Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനിയെങ്കിലും ഒന്നു നന്നാകാൻ നോക്കൂ പിള്ളേച്ചാ...; ശബരിമലയല്ല മോദി ഭരണമാണ് ഈ തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമെന്ന് പ്രഖ്യാപിച്ച് ശ്രീധരൻ പിള്ള; പിള്ളയെ തള്ളി ശബരിമലയിൽ ഉറച്ച് സുരേന്ദ്രൻ; സുരേന്ദ്രൻ പത്തനംതിട്ടയിൽ നടത്തുന്ന മുന്നേറ്റത്തിൽ പിള്ള അസ്വസ്ഥനെന്ന സൂചന പുറത്തുവന്നതോടെ പ്രവർത്തകർക്ക് കടുത്ത അമർഷം; ബിജെപിയിൽ വീണ്ടും അസ്വസ്ഥത

ഇനിയെങ്കിലും ഒന്നു നന്നാകാൻ നോക്കൂ പിള്ളേച്ചാ...; ശബരിമലയല്ല മോദി ഭരണമാണ് ഈ തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമെന്ന് പ്രഖ്യാപിച്ച് ശ്രീധരൻ പിള്ള; പിള്ളയെ തള്ളി ശബരിമലയിൽ ഉറച്ച് സുരേന്ദ്രൻ; സുരേന്ദ്രൻ പത്തനംതിട്ടയിൽ നടത്തുന്ന മുന്നേറ്റത്തിൽ പിള്ള അസ്വസ്ഥനെന്ന സൂചന പുറത്തുവന്നതോടെ പ്രവർത്തകർക്ക് കടുത്ത അമർഷം; ബിജെപിയിൽ വീണ്ടും അസ്വസ്ഥത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പത്തനംതിട്ടയിൽ ജയമാണ് ബിജെപി ലക്ഷ്യമിടുന്നത്. എന്നാൽ പാർട്ടി അധ്യക്ഷന് ജയിക്കണമെന്നില്ലെന്നതാണ് പാർട്ടിയിലെ തന്നെ പൊതു സംസാരം. പത്തനംതിട്ടയിൽ മത്സരിക്കാൻ ഏറെ ആഗ്രഹിച്ച വ്യക്തിയാണ് ശ്രീധരൻപിള്ള. എന്നാൽ നറുക്ക് വീണത് കെ സുരേന്ദ്രൻ. ശബരിമല സമര നായക പരിവേഷവുമായി സുരേന്ദ്രൻ പത്തനംതിട്ടയെ ഇളക്കി മറിക്കുകയാണ്. ഇതിനിടെ എല്ലാം അട്ടമറിക്കാൻ ശ്രമിക്കുകയാണ് പ്രസിഡന്റ് എന്നാണ് ആരോപണം. ശബരിമലയെ മുഖ്യ പ്രചരണ വിഷയമാക്കാൻ ആർ എസ് എസും തീരുമാനിച്ചിരുന്നു. എന്നാൽ ശ്രീധരൻ പിള്ളയ്ക്ക് ഇപ്പോൾ ആ വിഷയത്തോട് താൽപ്പര്യമില്ല. യുവമോർച്ചയുടെ യോഗത്തിൽ ശബരിമലയെ സുവർണ്ണാവസരമെന്ന് പറഞ്ഞ പിള്ള ഇപ്പോൾ മലക്കം മറിയുന്നു. ശബരിമലയല്ല മോദി ഭരണമാണ് ഈ തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമെന്ന് പിള്ള പറയുമ്പോൾ നിരാശരാകുന്നത് ബിജെപിക്കാരാണ്.

പത്തനംതിട്ടയിൽ ശബരിമല ചർച്ചയാക്കുമെന്ന് സുരേന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് കുമ്മനവും ഇത് തന്നെയാണ് ഉയർത്തിക്കാട്ടുന്നത്. ഈ വിഷയം ബിജെപിക്ക് വോട്ട് കൂട്ടുമെന്ന വിലയിരുത്തലും സജീവം. ഇതിനിടെയാണ് ശബരിമലയല്ല മോദി ഭരണാണ് പ്രധാനമെന്ന് ശ്രീധരൻ പിള്ള പറയുന്നത്. പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ്മയുടെ പ്രതിഷേധത്തിന് കാരണവും പിള്ളയുടെ നിലപാടുകളാണെന്ന സൂചനയുമുണ്ട്. എൻ എസ് എസിനേയും അകറ്റാൻ ശ്രമം നടക്കുന്നുവെന്നും പ്രവർത്തകർ സംശയിക്കുന്നു. കുമ്മനത്തിന്റേയും സുരേന്ദ്രന്റേയും സീറ്റ് ശ്രീധരൻ പിള്ള മോഹിച്ചിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. ആർഎസ്എസ് ഇതിനെ എതിർത്തു. ദേശീയ പ്രസിഡന്റ് അമിത് ഷാ സീറ്റ് നൽകിയതുമില്ല. ഇതോടെയാണ് പ്രചരണത്തിൽ നിന്ന് ശബരിമലയെ ഒഴിവാക്കാൻ പിള്ള മുന്നിട്ടിറങ്ങുന്നത്. ശബരിമല വിഷയത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പല നിലപാടും പിള്ളയുടേതായി പുറത്തു വന്നിരുന്നു. ഇതിനൊപ്പമാണ് ഇപ്പോഴത്തെ മലക്കം മറിച്ചിലും ചർച്ചയാകുന്നത്.

ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന് അപ്പുറം വിശ്വാസികളുടെ വോട്ടുകളിലാണ് പത്തനംതിട്ടയിൽ ബിജെപിയുടെ കണ്ണ്. ശബരിമല ഉൾക്കൊള്ളുന്ന ലോക്സഭാ മണ്ഡലത്തിൽ വിശ്വാസത്തെ ചർച്ചയാക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ആർ എസ് എസും അരയും തലയും മുറുക്കി പത്തനംതിട്ടയിലുണ്ട്. പരമാവധി വോട്ടുകൾ സമാഹരിക്കാനുള്ള കരുത്ത് കെ സുരേന്ദ്രനുണ്ടെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. പത്തനംതിട്ടയിൽ കോൺഗ്രസ്-സിപിഎം സ്ഥാനാർത്ഥികൾക്കെതിരെ അതത് മുന്നണികളിലും വികാരമുണ്ട്. ഇതെല്ലാം സുരേന്ദ്രന് വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ശബരിമല സമരനായകനെന്ന പരിവേഷവുമായി കെ സുരേന്ദ്രൻ എത്തുമ്പോൾ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ഉറപ്പാണെന്ന് പരിവാറുകാരും കരുത്തുന്നു. ഇതിനിടെയാണ് പാരയുമായി ശ്രീധരൻ പിള്ളയുടെ വരവ്.

പത്തനംതിട്ടയിലെ ബിജെപി ഒന്നടങ്കം സുരേന്ദ്രനൊപ്പമുണ്ട്. പിഎസ് ശ്രീധരൻ പിള്ള സീറ്റ് നേടില്ലെന്ന് തന്ത്രപരമായി ഉറപ്പിക്കാൻ പത്തനംതിട്ടയിലെ പാർട്ടിക്കാർ സോഷ്യൽ മീഡിയയിൽ പോലും സജീവ ഇടപെടൽ നടത്തി. ഇതെല്ലാം പിള്ളയെ നിരാശനാക്കി. പത്തനംതിട്ടയിൽ ജനപക്ഷ സ്ഥാനാർത്ഥിയായി മൽസരിക്കുമെന്ന് പി.സി. ജോർജ് എംഎൽഎ നേരത്തെ പറഞ്ഞിരുന്നു. ആദ്യം സ്ഥാനാർത്ഥിയാകുമെന്ന് അറിയിച്ച ജോർജ് പിന്നീട് പിൻവാങ്ങി. പൂഞ്ഞാറിലെ എംഎൽഎയ്ക്ക് നല്ല പിന്തുണ പത്തനംതിട്ടയിലുണ്ട്. ഈ വോട്ടുകളിലാണ് ബിജെപിയുടെ മറ്റൊരു പ്രതീക്ഷ. പിസി കനിഞ്ഞാൽ പത്തനംതിട്ടയിൽ ജയം ഉറപ്പാണെന്ന് ബിജെപി കരുതുന്നു. പിസി ജോർജിന് സുരേന്ദ്രനോട് നല്ല താൽപ്പര്യവുമുണ്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആന്റോ ആന്റണി നേടിയത് 3,58,842 വോട്ടാണ്. ഇടത് സ്വതന്ത്രനായ ഫിലിപ്പോസ് തോമസിന് 302651 വോട്ടും കിട്ടി. ബിജെപിയുടെ എംടി രമേശിന് കിട്ടിയത് 1,38,954 വോട്ടാണ്. അതായത് രണ്ടിരട്ടിയിൽ അധികം വോട്ട് നേടിയാലേ സുരേന്ദ്രന് ജയിക്കാനാകു. എന്നാൽ എൽഡിഎഫിനോട് ഇടഞ്ഞുനിൽക്കുന്ന എൻഎസ്എസ് അടക്കമുള്ള സമുദായ സംഘടനകളുടെ പിന്തുണയും മണ്ഡലത്തിൽ വർധിച്ചുവരുന്ന വോട്ട് വിഹിതവും ബിജെപിയുടെ പ്രതീക്ഷ കൂട്ടുന്നത്. 53 ശതമാനം ഹിന്ദുവോട്ടുകളിൽ ഭൂരിഭാഗവും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. കോട്ടയം ജില്ലയിൽനിന്നുള്ള കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ബിജെപി വോട്ട് വിഹിതത്തിൽ വീണ്ടും വർധനയുണ്ടാക്കിയിരുന്നു. ഈ വർദ്ധനവാണ് ബിജെപിയുടെ പ്രതീക്ഷ. കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വി.എൻ. മനോജിന് 31,411, കോന്നിയിൽ ഡി. അശോക കുമാറിന് 16,713, തിരുവല്ലയിൽ അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടിന് 31,439, റാന്നിയിൽ ബിഡിജെഎസ് സ്ഥാനാർത്ഥി കെ. പത്മകുമാറിന് 28,201, ആറന്മുളയിൽ എം ടി. രമേശിന് 37,906, അടൂരിൽ പി. സുധീറിന് 25,940, പൂഞ്ഞാറിൽ ബിഡിജെഎസ് സ്ഥാനാർത്ഥി ഉല്ലാസിന് 19,966 വോട്ടും ലഭിച്ചു. ആകെ 1,91,576. ലോക്സഭയിലെ 1,38,954 വോട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ 1,91,576 ആയി ഉയർന്നു. അതായത് കെ സുരേന്ദ്രന് ജയിക്കാൻ വേണ്ട മൂന്ന് ലക്ഷം വോട്ടിന് കുറവുള്ളത് ഒരുലക്ഷത്തി പതിനായിരം വോട്ട് മാത്രം.

പത്തനംതിട്ടയിലെ വിശ്വാസി സമൂഹം അതിശക്തമാണ്. ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. അയ്യപ്പ കർമ്മ സമിതിക്കും ആചാര സംരക്ഷണ സമിതിക്കും കിട്ടിയ പിന്തുണ സുരേന്ദ്രന് വോട്ടായി മാറുമെന്ന് ബിജെപി കരുതുന്നു. ഇങ്ങനെ 50000 വോട്ടെങ്കിലും അധികമായി സുരേന്ദ്രന് ലഭിക്കും. ത്രികോണ മത്സരം കടുക്കുമ്പോൾ രണ്ടേമുക്കാൽ ലക്ഷത്തിൽ അധികം വോട്ട പോലും വിജയത്തിന് മതിയാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇത് മനസ്സിലാക്കിയാണ് ശബരിമലയെ പ്രചരണത്തിൽ നിന്നകറ്റാൻ പിള്ള ബോധപൂർവ്വം ശ്രമിക്കുന്നതെന്നാണ് ആരോപണം.

പത്തനംതിട്ടയിൽ വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്നും ശുഭപ്രതീക്ഷയിലാണെന്നും കെ സുരേന്ദ്രൻ പറയുന്നു. തർക്കത്തിൽ തുടങ്ങി അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങൾക്കും വഴിവച്ച ശേഷമാണ് സുരേന്ദ്രന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം. ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ബിജെപി പ്രതീക്ഷ കൽപിക്കുന്ന പത്തനംതിട്ടയിൽ പല പ്രമുഖർക്കും താൽപര്യമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ജനറൽ സെക്രട്ടറി എം ടി. രമേശ് എന്നിവരാണു പരിഗണനയിലുണ്ടായിരുന്നത്. പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്ന സുരേന്ദ്രന്റെ നേട്ടം ആർഎസ്എസ് പിന്തുണയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP