Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൃശൂരിൽ സ്ഥാനാർത്ഥിയെ ചൊല്ലി ബിജെപി-ബിഡിജെഎസ് ചർച്ച അവസാന മണിക്കൂറുകളിലേക്ക് കടന്നിരിക്കെ താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ച് ബിജെപിയുടെ ചുവരെഴുത്ത്; പ്രതിഷേധവുമായി ബിഡിജെഎസ് പ്രവർത്തകർ; ടോം വടക്കന്റെ സ്ഥാനാർത്ഥി മോഹത്തിന് തടയിട്ട അറ്റകൈ പ്രയോഗമാണ് ചുവരെഴുത്തിലെന്ന് ബിഡിജെഎസ്

തൃശൂരിൽ സ്ഥാനാർത്ഥിയെ ചൊല്ലി ബിജെപി-ബിഡിജെഎസ് ചർച്ച അവസാന മണിക്കൂറുകളിലേക്ക് കടന്നിരിക്കെ താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ച് ബിജെപിയുടെ ചുവരെഴുത്ത്; പ്രതിഷേധവുമായി ബിഡിജെഎസ് പ്രവർത്തകർ; ടോം വടക്കന്റെ സ്ഥാനാർത്ഥി മോഹത്തിന് തടയിട്ട അറ്റകൈ പ്രയോഗമാണ് ചുവരെഴുത്തിലെന്ന് ബിഡിജെഎസ്

കെ എം അക്‌ബർ

തൃശൂർ: ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരിൽ സ്ഥാനാർത്ഥി ആരായിരിക്കണമെന്ന ബിജെപി-ബിഡിജെഎസ് ചർച്ച അവസാന മണിക്കൂറുകളിലേക്ക് കടന്നിരിക്കെ താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ച് ബിജെപി പ്രചാരണം. ഇതോടെ ബിഡിജെഎസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്. തങ്ങൾക്ക് സ്വാധീന കൂടുതലുണ്ടെന്ന് ബിഡിജെഎസ് അവകാശപ്പെടുന്ന തൃശൂരിൽ സീറ്റ് തുഷാർ വെള്ളാപ്പള്ളിക്ക് നൽകണമെന്ന് ബിഡിജെഎസ് പ്രവർത്തകർ ആവശ്യപ്പെടുന്നതിനിടേയാണ് ബിജെപിയുടെ ഈ നീക്കം. തൃശൂർ നഗരത്തിലും മണലൂർ നിയോജക മണ്ഡലത്തിലും ഇത്തരത്തിൽ താമരക്ക് വോട്ടഭ്യർഥിച്ച് ചുവരെഴുത്തുകൾ വ്യാപകമായിട്ടുണ്ട്.

ഇവിടെ കെ സുരേന്ദ്രൻ മൽസരിക്കുമെന്നാണ് പ്രചാരണം നടത്തുന്ന ബിജെപി പ്രവർത്തകർ പറയുന്നത്. നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ ടോം വടക്കനെ തൃശൂരിൽ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബിജെപി നേതാക്കൾ രംഗത്തെത്തിയതോടെ സുരേന്ദ്രനെ അനുകൂലിക്കുന്നവർ ഇതിനെതിരേ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ പോലും വിലയില്ലാതെ തട്ടിക്കളിച്ച ടോം വടക്കനെ സ്ഥാനാർത്ഥിയാക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നായിരുന്നു ഇക്കൂട്ടർ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നത്. ഇതോടെ വടക്കുംനാഥന്റെ മണ്ണിൽ സ്ഥാനാർത്ഥിയാകാമെന്ന വടക്കന്റെ മോഹം ചീറ്റിപ്പോയി.

വടക്കന്റെ സ്ഥാനാർത്ഥി മോഹത്തിന് തടയിട്ട സുരേന്ദ്രൻ വിഭാഗത്തിന്റെ അടുത്ത ലക്ഷ്യം തുഷാറായിരുന്നുവെന്ന് അന്നു തന്നെ പ്രചാരണമുണ്ടായിരുന്നു. മണ്ഡലത്തിൽ ശക്തിയുള്ള സുരേന്ദ്രൻ വിഭാഗത്തിന്റെ നീക്കമറിഞ്ഞതോടെ താൻ മത്സരത്തിനില്ലെന്നു തുഷാർ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ, തുഷാർ ഉറപ്പായി മത്സരത്തിനുണ്ടാകണമെന്നായിരുന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ നൽകിയ നിർദ്ദേശം. ഇതോടെ തൃശൂർ സീറ്റ് കിട്ടിയാൽ മാത്രമേ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളുവെന്ന് തുഷാർ ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

നേരത്തെ തുഷാർ മത്സരിക്കുന്നതിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പരസ്യമായി അഭിപ്രായം പറഞ്ഞിരുന്നു. തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും അത്തരമൊരു അബദ്ധത്തിൽ താൻ പെടില്ലെന്നുമായിരുന്നു തുഷാറിന്റെ അച്ഛൻ കൂടിയായ വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം. ഇതോടെ വെള്ളാപ്പള്ളി നടേശനെ മയപ്പെടുത്താൻ ബിജെപി കേന്ദ്ര നേതൃത്വം, ദേശീയ നേതാക്കളായ ഗുരുമൂർത്തിയേയും മുരളീധര റാവുവിനേയും ചുമതലപ്പെടുത്തി. ഇരുവരും കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശനുമായി ചർച്ച നടത്തുകയും തുഷാർ മത്സരിക്കുന്നതിനെ വെള്ളാപ്പള്ളി എതിർക്കില്ലെന്ന് ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ച് മണ്ഡലത്തിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.

നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി ശ്രീധരൻ പിള്ളയും സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്നതിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയിരുന്നു. തലയെടുപ്പുള്ള നേതാക്കളിൽ ഒരാൾ തൃശൂരിൽ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന. എന്നാൽ, എ എൻ രാധാകൃഷണനേയാണ് 'തലയെടുപ്പുള്ള നേതാക്കളിൽ ഒരാൾ' എന്ന് ശ്രീധരൻപിള്ള വിശേഷിപ്പിച്ചതെന്നായിരുന്നു ഒരു വിഭാഗം ബിജെപി നേതാക്കൾ പറഞ്ഞിരുന്നത്. അതേസമയം, തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയല്ല എന്ന് ഇതുവരെ സംസ്ഥാന നേതൃത്വം പറഞ്ഞിട്ടില്ലെന്ന് ജില്ലാ പ്രസിഡന്റ് എ നാഗേഷും പറയുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നില്ലെങ്കിലും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുകയാണ്.

പാർലമെന്റ്, മണ്ഡലം, ബൂത്ത് കമ്മിറ്റികൾ സജീവമായി രംഗത്തുണ്ട്. ബൂത്ത് കൺവൻഷനുകൾ ഒരു റൗണ്ട് മിക്കയിടത്തും പൂർത്തിയായി. 700-800 ആളുകൾ വരെ പങ്കെടുത്ത ബൂത്ത് കൺവൻഷനുകൾ ഉണ്ടായിരുന്നതായും ജില്ലാ പ്രസിഡന്റ് പറഞ്ഞു. പാർട്ടി ഓഫിസിനോടു ചേർന്നു തന്നെ കോൾ സെന്ററും തുറന്നിട്ടുണ്ട്. എല്ലാ വോട്ടർമാരെയും വിളിക്കുകയാണു ലക്ഷ്യം. പാർട്ടി അംഗങ്ങളെയാണ് ആദ്യഘട്ടത്തിൽ വിളിക്കുന്നത്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ 2.5 ലക്ഷം വോട്ടുകളാണ് തൃശൂർ ലോക്സഭ പരിധിയലെ നിയോജക മണ്ഡലങ്ങളിൽ നിന്നും ലഭിച്ചത്. അത് ഇത്തവണ 3.75 ലക്ഷമായി മാറി വിജയിക്കാനാവുമെന്നും നാഗേഷ് പറഞ്ഞു. എന്നാൽ, തൃശൂരിലെ സ്ഥാനാർത്ഥി ആരായാലും ഇതേ ചൊല്ലി എൻഡിഎയിൽ കലഹം ശക്തമാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP