Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് ബിജെപിയുമായി സഹകരിക്കില്ല; ബിജെപി ഇതര കക്ഷികളുടെ എൻഡിഎ യോഗം വിളിക്കും; വാഗ്ദാനം ചെയ്ത ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാതെ ഇനി എൻഡിഎയിലേക്കല്ലെന്ന് തുഷാർ വെള്ളാപ്പള്ളി; രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്‌തെന്ന് പ്രചരിപ്പിച്ചത് ബിജെപിയിലെ ചിലർ; ഇവർക്കെതിരെ പരാതി നൽകുമെന്നും ബിഡിജെഎസ് അധ്യക്ഷൻ

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ് ബിജെപിയുമായി സഹകരിക്കില്ല; ബിജെപി ഇതര കക്ഷികളുടെ എൻഡിഎ യോഗം വിളിക്കും; വാഗ്ദാനം ചെയ്ത ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാതെ ഇനി എൻഡിഎയിലേക്കല്ലെന്ന് തുഷാർ വെള്ളാപ്പള്ളി; രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്‌തെന്ന് പ്രചരിപ്പിച്ചത് ബിജെപിയിലെ ചിലർ; ഇവർക്കെതിരെ പരാതി നൽകുമെന്നും ബിഡിജെഎസ് അധ്യക്ഷൻ

ആലപ്പുഴ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഹകരിക്കേണ്ടെന്ന് ബിഡിജെഎസ് തീരുമാനം. ആലപ്പുഴയിൽ ചേർന്ന നേതൃയോഗത്തിന് ശേഷം പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി ഇതര കക്ഷികളുടെ എൻഡിഎ യോഗം വിൡക്കാനും പാർട്ടി തീരുമാനിച്ചു. താനൊരിക്കലും രാജ്യസഭാ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും തുഷാർ പറഞ്ഞു. ബി.ഡി.ജെ.എസിനെ എൻ.ഡി.എയിൽ നിന്ന് ഒഴിവാക്കാൻ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ ശ്രമിക്കുകയാണെന്നാണ് തുഷാറിന്റെ പരാതി. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്തത് ബിജെപിയാണ്. അത് നിറവേറ്റാതെ എൻ.ഡി.എയുമായി സഹകരിക്കില്ലെന്നും തുഷാർ വ്യക്തമാക്കി.

തനിക്ക് രാജ്യസഭാംഗത്വം വാഗ്ദാനം ചെയ്‌തെന്ന വാർത്ത പ്രചരിപ്പിച്ച ബിജെപിയിലെ ചിലരുണ്ട്. ബിജെപി സംസ്ഥാന നേതൃത്വം അപമാനിക്കാൻ ശ്രമിച്ചെന്നു കാട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാക്ക് പരാതി നൽകുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. സീറ്റ് വാഗ്ദാനം ചെയ്‌തെന്ന വാർത്ത പ്രചരിപ്പിച്ചത് ആരാണെന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു തുഷാറിന്റെ മറുപടി. താനോ പാർട്ടിയോ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയിലേക്ക് പോകണമെങ്കിൽ ഒന്നു മൂളിയാൽ മതി. എൽഡിഎഫിന് മഅദ്നിയുമായി സഹകരിക്കാമെങ്കിൽ ബിഡിജെഎസുമായും സഹകരിക്കാമെന്ന് തുഷാർ പറഞ്ഞു. ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ ബിഡിജെഎസിന് ലഭിക്കരുതെന്ന് ഇവർക്ക് ആഗ്രഹമുണ്ട്. അതിന്റെ ഫലമായിട്ടാണ് ഇത്തരം പ്രചരണങ്ങൾ. അതിന്റെ കാരണം താൻ പോയി എംപി സീറ്റ് ചോദിച്ചു എന്നു പറഞ്ഞാൽ സീറ്റ് മോഹികളായ ബിജെപി നേതാക്കൾ പിന്നോക്കം പോകുമല്ലോ. അതിനുവേണ്ടിയാണ് ഇത്തരം നീക്കങ്ങളെന്നും തുഷാർ പറഞ്ഞു

ബി.ഡി.ജെ.എസ് നിലപാട് വ്യക്തമാക്കിയതോടെ ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിപ്രഖ്യാപനത്തിനു മുന്നോടിയായി എൻ.ഡി.എ. യോഗം ചേരാൻപോലും കഴിഞ്ഞിട്ടില്ല. ഇന്നു ചേരുന്ന ബി.ഡി.ജെ.എസ്. യോഗത്തിൽ മുന്നണിയുടെ പ്രവർത്തനവൈകല്യങ്ങളും ചർച്ചയാകും. ബിജെപി. നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതാണ് ബി.ഡി.ജെ.എസിന്റെ കടുത്ത അതൃപ്തിക്കു കാരണം. കേരളത്തിലെ എൻ.ഡി.എ. സംവിധാനം കാര്യക്ഷമമല്ലെന്നും തങ്ങളുടെ പരാതികൾ അവഗണിച്ചു മുന്നോട്ടുപോയാൽ ചെങ്ങന്നൂരിൽ തിരിച്ചടിനേരിടേണ്ടി വരുമെന്നു തുഷാർ വെള്ളാപ്പള്ളി മുന്നറിയിപ്പു നൽകിയിരുന്നു.

ഇതിനിടെ, ബി.ഡി.ജെ.എസ് ഇപ്പോഴും എൻ.ഡി.എയുടെ ഭാഗമാണെന്നും ചില പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ടെന്നും അത്തരം പൊരുത്തക്കേടുകൾ പരിഹരിക്കുമെന്നും ബിജെപി ദേശീയസമിതി അംഗവും മുൻ സംസ്ഥാന അധ്യക്ഷനുമായ വി. മുരളീധരൻ പ്രതികരിച്ചു. ചെങ്ങന്നൂരിലെ സ്ഥാനാത്ഥി ശ്രീധരൻ പിള്ളയുടെ വിജയത്തിനു വേണ്ടി ബി.ഡി.ജെ.എസ് പ്രവർത്തിക്കുമെന്നാണ് വിശ്വാസമെന്നും മുരളീധരൻ പ്രതികരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP