Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി പ്രവർത്തകർ കസേരകൾ നിരത്തിയതോടെ കടകൾക്ക് ഷട്ടറിട്ട് വ്യാപാരികൾ; വീടിന് പുറത്തിറങ്ങാതെ പ്രദേശവാസികൾ; എല്ലാറ്റിനും മൂകസാക്ഷിയായി ഒരുവണ്ടി പൊലീസും; പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിക്കാൻ ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ബഹിഷ്‌കരിച്ച് നാട്ടുകാർ; പാർട്ടിക്കാരോട് രണ്ടുവാക്ക് പറഞ്ഞ് തടിതപ്പി എം ടി.രമേശും: അമ്പലപ്പുഴയിൽ ബിജെപി നേരിട്ട വിചിത്ര സ്വീകരണം

ബിജെപി പ്രവർത്തകർ കസേരകൾ നിരത്തിയതോടെ കടകൾക്ക് ഷട്ടറിട്ട് വ്യാപാരികൾ; വീടിന് പുറത്തിറങ്ങാതെ പ്രദേശവാസികൾ; എല്ലാറ്റിനും മൂകസാക്ഷിയായി ഒരുവണ്ടി പൊലീസും; പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിക്കാൻ ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസ് ബഹിഷ്‌കരിച്ച് നാട്ടുകാർ; പാർട്ടിക്കാരോട് രണ്ടുവാക്ക് പറഞ്ഞ് തടിതപ്പി എം ടി.രമേശും: അമ്പലപ്പുഴയിൽ ബിജെപി നേരിട്ട വിചിത്ര സ്വീകരണം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മോദി സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായ അരങ്ങേറുന്ന പ്രതിഷേധങ്ങളെ ചെറുക്കാൻ, ബിജെപി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വ്യാപകമായ ബോധവത്കരണ പരിപാടി നടത്തി വരികയാണ്. കേന്ദ്ര മന്ത്രിമാരുടെ ഗൃഹസന്ദർശനം അടക്കം വിപുലമായ പരിപാടികളാണ ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാൽ, അമ്പലപ്പുഴയിൽ ബിജെപി സംഘടിപ്പിച്ച ജനജാഗ്രതാ സദസിന് നാട്ടുകാരുടെ നിസ്സഹകരണം കൊണ്ട് തിരിച്ചടി നേരിട്ടു.

ജനജാഗ്രതാ സദസ് ബഹിഷ്‌ക്കരിച്ചും, കടകൾ അടച്ചുമാണ് നാട്ടുകാർ മുഖം തിരിച്ചത്. അമ്പലപ്പുഴ വളഞ്ഞവഴിയിലാണ് ബിജെപി മണ്ഡലം കമ്മിറ്റി പരിപാടി സംഘടിപ്പിച്ചിരുന്നത്. പാർട്ടിയുടെ പരിപാടി ആരംഭിക്കുന്നതിന് മുൻപേതന്നെ സമീപത്തെ വ്യാപാരികൾ കടകൾക്ക് ഷട്ടറിട്ടുകൊണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചു. പരിപാടിക്കായി പാർട്ടി പ്രവർത്തകർ കസേരകൾ നിരത്താൻ തുടങ്ങിയപ്പോഴാണ് കടക്കാർ കടകൾക്ക് ഷട്ടറിട്ടത്. തുടർന്ന് പ്രദേശവാസികളാരും വീട് വിട്ടു പുറത്തിറങ്ങിയില്ല. സുരക്ഷയ്ക്കായി സ്ഥലത്ത് ഒരു വണ്ടി പൊലീസുമുണ്ടായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വിശദീകരണം നടത്താൻ എത്തിയ ബിജെപി നേതാവ് എം ടി.രമേശിനെ കേൾക്കാൻ പാർട്ടിക്കാരല്ലാതെ ആരുമില്ലാതെ വന്നു. രാജ്യത്തെ മുസ്ലിം സമുദായത്തിൽ പെട്ടവർക്ക് പൗരത്വം നഷ്ടപ്പെടുമെന്ന പ്രചാരണം നടത്തി സിപിഎമ്മും കോൺഗ്രസും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. പരിപാടി നടത്തും മുൻപ് ഇതുസംബന്ധിച്ചുള്ള പ്രചാരണം ബിജെപി വ്യാപകമായി നടത്തിയിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ഓരോ സംസ്ഥാനത്തും ചുമതലക്കാരെ തീരുമാനിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുതിർന്ന നേതാവ് രവീന്ദ്ര രാജുവിനാണ് ചുമതല.

പാർട്ടി വർക്കിങ് പ്രസിഡന്റ് ജെ പി നദ്ദ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികൾക്ക് മുതിർന്ന നേതാക്കളെ ചുമതലക്കാരായി നിശ്ചയിച്ചത്. ജനുവരി അഞ്ച് മുതൽ ജനുവരി 15 വരെയാണ് പ്രചാരണ പരിപാടികൾ.രാജ്യ വ്യാപകമായി വൻ റാലികൾ, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന രാഷ്ട്രീയത്തിന് പുറത്തുള്ള വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകൾ, ശില്പശാലകൾ, ഗൃഹസമ്പർക്കം, മറ്റ് ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിന് ബിജെപി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ പാർട്ടികളും മുസ്ലിം സംഘടനകളും നടത്തുന്ന പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. നേരത്തെ ഹിമാചൽ പ്രദേശിലും മഹാരാഷ്ട്രയിലും അസമിലും പശ്ചിമ ബംഗാളിലും കർണാടകയിലും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് വൻ ജനപങ്കാളിത്തത്തോടെ റാലികൾ ബിജെപി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രചാരണം ശക്തമാക്കുന്നതിനായി ബിജെപി മുതിർന്ന നേതാക്കളെ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതല പെടുത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള പ്രചാരണങ്ങളിൽ ഒരുവിട്ടുവീഴ്‌ച്ചയും വേണ്ടെന്നാണ് പാർട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ സംസ്ഥാന ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഏതായാലും കേരളത്തിൽ അമ്പലപ്പുഴയിൽ മുന്നൊരുക്കങ്ങൾ നടത്തിയിട്ടും കേൾവിക്കാരെ കിട്ടാതെ വന്നത് ബിജെപിക്ക് ക്ഷീണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP