Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരേന്ദ്രനെ അധ്യക്ഷനാക്കിയാൽ അംഗീകരിക്കില്ലെന്ന് ഗോപാലൻകുട്ടി മാസ്റ്റർ; രമേശിനെ നിയോഗിച്ചാൽ സംഘടന തകരില്ലേ എന്ന് ചോദിച്ച് ദേശീയ നേതൃത്വം; പികെ കൃഷ്ണദാസിനെ അധ്യക്ഷനാക്കി സമവായ ഫോർമുലയ്ക്ക് തിരക്കിട്ട നീക്കം; കുമ്മനത്തിന്റെ പകരക്കാരനെ കണ്ടെത്താനാവാതെ ഗ്രൂപ്പ് പോരിൽ വലഞ്ഞ് അമിത് ഷാ; അസാധാരണ സാഹചര്യമെന്ന് വിലയിരുത്തി ഒത്തുതീർപ്പ് നീക്കങ്ങൾ; ബിജെപിയുടെ പുതിയ പ്രസിഡന്റിൽ ചർച്ച സജീവം

സുരേന്ദ്രനെ അധ്യക്ഷനാക്കിയാൽ അംഗീകരിക്കില്ലെന്ന് ഗോപാലൻകുട്ടി മാസ്റ്റർ; രമേശിനെ നിയോഗിച്ചാൽ സംഘടന തകരില്ലേ എന്ന് ചോദിച്ച് ദേശീയ നേതൃത്വം; പികെ കൃഷ്ണദാസിനെ അധ്യക്ഷനാക്കി സമവായ ഫോർമുലയ്ക്ക് തിരക്കിട്ട നീക്കം; കുമ്മനത്തിന്റെ പകരക്കാരനെ കണ്ടെത്താനാവാതെ ഗ്രൂപ്പ് പോരിൽ വലഞ്ഞ് അമിത് ഷാ; അസാധാരണ സാഹചര്യമെന്ന് വിലയിരുത്തി ഒത്തുതീർപ്പ് നീക്കങ്ങൾ; ബിജെപിയുടെ പുതിയ പ്രസിഡന്റിൽ ചർച്ച സജീവം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി. സംസ്ഥാന അധ്യക്ഷന്റെ നിയമനത്തെ ചൊല്ലി സംഘപരിവാറിൽ ഭിന്നത രൂക്ഷം. കെ സുരേന്ദ്രനെ പ്രസിഡന്റാക്കാനാണ് ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് താൽപ്പര്യം. എന്നാൽ സുരേന്ദ്രനെ അധ്യക്ഷനാക്കിയാൽ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ആർ എസ് എസിലെ ഒരു വിഭാഗം. എംടി രമേശ് തന്നെ മതിയെന്നാണ് ഇവരുടെ വാദം. ആർഎസ്എസ് നേതാവ് ഗോപാലൻ കുട്ടി മാസ്റ്ററാണ് രമേശിനായി അതിശക്തമായി രംഗത്തുള്ളത്. കേരളത്തിലെ ആർ എസ് എസിലെ ഏറ്റവും പ്രധാനിയായ ഗോപാലൻ കുട്ടി മാസ്റ്ററെ നിഷേധിച്ച് സുരേന്ദ്രനെ പ്രസിഡന്റാക്കാൻ കഴിയില്ലെന്ന അവസ്ഥയിലാണ് ബിജെപി ദേശീയ നേതൃത്വം. ഇതോടെ കുമ്മനം രാജശേഖരന്റെ പകരക്കാരനെ പ്രഖ്യാപിക്കാനാവാത്ത പ്രതിസന്ധിയിലേക്ക് ബിജെപി മാറുകയാണ്.

മുരളീധരൻപക്ഷവും കൃഷ്ണദാസ്പക്ഷവും തമ്മിലുള്ള ഗ്രൂപ്പ് യുദ്ധം അതിശക്തമാണ്. പ്രസിഡന്റ് സ്ഥാനമൊഴിയുകയോ മരണം, അസുഖം തുടങ്ങിയ കാരണങ്ങളാൽ ഒഴിവുവരികയോ ചെയ്യുമ്പോൾ, ഉടൻ ഒരു ഉപാധ്യക്ഷനെ ചുമതലയേൽപിക്കുകയാണ് പതിവ്. അതും ഇവിടെ ചെയ്യാൻ ദേശീയ നേതൃത്വത്തിന് കഴിയുന്നില്ല. സുരേന്ദ്രനെ പ്രസിഡന്റാക്കിയാൽ പാർട്ടിയുമായി സഹകരിക്കില്ലെന്ന് കൃഷ്ണദാസ് പക്ഷം അറിയിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കുമെന്നാണ് രമേശ് പറയുന്നത്. സുരേന്ദ്രനെ അംഗീകരിക്കില്ലെന്ന് അതിശക്തമായ ഭാഷയിൽ തന്നെ ഗോപാലൻകുട്ടി മാസ്റ്ററും അറിയിച്ചു. ആർ എസ് എസിന്റെ നിലവിലെ സംവിധാനത്തിൽ കേരളത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ഗോപാലൻകുട്ടി മാസ്റ്ററാണ്. അതുകൊണ്ട് തന്നെ പരിവാറിലെ സുരേന്ദ്രൻ അനുകൂലികളും പ്രതിസന്ധിയിലാണ്.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനിടെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞിട്ടും പുതിയ ആളെ നിയോഗിക്കുകയോ വൈസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയോ ചെയ്തില്ല. ഇത് അസാധാരണ സാഹചര്യമാണെന്ന് ഒരു മുതിർന്ന ബിജെപി. നേതാവ് ചൂണ്ടിക്കാട്ടി. വി. മുരളീധരൻപക്ഷക്കാരനായ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാൻ തീരുമാനിച്ചാണ് കുമ്മനത്തെ ഗവർണ്ണറായക്കിയത്. സുരേന്ദ്രനെ പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള അറിയിപ്പ് ഉടൻ പുറത്തിറക്കാനും കേന്ദ്രനേതൃത്വം തീരുമാനിച്ചിരുന്നു. എന്നാൽ സുരേന്ദ്രനെ നിയോഗിക്കുന്നതിലൂടെ പാർട്ടിയിലെ ഗ്രൂപ്പുപോരും പ്രശ്‌നങ്ങളും വർധിക്കുമെന്ന് പി.കെ. കൃഷ്ണദാസ്പക്ഷം കേന്ദ്രനേതൃത്വത്തെ അറിയിച്ചു.

പി.കെ.കൃഷ്ണദാസ്, എം ടി. രമേശ് എന്നിവരിൽ ഒരാളെ പ്രസിഡന്റാക്കണമെന്നാണ് ഗോപാലൻകുട്ടി മാസ്റ്റർ നിർദ്ദേശിക്കുന്നത്. ആർ എസ് എസിൽ നിന്ന് പ്രിസഡന്റ് വരാൻ സാധ്യതയില്ല. ആർ എസ് എസിന്റെ അഖിലേന്ത്യാ നേതാവ് ജെ നന്ദകുമാർ തന്നെ ഈ പദവിയിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടയാതാണ് സൂചന. ഗ്രൂപ്പുവഴക്ക് തീർക്കാൻ ആർ.എസ്.എസിൽനിന്ന് കുമ്മനത്തെ നിയോഗിച്ചിട്ടും ഫലമുണ്ടായില്ല, ഈ സാഹചര്യത്തിൽ പാർട്ടിക്കുപുറത്തുനിന്ന് പ്രസിഡന്റിനെ നിയോഗിക്കുന്ന രീതിക്കെതിരേ ബിജെപി.ക്കുള്ളിൽ അമർഷമുണ്ട്. കേന്ദ്രനേതൃത്വം കേരളനേതൃത്വവുമായി ചർച്ചചെയ്ത് തീരുമാനമെടുക്കണമെന്ന് ഇരുപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനത്തിൽ കേന്ദ്രനേതൃത്വം അതൃപ്തരാണ്. പികെ കൃഷ്ണദാസും എംടി രമേശുമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. എന്നാൽ ബി.ഡി.ജെ.എസിനെ പിണക്കിയ കേന്ദ്ര നിലപാടാണ് വോട്ട് കുറയാൻ കാരണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നിലപാട്. എന്നാൽ സുരേന്ദ്രനാണ് നല്ലതെന്ന നിലപാടാണ് വി മുരളീധരൻ ഇപ്പോഴും എടുക്കുന്നത്. സുരേന്ദ്രൻ ജൂനിയറാണെന്നും അംഗീകരിക്കില്ലെന്നുമുള്ള എംടി രമേശിന്റെ നിലപാടാണ് തീരുമാനം വൈകിക്കുന്നത്. ഈ സാഹചര്യത്തിലാണ് സീനിയറായ കൃഷ്ണദാസിനെ വീണ്ടും അധ്യക്ഷനാക്കാനുള്ള ആലോചന. ഇതിലൂടെ സീനിയോറിട്ടി പ്രശ്‌നം മറികടക്കാനാവും. ശോഭാ സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന് ആഗ്രഹിക്കുന്നവരും കേന്ദ്ര നേതൃത്വത്തിലുണ്ട്.

എന്നാൽ അതിശക്തമായ ഗ്രൂപ്പ് പോര് നിലനിൽക്കുന്നതിനാൽ ശോഭാ സുരേന്ദ്രനെ അധ്യക്ഷയാക്കിയാൽ രണ്ട് ഗ്രൂപ്പുകളും പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ആർഎസ്എസ് നിലപാട് മാനിച്ചില്ലെങ്കിൽ ഉണ്ടാകാനിടയുള്ള പ്രതിസന്ധിയെ കുറിച്ച് ബിജെപി ദേശീയ നേതൃത്വത്തിന് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളേയും വിശ്വാസത്തിലെടുത്ത് മാത്രമേ അന്തിമ തീരുമാനം ഉണ്ടാകാനിടയുള്ളൂ.

കുമ്മനത്തെ മിസോറാം ഗവർണ്ണാറായി നിയമിച്ച കേന്ദ്ര തീരുമാനത്തേയും ഗോപാലൻ കുട്ടി മാസ്റ്റർ വിമർശിച്ചിരുന്നു. ബിജെപിയുടെ അധ്യക്ഷനായതോടെ കുമ്മനത്തെ ആർഎസ്എസ് പ്രചാരക സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ബിജെപിയുടെ നേതാവാണ് അതുകൊണ്ട് തന്നെ കുമ്മനം. ഗവർണ്ണറായി നിയമിക്കുന്നതുൾപ്പെടെയുള്ള തീരുമാനം എടുക്കാൻ അവർക്ക് കഴിയും. എന്നാൽ തീർത്തും അനുചിതമാണ് ഈ തീരുമാനം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനിടെയിലെ കുമ്മനത്തിന്റെ മാറ്റത്തെ ആർഎസ്എസ് പ്രാന്ത കാര്യവാഹ് വിലയിരുത്തിയത് ഇങ്ങനെയായിരുന്നു. ആരും ഇക്കാര്യത്തിൽ ആർ എസ് എസുമായി ചർച്ച നടത്തിയിരുന്നില്ലെന്നും തുറന്നടിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രസിഡന്റിനെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാനുള്ള അമിത് ഷായുടെ നീക്കത്തിനെതിരെ ഗോപാലൻകുട്ടി മാസ്റ്റർ നിലപാട് കടുപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP