്യമന്ത്രിയെയും കെ ബാബുവിനെയും വി എം സുധീരൻ രൂക്ഷമായി വിമർശിച്ചു. ഹൈക്കോടതിയെ ഇടപെടുവിച്ച് ബാറുകൾ തുറക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നാണ് സുധീരന്റെ ആക്ഷേപം.

ബാർ പ്രശ്‌നം കെപിസിസിയുടെ പരിഗണനയിൽ കൊണ്ടുവരേണ്ടതില്ലായിരുന്നുവെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത്. പാർട്ടിയുമായി ഇക്കാര്യം ചർച്ചചെയ്തതാണ് പ്രശ്‌നത്തിന് കാരണമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഹയർസെക്കൻഡറി സ്‌കൂളുകളുടെ കാര്യം പാർട്ടിയിലോ മറ്റുവേദികളിലോ ചർച്ചചെയ്യാതെ നടപ്പാക്കിയതിനാലാണ് മുന്നോട്ടുപോകാനായത്. കെപിസിസി നേതൃത്വം നിലപാട് തിരുത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെയാണ് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചത്.

നിലവാരമുള്ള ബാറുകൾക്ക് ലൈസൻസ് നൽകാതിരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ബാറുകൾ തുറക്കേണ്ടതില്ലെന്ന വാദത്തിന് സ്വീകാര്യത ലഭിച്ചുവെന്നാണ് സുധീരന്റെ നിലപാട്. ആ സാഹചര്യത്തിൽ സർക്കാരിന്റെ എതിർനീക്കം തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന വാദവും അദ്ദേഹത്തിനുണ്ട്. മാത്രമല്ല, സാമ്പത്തികാരോപണങ്ങളും തലയിലാകും. എന്നാൽ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ സർക്കാരിനു പ്രവർത്തിക്കാൻ കഴിയില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ വാദം. സർക്കാരിന് നിയമങ്ങളും ചട്ടങ്ങളും പാലിച്ചേ മതിയാകൂ. അത് അനന്തമായി നീട്ടാനാവില്ല.

ഇതിനിടെയാണു നിലവാരമില്ലാത്തതിന്റെ പേരിൽ പൂട്ടിക്കിടക്കുന്ന ബാറുകൾ പരിശോധിക്കാൻ സംവിധാനം വേണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. മദ്യത്തിന്റേത് അടിയന്തരപ്രാധാന്യമുള്ള വിഷയമല്ലെന്നു പറഞ്ഞ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നിൽ സർക്കാരിന്റെ കള്ളക്കളിയാണെന്നാണ് കെപിസിസി വിലയിരുത്തൽ. കഴിഞ്ഞദിവസത്തെ യോഗത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുകയും അടുത്തദിവസം കോടതിയിൽ നിന്നും അതിന് അനുസൃതമായി ഉത്തരവ് വരികയും അതിനെ കോടതിയിൽ എജി എതിർക്കാതിരിക്കുകയും ചെയ്തത് അതിനു തെളിവാണെന്നാണ് കെപിസിസി നിലപാട്.

പരിശോധനനടത്തി നിലവാരമുള്ളവ തുറക്കണമെന്നായിരുന്നു തുടക്കം മുതൽ സർക്കാരുമായി ബന്ധപ്പെട്ടവരുടെ നിലപാട്. ഇക്കാര്യത്തിൽ പാർട്ടിയുമായി സമവായം ഉണ്ടാക്കാനായില്ലെങ്കിൽ കോടതിയുടെ ഉത്തരവിന്റെ പേരിൽ ബാറുകൾ തുറന്നുകൊടുത്തതാണെന്നു വരുത്തിതീർക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും അവർ പറയുന്നു. അടച്ചിട്ടിരിക്കുന്ന 418 ബാറുകളുടെയും നിലവാരം പരിശോധിച്ച് ഈമാസം 26ന് റിപ്പോർട്ട് സമർപ്പിക്കാൻ എക്‌സൈസ് കമ്മിഷണറോടും നികുതി സെക്രട്ടറിയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവാര പരിശോധനയ്ക്ക് വ്യക്തമായ മാനദണ്ഡം കോടതി പറയാത്ത സാഹചര്യത്തിൽ ബാറുടമകൾക്ക് സഹായകമായതരത്തിൽ റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർക്കു സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP